Thursday, August 30, 2018

മടുപ്പ്

എഴുന്നേൽക്കാൻ അല്പം വൈകി, ഇന്നിനി എല്ലാം ഒരു വെപ്രാളമായിരിക്കും  . ഒൻപതരയ്ക്ക് ജയനഗറിലെ ഓഫീസിൽ എത്തണം . ലേറ്റ് അയാൾ ആരും ചോദിക്കുകയൊന്നും  ഇല്ല എന്നാലും ലേറ്റ് അയാൽ ആകെ  ടെൻഷൻ ആണ് , അതെല്ലാവർക്കും  അങ്ങനെ തന്നെ അല്ലേ?  ബ്രഷും പേസ്റ്റും എടുത്തു ബാത്‌റൂമിൽ കയറി , ഒരു എട്ടരക്കെങ്കിലും ഇവിടുന്ന് ഇറങ്ങണം അതുകൊണ്ടു കാര്യങ്ങൾ എല്ലാം ഒന്ന് വേഗത്തിൽ  ആക്കി .

കുളിച്ചു കഴിഞ്ഞപ്പോൾ നല്ല വിശപ്പ് . ഇരുന്നു കഴിക്കാനുള്ള സമയം ഇല്ല അതുകൊണ്ടു ഒരു ലെമൺ റൈസ് പാർസൽ വാങ്ങി . നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു . റോഡിൽ ഒരു സൂചി കുത്താനുള്ള സ്ഥലം പോലും തരാതെ ടു വീലറുകളും കാറുകളും ബസുകളും പരക്കം പായുന്നു  . എങ്ങനെ ഈ റോഡ് ഒന്ന് ക്രോസ്സ് ചെയ്യും ? അല്പം നേരം കാത്തിരുന്നപ്പോൾ ഒരു ഗ്യാപ് കിട്ടി കടക്കാൻ നോക്കിയപ്പോൾ അതാ ഒരു ടു വീലർ  ചീറിപ്പാഞ്ഞു വരുന്നു , പുറകോട്ടു മാറികൊടുത്തു അല്ലെങ്കിൽ അവൻ എന്നെ ഇടിച്ചു കൊന്നേനെ . എന്നെപ്പോലെതന്നെ ഉള്ള ഏതോ ഒരാൾ , ചിലപ്പോൾ ലേറ്റ് ആയതിന്റെ പങ്കപ്പാടായിരിക്കും . അഞ്ചു പത്തു മിനിറ്റുകൾ നീണ്ട ഭഗീരഥ പ്രയത്‌നത്തിനൊടുവിൽ റോഡ് ഒന്ന് ക്രോസ്സ് ചെയ്യാൻ കഴിഞ്ഞു . എന്തൊരു ഈർച്ചയാണിത് .അങ്ങനെ ബസ് സ്റ്റോപ്പിൽ എത്തി , ഇനി അടുത്ത ബാലികേറാമല പത്തു മിനിറ്റുള്ള ബസ് യാത്രയാണ് . പത്തു മിനുട്ടെ യാത്ര ഉള്ളെങ്കിലും  ഇരുപതു മിനിറ്റ് ട്രാഫിക് ബ്ലോക്ക് ആയിരിക്കും , മൊത്തം മുപ്പതു മിനുറ്റിൽ കുറയാത്ത ദിവസമില്ല !

ബസ് വന്നു , അല്പം തിരക്കുണ്ട് എന്നാലും കയറി അല്ലെങ്കിൽ ഇനിയും ലേറ്റ് ആകും . "എല്ലാരും പിറകിലേക്ക് പൊയ്ക്കോ ഇഷ്ടംപോലെ സ്ഥലമുണ്ട് " എന്ന് കണ്ടക്ടർ മുൻപിൽ നിന്നു കന്നഡ ഭാഷയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു . പിറകിൽ സ്ഥലം പോയിട്ട് ഒരു കുട ചാരി വെക്കാൻ പറ്റില്ല ! എങ്ങനെയൊക്കെയോ അല്പം പിറകിലേക്ക്‌ നീങ്ങി സീറ്റിന്റെ സൈഡിലേക്ക് നീങ്ങി നിന്നു .അതാ ഒരുത്തൻ ഒരു ഭീമൻ ബാഗ് തോളത്തിട്ട് ഈ തിരക്കിനുള്ളിലേക്കു വരുന്നു അഭിമന്യുവിനെപ്പോലെ . അവൻ കൃത്യമായി എന്റെ അടുത്ത് തന്നെ വന്നു നിന്നു . ആ ബാഗിന്റെ ഭാരം മുഴുവൻ എന്റെ മുതുകിൽ വന്നു വീണതുപോലെ . എന്താണാവോ അതിനകത്തു? വല്ല കുമ്പളങ്ങയോ ആണോ ? രണ്ടു ലാപ്ടോപ്പ് എങ്കിലും കാണുമായിരിക്കും കുറഞ്ഞത്! കുറെ നേരം കഴിഞ്ഞു ഒരു സീറ്റ് കിട്ടി , ഒന്നും നോക്കിയില്ല ചാടിക്കയറി ഇരുന്നു .ഒരു വല്യപ്പൻ അടുത്ത് നില്പുണ്ടായിരുന്നു ." മാപ്പ് വല്യപ്പാ മാപ്പ് "  സോറി മനസ്സിൽ പറഞ്ഞു . ഈ നഗരപഥങ്ങളുടെ തിരക്കുകളിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം തന്നെ ഏറ്റവും നല്ലത്, അല്ലാതെ വേറെന്തു ചെയ്യാൻ  ! ജാലഹള്ളി ക്രോസ്സിന്റെ തൊട്ടു മുൻപിലത്തെ സ്റ്റോപ്പ് മുതൽ പതിവുപോലെ തന്നെ ഇന്നും ബ്ലോക്ക് ആണ് .പുറത്തെ ചൂട് അകത്തേക്ക് അരിച്ചിറങ്ങുന്നതു പോലെ  ആകപ്പാടെ ഒരു പുഴുക്കം.ഷർട്ട് മുഴുവൻ  വിയർപ്പിൽ  കുളിച്ചു .ഈ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്താൽ കുറച്ചു കാറ്റ് ഉള്ളിലേക്ക് വന്നേനെ , പക്ഷെ അതിന്റെ ഒരു ലക്ഷണവും കാണാനില്ല. പുറത്തേക്കു നോക്കിയാൽ ദൂരെ അര കിലോമീറ്റർ ബ്ലോക്ക് കാണാം .ഒരു അമ്മാവൻ വണ്ടികളുടെ നീണ്ട നിര നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു . ആ കിടപ്പു ഇരുപതു മിനുട്ട് കിടന്നു . