Sunday, May 31, 2020

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ മുക്കാല് കഴിഞ്ഞു . ബാല്കണിയിൽ ശ്രീറാമിന്റെ നിഴലനക്കം കാണാം . തലേ ദിവസം ഇപ്പോളാണ് ഉറങ്ങിയത് ? ഓർമ  കിട്ടുന്നില്ല . എന്റെ സുഹൃത്തുക്കൾ അയച്ച ആൾക്കാർ പോയിക്കാണുമോ ? ഇപ്പോൾ പോയിക്കാണും . എങ്കിലും ജനാലയിലൂടെ താഴേക്ക് നോക്കി . അതെ , അവർ പോയിക്കഴിഞ്ഞു . റിസപ്ഷനിൽ വിളിച്ചു ഒരു ചായ ഓർഡർ ചെയ്തു , റൂം ബോയ് അത് പെട്ടെന്ന് കൊണ്ടുവന്നു തന്നു . ശ്രീറാം എന്താണ് ഇത്ര തിരക്കിട്ട പണി എന്ന് അറിയാൻ ബാൽക്കണിയിലേക്കു ചെന്നു . അയാൾ ലാപ്ടോപ്പിലും മൊബൈലിലുമൊക്കെയൊക്കെ എന്തൊക്കെയോ തിരയുന്നു , ആരെയൊക്കെയോ ഫോണിൽ വിളിച്ചു സംസാരിക്കുന്നു .

" എന്തെങ്കിലും വിവരമുണ്ടോ ? " ഞാൻ ആകാംക്ഷയോടെ  ചോദിച്ചു .

" ഞാനും എന്റെ ഒരു സുഹൃത്തുമായി ചേർന്ന് എന്തെങ്കിലും  വിവരം  കിട്ടുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് , അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഞാൻ പരിശോധിക്കുകയാണ് " ശ്രീറാം  പറഞ്ഞു

" അമൽ വിളിച്ചിരുന്നോ ?"

" രാവിലെ ഞാൻ വിളിച്ചിരുന്നു , അറ്റൻഡ് ചെയ്തില്ല ; തിരിച്ചു വിളിക്കാമെന്ന് മെസ്സേജ് അയച്ചു ,പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല " ശ്രീറാം പറഞ്ഞു .

"ആൾക്ക് എയർപോർട്ടിൽ ആണ് ഇന്ന് ഡ്യൂട്ടി എന്ന് പറഞ്ഞിരുന്നു , വൈകിട്ട് വരുമ്പോൾ ഡ്യൂട്ടി ഫ്രീയിൽ നിന്ന് കുപ്പി  എന്തെങ്കിലും  സംഘടിപ്പിച്ചു  വരാമെന്നും പറഞ്ഞിരുന്നു " ഞാൻ ശ്രീറാമിനെ നോക്കി  പറഞ്ഞു .

യഥാർഥത്തിൽ ഞങ്ങൾ മൂവർക്കും അടുത്ത സ്റ്റെപ് എന്താണെന്നു ഒരു രൂപവുമില്ലായിരുന്നു . ആ ആശങ്ക ആയിരിക്കണം ശ്രീറാമിനെ ഇങ്ങനെ അസ്വസ്ഥനാക്കുന്നതും ശരിയായ രൂപരേഖ ഇല്ലാതെ ഇങ്ങനെ ഓരോന്നൊക്കെ ചെയ്യുന്നത് ; അയാൾ സ്വയം സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി .

ഞങ്ങൾ സിഗരറ്റു കത്തിച്ചു ബാൽക്കണിയിൽ ഇരുന്നു . ഒരു പതിനൊന്നു മണിയായിക്കാണണം , ആരോ എന്റെ ഫോണിൽ വിളിക്കുന്നു . ഞാൻ മുറിയിലേക്കു ചെന്നു കാൾ അറ്റൻഡ് ചെയ്തു . അത്  എന്റെ സുഹൃത്തായിരുന്നു ഇന്നലെ ആൾക്കാരെ ഇവിടേയ്ക്ക് അയച്ച ആൾ . പ്രത്യേകിച്ചൊന്നും ഇല്ല വെറുതെ വിളിച്ചതാണ്  എന്തെങ്കിലും സൂചന കിട്ടിയോ എന്നറിയാൻ . എന്തായാലും വിളിച്ചതല്ലേ രഹസ്യമായി ഒന്നന്വേഷിക്കാൻ ഞാൻ പറഞ്ഞു .ആള് ചെയ്യാമെന്നേറ്റു . ഞങ്ങൾ വീണ്ടും പല കാര്യങ്ങളെപ്പറ്റിയും  ചർച്ച ചെയ്തു , പല നീക്കങ്ങളെപ്പറ്റിയും ആലോചിച്ചു . ഒന്നും ഫലവത്തായ മാർഗങ്ങളായി ഞങ്ങൾക്കു തോന്നിയില്ല . സമയം ഒരു മണിയായി .
" എനിക്ക് നന്നായി വിശക്കുന്നു , മൂന്നു നാലു ദിവസമായി മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് , ഞാൻ പുറത്തുപോയി എന്തെങ്കിലും സ്പെഷ്യൽ ആയി വാങ്ങി വരാം " ശ്രീറാം എന്നെ നോക്കി വിഷണ്ണനായി പറഞ്ഞു  എന്നിട്ടു ഉടനെ ഡ്രസ്സ് മാറി പുറത്തേക്കു പോയി

അയാൾ പറഞ്ഞത് ശരി  തന്നെയായിരുന്നു . ഞാൻ വിദൂരത്തേക്കു നോക്കി വെറുതെ പുകയൂതിക്കൊണ്ടിരുന്നു .

അല്പം കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടാണ് റൂമിലേക്ക് ചെന്നത് . അപ്പോൾ കാൾ ഡിസ്‌കണക്റ്റായി , നോക്കിയപ്പോൾ അമലായിരുന്നു . രണ്ടു മൂന്നു മിനുട്ടുകൾ കഴിഞ്ഞപ്പോൾ വീണ്ടും ഇതുപോലെ കാൾ വന്നു എന്നിട്ടു കട്ട് ആയി , തിരിച്ചു വിളിച്ചു പലവട്ടം  അപ്പോൾ ഔട്ട് ഓഫ് റേഞ്ച് കാണിക്കുന്നു . എന്തോ പന്തിയടുള്ളത് പോലെ എനിക്ക് തോന്നി , ശ്രീറാം പുറത്തേക്കും പോയിരിക്കുന്നു , എന്താകും ? എനിക്കാകെ ഉൽകണ്ഠ തോന്നി . എത്ര വിളിച്ചിട്ടും കിട്ടുന്നില്ല തിരിച്ചു വിളിക്കുന്നുമില്ല .ഒരു പത്തു പതിനഞ്ചു  മിനിറ്റ് കഴിഞ്ഞപ്പോൾ കാൾ വന്നു , ഞാൻ ദൃതി പിടിച്ചു കാൾ അറ്റൻഡ് ചെയ്തു . അങ്ങേത്തലക്കൽ അമലിന്റെ ഇടയ്ക്കിടയ്ക്ക് മുറിഞ്ഞു പോകുന്ന ഉത്കണ്ഠ നിറഞ്ഞ പതറിയ ശബ്ദം..!!

" അയാളെ ഞാൻ ഇവിടെ എയർപോർട്ടിൽ  വെച്ച് കണ്ടു ഏതാണ്ട് പത്തിരുപതു മിനിറ്റ് ആയിക്കാണും , ഇമ്മിഗ്രേഷൻ ക്ലീറൻസ്  ഗേറ്റിലൂടെ അയാൾ പോകുന്നത് ഞാൻ വ്യക്തമായി കണ്ടു , കൂടെ ഒരു സ്ത്രീയുമുണ്ട് . അപ്പോളാണ് ഞാൻ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത് , ഉള്ളിൽ റെയിന്ജ് കുറവാണ് , കാൾ കണക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ് . അയാൾ ലഗേജ്   ചെക്ക് ഇൻ ഗേറ്റ് ഒക്കെ കഴിഞ്ഞു ഇമ്മിഗ്രേഷൻ ഗേറ്റിൽ വെച്ചാണ് ഞാൻ കാണുന്നത് , പിന്നെ എന്ത് ചെയ്യാൻ കഴിയും " വല്ലാത്ത പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ അമൽ പറഞ്ഞു നിർത്തി .

" ഞാൻ അവിടെയുള്ള എന്റെ സുഹൃത്ത് വഴി അയാൾ എങ്ങോട്ടാണ് പോകുന്നതെന്നും കൂടെ ഉള്ളത് ആരാണെന്നുള്ള  വിവരങ്ങളും അവർ ഫിൽ ചെയ്ത ഇമ്മിഗ്രേഷൻ ക്ലീയറൻസ് ഫോമും അവരുടെ ഒരു ഫോട്ടോയും സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ് . അവർക്കു ക്ലീയറൻസ് കിട്ടി ബോര്ഡിങ് ഗേറ്റിലേക്ക് പോയിക്കഴിഞ്ഞു , ഇനി ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല , ഞാൻ വിവരങ്ങൾ കിട്ടിയാൽ തനിക്ക് അയക്കാം  " അമൽ അമർഷവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു നിർത്തി .

ഞാൻ ഞെട്ടിത്തരിച്ചു കസേരയിൽ ഇരുന്നുപോയി . ഓ മൈ ഗോഡ് ! അത് അയാളാകുമോ  ?? ആണെങ്കിൽ എന്ത് ചെയ്യും?? . ഒരിക്കലും ആയിരിക്കരുതേ എന്ന് പ്രാർഥിച്ചു കൊണ്ട് ഞാൻ ഫോണിലേക്കു നോക്കിയിരുന്നു .. മിനുറ്റുകൾക്കു മണിക്കൂറുകളേക്കാൾ ദൈർഘ്യമുണ്ടായിരുന്നു ...

ശ്രീറാം മുറിയിലേക്ക് ഭക്ഷണവും ഒരു കുപ്പി മദ്യവുമായി വന്നു . എന്റെ ഭാവം കണ്ടു ശ്രീറാം എന്നോട് കാര്യം തിരക്കി . ഞാൻ ആ കുപ്പി വാങ്ങി അതിൽ നിന്ന് ഒരു പെഗ് ദൃതിപിടിച്ചു കഴിച്ചു . എന്നിട്ടു കാര്യം പറഞ്ഞു . ശ്രീറാം വല്ലാത്ത ഒരു മനസികഭാവത്തോടെ എന്നെ അവിശ്വസനീയതയോടെ നോക്കി , അയാളുടെ മുഖത്ത് കടുത്ത അമർഷം കാണാമായിരുന്നു . അയാൾ കുപ്പിയിൽ നിന്ന് ഒരു പെഗ് മദ്യം പകർന്നു , ഫ്രിഡ്ജിൽ നിന്ന് തണുത്ത സോഡാ ഒഴിച്ച് ഒരു സിഗരറ്റ് കത്തിച്ചു ബാല്കണിയിലേക്കു നോക്കി ജനലിന്റെ അടുത്ത് നിന്നു . " എന്തായാലും നമുക്ക് അമലിന്റെ മെസ്സേജ് വന്നിട്ട് ബാക്കി കാര്യങ്ങൾ നോക്കാം " ശ്രീറാം പറഞ്ഞു.

എന്റെ മനസിലും അത് തന്നെയായിരുന്നു . ഞങ്ങൾ പരസ്പരം നോക്കി , മനസിലൂടെ ഈ നിമിഷം വരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഒരു ഫ്ലാഷ്ബാക്ക് കണക്കെ കടന്നു പോയി . ഈ സംഭവങ്ങളെല്ലാം ഞങ്ങളുടെ മാനസികാവസ്ഥയെ തന്നെ മാറ്റിയിരുന്നു .

" അയാൾ അങ്ങനെ പോകുന്നു എങ്കിൽ അങ്ങനെ അങ്ങോട്ട്  പൊയ്ക്കോട്ടേ , നമുക്ക് എന്ത് സംഭവിക്കാനാണ്? , നമ്മൾ നമ്മളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നു ., അതല്ലേ നല്ലത് ? " ഞാൻ ചോദിച്ചു .

ശ്രീറാം ഒന്നും പറയാതെ ഫ്രിഡ്ജിന്റെ ഭാഗത്തേക്കു നടന്നു , ഡോർ  തുറന്നു ഒന്നുരണ്ടു ഐസ് ക്യൂബുകൾ പെറുക്കി കയ്യിലിരുന്ന ഗ്ലാസിൽ ഇട്ടു , എന്നിട്ട് എനിക്ക്‌ അഭിമുഖമായി കസേരയിൽ ഇരുന്നു , എന്നിട്ടു ചോദിച്ചു .

" ഈ നടന്ന സംഭവങ്ങളുമായി നമ്മൾക്കാർക്കും ബന്ധമില്ല എന്ന് കരുതുന്നുണ്ടോ ? അയാൾ നമ്മളെ പിന്തുടർന്ന് സജു സാറിന്റെ വീട്ടിലെത്തിയതിന്റെ പിന്നിലെ രഹസ്യമെന്താണ് ? അയാൾ ഇവിടെ നിന്നു പോയാൽ നമ്മൾ സുരക്ഷിതരായി എന്ന് കരുതുന്നതിലെ യുക്തി എന്താണ് ?"

എനിക്ക്  ആ വാക്കുകൾ വ്യർഥമായ ഒന്നായി തോന്നിയില്ല , പറഞ്ഞതിൽ ചില  കാര്യങ്ങൾ ഇല്ലാതില്ല . ഞങ്ങൾ ഓരോ പെഗ് കൂടി ഒഴിച്ചു .

ശ്രീറാം കൊണ്ടുവന്ന ഭക്ഷണപ്പൊതിയിൽ നിന്നു എന്തെങ്കിലും തൊട്ടു നക്കാൻ എടുക്കാം എന്ന് കരുതി തുറക്കുമ്പോഴാണ് ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷനുകൾ  വന്നത് . ഞാൻ മെസ്സേജുകൾ ഓരോന്നായി തുറന്നു വായിച്ചു , ഇതായിരുന്നു  ആദ്യത്തെ  സന്ദേശം .

"അയാൾ മറ്റേതോ രാജ്യത്തേക്ക് പോകുന്നതായാണ് വിവരം , പക്ഷേ എങ്ങോട്ടെന്ന് കൃത്യമായി അറിയില്ല . ഇന്റർനാഷണൽ ഫ്ലൈറ്റ്സ്  വെയ്റ്റിംഗ് ലോഞ്ചിൽ ആവരുള്ളതായാണ് അറിഞ്ഞത്, അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ മൂന്നുനാലു ഫ്ലൈറ്റ്സ് ഉണ്ട് , വിശദവിവരങ്ങൾക്കായി ഞാൻ ശ്രമിക്കുകയാണ്   "

അടുത്ത സന്ദേശം അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു " അയാളുടെ കൂടെ ഉള്ള പെൺകുട്ടിയുടെ പേര് " സ്റ്റെല്ല ഫെർണാണ്ടസ് !!" , വയസ് ഇരുപത്തിമൂന്ന് !! "

മൂന്നാമത്തെ സന്ദേശം ഒരു ഫോട്ടോ ആയിരുന്നു " ഡിറക്ഷൻ  ബോർഡുകളും  എൽ  ഈഡി  ലൈറ്റുകളും കൊണ്ട് നിറഞ്ഞ തിരക്കേറിയ പ്ലാറ്റുഫോമിൽ ചെക്കിൻ  ഗേറ്റിനു മുന്നിൽ അയാൾ നിൽക്കുന്നു , കൂടെ ചുരുണ്ടു ഭംഗിയുള്ള മുടിയിഴകൾ കൈകൊണ്ടു മാടിയൊതുക്കി ആ പെൺകുട്ടി അയാളോട് ചേർന്ന് നിൽക്കുന്നു , അവൾ ചുവന്ന ടോപ്പും ഡെനിം ബ്ലൂ ജീൻസും ധരിച്ചിരുന്നു . അയാൾ കറുത്ത സ്യൂട്ട് ധരിച്ചിരുന്നു , തന്റെ പ്രണയസാഫല്യത്തിന്റെ അടയാളമെന്നോണം ഒരു ചുവന്ന  റോസാ  പുഷ്പത്തിന്റെ ചിത്രം അതിൽ ആലേഖനം ചെയ്തിരുന്നു . ഈ നിഗൂഢ പദ്ധതികളുടെയെല്ലാം ചരട് വലികൾ നടത്തിയ കണ്ണുകൾ കറുത്ത കണ്ണട കൊണ്ട് മറച്ചിരുന്നു "

ശ്രീറാമും ഞാനും ഷോക്കേറ്റതുപോലെ തരിച്ചിരുന്നുപോയി ! ഇനിയെന്ത് ചെയ്യും . ഒന്നും പറയാൻ കഴിയാത്ത വണ്ണം ഞാൻ നിർവികാരനായി ശ്രീറാമിനെ നോക്കി .

അയാളുടെ കണ്ണുകളിൽ ഒരു ദൈന്യഭാവം തളംകെട്ടിയിരുന്നു , മനസ്സിലെ ശൂന്യത കണ്ണുകളിലേയ്ക്ക് പടർന്നതുപോലെ !!

(തുടരും ..)

Saturday, May 30, 2020

ഒരു അവിചാരിത വഴിത്തിരിവ്

ആകാംക്ഷയുടെയും സംശയങ്ങളുടെയും കാർമേഘങ്ങൾ നിറഞ്ഞ ഒരു രാത്രി കടന്നു  പോയി . ഹോട്ടൽ റൂമിൽ എത്തിയതു മുതൽ ഞാനും ശ്രീറാമും ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും  പലരെയും ബന്ധപ്പെട്ടു എന്തെങ്കിലും ഒരു സൂചനക്കായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു . നിരാശയായിരുന്നു ഫലം .

പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ അമലിനെ ഫോണിൽ വിളിച്ചു , ഇന്നലെ വരെ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു , അതിന്റെ  ഗൗരവം മനസിലാക്കിയ അയാൾ ഉടനെ തന്നെ  വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു . അധികം വൈകാതെ തന്നെ അയാൾ  ഹോട്ടലിൽ എത്തി . ഞാൻ റിസപ്ഷനിൽ വിളിച്ചു മൂന്നു ചായ ഓർഡർ ചെയ്തു.  ബാൽക്കണിയിൽ ഞങ്ങൾ മൂവരും ഇരുന്നു . അമൽ ചൂട് ചായ ഊതിക്കുടിച്ചുകൊണ്ടു ഒരു സിഗരറ്റ് കത്തിച്ചു  ഓരോന്ന്  എനിക്കും ശ്രീറാമിനും നേരെ നീട്ടി  .  വളരെ നേരം ഞങ്ങൾ  ഒന്നും സംസാരിച്ചില്ല , അമൽ   തെരുവിലൂടെ പോകുന്ന വാഹനങ്ങൾ നോക്കിക്കൊണ്ടു എന്തോ ചിന്തകളിൽ എന്നപോലെ പുകയൂതികൊണ്ടു  മൗനിയായി ഇരുന്നു  .

" ഇത് നമ്മൾ എവിടെ നിന്ന് തുടങ്ങും , അരെയെല്ലാം  ,സംശയിക്കും " ശ്രീറാം ആരോടെന്നില്ലാതെ ചോദിച്ചു .

"ഈ ചോദ്യമാണ് എന്നെയും കുഴക്കുന്നത് " അമൽ പറഞ്ഞു .

" അയാളുടെ വീട് കേന്ദ്രീകരിച്ചു ഒരു അന്വേഷണം നടത്തിയാലോ " ഞാൻ അമലിനോട് ചോദിച്ചു .

" അത് വെറുതെ സമയം പാഴാക്കുകയെ ഉള്ളു , അയാൾ അങ്ങോട്ട് എന്തായാലും ഈ സാഹചര്യത്തിൽ  പോകില്ല " അമൽ എന്റെ നിർദേശത്തോട് യോജിച്ചില്ല . ശ്രീറാമും അത് ശരി വെച്ചു .

അൽപ നേരം കൂടി ഞങ്ങൾ ബാൽക്കണിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു .അല്പം കഴിഞ്ഞപ്പോൾ അമൽ പെട്ടെന്നു  പറഞ്ഞു .

" എനിക്കൊരു ഐഡിയ തോന്നുന്നു , അയാൾ രാജി വെച്ച ദിവസം  ആരെയെല്ലാം കണ്ടിരുന്നു  എന്താണയാൾ ഒരു മണിക്ക് മടങ്ങിപ്പോകുന്നു വരെ ചെയ്തത് , ഇതിന്റെ വിവരങ്ങൾ ഒന്ന് കിട്ടുമോന്നു നോക്കൂ , അയാളുടെ ഭാവി പരിപാടിയുമായി ബന്ധമുള്ള ആരെങ്കിലുമായി അയാൾ അന്ന്  സംസാരിച്ചു കാണാനുള്ള സാധ്യത ഉണ്ട് "

അത് വളരെ നല്ല ഒരു കാര്യമായി എനിക്കും ശ്രീറാമിനും തോന്നി . ശ്രീറാം സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്തു .  ഹോസ്റ്റലിലും  ഓഫീസിലും പോകാതെ ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്നയാൾ പറഞ്ഞു. അയാൾ എന്തോ ഒരു വഴി മനസ്സിൽ കണ്ടിട്ടുണ്ടെന്ന് തോന്നി . അമലും അത് ശരിവെച്ചു .

" ശ്രീറാം   പോയി അന്വേഷിച്ചു  വരട്ടെ , താൻ തല്ക്കാലം അതുവരെ  ഇവിടെ ഇരിയ്ക്ക് . എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്ക് " ഇത്രയും  പറഞ്ഞു അമൽ പോയി . തൊട്ടു പിറകെ ശ്രീറാമും .ഞാൻ റൂം അടച്ചു ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു , ക്ഷീണം കാരണം അത് കഴിഞ്ഞു ഒന്ന് മയങ്ങിപ്പോയി . പിന്നെ ഒരു രണ്ടുമണിക്കൂറോളം കഴിഞ്ഞു ശ്രീറാമിന്റെ വിളി കേട്ടാണ് വാതിൽ തുറന്നത്.

അയാളുടെ മുഖത്ത് എന്തോ വിവരം കിട്ടിയ മട്ടുണ്ടായിരുന്നു ." എന്തെങ്കിലും അറിഞ്ഞോ " ഞാൻ ചോദിച്ചു . " നിൽക്ക് , പറയാം " എന്ന് പറഞ്ഞു അയാൾ റൂമിൽ കയറി വാതിലടച്ചു . അയാൾ അറിഞ്ഞ കാര്യം അത്ര ഉദ്യോഗം ജനിപ്പിക്കുന്നതോ പ്രാധാന്യമുള്ളതോ ആയി എനിക്ക് തോന്നിയില്ല . ഇതാണയാൾ അറിഞ്ഞത് ; " അന്നേ  ദിവസം ഓഫീസിൽ എത്തിയ ജിനീഷ്  ഓഫീസ്  മാനേജർക്കു ലെറ്റർ കൊടുത്തു , അതിനു ശേഷം ഫോണും മറ്റും ഹാൻഡ്‌ ഓവർ  ചെയ്തു , അത് ചെയുമ്പോൾ അയാൾ ഹാർഡ്‌വെയർ ഡിപ്പാർട്മെന്റിലെ സുഹൃത്തിനോട് പറഞ്ഞിട്ടു ഹെഡ് ഓഫീസിലേക്ക് പോയി . ജനറൽ മാനേജർ ആയ സാജു  നാരായണൻ സാറിനെ  കാണാൻ പോയി എന്നാണ് പറഞ്ഞത് . അപ്പോൾ ഏതാണ്ട് പത്തു മണിയായിക്കഴിഞ്ഞിരിക്കും . ആ ഹാർഡ്‌വെയർ സ്റ്റാഫിൽ നിന്നു തന്നെ  ആണ്  ഞാൻ രഹസ്യമായി ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞത് , അയാൾ എന്റെ സുഹൃത്താണ് . പക്ഷെ ഈ സുഹൃത് ഒരു പന്ത്രണ്ടേ മുക്കാലോടെ സാജു സർ ന്റെ ക്യാമ്പിന്റെ അടുത്ത് ഒരു സിസ്റ്റം കംപ്ലയിന്റ് നോക്കാൻ പോയപ്പോൾ ജനീഷ്‌ സാജുസാറിന് അദ്ദേഹത്തിൻറെ  ക്യാബിനിൽ വെച്ച്  ഷേക്ക് ഹാൻഡ് കൊടുത്തു പിരിയുന്നത് കണ്ടു , അപ്പോൾ ഏകദേശം ഒരു മണിയോടടുത്തിരുന്നു . ഒരു മണിക്ക് അയാൾ ഹോസ്റ്റലിലേക്ക് പോയി. എങ്കിൽ പത്തു മണി മുതൽ ഒരു മണി വരെ ഏകദേശം മൂന്നു മണിക്കൂർ അവർ തമ്മിൽ എന്തോ ഗൗരവമായ ചർച്ചകൾ നടന്നു എന്നത് വ്യക്തമാണ് ,"

" അവർ തമ്മിൽ ചർച്ച ചെയ്തത് ഒഫീഷ്യൽ കാര്യങ്ങളായിക്കൂടെ ? ജനീഷ്‌  എത്ര കാലമായി  ഒരു മീഡിയ മാനേജർ ആയി  ജോലി ചെയ്യുന്നു " ഞാൻ ചോദിച്ചു

" പക്ഷെ രാജി വെച്ച് അന്ന് തന്നെ പോണം എന്ന് പറഞ്ഞ ഒരു സ്റ്റാഫിനോട് മൂന്നു മണിക്കൂറോളം സാജു സാറിനെപ്പോലെ  ഒരാൾ സംസാരിക്കും എന്ന്  നിങ്ങൾ കരുതുന്നുണ്ടോ ? എന്നിട്ടു ഷേക്ക് ഹാൻഡ് കൊടുത്തു പിരിഞ്ഞു പോലും " ശ്രീറാം പരിഹാസച്ചുവയോടെ പറഞ്ഞു .

ശ്രീറാമിന്റെ ആ വാക്കുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു . ആ പറഞ്ഞതിൽ കാര്യമുണ്ട് , ആ കൂടിക്കാഴ്ചയിലും അതിനടുത്ത സമയ ദൈർഘ്യവും  ആ സാഹചര്യവും ഷേക്ക് ഹാൻഡും ഇതിൽ ഒരു അസ്വാഭാവികതയുണ്ട് , തീർച്ച .

" പക്ഷെ അയാൾ പത്തു മണി മുതൽ ഒരു മണി വരെ അവിടെത്തന്നെയായിരുന്നു എന്നുറപ്പുണ്ടോ " ഞാൻ ചോദിച്ചു .

" ഉണ്ട് , അത്  ഞാൻ അവിടെത്തന്നെയുള്ള ഒരു സ്റ്റാഫിൽ നിന്ന്  ചോദിച്ചുറപ്പു വരുത്തി , പിന്നെ അവർ വളരെ സ്വകാര്യവും ഗൗരവസ്വഭാവമുള്ള  കാര്യമായിരിക്കണം ചർച്ച ചെയ്തിട്ടുണ്ടാകുക എന്നും ആ സ്റ്റാഫ് പറഞ്ഞു , അവർ തമ്മിൽ വാഗ്വാദങ്ങൾ ഒന്നും തന്നെ  ഉണ്ടായിട്ടുമില്ല " ശ്രീറാം പറഞ്ഞു .

ഇതിനെപ്പറ്റി ഒരു പൂർണരൂപം കണ്ടെത്തണമെങ്കിൽ  സജു സാറുമായി തന്നെ സംസാരിക്കേണ്ടി വരും . ആളെ നേരിൽ കാണാൻ ഞങ്ങൾ തീർച്ചപ്പെടുത്തി. അതിനായി ഒരു പദ്ധതി തയ്യാറാക്കി , ലീവ് ആയിരിക്കുന്ന ഇപ്പോ എന്തായാലും ഓഫീസിൽ പോയി കാണാൻ കഴിയില്ല . അതുകൊണ്ടു ആളുടെ വീട്ടിൽ പോയിക്കണം , ഓഫീസിന്റെ അടുത്ത് തന്നെയാണ് സർ താമസിക്കുന്നത് , ശ്രീറാമിന് സ്ഥലമറിയാം . ആള് ഓഫീസിൽ നിന്ന്  അല്പം ലേറ്റ് ആയി ഇറങ്ങുന്ന കൂട്ടത്തിലാണ് , ഒരു എട്ടരയോടെ പോയി കാണാൻ ഞങ്ങൾ തീരുമാനിച്ചു . പക്ഷെ ശ്രീറാം  ചില സംശയങ്ങൾ മുന്നോട്ടു വെച്ചു .
ജനീഷും സാജു സാറുമായി എന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടോ? അവർ തമ്മിൽ വല്ല രഹസ്യധാരണയും ഉണ്ടോ? ഉണ്ടെങ്കിൽ നമ്മൾ സജു സാറുമായി കൂടിക്കാഴ്ച നടത്തി നമ്മുടെ ഉദ്യമത്തെപറ്റി വെളിപ്പെടുത്തിയാൽ അത് ജനീഷ്‌ അറിയാനിടയാകും , പിന്നെ അയാൾ നമുക്ക് നേരെ തിരിയില്ലേ.? അയാൾ പറഞ്ഞത് ശരിയാണ് .പക്ഷെ വളരെ നേരത്തെ ആലോചനക്ക് ശേഷം ഞങ്ങൾ സാറിനെ കാണാൻ തന്നെ തീരുമാനിച്ചു , കാരണം മുന്നിൽ വേറെ വഴികളില്ല , പക്ഷെ എല്ലാം തുറന്നു ചോദിക്കുന്നത് അയാളുടെ പ്രതികരണം സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷം മതി എന്നും ആരും അറിയാതെ തന്നെ സാറിനെ കാണാൻ ശ്രദ്ധിക്കാനും ഞങ്ങൾ തീരുമാനിച്ചു .

ഏകദേശം എട്ടേ കാലോടെ തന്നെ ഞങ്ങൾ സാറിൻറെ വീടിനു സമീപം എത്തി .ആള്  എത്തിയിട്ടില്ല . ഞങ്ങൾ കുറച്ചകലെ മാറി ഒരു വിജനമായ പറമ്പിൽ ഇരുളിന്റെ മറപറ്റി നിന്നു . സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വീടിന്റെ മുൻവശം കാണാം . ഒരു പത്തു പതിനഞ്ചു മിനിറ്റുകൾ കഴിഞ്ഞപ്പോൾ ദൂരെ നിന്ന് സർ നടന്നു  വരുന്നത് കാണാമായിരുന്നു . കൂടെ ഒന്ന് രണ്ടു പേരുണ്ട് . സാജു സാറിൻറെ മുടി അലസമായി നെറ്റി ഏകദേശം മുഴുവനും മറച്ചു കിടന്നിരുന്നു , ഉള്ളിലേക്ക് താഴ്ന്നിരിക്കുന്ന കണ്ണുകൾ അയാളുടെ മുഖത്തിന് ഒരു പരുക്കൻ പരിവേഷം നൽകിയിരുന്നു. അലസമായ വലിയ ശ്രദ്ധയില്ലാതെ വസ്ത്രം ധരിച്ചിരിക്കുന്നു , ഒരു നീളൻ ബാഗ് തോളിൽ നിന്ന് ഏകദേശം മുട്ടുവരെ നീണ്ടു കിടന്നിരുന്നു . കൂടെയുള്ള ഒരാൾ ഈ വീട്ടിൽ സാറിൻറെ സഹായിയെപ്പോലെ തോന്നിച്ചു , അയാളുടെ കയ്യിൽ രണ്ടു കിറ്റുകൾ ഉണ്ടായിരുന്നു , ഒന്ന് ഭക്ഷണപ്പൊതിയാണ് , മറ്റേതു പ്രിൻറർ കാട്രിഡ്ജ് പോലെ തോന്നിച്ചു .  കൂടെ വന്ന രണ്ടുപേർ എന്തെങ്കിലും ഫയലുകളോ  മറ്റോ വാങ്ങാൻ വന്ന സ്റ്റാഫുകളായിരിക്കാം  . സഹായിയെന്നു  തോന്നിച്ചയാൾ വീട് തുറന്നു, എല്ലാവരും അകത്തു കടന്നു . അവർ തിരിച്ചു പോകുന്നതുവരെ കാത്തുനിൽക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു . അല്പം കഴിഞ്ഞപ്പോൾ മറ്റു രണ്ടു പേർ എന്തൊക്കെയോ ഡോക്യൂമെന്റസ് ഒരു ഫയലിൽ ആക്കി തിരികെപ്പോയി , സാജു  സർ അവരുടെ കൂടെ  മുൻവശത്തോളം  വന്നു യാത്രയാക്കി, എന്നിട്ട് തിരികെപ്പോയി. കൂടെയുള്ളത് ആളുടെ വീട്ടിലെ സഹായി ആണെങ്കിലോ ചിലപ്പോൾ തിരിച്ചു പോയില്ലെങ്കിലോ ? എന്തായാലും അൽപനേരം കൂടെ കാക്കാം , എന്നിട്ടും പോയില്ലെങ്കിൽ പിന്നെ അങ്ങോട്ട് ചെല്ലുക തന്നെ എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി .

ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കാത്തു  നിന്നിട്ടും ആളു പോകുന്നില്ല , ഇനി അങ്ങോട്ട് കയറിച്ചെല്ലുക തന്നെ. ഞങ്ങൾ മുൻവാതിലിനടുത്തെത്തി കാളിങ് ബെല്ലിൽ വിരലമർത്തി . ഏതാനും നിമിഷങ്ങൾക്കകം ആ സഹായി വന്നു വാതിൽ തുറന്നു ,  ആരാണ് എന്താണ് എന്നെല്ലാം ചോദിച്ചു . "ഞങ്ങൾ ഓഫീസിൽ നിന്നാണ്  , സാജു സാറിനെ ഒന്ന് കാണണം" ഞാൻ പറഞ്ഞു .
അയാൾ ഞങ്ങളോട് അൽപനേരം  ഇരിക്കാൻ പറഞ്ഞു എന്നിട്ടു വീടിന്റെ ഉള്ളിലേക്ക് പോയി . അയാളുടെ സംസാരത്തിലെ വിനയവും വേഷവും എല്ലാം കണ്ടപ്പോൾ  ഇയാൾ വീട്ടുജോലിക്കാരൻ  തന്നെ എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി , അയാൾ വസ്ത്രം മാറി ഒരു ലുങ്കി ഉടുത്തിരുന്നു . ഞങ്ങൾ അടുത്തടുത്തായി സോഫയിൽ ഇരുന്നു , ഹാളിൽ ടെലിവിഷൻ, പിന്നെ ഭംഗിയുള്ള നാലു ചൂരൽക്കസേരകൾ ചൂരല് കൊണ്ടുള്ള ഒരു ടീപ്പോയി എന്നിവയുണ്ടായിരുന്നു . ടീപ്പോയിൽ  അന്നേ  ദിവസത്തെ  മനോരമ ,ഇക്കണോമിക് ടൈംസ് പിന്നെ മൂന്നു നാലു പേപ്പറുകളിൽ എന്തോ കുത്തിക്കുറിച്ചതും കാണാമായിരുന്നു . നല്ല ഭംഗിയായി അടുക്കിയ പുസ്തകങ്ങളും ചില അലങ്കാരവസ്തുക്കളും ഉള്ള ഒരു ഭിത്തിയാലമാരയും അവിടെ ഉണ്ടായിരുന്നു . അൽപ സമയത്തിനകം സാജു സർ ഹാളിലേക്ക് വന്നു . ഞങ്ങൾ എണീറ്റ് നിന്ന് വിഷ് ചെയ്തു . സർ ഞങ്ങളോട് ഇരിക്കാൻ ആംഗ്യഭാഷയിൽ പറഞ്ഞു . ഞങ്ങൾ സോഫയിൽ ഇരുന്നു ,    ഞങ്ങൾക്കമുഖമായി കസേരയിൽ സാറും ഇരുന്നു.
 "എന്തൊക്കെയുണ്ട് ? ജോലിയൊക്കെ എങ്ങനെ പോകുന്നു ? ആദ്യമായി ആണെന്ന് തോന്നുന്നു ഇങ്ങോട്ടു വരുന്നതല്ലേ ? " സാർ  ഊഷ്മളമായി ചിരിച്ചുകൊണ്ട് ചോദിച്ചു .

" സാറിനെ ഒന്ന് കാണേണ്ട കാര്യമുണ്ടായിരുന്നു , അതാണ് വന്നത് " ഞാൻ പറഞ്ഞു .

"  തന്റെ വീട് പാലക്കാടാണോ  ? " ഓഹ് അത് ശരി എന്ന മട്ടിൽ തലയാട്ടിയിട്ടു  ശ്രീറാമിനെ ചൂണ്ടി സാറ് ചോദിച്ചു

" അല്ല സർ , വായനാടാണ് , മാനത്താവടിക്കടുത്തു " ശ്രീറാം മറുപടി പറഞ്ഞു

ആളുടെ സംസാരത്തിൽ നിന്നെ എനിക്ക് സർ എന്തെങ്കിലും തരാം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നി , സംസാരത്തിൽ നേരിയ ചാഞ്ചാട്ടം ഉള്ളതുപോലെ , ഒരു സംശയം മാത്രമാണ് .

നിങ്ങൾ വന്ന കാര്യം പറഞ്ഞില്ലല്ലോ ? സർ ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി.

" സർ ഞങ്ങൾ വന്നത് ശരിക്കും ജനീഷ്‌ ജോലി രാജിവെച്ച കാര്യത്തെപ്പറ്റി സാറിനോട്  ചോദിക്കാനാണ് " ഞാൻ  പറഞ്ഞു, എന്നിട്ട് കുഴപ്പമില്ലല്ലോ എന്ന മട്ടിൽ  ശ്രീറാമിനെ ഒന്ന് നോക്കി.

സാജു സർ ചിന്താമഗ്നനായി കസേരയിൽ ഒന്നാഞ്ഞിരുന്നു . അൽപനേരം ഒന്നും മിണ്ടിയില്ല . ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി പക്ഷെ അല്പനേരത്തേക്ക് ഒന്നും സംസാരിച്ചില്ല  .

പിന്നീടാണ് സാർ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം ചോദിച്ചത് .

" ഞാൻ അല്പം മദ്യപിക്കുന്നത് കൊണ്ട് നിങ്ങൾക്കു ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ , ഞാൻ ഇപ്പോൾ അല്പം കഴിച്ചിട്ടുണ്ട് കുറച്ചു കൂടി ആകാം  എന്ന് തോന്നുന്നു , കഴിഞ്ഞ ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലിയായിരുന്നു "

ഞങ്ങൾ അവിശ്വസനീയതയോടെ  പരസ്പരം നോക്കി , സത്യം പറഞ്ഞാൽ ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു .പക്ഷെ അത് പുറമെ  കാണിക്കാതെ പക്വമായിത്തന്നെ ഞാൻ മറുപടി കൊടുത്തു " ഓ അതിനെന്താ സാർ , ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല , ഞങ്ങളും ഇടയ്ക്കു അല്പം കഴിക്കാറുണ്ട് ".

സാർ ഞങ്ങളെ നോക്കി നേരിയ  ജാള്യതയോടെ  ചിരിച്ചു.

" ഇത് ഓഫീസല്ല കേട്ടോ , ഇത്  വ്യക്തിപരമായ സമയമല്ലേ , നിങ്ങൾ എന്നോടുള്ള ബഹുമാനമൊക്കെ ഓഫീസിൽ കാണിച്ചാൽ മതി " അയാൾ മാന്യതയും ആതിഥ്യ മര്യാദയും നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു . ഞങ്ങളിരുവർക്കും വളരെ സന്തോഷം തോന്നി .
" ഓ പിന്നെ ജനീഷിന്റെ കാര്യം , അയാളോട് ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല , പിന്നെ എന്ത് ചെയ്യാൻ " ഇത്രയും പറഞ്ഞു നിർത്തിയിട്ടു  ജോലിക്കാരനെ വിളിച്ചു എന്തോ ആഗ്യം കാണിച്ചു .

അല്പനേരത്തിനുള്ളിൽ അയാൾ ട്രേയിൽ ഒരു കുപ്പിയും ഒരു ഗ്ലാസും പിന്നെ ജഗ്ഗിൽ വെള്ളവും കൊണ്ടുവന്നു വച്ചു  . സാജു സർ ഞങ്ങളെ ചൂണ്ടി ജോലിക്കാരനെ കാണിച്ചു രണ്ടു ഗ്ലാസ് കൂടി കൊണ്ടുവരാൻ പറഞ്ഞു . എന്നിട്ടു ഞങ്ങളോടായി പറഞ്ഞു " സാരമില്ല എന്തായാലും അല്പം കഴിക്കു, എനിക്കൊരു കമ്പനിയും ആയി"  . ഞങ്ങൾ എന്ത് പറയണമെന്നറിയാതെ മനസികാവസ്ഥയിലായി കാരണം സാറു നല്ല ഹാപ്പി മൂഡിലാണെന്നു മനസിലായതുകൊണ്ടുതന്നെ . അതൊരു "കോഗ്നാക്"
 ബ്രാണ്ടി ആയിരുന്നു " റെമി  മാർട്ടിൻ " ( പശ്ചിമ ഫ്രാൻസിലെ "കോഗ്നാക്" എന്ന ഗ്രാമത്തിലെ ഡിസ്റ്റില്ലെറികളിൽ മാത്രം നിർമിച്ചതെന്ന അവകാശവാദം ഉന്നയിക്കുന്നവിലയേറിയ  ഒരു മുന്തിയ ഇനം ബ്രാണ്ടി ആണത് ) അയാൾ  തന്നെ ഞങ്ങൾക്ക് മദ്യം പകർന്നു തന്നു .
" ചിയേർസ്!! " ആ വാക്കുകൾ ആ ഹാളിൽ പ്രതിധ്വനിച്ചപ്പോൾ തകർന്നു വീണത് ബഹുമാനവും ഭയവും കൊണ്ട് ഞങ്ങൾ  കെട്ടിപ്പൊക്കിയ കൂറ്റൻ കോട്ട മതിലുകളായിരുന്നു ! ഞങ്ങൾ സന്തുഷ്ടരായി മദ്യം നുകർന്നു . സാജു സർ പതിയെപ്പതിയെ ഉന്മത്താവസ്ഥയിലേക്കു  വഴുതിവീണുകൊണ്ടിരുന്നു . ഇതുതന്നെ പറ്റിയ തക്കം എന്ന് മനസിലാക്കിയ ഞാൻ ജനീഷിനെ പറ്റി ചോദിച്ചറിയാൻ ഈ അവസരം ഉപയോഗിച്ചു . പക്ഷെ സർ വീണ്ടും പറഞ്ഞ കാര്യം തന്നെ ആവർത്തിച്ചു . " ഞാൻ അയാളോട് കുറെ പറഞ്ഞു തിരുത്താൻ നോക്കി പക്ഷേ ഫലമുണ്ടായില്ല , ഇത്രയും വര്ഷം ജോലി ചെയ്ത ഒരാൾ പെട്ടെന്ന് പിരിഞ്ഞു പോയാൽ കമ്പനിക്കുണ്ടായേക്കാവുന്ന ക്ഷതങ്ങളെ പറ്റി  ഞാൻ ദീർഘനേരം സംസാരിച്ചു , അയാളുടെ മനസ് ഇളക്കാൻ ശ്രമിച്ചു , പക്ഷെ അയാൾ എന്തോ വ്യക്തിപരമായ സംഘര്ഷങ്ങളിലാണ് എന്ന് മാത്രം പറഞ്ഞു .പിന്നെ അയാൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെ തോന്നി .പിന്നെ എനിക്കെന്തു ചെയ്യാൻ കഴിയും ? എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു തിരിച്ചു വരം എന്ന് പറഞ്ഞു ഞാൻ അയാളെ യാത്രയാക്കി . എന്തോ എനിക്ക് ഇഷ്ടമായിരുന്നു അയാളെ., തിരിച്ചു വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു "

" സാർ ഒരുപാടു നേരം ആളുമായി സംസാരിച്ചു എന്ന് തോന്നുന്നല്ലോ " ശ്രീറാം ചോദിച്ചു .

" അതെ , എന്റെ ഓർമ ശരിയാണെങ്കിൽ  ഒരു പത്തുമണി കഴിഞ്ഞാണ് അയാൾ വന്നത് ഒരു മണിക്ക് മുൻപായി പോയിക്കാണും , ഞാൻ ഒരു പാട് ശ്രമിച്ചു ശ്രീറാം പക്ഷെ അയാൾ തീരുമാനത്തിൽ ഉറച്ചു നിന്നു .ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളേപ്പറ്റിയും സംസാരിച്ചിരുന്നു " സാർ പറഞ്ഞു .

ഞാനും ശ്രീറാമും മുഖാമുഖം നോക്കി . സാറിന്റെ വാക്കുകൾ സത്യസന്ധമാണ് എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു . ഞങ്ങൾ ഓരോ പെഗ് കൂടി  കഴിച്ചു ..ജോലിക്കാരൻ സ്നാക്ക്സ് ആയിട്ട് ആപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിച്ചു തന്നു .  അത് വളരെ വീര്യം കൂടിയ മദ്യമായിരുന്നു .അല്പമെരം കഴിഞ്ഞപ്പോൾ സാജു സർ ചെറിയതോതിൽ ഫിറ്റ് ആയതായി ഞാൻ മനസിലാക്കി . സ്വകാര്യജീവിതത്തിലെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളും പങ്കുവെച്ചു, ഒരു കാലഘട്ടത്തിനെ മുഴുവൻ വിറപ്പിച്ച, എല്ലാ തന്ത്രങ്ങളുടെയും ചരടുവലികൾ ഉള്ളിലൊളിപ്പിച്ച  ആ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു , അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  വിതുമ്പിക്കരഞ്ഞു.

" സ്നേഹവും പ്രണയവും ഒരു തെറ്റല്ലല്ലോ സർ , ഓരോ മനുഷ്യന്റെയും നിലനിൽപിന് ആധാരമല്ലേ  "  എന്ന് പറഞ്ഞു ഞാൻ സാറിനെ ആശ്വസിപ്പിച്ചു .

" നിങ്ങൾ എത്ര നല്ല ആളാണ് നിങ്ങളുടെയൊക്കെ സൗഹൃദം എനിക്ക് മുൻപേ അനുഭവിക്കാൻ കഴിഞ്ഞില്ലല്ലോ " , അയാൾ  എനിക്കും ശ്രീറാമിനും ഓരോ പെഗ് കൂടി പകർന്നു തന്നു . ഞാൻ പിന്നെ ഒന്നും മറച്ചില്ല ജനീഷിനെ പറ്റിയും ഇതുവരെ നടന്ന സംഭവ വികാസങ്ങളെപ്പറ്റിയും വിവരിച്ചു . സാർ അവിശ്വസനീയതയോടെ എന്നെ നോക്കി .

" അയാളെന്തെങ്കിലും കുഴപ്പത്തിൽ പെട്ടിരിക്കും . നിങ്ങൾ അയാളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കൂ , എന്ത് സഹായവും ഞാൻ ചെയ്യാം , സാമ്പത്തിക ആവശ്യങ്ങളുണ്ടെങ്കിൽ പറയാൻ മടിക്കരുത് . നിങ്ങളുടെ ലീവിന്റെ കാര്യവും ഓർത്തു പേടിക്കേണ്ട " സാർ ഞങ്ങളെ ഇരുവരെയും നോക്കിക്കൊണ്ടു പറഞ്ഞു . സാറിനു അയാളോട് ഇപ്പോഴും സ്നേഹമാണ് , അയാൾ സാറിനെയും തന്ത്രപരമായി കൈയ്യിലെടുത്തിരിക്കുന്നു , സ്വയം ഒളിപ്പിച്ചുകൊണ്ട് ..  എത്ര തന്ത്രശാലിയാണ്  അയാൾ  !!

ഞങ്ങൾ ആ കുപ്പി ഏതാണ്ട് കാലിയാക്കിക്കഴിഞ്ഞിരുന്നു . സാർ ഫോണിൽ മെസേജ് നോക്കിക്കൊണ്ട് ബെഡ്റൂമിലേക്ക് പോയി , ശ്രീനി സോഫയിൽ കിടന്നു പതിയെ മയങ്ങുന്നു . ജോലിക്കാരൻ എന്തോ സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു അല്പം മുൻപേ കടയിലേക്ക് പോയിരുന്നു . പെട്ടെന്നാണ് ഞാൻ അത് കണ്ടത് !! ജനാലയുടെ  ചില്ലിന്റെ അപ്പുറത്തായി ഒരു ആരോ നില്കുന്നു !!  ഞാൻ ഭയന്നു  പോയി.. ഞാൻ ശ്രീറാമിനെ  നോക്കി , ഉറക്കമാണ് , വിളിച്ചാൽ ശബ്ദം വെച്ചാൽ ചിലപ്പോൾ പുറത്തുള്ള ആളു പൊയ്ക്കളയും . ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി ,വീടിന്റെ പുറത്തു കൂടി പിൻവാതിലെത്തി അവിടെ നിന്ന് നോക്കി . ശരിയാണ് ഒരാൾ അവിടെ നില്പുണ്ട് . ജാക്കറ്റ്‌  ധരിച്ചു മാസ്ക് വെച്ച ഒത്ത ഉയരമുള്ള ഒരാൾ . പെട്ടെന്ന് ഞാൻ നിന്ന ഇടനാഴിയിലെ സിമെന്റ് ഇളകിയ ഭാഗത്തു കാൽ തട്ടി ഞാൻ പുറകോട്ടു വീഴാനായി വേച്ചു . വീണില്ല , പക്ഷെ പറമ്പിലെ കരിയിലകളിൽ കാൽ കുത്തേണ്ടി വന്നു . ശബ്ദം കേട്ട്  ആ രൂപം എന്റെ നേർക്ക് നോക്കി , ഒരു മാത്ര അനങ്ങാതെ നിന്നും എന്നിട്ടു ദ്രുതഗതിയിൽ ഇരുട്ട് നിറഞ്ഞ ഭാഗത്തുകൂടി മതിലിനരികിലേക്കു ഓടി . ഞാൻ  ഗേറ്റു തുറന്നു പ്രധാന വഴിയിലെത്തി , അയാൾ മതിൽ ചാടിക്കടന്നാലും ഇതിലെയെ പോകാൻ കഴിയു. ഞാൻ അവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല . പെട്ടെന്ന് ഒരു നൂറു മീറ്റർ അകലെയായി ഒരു മോട്ടോർ സൈക്കിൾ സ്റ്റാർട്ട് ചെയ്തു ശരം  കണക്കെ അവിടെ നിന്ന് ആരോ പാഞ്ഞു പോയി. ഞാൻ ആ പ്രദേശം മുഴുവൻ അരിച്ചു പെറുക്കി . ഒന്നും കണ്ടെത്താനായില്ല . അതയാൾ തന്നെ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു പക്ഷെ ഒരു ചോദ്യം മാത്രം ബാക്കി " ഞാനും ശ്രീറാമും അമലും  അയാളെ പിന്തുടരുന്നുണ്ടെന്നു അയാൾ എങ്ങനെ മണത്തറിഞ്ഞു ? ഈ ലോകത്തു ആർക്കും അതിനു ഞങ്ങൾ ഇട  കൊടുത്തിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു, തൊട്ടുമുമ്പ് മുതൽ സാജു സാറിനും അറിയാം .. പിന്നെ എങ്ങനെ ?? എനിക്ക് ആശ്ചര്യമായി ! പെട്ടെന്ന് എന്റെ മനസിലേക്കു ഒരു സാധ്യത തെളിഞ്ഞു വന്നു . ഞാൻ ഉടനെ  തിരികെ വീട്ടിന്റെ ഉള്ളിൽ വന്നു , ശ്രീനി അപ്പോഴും മയങ്ങുന്നു , സാർ ബെഡ്‌റൂമിൽ തന്നെ . ഞാൻ ഹാളിൽ നിന്ന് തന്നെ സാറിനോട് ഞാൻ ഇപ്പോൾ വരം എന്ന് വിളിച്ചു പറഞ്ഞു . ആൾ ശരി  എന്ന് പറയുന്നതിന് മുൻപേ ഞാൻ പുറത്തേക്കു ഇറങ്ങിക്കഴിഞ്ഞിരുന്നു . ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ ഞാൻ മബേൻ നിധി ബ്രാഞ്ചിലെ അന്ന് സംസാരിച്ച കാഷ്യർ പയ്യന്റെ റൂമിൽ എത്തി . ഒരു അത്യാവശ്യ കാര്യമുണ്ടെന്നു  പറഞ്ഞു വിളിച്ചു പുറത്തിറക്കി "ഞാൻ അന്നേ  ദിവസം ജനീഷിനെ പറ്റി  ചോദിച്ചറിഞ്ഞ കാര്യം താൻ  പിന്നീടെപ്പോഴെങ്കിലും ആളോട് പറഞ്ഞിരുന്നോ ? ഒന്നാലോചിച്ചു ശേഷം അയാൾ പറഞ്ഞു " അത് കഴിഞ്ഞു ജനീഷ്‌  വീണ്ടും വന്നിരുന്നു ചില ഇടപാടുകൾ സെറ്റൽ  ചെയ്യാൻ അന്ന് കുറെ നേരം സംസാരിച്ചു , താൻ  ഇങ്ങനെ ചോദിച്ചിരുന്നു കാര്യവും പറഞ്ഞു , അയാൾ കുറെ തമാശയൊക്കെ  പറഞ്ഞിട്ടാണ് അന്ന് പോയത് " എന്താ വല്ല കുഴപ്പവുമുണ്ടോ ? ആ പയ്യൻ ചോദിച്ചു .. ഏയ് ഇല്ല  ഒരു ചെറിയ സൗന്ദര്യപ്പിണക്കം എന്ന് തമാശ  മട്ടിൽ പറഞ്ഞു ചിരിച്ചുകൂടുതലൊന്നും പറയാൻ നിൽക്കാതെ  ഞാൻ അവിടെ നിന്നും സാറിന്റെ വീട്ടിലേക്കു പോയി .

എന്നെ സംബന്ധിച്ച് അതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു . അപ്പോൾ അയാൾ എന്റെ നീക്കം നേരത്തെ അറിഞ്ഞു കഴിഞ്ഞു , ഞങ്ങൾ  അന്ന് മുതൽ അയാളുടെ നിരീക്ഷണത്തിലായിരുന്നു അല്ലെ!! . അങ്ങനെയെങ്കിൽ ഇപ്പോൾ താമസിക്കുന്ന ഹോട്ടലും ..."ഓ മൈ ഗോഡ് " ബാക്കി ഓർക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല എന്റെ ധൈര്യം ചോർന്നു പോകുന്നതുപോലെ തോന്നി .ഞാൻ അപകടം മണത്തു.. ഭയം എന്നെ ഗ്രസിച്ചു .

സാറിന്റെ വീട്ടിലേക്കു പോകുന്നതിനു മുൻപേ ഞാൻ എനിക്ക് പരിചയമുള്ള ഒരു സുഹൃത്തിനെ കണ്ടു സഹായമഭ്യർഥിച്ചു , ഇത്തരം സാഹചര്യങ്ങളിൽ മുൻപും അളെന്നെ സഹായിച്ചിട്ടുണ്ട് . ഞാൻ ഹോട്ടലിന്റെ അഡ്രസ് ആൾക്ക് കൊടുത്തു കുറച്ചു  പണവും കൊടുത്തു . അയാൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു  എന്നോട് ഇങ്ങനെ പറഞ്ഞു " ഇന്ന് രാത്രി ഒന്നും പേടിക്കേണ്ട ഞാൻ ഒന്ന് രണ്ടു പേരെ അയക്കാം അവർ അവിടെ ഉണ്ടാകും, ഒന്നും ഭയപ്പെടാനില്ല  " അയാളുടെ കണ്ണുകളിൽ  തീക്ഷ്ണതയും   ശബ്ദത്തിനു കാഠിന്യവും വാക്കിന് മൂർച്ചയും ഉണ്ടായിരുന്നു . എനിക്ക് സമാധാനമായി .

ഞാൻ തിരികെ സാറിന്റെവീട്ടിൽ എത്തി , സാറും ശ്രീറാമും എന്നെ കാത്തിരിക്കുകയായിരുന്നു. ഒരു വല്ലാത്ത തലവേദന തോന്നി ഒരു ടാബ്ലറ്റ് വാങ്ങിക്കാൻ പോയതാണെന്ന് ഞാൻ സാറിനോട് കള്ളം പറഞ്ഞു . അയാളെ വല്ലാതെ സ്നേഹിക്കുന്ന സാറിന് ഇതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരിക്കും എന്നുള്ളത് കൊണ്ട് സത്യാവസ്ഥ പറഞ്ഞില്ല  . സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . സാർ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിചു " എന്താവശ്യത്തിനും വിളിക്കാൻ മടിക്കരുത് ഞാനും നിങ്ങളുടെ കൂടെ ഉണ്ട്  മാനസികമായി " ഞങ്ങൾ ഗേറ്റ് അടക്കുമ്പോൾ  സാർ ഞങ്ങളെ നോക്കി വാതിൽക്കൽ നിന്നു കൈവീശിക്കാണിച്ചു .

ഹോട്ടലിലേക്കുള്ള മാർഗ്ഗമധ്യേ ഞാൻ ശ്രീറാമിനെ വിവരം ധരിപ്പിച്ചു . ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിക്കാം . അയാൾ നമ്മുടെ പിറകെ തന്നെയുണ്ട് . . ഞാൻ അമലിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ കൈമാറി . അമലിനു അത് വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത് . അയാൾക്കു നാളെ എയർപോർട്ട് ഡ്യൂട്ടി ഉണ്ടെന്നും വൈകിട്ട് എന്തായാലും ഹോട്ടലിലേക്ക് വരാമെന്നും അത് വരെ കരുതിയിരിക്കാനും പറഞ്ഞു  അമൽ ഫോൺ വെച്ചു .

ഞങ്ങൾ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. നേരം പാതിരാ കഴിഞ്ഞിരുന്നു .ഞാൻ ഒരു സിഗരറ്റ് കത്തിച്ചു ബാൽക്കണിയിൽ ചെന്നിരുന്നു . ശ്രീറാം ഉറക്കം പിടിച്ചിരുന്നു . താഴെ ഒരു വെളുത്ത മാരുതി കാര് വന്നു നിന്നു , അതിൽ നിന്ന് രണ്ടുപേർ പുറത്തിറങ്ങി . അതവർ തന്നെയെന്ന് എനിക്ക് ഉറപ്പായിരുന്നു: എന്റെ സുഹൃത്‌  അയച്ച ആൾക്കാർ . അവർ രണ്ടുപേരും അരോഗ ദൃഢഗാത്രരായിരുന്നു . അവർ പുറത്തിറങ്ങി  സിഗരറ്റ് കത്തിച്ചു വലിച്ചു അല്പം നേരം കഴിഞ്ഞു വണ്ടി ഒരു വശത്തേക്ക് പാർക്ക് ചെയ്ത് ചില്ലു താഴ്ത്തി ഉള്ളിൽ തന്നെ ഇരുന്നു . ഇന്ന് രാത്രി ഇവർ ഇവിടെയുണ്ടാകും . സുഹൃത്തിന്റെ  തക്ക സമയത്തെ സഹായത്തിനു മനസ്സിൽ  നന്ദി പറഞ്ഞു .

ഞാൻ പാതി തണുത്ത മനസുമായി ഉറങ്ങാൻ കിടന്നു . ഒരു ചോദ്യം എന്റെ മനസ്സിലേക്കോടിയെത്തി..

 അയാൾ ഇപ്പോൾ എവിടെയായിരിക്കും ? ? എന്തായിരിക്കും അയാളുടെ മനസ്സിൽ ..??

ഈ നഗരത്തിലെ ഏതോ ഒരു അജ്ഞാത താവളത്തിലിരുന്ന്  വന്യത നിറഞ്ഞ പദ്ധതികൾക്കു അന്തിമ  രൂപം കൊടുക്കുകയാവും ..അടുത്ത നീക്കങ്ങൾക്കു കോപ്പുകൂട്ടുകയാവും ..തീർച്ച !!

(തുടരും..)

Friday, May 29, 2020

ചില അപ്രതീക്ഷിതമായ സംഭവങ്ങൾ

അത് തികച്ചും സാധാരണമായ ഒരു ദിവസമായിരുന്നു . ഹോസ്റ്റലിൽ പഴയതുപോലെ നൃത്തച്ചുവടുകൾ അരങ്ങേറി, അതിനു ശേഷം  ഒരു പറ്റം ഭാഗ്യാന്വേഷികളെപ്പോലെ ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നിര നിരയായി നടന്നു ,  പാച്ചൂസ് റെസ്റ്റാറ്റാന്റിലെ പ്ലേറ്റിൽ പുട്ടും കടലക്കറിയും നിരന്നു , ലേറ്റ് ആയി വരുന്നവരെ കാത്തു വേഴാമ്പലിനെപ്പോലെ രവീന്ദ്രബാബു സർ അല്ലെങ്കിൽ പി ആർ ഒ ഗേറ്റിനു മുൻപിൽ കാത്തു  നിന്നു , അതിലും ഭീകരമായിരുന്നു രാജു നാരായണൻ സർ ന്റെ  ക്യാമ്പിന്റെ മുൻപിൽ  ഫയൽനുവേണ്ടി ഉള്ള  ഞങ്ങളുടെയെല്ലാം  കാത്തിരുപ്പ് !!


ഇതെല്ലം മുറ തെറ്റാതെ നടക്കുന്നതിനിടയിലാണ് ചില അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത് . ജനീഷിന്‌ ഒരു സ്ത്രീ സുഹൃത്തുണ്ടായിരുന്നു ; ജനീഷിന്‌ മാത്രമല്ല ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു . അയാൾ ജോലി ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇയർ ഫോണിൽ അവരോടു കിന്നാരം പറഞ്ഞു കൊണ്ടിരുന്നു , വളരെ സ്വരം താഴ്തി മാത്രമേ അയാൾ സംസാരിച്ചിരുന്നുള്ളു ,പലപ്പോഴും അയാൾ ചിരിക്കുന്നതും കാണാമായിരുന്നു. ആൾക്ക് ദുശീലങ്ങൾ ഒന്നും ഇല്ലെങ്കിലും രാവിലെ എഴുന്നേൽക്കുമ്പോൾ അയാൾ കിടക്കുന്നതിനടുത്തു എയർഫോണിലൂടെ പാട്ടുകൾ നേരിയ ശബ്ദത്തിൽ കേട്ടുകൊണ്ടിരുന്നു . ഫോൺ ഓഫ് ചെയ്യാൻ മറന്നതാകാനേ വഴി ഉള്ളു . അയാൾക്ക്‌ ഒത്ത ഉയരവും അരോഗദൃഢഗാത്രമായതും മെലിഞ്ഞതുമായ ശരീരവും ഉണ്ടായിരുന്നു . ഒരു ദിവസം ജനീഷ്  എന്റെ ഫോണിലേക്കു ഒരു പിക്ചർ അയച്ചിട്ട് ഉടനെ എന്നെ ഫോണിൽ  വിളിച്ചു തമാശ മട്ടിൽ അത് തെറ്റി അയച്ചതാണെന്നും ഡിലീറ്റ് ചെയ്യാനും പറഞ്ഞു . ഞാൻ അതിൽ അസ്വാഭാവികത ഒന്നും കണ്ടില്ല , പക്ഷെ ഞാൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ എന്തോ അസ്വാഭാവികത ഉള്ളതുപോലെ തോന്നി . 'ആ ചിത്രത്തിൽ ഇടതൂർന്ന പൈൻ മരങ്ങളും അതിനു നടുവിൽ ഒരു കെട്ടിടത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു അവ്യക്ത ഭാഗവും  പിന്നെ അതിന്റെ ഏകദേശം ഒത്ത നടുക്കായി ഒരു ക്രോസ്സ് അടയാളവും ഉണ്ടായിരുന്നു . അതിന്റെ താഴെ തീയതിയും മറ്റു ചില സംജ്ഞകലും വ്യത്യസ്തമായ രീതിയിൽ എഴുതിയിരുന്നു '. ഞാൻ അത് മനഃപൂർവം  ഡിലീറ്റ് ചെയ്തില്ല , ജനീഷ്‌ എന്നോട് പിന്നെ അതിനേപ്പറ്റി ഒന്നും ചോദിച്ചതുമില്ല . ഞങ്ങൾ ഹോട്ടലിലും മറ്റു  പലയിടങ്ങളിലും വെച്ചു പതിവുപോലെ കണ്ടുകൊണ്ടിരുന്നു .സാധാരണപോലെ സംസാരിച്ചു ചിരിച്ചു , പക്ഷേ ജനീഷ് എന്തോ മറയ്ക്കുവാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ മാബൻ ഗോൾഡ് ലോൺ ബ്രാഞ്ചിൽ വെച്ചു കണ്ടുമുട്ടി , ഞാൻ പലിശ അടക്കാൻ പോയതായിരുന്നു. അയാളും അതിനു തന്നെയാണ് വന്നതെന്ന്‌ പറഞ്ഞു പെട്ടെന്നു തന്നെ അല്പം തിരക്കിലാണെന്നു പറഞ്ഞു പോയി. അയാളുടെ പെരുമാറ്റത്തിലും ഭാവത്തിലും എന്തോ പന്തികേട് തോന്നി. പെട്ടെന്നു മനസ്സിൽ ഒരാശയം തോന്നി , അവിടത്തെ കാഷ്യർ എന്റെ സുഹൃത്താണ് അവനോടു നയത്തിൽ ഒന്ന് ചോദിച്ചു കളയാം , ആൾക്ക് എന്നെയും ജനീഷിനെയും അറിയാം. ഞാൻ നയത്തിൽ കാര്യം മനസിലാക്കി , അയാൾ പലിശ അടക്കാൻ വന്നതല്ല , അവിടെ വളരെക്കാലമായി ഉണ്ടായിരുന്ന ഡെപ്പോസിറ്റ്  സെറ്റൽ ചെയ്യാൻ വന്നതായിരുന്നു ! എന്തു കൊണ്ട് ഇത്രയും വലിയ ഒരു സംഖ്യ ഇപ്പോൾ ആവശ്യമായി വരുന്നു ? അത് എന്നോട് മറച്ചു വെക്കാൻ തക്ക എന്തു രഹസ്യമാണുള്ളത് ? ഇതിൽ ഗൗരവമായ എന്തോ കാര്യം  ഉണ്ട്   എന്നത് ഉറപ്പാണ് . 

പിന്നീടുള്ള ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ  ഞെട്ടിപ്പിക്കുന്നതായിരുന്നു . ഹോസ്റ്റലിന്റെ പരിസരത്തായി അയാളെ  കാണാൻ ചില അപരിചിതർ അസമയത്തു വന്നു ദീർഘനേരം സംസാരിച്ചിരുന്നു . ഇതെല്ലം   ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു , പക്ഷെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . പിന്നീട് അയാൾ നടത്തിയ നീക്കം അവിശ്വസനീയം ആയിരുന്നു , ഞാൻ പലരിൽ നിന്നും അയാൾ ജോലി രാജി വെക്കാൻ ആലോചിക്കുന്നതായി അറിഞ്ഞു . മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും തമ്മിൽ ബന്ധമുണ്ട് , ജോലി രാജി വെച്ചാൽ പണത്തിനു ആവശ്യം  കാണുമല്ലോ ? പക്ഷെ ഇതെല്ലം എന്തിനു വേണ്ടി ???
ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല . വളരെയധികം ആലോചിച്ചിട്ടും എനിക്ക് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല . പെട്ടെന്നാണ് എനിക്ക് ഒരു കാര്യം ഓര്മ വന്നത് അന്ന് എനിക്ക്  മാറി അയച്ച ചിത്രം !! അതിനു തീർച്ചയായും ഇതൊക്കെയായി ഒരു  ബന്ധം കാണും , ഞാൻ അത് വീണ്ടും പരിശോധിച്ചു പക്ഷെ മരങ്ങളും കെട്ടിടവും കണ്ടാൽ എന്ത് മനസ്സിലാക്കാനാണ് ! ലോകം മുഴുവൻ ഇതൊക്കെ ഉള്ളതല്ലേ ? അപ്പോഴാണ് ഒരു ഐഡിയ തോന്നിയത് സുഹൃത്തായ അമലിനു ചിലപ്പോൾ എന്നെ സഹായിക്കാൻ കഴിയും , ആളു വര്ഷങ്ങളായി പോലീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് . ഞാൻ ആളുമായി ഫോണിൽ സംസാരിച്ചു . അവൻ പറഞ്ഞതനുസരിച്ചു ഞാൻ ചിത്രം അയച്ചു , വൈകിട്ട് നേരിൽ കണ്ടു വിശദമായി  സംസാരിക്കാം എന്നും പറഞ്ഞു.

" മിസ്റ്റർ ജനീഷ് എന്ന ഈ ആൾ എന്തോ കാര്യമായ ഒരു പദ്ധതി തയ്യാറാക്കി കഴിഞ്ഞു " വിസ്കി  ഒഴിച്ച ഗ്ലാസിൽ ഐസ് ക്യൂബുകൾ പെറുക്കിയിട്ടു കൊണ്ട് മേശയിൽ കിടന്ന ജനീഷിന്റ്റെ ചിത്രത്തിലേക്ക് ചൂണ്ടി അമൽ പറഞ്ഞു . അയാൾക്ക്‌ ഒരു സ്ത്രീ സുഹൃത്തുള്ളതും ഒരു കാരണവും ഇല്ലാതെ രാജി വെക്കാൻ പ്ലാൻ ചെയ്യുന്നതും ,  ഡെപ്പോസിറ്റ്  പിൻവലിച്ചതും പിന്നെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും എല്ലാം   കേട്ടിട്ടാണ് അമൽ ഇങ്ങനെ മറുപടി പറഞ്ഞത് . അയാൾ കുറച്ചു ദിവസങ്ങളായി ആരോടും അത്ര സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കാറില്ല , രണ്ടു മൂന്നു ദിവസങ്ങളിൽ ലീവ് ആയിരുന്നു , ഞാനല്ലാതെ ഹോസ്റ്റലിലെ മറ്റാരും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല , അതിനൊരു അവസരം അയാൾ കൊടുത്തു കാണില്ല  ; അത് തീർച്ചയാണ് . അമലിനു ഇത്തരം സാഹചര്യങ്ങൾ നേരിട്ട് പരിചയം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അത്ര എളുപ്പത്തിൽ ഒരു പരിഹാരം മുന്നോട്ടു വെക്കാൻ കഴിഞ്ഞില്ല . അത്രയും പഴുതുകളടച്ചാണ്‌ അയാളുടെ ഓരോ നീക്കവും.

" നമുക്ക് അയാൾ സ്ത്രീ സുഹൃത്തുമായി നാട് വിടുകയാണ് എന്ന നിഗമനത്തിലേക്കു എത്തിച്ചേരാൻ ഒട്ടും കഴിയില്ല . കാരണം ജോലിയുള്ള ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത അവിവാഹിതനായ അയാൾക്ക്‌ വേണമെങ്കിൽ  അവരെ   ഇവിടെത്തന്നെ മാന്യമായി  വിവാഹം കഴിക്കാമല്ലോ ? അതിനു ഇതിന്റെയൊന്നും ഒരാവശ്യവുമില്ല; തീർച്ച . ഇതിന്റെ പിന്നിൽ മറ്റെന്തോ ഉണ്ട് "   അമൽ  വളരെ നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു

" എനിക്ക് ഈ   ഭ്രാന്തൻ ചിന്തകളുടെ ഭാരം താങ്ങാൻ കഴിയുന്നില്ല അമൽ , ഞാൻ ജനേഷുമായി നേരിട്ട് സംസാരിക്കുവാൻ പോകുകയാണ് " ഞാൻ പറഞ്ഞു

" അതൊരിക്കലും വേണ്ട , അത് അപകടത്തിലെ കലാശിക്കൂ , ഇത്രയും നിഗൂഢമായ മാനസിക വ്യാപാരങ്ങളുള്ള ഒരാൾ അതും ഇത്ര സമർഥമായി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന ഒരാൾ , അയാളോട് നേരിട്ട് ഒരു ഇടപെടൽ വേണ്ട " അമൽ എന്നെ ശക്തമായി താക്കീതു  ചെയ്തു.

" പിന്നെ വേറെ ഒന്നും കൂടി ഉണ്ട് , ജനീഷ്‌ നിയമപരമായി  എന്ത് തെറ്റ് ചെയ്തു ? അയാൾ ചെയ്തത് എല്ലാം അയാളുടെ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യങ്ങൾ മാത്രമാണ് , ആർക്കും അയാളെ ചോദ്യം ചെയ്യാനാവില്ല , അത്ര തന്ത്രപൂർവം അയാൾ എന്തോ പദ്ധതി ഇട്ടിരിക്കുന്നു , അയാളുടെ അടുത്ത നീക്കം എന്താവുമെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു " അമൽ ഇത്രയും കൂടി പറഞ്ഞു .

" അപ്പോൾ ആ ചിത്രത്തിന്റെ കാര്യമോ ?" അതിനെ എങ്ങനെ ഇതുമായി ബന്ധിപ്പിക്കാൻ കഴിയും ? ഞാൻ ചോദിച്ചു.

" അതിലെ സൂചന അനുസരിച്ചു അയാൾ അത്തരം ഒരു പ്രദേശവുമായി ബന്ധമുള്ള എന്തെങ്കിലും വരും ദിവസങ്ങളിൽ  ഒരു കാര്യം പ്ലാൻ ചെയ്തു എന്നെ തല്ക്കാലം മനസിലാക്കാൻ കഴിയു , പിന്നെ അതിലെ തീയതികളും വ്യക്തമല്ല . നമ്മുടെ ഭൂപ്രകൃതി നോക്കിയാൽ അതെ ഒരു പക്ഷെ വാഗമൺ ആയേക്കാം , ഉറപ്പില്ല , അതുകൊണ്ട അയാൾ അങ്ങനെ ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നതായി പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് രഹസ്യമായി മനസിലാക്കാൻ ശ്രമിക്കു " അല്പനേരത്തെ ആലോചനക്ക് ശേഷം അമൽ പറഞ്ഞു .

" പിന്നെ ഒരു കാര്യം നിങ്ങളുടെ കൂടെ ഹോസ്റ്റലിൽ ഉള്ള കുറച്ചു ധൈര്യമുള്ള ഒരാളെക്കൂടി കാര്യങ്ങൾ പറഞ്ഞു  നിങ്ങളുടെ കൂടെ കൂട്ടാൻ
ശ്രമിക്കു , ചിലപ്പോൾ അയാൾക്കു വേറെ എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമായിരിക്കാം , തല്ക്കാലം ഈ രണ്ടു കാര്യങ്ങൾ ചെയ്യൂ , ബാക്കി നമുക്ക് അയാളുടെ അടുത്ത നീക്കം നിരീക്ഷിച്ചാൽ പറയാൻ കഴിയു " ഇത്രയും പറഞ്ഞു ഗ്ലാസിൽ ശേഷിച്ച വിസ്‌ക്കി ഒറ്റവലിക്ക് അകത്താക്കി അമൽ പോയി . നേരം നന്നേ ഇരുട്ടിയിരുന്നു . ഞാൻ ബാറിൽ നിന്ന്  ഹോസ്റ്റലിലേക്ക് നടന്നു . ആരോട് ഇതെല്ലം ഒന്ന് പറയും . ഇക്കാര്യങ്ങളൊന്നും അറിയാതെ അയാളോടൊപ്പം നടക്കുന്ന എന്റെ സുഹൃത്തുക്കളെ കുറിച്ചു ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി. അയാൾ എത്ര ഭംഗിയായി അഭിനയിക്കുന്നു . എന്റെ മനസിലേക്ക് ആദ്യം വന്നത് ശ്രീറാമിന്റെ മുഖമാണ് . അയാൾക്കു ഉയരം കുറഞ്ഞു ഒത്ത ശരീരവും ബലിഷ്ഠമായ കൈത്തണ്ടകളും ഉണ്ടായിരുന്നു . കഴിയുമെങ്കിൽ ഇന്ന് രാത്രി തന്നെ അയാളോട് ഇതെല്ലാം  പറയാൻ ശ്രമിക്കാം . പക്ഷെ ഞാൻ ചെന്നപ്പോൾ വളരെ വൈകിയത് കൊണ്ട്  എല്ലാരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിറ്റേ ദിവസം വൈകിട്ട് കാണാമെന്നു ഞാൻ മനസ്സിൽ കരുതി .


പിറ്റേ ദിവസം വൈകിട്ട്  നഗരത്തിലെ ഒരു ബാറിൽ വെച്ച് ഞാൻ ശ്രീറാമിനോട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു . വിറയാർന്ന കൈകളോടെ മദ്യഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു ശ്രീറാം  എന്റെ  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി  എന്നിട്ടു വികാരാധീനനായി പറഞ്ഞു " എനിക്കിതു വിശ്വസിക്കാൻ പോലും കഴിയുന്നില്ല "
അയാൾ നന്നായി മദ്യപിച്ചിരുന്നു . ഞാൻ ഓവർ ആകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു , അൽപ നേരം കഴിഞ്ഞു  ഞങ്ങൾ  ഭക്ഷണം ഓർഡർ ചെയ്തു നന്നായി കഴിച്ചു . അതിനു വളരെ നേരം ചർച്ച ചെയ്തു  ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്തു .

" ജനീഷിനെ അടുത്ത നീക്കം എന്താണെന്നു നോക്കാം അതുവരെ നമുക്ക് ഇത്  അറിഞ്ഞതായി ഭാവിക്കേണ്ട, എന്നിട്ടു ബാക്കി നോക്കാം " ശ്രീറാം പറഞ്ഞു .

അയാൾ  പറഞ്ഞത് ശരിയാണെന്നു എനിക്ക് തോന്നി, പക്ഷെ അയാളുടെ അടുത്ത നീക്കത്തെക്കുറിച്ചു എനിക്ക് ശരിയായ ഭയം ഉണ്ടായിരുന്നു .
ഞങ്ങൾ ബാറിൽ നിന്ന് ഇറങ്ങി നടന്നു . പുറത്തു നല്ല നിലാവുണ്ടായിരുന്നു .

അടുത്ത രണ്ടു  മൂന്നു ദിവസങ്ങൾ ഞാനും ശ്രീറാമുമായി പലപ്പോഴും കണ്ടുമുട്ടി , കാര്യങ്ങൾ വിലയിരുത്തി  , ജനീഷിനെ ഭാഗത്തു നിന്ന് കാര്യമായ ഒരു നീക്കങ്ങളും ഉണ്ടായില്ല .

പിറ്റേ ദിവസം ഓഫീസിൽ ഇരിക്കുമ്പോളാണ് ഒരു വിവരം അറിയുന്നത് . ഒരു ഓഫീസിൽ സ്റ്റാഫ് ആണ് അറിയിച്ചത് " ജെനീഷ് ജോലി രാജി വെച്ചു , ഇന്ന് രാവിലെ മാനേജരെ കണ്ടു ലെറ്റർ കൊടുത്തു , ഉച്ചയോടെ ഹാൻഡ് ഓവർ കഴിഞ്ഞു ഹോസ്റ്റലിലേക്ക് തിരക്കിട്ടു പോയി , ചില വ്യക്തിപരമായ കാരണങ്ങളാൽ മുൻ‌കൂർ നോട്ടീസ് കൊടുക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു "

ഞാൻ ഉടനെ ശ്രീറാമിനെ വിളിച്ചു കാര്യങ്ങൾ വിശദമായി  പറഞ്ഞു " ജെനിഷ്  ഒരു മണിയോട് കൂടി  ഓഫീസിൽ നിന്ന് പോയിരിക്കുന്നു , ഇപ്പോൾ മൂന്നു മണിയായി , അയാൾ അവിടെ നമുക്കായി കാത്തിരിക്കുകയായിരിക്കും  എന്ന് തോന്നുന്നില്ല  " ശ്രീറാം അത് ശരിവെച്ചു .

ശ്രീറാം ഉടനെ എന്റെ ഓഫീസിൽ എത്തി , ഞങ്ങൾ തിരക്കിട്ടു ഹോസ്റ്റലിലേക്ക് പുറപ്പെട്ടു . അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ ഹോസ്റ്റലിൽ എത്തി വാതിൽ തുറന്നു . ഒരു ഞെട്ടലോടെയാണ് ഞങ്ങൾ ആ കാഴ്‌ച കണ്ടത് . അയാൾ അവിടെ നിന്ന് പാക്ക് ചെയ്തു പോയിക്കഴിഞ്ഞിരിക്കുന്നു , ഫോണിൽ വിളിച്ചു സ്വിച്ച്ഡ്  ഓഫ് !! ഞങ്ങൾ മുഖത്തോടു മുഖം നോക്കി , ഇനിയെന്ത് ചെയ്യുമെന്നറിയാതെ ..

'ഈ വിവരം അറിഞ്ഞു ഓഫീസ്  കഴിഞ്ഞു മറ്റുള്ളവർ വരും. വെറുതെ ചർച്ച ചെയ്തു വിലപ്പെട്ട സമയം നഷ്ടപ്പെടും ,  ഇത് നമ്മുടെ ഉദ്യമത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും , അതുകൊണ്ട് നമുക്ക് ഒരു ആഴ്ച ലീവ് എടുത്തു നാട്ടിൽ പോകുന്നു എന്ന് പറയാം , തല്ക്കാലം എന്തെങ്കിലും ഒരു തുമ്പു കിട്ടുന്നത് വരെ മാറി നിൽക്കാം " ശ്രീറാം പറഞ്ഞു .

എനിക്കും അത് ശരിയാണെന്നു ബോധ്യപ്പെട്ടു . ഞങ്ങൾ രണ്ടുപേരും ഓഫീസിലും ഫ്രണ്ട്സിനെയും രണ്ടു രീതിയിൽ വിവരം അറിയിച്ചു അത്യാവശ്യം ഡ്രെസ്സുകൾ എടുത്തു ഒരുപാടു ദൂരെയല്ലാതെ ഒരു ഹോട്ടലിൽ റൂം എടുത്തു. ഏകദേശം രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങൾ  പല രീതിയിൽ ശ്രമിച്ചിട്ടും പലരെയും ഫോണിൽ വിളിച്ചെങ്കിലും  അയാൾ എങ്ങോട്ടു പോയി എന്നതിനെപ്പറ്റി ഒരു വിവരവും കിട്ടിയില്ല !!!

( തുടരും ..)

Thursday, May 28, 2020

ഒരു ദുഷ്ട കഥാപാത്രമായി പുരാണങ്ങളിൽ പറഞ്ഞ രാവണൻ എന്നയാളുടെ ചില നല്ല വശങ്ങൾ നമുക്ക് പരിശോധിക്കാം .

വിജീഷ് ,രാജീവ്, ധന്യ ഇവരൊക്കെ പറഞ്ഞപോലെ രാവണന്റെ പത്തു തലകൾ 6  ശാസ്ത്രങ്ങളും 4 വേദങ്ങളുമാണ് . ശിക്ഷ , നിരുക്തം, വ്യാകരണം , ഛന്ദസ്സ് ,കല്പശാസ്ത്രം ,ജ്യോതിഷം ഇവ 6 ശാസ്ത്രങ്ങളും,  ഋഗ്വേദം, സാമവേദം , യജുർവേദം, അഥർവ്വവേദം ഇവ വേദങ്ങളുമാണ് . പണ്ടത്തെക്കാലത്തു വിദ്യാഭ്യാസം എന്നാൽ വേദപഠനം എന്നാണ് കണക്കാക്കിയിരുന്നത് . ശിക്ഷ , നിരുക്തം ,വ്യാകരണം എന്നീ ശാസ്ത്രങ്ങൾ വേദങ്ങൾ എങ്ങനെ അഭ്യസിക്കാം എന്നതിനെ കുറിച്ചുള്ളതാണ് . 

അജയ്യനാകണം എന്ന് മോഹിച്ച രാവണൻ ഈ 6 ശാസ്ത്രങ്ങളും 4 വേദങ്ങളും പൂർണ്ണമായി പഠിച്ചു . ഒരു ശാസ്ത്രമോ , ഒരു വേദമോ പൂർണ്ണമായി അഭ്യസിക്കാൻ ഒരാളുടെ ബ്രെയിൻ കപ്പാസിറ്റി പൂർണ്ണമായി വേണമെന്നിരിക്കെ രാവണൻ ഇത് പത്തും പഠിച്ചു , ഇതാണ് രാവണന് പത്തുതലയുണ്ടെന്നു പറയാൻ കാരണം. പത്തു ഗ്രന്ഥങ്ങളിൽ പൂർണ്ണമായ അറിവുള്ളതുകൊണ്ട്  നോർത്ത്  ഇന്ത്യയിൽ രാവണനെ ' ദശഗ്രന്ഥി ബ്രാഹ്മണൻ' എന്നാണ് അറിയപ്പെടുന്നത് . ഇദ്ദേഹം ബ്രാഹ്മണൻ ആണെന്നുള്ളതിനെ സപ്പോർട്ട് ചെയ്യുന്ന ഒന്നും ഞാൻ വായിച്ചിട്ടില്ല. 

ഒരു ദിവസത്തിന്റെ മൂന്നിലൊന്നു 8 മണിക്കൂറാണല്ലോ . അപ്പോൾ 8 മണിക്കൂർ ശരാശരി ഉറങ്ങുന്ന ഒരാൾ 90 വയസ്സുവരെ ജീവിച്ചാൽ 30 വര്ഷം ഉറക്കത്തിലായിരുന്നു എന്ന് കണക്കാക്കാം . ഇത് മനസ്സിലാക്കിയ രാവണൻ ഉറക്കം പരമാവധി ഒഴിവാക്കിയാണ് പത്തു ഗ്രന്ഥങ്ങളും പഠിക്കാനുള്ള സമയം കണ്ടെത്തിയത് ! എന്താല്ലേ ..

ഹോസ്റ്റലിലെ ഒരു പതിവ് ദിവസം



ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ആരാ എന്താ എന്നൊന്നും മനസിലാകുന്നില്ല , ഞാൻ ബെഡ്‌റൂമിൽ നിന്ന് ഹാളിലേക്ക് ചെന്നു . അപ്പോൾ കാണുന്ന കാഴ്ച ഒരു കബഡികളി ടീമിനെ അനുസ്മരിപ്പിക്കുമാറുള്ളതായിരുന്നു . എന്റെ കൂടെ താമസിക്കുന്ന സഹപ്രവർത്തകർ  എല്ലാം ഹാളിൽ  നിൽക്കുന്നു. ഓരോരുത്തരെ പ്രത്യേകം പരിചയപ്പെടുത്താം . ഹാളിന്റെ നടുക്കായിട്ട് സഞ്ജിത് നിൽക്കുന്നു ആളുടെ സമീപത്തായി ഗോകുൽ പിന്നെ അടുത്ത് തന്നെ ജനേഷ്  സഞ്ജിത്തിനു അഭിമുഖമായി സതീഷ്. പിന്നെ ഹാളിന്റെ ഒരു മൂലയിൽ  എനിക്കിതിലൊന്നും പങ്കില്ല എന്നഭാവത്തിൽ  നിർവികാരനായി റോജേഷ് .ഇതെല്ലം കണ്ടാസ്വദിച്ചൂ കൊണ്ട് ശ്രീറാം അയാൾ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു.

.ജനേഷും ഗോകുലും ചേർന്ന് സഞ്ജിതിന്റെ രണ്ടു കൈകളിലും പിടിച്ചു രണ്ടു മൂന്നു സ്റ്റെപ് മുന്നോട്ടു നീങ്ങുന്നു , ഉടനെ അതെ താളത്തിൽ പിറകോട്ടും . ചില മലയാളം താരാട്ടു പാട്ടുകളെ അനുസ്‌മരിപ്പിക്കുന്ന ഗാനങ്ങൾ ജനേഷും ഗോകുലും ഉറക്കെ പാടുന്നു , അതിനൊപ്പം തന്നെ ചുവടു വെക്കുകയും ചെയ്യുന്നു . ഗോകുലിന്റെ പുറത്തേക്കു  തുറിച്ച ഉണ്ടക്കണ്ണുകൾക്കു കൂടുതൽ പൈശാചികമായ ഒരു ഭാവം കൈ വന്നു , അയാൾ അസ്വസ്ഥനായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആരെയൊക്കെയോ ലക്ഷ്യമില്ലാതെ ശകാരിക്കുന്നുണ്ടായിരുന്നു , ശ്രീറാമിനെയും അയാൾ പേരെടുത്തു വിളിച്ചു ശകാരിച്ചു പലവട്ടം . സഞ്ജിത് മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാതെ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു , സഞ്ജിത്‌  ഇത് കുറച്ചൊക്കെ ആസ്വദിച്ചിരുന്നോ എന്നും സംശയമുണ്ട് . ചുവടുകൾ ദ്രുതഗതിയിലായി , എല്ലാരും പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .  ജനീഷും  ഗോകുലും  സതീഷും അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു , എന്നെയും ആ താളച്ചുവടുകളുടെ ഭാഗമാക്കാൻ  ജെനീഷ് ശ്രമിച്ചു , ഞാൻ ഒഴിഞ്ഞു മാറി . ഈ രംഗം ദൂരെ നിന്ന് നോക്കിയാൽ ആഫ്രിക്കൻ ഗോത്ര വർഗക്കാരുടെ നൃത്തം ആയിട്ടേ തോന്നു , അതിനെ അനുസ്മരിപ്പിക്കുന്ന പ്രാകൃതമായ ചുവടുകളും ചലനങ്ങളും ശബ്ദങ്ങളും  . എല്ലാവരെയും മുൾമുനയിൽ നിർത്തിയ ആ കലാപ്രകടനം ഇതാ അവസാനിക്കുന്നു , ഈ പ്രകടനത്തിന് നേതൃത്വം വഹിച്ച ജനേഷ് ഗോകുൽ സതീഷ്  എന്നിവർ തളർന്നു കിതക്കുന്നുണ്ടായിരുന്നു.

അൽപ നേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും അവരവരുടെ പതിവുപോലെ റെഡി ആയി . ഒരു ഏഴെ മുക്കാലോടെ സഞ്ജിതും റോജേഷ് എന്നിവർ ആദ്യം ഓഫീസിലേക്ക് പുറപ്പെട്ടു് , പാച്ചൂസിലെ പുട്ടും കടലക്കറിയും ആസ്വദിച്ച് കഴിക്കാനാകാം നേരത്തെ പോകുന്നത് . പിന്നാലെ ഗോകുൽ ശ്രീറാം സതീഷ് ഏറ്റവും അവസാനം ഞാനും ജനേഷും . ജനീഷിന്റെയും ഗോകുലിന്റെയും സതീഷിന്റെയും ഇപ്പോഴുള്ള ശാന്ത ഭാവവും മാന്യമായ വസ്ത്രധാരണവും എന്നെ അതിശയിപ്പിച്ചു , " അല്ല എന്തായിരുന്നു ഒരു മണിക്കൂർ മുൻപേ ഇവർക്ക് സംഭവിച്ചത് ", ഒരു ഉത്തരവും കിട്ടുന്നില്ല !! 

 ഞാനും ജനീഷും കൂടി വീട് പൂട്ടി താക്കോൽ ജനലിന്റെ പിന്നിൽ പതിവുപോലെ വെച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു . വീട്ടുവളപ്പിൽ നിന്നെ പൂഴി റോഡിലേക്ക്‌ ഇറങ്ങി , പിറകിൽ ഒരു മണിക്കൂറിനു മുൻപേ ശബ്ദകോലാഹലങ്ങൾക്കു അനിശ്ചിതത്വങ്ങൾക്കും  സാക്ഷ്യം വഹിച്ച ആ വീട് ശാന്തതയുടെ പുതപ്പിനുള്ളിൽ മറയുന്നു. മനസ്സിൽ ഇന്ന് പാച്ചൂസിലെ പ്രാതൽ എന്തായിരിക്കും  എന്നുള്ളതായിരുന്നു , പുട്ടും കടലക്കറിയും തീർന്നു പോകുമോ ?? ദോശക്കു ചട്നി ഇല്ലാതെ വരുമോ?? , ബസു കിട്ടിയില്ലെങ്കിൽ ലേറ്റ് ആകുമോ ??  അങ്ങനെ വന്നാൽ  രവീന്ദ്ര ബാബു സാറോ ആരെങ്കിലും യോ മറ്റോ ലേറ്റ് ആയി വന്നവർക്കു ഫൈൻ അടിക്കാൻ ഗേറ്റിൽ കാണുമോ ?? ഇങ്ങനെ ഒരായിരം സന്ദേഹങ്ങളും സുഖമുള്ള ഓർമകളുമായി ഞാനും ജനീഷും ബസ് സ്റ്റോപ്പ് ലക്ഷ്യമായി നടന്നു . അല്പം മുന്നിൽ സതീഷ് ശ്രീറാം പിന്നെ ഗോകുലിനെയും കാണാം , സഞ്ജിതും റോജേഷും എപ്പോഴേ  പോയിക്കഴിഞ്ഞിരിക്കണം..



Wednesday, May 27, 2020

ഭാഗം 1 :- താന്നിയം ഹോസ്റ്റൽ

തെക്കുകിഴക്കു  ഭാഗത്തു ഒരേക്കറോളം വരുന്ന നെൽപ്പാടം , വടക്കു ഭാഗത്തു ഒരു ഇരുനിലവീട് , മുൻപിൽ ഒന്നരയിഞ്ചു മെറ്റൽ നിരത്തിയ ടാറിങ് ചെയ്യാത്ത പഞ്ചായത്ത് റോഡ് പിന്നെ ഒരു  കുടിവെള്ള പൈപ്പ്, അതിൽ നിന്ന് അരയിഞ്ച് വലുപ്പമുള്ള ഹോസ് ഇട്ടു തൊട്ടടുത്ത വീട്ടുകാർ സ്വകാര്യസ്വത്താക്കി മാറ്റിയിരുന്നു. മെയിൻ റോഡിൻറെ അല്പം ദൂരെ ആയതു കൊണ്ട് തിരക്കൊഴിഞ്ഞ സ്വസ്ഥമായ ഒരു സ്ഥലം. ഇത്രയും സമീപ വിശേഷങ്ങൾ.

ഒരു അറുനൂറു സ്ക്വാർ ഫീറ്റ് വരുന്ന ഒറ്റനില വീട് ;തേപ്പു കഴിഞ്ഞത് ,പെയിന്റ് അടിച്ചിട്ടില്ല രണ്ടു ബാത്ത് റൂം രണ്ടു  ബെഡ് റൂം ഹാൾ പിന്നെ ഒരു കിച്ചൻ, ടെറസിൽ  അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഓലയും  പച്ചപ്പായാലും ചോണനുറുമ്പുകളും പാറ്റയും, മുറ്റത്തു വളരുന്ന പ്രായത്തിൽ പോഷകാഹാരം കിട്ടാതെ പോയ ഒരു തെങ്ങും.പിന്നെ കറുകപ്പുല്ലും കുറെ പാഴ്ചെടികളും . വീടിന്റെ പിറകിൽ കുറച്ചു മാറി ഒരു അലക്കു കല്ല്. ഇത്രയുമായാൽ തന്നിയം ഹോസ്റ്റലിന്റെ വിദൂരചിത്രം ഏറെക്കുറെ പൂർത്തിയായി എന്ന് പറയാം. ഏതോ ഒരു ഫാമിലി ഇവിടെ താമസിച്ചിരുന്നതായി ആദ്യം അവിടെ ചെന്നപ്പോൾ പറഞ്ഞു കേട്ടു , പക്ഷെ അതിനെ സാധൂകരിക്കുന്ന ഒന്നും അവിടെ കണ്ടില്ല എന്നുള്ളത് വളരെ വിചിത്രമായി തോന്നി; പഴയ പാത്രങ്ങളോ കീറിപ്പോയി വസ്ത്രങ്ങളോ അല്ലെങ്കിൽ കടലാസുകളോ ഒന്നും തന്നെ ! ഏതോ ഒരു കാലഘട്ടത്തിൽ താമസയോഗ്യമല്ലെന്നു കണ്ടു  ആരോ  ഒഴിഞ്ഞു പോയതാകാനേ വഴിയുള്ളു,

ഇനി അകത്തെ വിശേഷങ്ങൾ. ബെഡ് റൂമിലും ഹാളിലുമായി അഞ്ചു ബെഡുകൾ , കട്ടിലില്ല . ആദ്യമായി അവിടേക്കു ചെന്നത് ഞാനും എന്റെ ഒരു സഹപ്രവർത്തകനും ( ആളെപ്പറ്റി വിശദമായി പിറകെ പറയാം ) കൂടിയാണ് . അന്ന് ബെഡും ബക്കറ്റും ചൂലും ഒക്കെ വാങ്ങിക്കാൻ തൃപ്രയാറിൽ ഒരു ഷോപ്പിൽ പോയതും എന്നെ ഷോപ്പിൽ നിർത്തിയിട്ടു ഇപ്പോൾ വരം എന്ന് പറഞ്ഞു സുഹൃത്ത്ര രണ്ടു  ലാർജ് അടിക്കാൻ പോയതും സുഖമുള്ള ഓർമയാണ്.

ഇനി പരിസര വിശേഷം ; ഏകദേശം ഹോസ്റ്റലിൽ നിന്ന് അഞ്ചു മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ്പ് ആയി. 'താന്നിയം  പഴയ പോസ്റ്റ് ' അതായിരുന്നു ബസ് സ്റ്റോപ്പിന്റെ പേര് . ജംഗ്ഷനിൽ ഒരു ചെറിയ ചായപ്പീടിക ഉണ്ട് . രണ്ടു മൂന്നു ചില്ലു ഭരണികളിൽ റെസ്‌കും  കേക്കും ബിസ്കറ്റും പിന്നെ ഒരു കുല പഴം (അവിടെ ഒരിക്കൽ പോലും പഴക്കുല കാണാതിരുന്നിട്ടില്ല ,
ചിലപ്പോൾ ഒക്കെ കടയിൽ ആരും ഇല്ലെങ്കിൽ പോലും ) ഒരു ബെഞ്ച് . മധ്യവയസ്കരായ ഒരു ചേട്ടനും ചേച്ചിയും ആണ്  കട നടത്തിയിരുന്നത്.

ഇനി ഈ കഥയുടെ ഭൂമികയെപ്പറ്റി പറയാം. ജോലിയുടെ ഭാഗമായി വീട് വിട്ടു ഇവിടെ എത്തപ്പെട്ട നാലഞ്ച് ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ ഒരു എട്  അതാണീ കഥ. ഈ കഥയിൽ പല വ്യക്തികളും വായനക്കാരുടെ മനസിനെ സ്വാധീനിച്ചേക്കാം തമാശകളും അപ്രതീക്ഷിത സംഭവങ്ങളും അന്തർനാടകങ്ങളും ഒക്കെ നിറഞ്ഞ ഈ കഥയിലേക്ക് നിങ്ങള്ക്ക് സ്വാഗതം . ഇതിലെ കഥാപാത്രങ്ങൾ ഒട്ടും സങ്കല്പികമല്ല ,ജീവിച്ചിരിക്കുന്നവരുമായി മാത്രമേ ഇതിനു  ബന്ധമുള്ളൂ . എങ്ങോ മറഞ്ഞു പോയ അല്ലെങ്കിൽ വിസ്‌മൃതിയിൽ ആണ്ടു  പോയേക്കാവുന്ന ഒരു ഒരു കാലത്തിൻറെ നേർക്കാഴ്ചയാണ്, അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് .



Wednesday, April 29, 2020

ചില ലോക്ക്ഡൌൺ നിമിഷങ്ങൾ



മാർച്ച് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് കമ്പനിയിലെ HR ഡിപ്പാർട്മെന്റിൽ നിന്ന് ആ കോൾ വന്നത് . " നാളെ മുതൽ ' വർക്ക് ഫ്രം ഹോം' ആണ് , ഓഫീസിൽ വരേണ്ട ആവശ്യമില്ല, എന്നുവരെ എന്ന് പിന്നീടറിയിക്കാം " ഇതായിരുന്നു മെസ്സേജ്.. എനിക്കതൊരു പുതിയ അനുഭവമായിരുന്നു, ഞാൻ ഇതുവരെ വർക്ക് ഫ്രം ഹോം ഒരിക്കലും ചെയ്തിട്ടില്ല; അങ്ങനെ ഒരവസരമുണ്ടായിട്ടില്ല എന്നതാണ് സത്യം. മധുരവും പുളിപ്പും നിറഞ്ഞ ആ യാഥാർഥ്യവുമായി ഒന്ന് പൊരുത്തപ്പെട്ടു വരുന്നതേയുള്ളു , അപ്പോൾ വീണ്ടും ഗവണ്മെന്റിന്റെ വക വരുന്നു അടുത്ത നാരങ്ങാമിട്ടായി; " ലോക്ക് ഡൌൺ " ..

സ്വച്ഛസുന്ദരമായി കഴിഞ്ഞുപോന്നിരുന്ന എന്റെ ദിവസങ്ങളെ ഞാൻ നാലു ചുമരുകൾക്കിടയിലേക്കു പറിച്ചു നട്ടു. അത്യാവശ്യത്തിനു സാധനങ്ങൾ വാങ്ങിക്കാൻ ഇടയ്ക്കു പുറത്തുപോകാം എന്നത് മാത്രമാണ് ഒരാശ്വാസം , അതും മാസ്കും  ഇട്ടു , കയ്യിൽ സാനിറ്റയ്‌സറും ഒക്കെ പുരട്ടി  ആകപ്പാടെ ഒരു സുഖമില്ലാത്ത പോക്ക് . ദിവസങ്ങൾ അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു . ജീവിതകാലത്തു ആദ്യമായിട്ടാണ് ലോക്ക് ഡൌൺ എന്ന ഒരു ഏർപ്പാടിനെപ്പറ്റി കേൾക്കുന്നത് . എന്തുതന്നെ ആയാലും കരഞ്ഞിരുന്നിട്ടു കാര്യമില്ല ഈ ബോറടി മാറ്റാൻ ചില വഴികൾ കണ്ടെത്തിയേ തീരൂ എന്നെനിക്കു ബോധ്യമായി. അങ്ങനെ ചില എഴുത്തുകുത്തുകൾ , വാട്സ് അപ് ഗ്രൂപ്പുകൾ , പഴയ സൗഹൃദങ്ങളെ പൊടിതട്ടിയെടുക്കുക  എന്നിങ്ങനെയുള്ള കാര്യപരിപാടികളുമായി ദിവസങ്ങൾ മുന്നോട്ടു നീക്കിക്കൊണ്ടിരുന്നു .

ചില ദിവസങ്ങളിൽ താമസസ്ഥലത്തിന്റെ അടുത്തുള്ള അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന സ്റ്റോർ തുറക്കില്ല , അപ്പോഴൊക്കെ  കുറച്ചു ദൂരെയുള്ള ഒരു ഷോപ്പിലേക്ക് പോകേണ്ടിവരും. പോകാൻ മടിയൊന്നും തോന്നാറില്ല , കാരണം അല്പമൊന്നു നടക്കാം പിന്നെ മാസ്ക് വെച്ചതെങ്കിലും കുറച്ചു മനുഷ്യജീവികളെയും കാണാമല്ലോ. അങ്ങനെയൊരു ദിവസം പ്രസ്തുത ഷോപ്പിലേക്ക് പോകുകയായിരുന്നു.  'സാറക്കി' എന്നൊരു വളരെ തിരക്കേറിയതായിരുന്ന  മാർക്കറ്റിന്റെ മുൻ വശത്തുകൂടിയാണ് പോകേണ്ടത്. ശ്മശാനമൂകത തളംകെട്ടികിടക്കുന്ന ആ അന്തരീക്ഷം അവിടെ അങ്ങനെ ഒരു മാർക്കറ്റ് നിലനിന്നിരുന്നോ എന്നൊരു സംശയം പോലും ജനിപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നു ! സാധാരണ പച്ചക്കറികൾക്ക് പുറമെ  നല്ല ഫ്രഷ് ആയ മല്ലിച്ചെണ്ടുകൾ , പുതിനയില, വാഴക്കൂമ്പ് , ചീര എന്നിവ വിൽക്കുന്ന തദ്ദേശീയരായ നിരവധി വഴിയോരക്കച്ചവടക്കാരെക്കൊണ്ടും അതുവാങ്ങാൻ തിരക്കിടുന്ന ആൾക്കാരെക്കൊണ്ടും അതിലേ സാധാരണ ദിവസങ്ങളിൽ വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്, ഇപ്പോൾ എന്തോ ചിക്കിചികയുന്ന കാക്കകളും , അവിടവിടെയായി ഒന്നുരണ്ടു  പ്രാവുകളെയും മാത്രം കാണാം. ഇനി ഒരു അഞ്ചുമിനിറ്റ് കൂടി നടന്നാൽ ഷോപ്പ് എത്തി. അങ്ങനെ പോകുമ്പോളാണ് എതിരെ മാസ്ക് വെയ്ക്കാതെ ഒരാൾ വരുന്നത് കണ്ടത് , അയാൾ എന്നെയും ഞാൻ അയാളെയും നോക്കി. നല്ല പരിചയമുള്ളതുപോലെ അയാൾ എന്നെ നോക്കി ചിരിക്കുന്നു, എനിക്കാണെങ്കിൽ ആളെ അങ്ങോട്ട് പിടി കിട്ടുന്നില്ല, പക്ഷേ എവിടെയോ കണ്ടു നല്ല പരിചയമുള്ളപോലെ .. പ്രേംനസീറിനെപ്പോലെ നേരിയ മീശയുള്ള , മുടി ഇരുവശത്തേക്കും ചീകിയ, ഫുൾ സ്ലീവ് പുള്ളി ഷർട്ടിട്ട ഒരു ജന്റിൽമാൻ , ആളെ അറിയാം ഉറപ്പാണ്. പക്ഷേ ഓർമ്മ എവിടെയോ ലോക്ക് ആയിപ്പോയിരിക്കുന്നു , ലോക്ക് ഡൌൺ കാലമായതുകൊണ്ടാകാം ! ദൂരെ ഒരു പോലീസ് ജീപ്പ് കണ്ടതുകൊണ്ടാകാം അയാൾ മെയിൻ റോഡിലേയ്ക്ക് കയറാതെ പോക്കറ്റ് റോഡിന്റെ ഒരു വശം ചേർന്ന് നിൽക്കുകയാണ്, മാസ്ക് ധരിച്ചിട്ടില്ല. ഞാൻ അയാളെ അടിമുടി നോക്കി.. ഓർമ്മയുടെ ലോക്ക് പതിയെ തുറന്നതുപോലെ .. ഇതയാളല്ലേ; ഉറയ്ക്കാത്ത കാലടികളുമായി ശനീശ്വര ക്ഷേത്രത്തിനടുത്തു അലഞ്ഞിരുന്ന .. ഉപ്പന്റെതുപോലെ സദാ ചുവന്ന കണ്ണുകളുമായി എന്നെ നോക്കിയിരുന്നയാൾ.. അതേ , ഇതാ മുഴുക്കുടിയൻ തന്നെ !!! എന്തൊരു അദ്‌ഭുതമാണിത് ! എന്തൊരു മാറ്റം !

ഓഫീസിൽ നിന്ന് റൂമിലേക്കു വരുമ്പോൾ പതിവായി കാണുന്ന ഒരു മുഖമായിരുന്നു അത് . യാചകനല്ല , പക്ഷേ മൂക്കറ്റം കുടിച്ചു ബോധമില്ലാതെ ശനീശ്വര ക്ഷേത്ര നടയിൽ മിക്കപ്പോഴും ഇരുപ്പുണ്ടാകും . ചിലപ്പോളൊക്കെ നല്ല ഡ്രസ്സ് ആയിരിക്കും ഇട്ടിട്ടുണ്ടാകുക ,ചിലപ്പോൾ തീരെ മുഷിയാത്തതും. ജോലി ഉണ്ടായിട്ടു ചിലപ്പോൾ പോകാത്തതായിരിക്കും , അല്ലെങ്കിൽ കുടിച്ചു വീട്ടുകാരുമായി വഴക്കിട്ട് വന്നിരിക്കുന്നതാകാം എന്ന് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട് . ചിലപ്പോളൊക്കെ മുഖത്തേയ്ക്കു പാറി വീണ എണ്ണമയമില്ലാത്ത മുടിനിറഞ്ഞ തലയിലും കരുവാളിച്ച മുഖത്തും മാന്തിക്കൊണ്ടു ചുവന്ന കണ്ണുകൾ മിഴിച്ചു നോക്കി അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും .. അയാളാണോ ഇത് ? വിശ്വസിക്കാൻ തന്നെ വയ്യ. എന്തായാലും ഒന്ന് പരീക്ഷിച്ചു ബോധ്യപ്പെട്ടുകളയാം ,ഞാൻ മനസ്സിൽ കരുതി. ഞാൻ അയാളുടെ അടുത്തേയ്ക്കു നടന്നു

" എല്ലി ഹോഗ്തെ (എവിടെ പോകുന്നു )" ഞാൻ പരിചയഭാവം കാണിച്ചു കൊണ്ട് ചോദിച്ചു

" മനയല്ലി ഹോഗത്തെ ( വീട്ടിലേയ്ക്കു പോകുന്നു )" സുസ്മേരവദനനായി സംസാരിച്ച  അയാൾ തികഞ്ഞ ഒരു മര്യാദക്കാരനെപ്പോലെ കാണപ്പെട്ടു.

പോകുന്നെന്ന് കൈകൊണ്ട് ആഗ്യം കാണിച്ചു ഒരു ചിരികൂടി സമ്മാനിച്ച് അയാൾ നടന്നു നീങ്ങി.

എന്തെല്ലാം മാറ്റങ്ങളാണ് ലോക്ക് ഡൌൺ കൊണ്ടുവരുന്നത്. ചുവന്നകണ്ണുകളും കരുവാളിച്ച മുഖവും പ്രേംനസീർ മീശയ്ക്കും ക്ലോസപ്പ് പുഞ്ചിരിക്കും വഴിമാറി. മുഷിഞ്ഞ ഷിർട്ടിന്റ്റെ സ്ഥാനത്തു തിളങ്ങുന്ന പുള്ളിഷർട്ട് !

*********                                                                           *********                   
ഞാൻ ധൃതിയിൽ ഷോപ്പിലേയ്ക് നടന്നു, ആരോ ഒരാൾ എന്തൊക്കെയോ വാങ്ങിച്ചു ബിൽ ചെയ്തുകൊണ്ടിരിക്കുന്നു . അയാൾ പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ കയറി, അത്യാവശ്യസാധങ്ങളൊക്കെ വാങ്ങിച്ചു. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചുപേർ അപ്പുറത്തെ പാർക്കിൽ ഇരിക്കുന്നത് കണ്ടത്. അവിടെ ഒരു പാർക്ക് ഉള്ളതറിയാം .പക്ഷേ കഴിഞ്ഞ തവണ വന്നപ്പോൾ അത് അടച്ചിരിക്കുകയായിരുന്നു. ഇന്നെന്താണാവോ തുറന്നത് ? ചിലപ്പോൾ അതിനുള്ളിൽ ആരെങ്കിലും ജോലിക്കാർ ഉണ്ടായിരിക്കും ,പുല്ലുപറിക്കാനോ ബുഷ് ചെടി വെട്ടാനോ മറ്റോ ..ഞാനൂഹിച്ചു. അകെ മൂന്നുനാലു പേർ മാത്രമേ ഉള്ളിലുള്ളൂ, അവരെ ഒന്നുരണ്ടുപേരെ പരിചയമുണ്ട് , അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരാണ്. ഇടയ്ക്കു ഒഴിവുസമയങ്ങളിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഞാനവിടെ പോയിരിക്കാറുണ്ടായിരുന്നു.
 അത്ര വലുതല്ലെങ്കിലും പ്രകൃതിഭംഗി നിറഞ്ഞ ഒരു പാർക്കാണത് . ദീർഘചതുരാകൃതിയുള്ള അതിർത്തികളിൽ അലങ്കാര വൃക്ഷങ്ങളും ഭംഗിയായി വെട്ടിനിർത്തിയ ബുഷ് ചെടികളുമുണ്ട്. ഉള്ളിൽ അവിടവിടെയായി മുസാണ്ടച്ചെടികൾ, അവയുടെ ചുവന്ന പൂക്കൾ നിലത്തേക്ക് തൂങ്ങി കാറ്റത്ത് ആടിയുലയുന്നു. പിന്നെ  ഇടയ്ക്കിടെ വെളുത്ത, ചുവന്ന പൂക്കൾ സമൃദ്ധമായുള്ള കടലാസുചെടികൾ. എല്ലായിടത്തും നടന്നുകാണുവാൻ കല്ലുപാകിയ നടവഴികൾ . ഒത്തനടുവിലായി ഒരു ചാമ്പമരമുണ്ട് , അവിടവിടെയായി ചുവന്നചാമ്പയ്ക്കകൾ കാണാം ,അത് കായ്ച്ചുതുടങ്ങുന്നതേയുള്ളു . ഇരിക്കാനായി നിശ്ചിത അകലത്തിൽ പത്തോളം കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുണ്ട് .

എന്തായാലും വന്നതല്ലേ കുറച്ചുനേരം ഇരുന്നു ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി ഞാൻ ഉള്ളിലേയ്ക്ക് കയറി, ചാമ്പമരത്തണലിലുള്ള ഇരിപ്പിടത്തിലിരുന്നു. അടുത്ത ഫ്ലാറ്റിലുള്ള ഒരു ചേട്ടൻ നടപ്പാതയിലൂടെ കൈകൾ വീശി നടക്കുന്നു , ഇടയ്ക്കു കണ്ടപ്പോൾ പുഞ്ചിരിച്ചു . അല്പം പ്രായം ചെന്ന ഒരു ആന്റി കുറച്ചു ദൂരെ മാറി ഇരുന്നു പാട്ടുകേൾക്കുകയാണ്, അവരും അതേ ഫ്ലാറ്റിൽ തന്നെയുള്ളതാണ്. പിന്നെ കുറെ ദൂരെ കടലാസുപൂക്കളുടെ അടുത്തുള്ള ഇരിപ്പിടത്തിൽ  ഒരു ചെറുപ്പക്കാരൻ  ഇരുന്നു ഫോൺ ചെയ്യുന്നുണ്ട് , സ്റ്റുഡന്റ് ആണെന്നുതോന്നുന്നു  കണ്ടിട്ട്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് . ഞാൻ ഫോൺ തുറന്നു മെസ്സേജുകൾ ഒക്കെ ചെക്ക് ചെയ്തു, പിന്നെ ഒന്നുരണ്ടു പാട്ടുകേട്ടു. നല്ല സുഖമുണ്ട് അവിടെയിരിക്കാൻ , തണുത്ത കാറ്റും പിന്നെ ചുറ്റും പൂക്കളും ,കിളികളുടെ ശബ്‌ദവും .. കുറച്ചുകഴിഞ്ഞു ഒരു പോലീസുകാരൻ അതുവഴി ബൈക്കിൽ വന്നു , അല്പം ദൂരെയുള്ള ഒരു കടയുടെ അടുത്ത് നിർത്തി എന്നിട്ടു ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഞാൻ മാസ്ക്  നേരെയാക്കിവെച്ചു , ഒന്നും പേടിക്കാനില്ല കാരണം കയ്യിൽ  സാധനങ്ങളും ബില്ലും ഉണ്ട് പിന്നെ മാസ്കും വെച്ചിട്ടുണ്ടല്ലോ, പിന്നെ ഇവിടെ ഇരിക്കുന്നതും സാമൂഹിക അകലം പാലിച്ചുതന്നെ .. അങ്ങനെ സമയം കടന്നുപോയി. ചെറുപ്പക്കാരൻ ഫോണിൽത്തന്നെയാണ്, ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുമുണ്ട് . .


പത്തുപതിനച്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ടൂ വീലറിൽ പാർക്കിന്റെ മുൻവശത്തുവന്നു, അവരും മാസ്ക് വെച്ചിട്ടുണ്ട്. മുഖം മുഴുവൻ കാണുന്നില്ല എങ്കിലും ഒരു സുന്ദരി തന്നെ . വണ്ടി നിർത്തി ഫോണിൽ ആരോടോ സംസാരിച്ചിട്ട് ആ ചെറുപ്പക്കാരൻ നിൽക്കുന്ന ഭാഗത്തേയ്ക്കുനടന്നു . ഇപ്പോൾ കാര്യം മനസിലായി ! പെൺകുട്ടി ആ ചെറുപ്പക്കാരന്റെ ഇരിപ്പിടത്തിനരികെ ചെന്നു, ചെറുപ്പക്കാരൻ എഴുന്നേറ്റു. അൽപനേരം അവർ മുഖത്തോടു മുഖം നോക്കി നിന്നു, പിന്നെ എവിടാ എന്താ എന്നൊന്നും നോക്കിയില്ല . ഒറ്റ കെട്ടിപ്പിടുത്തം. ഞാൻ ആന്റിയുടെ നേരെ നോക്കി , ആന്റി കാര്യമായി എന്തോ നോക്കുകയാണ് മൊബൈലിൽ . നടന്നുകൊണ്ടിരുന്ന ചേട്ടൻ ഈ കാഴ്ചകണ്ടു വന്നവഴിയേ വീണ്ടും തിരിച്ചുനടന്നു. മുസാണ്ടപ്പൂക്കളും ചാമ്പമരവും സന്തോഷംകൊണ്ട് ഒന്നിളകിയതുപോലെ.. ഒരുപാടു പ്രണയകഥകൾ നിറഞ്ഞാടിയ ആ പാർക്കിലെ ഓരോ പൂക്കളും കുറേക്കാലം കൂടി വീണ്ടും ഒരുമിച്ചു പുഞ്ചിരിച്ചതുപോലെ .. വല്ല കൊറോണവൈറസും ഇവിടെയെങ്ങാനുമുണ്ടെങ്കിൽ ഇതൊക്കെക്കണ്ട് ഒരു മൂളിപ്പാട്ട് പടിയേനെ ! അല്ലെങ്കിലും പ്രണയത്തിനു എന്ത് ലോക്ക് ഡൌൺ , പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നല്ലേ ഏതോ കവി പറഞ്ഞിരിക്കുന്നത് ? ആ പെൺകുട്ടി അതാ ആ പയ്യന്റെ കയ്യും പിടിച്ചു പതിയെ പാർക്കിലൂടെ നടക്കാനൊരുങ്ങുകയാണ് .. അവർക്കായി വഴിത്താരയൊരുക്കി മുസാണ്ടപ്പൂക്കളും ചാമ്പമരവും അലങ്കാരച്ചെടികളും ഇവിടെ തയ്യാറായി നിൽക്കുന്നു . ആന്റി ഇപ്പോഴും മൊബൈലിൽ തന്നെ കണ്ണും നട്ടിരിക്കുകയാണ് . ദൂരെ നിൽക്കുന്ന പോലീസുകാരൻ പാർക്കിലേയ്ക്കുവന്നു ആ കമിതാക്കളെ ' സാമൂഹിക അകലം ' പാലിക്കാത്തതിന് ശകാരിക്കുമായിരിക്കുമോ ? അതോ ചാമ്പമരത്തെയും മുസാണ്ടപൂക്കളെയുംപോലെ അവർക്കു ഒത്താശ ചെയ്തു വീണ്ടും ഫോൺ വിളി തുടരുമായിരിക്കുമോ ? അത്തരം ഒരുപിടി ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ട് പാർക്കിൽ നിന്ന് ഇറങ്ങി തിരിച്ചുനടന്നു ..

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...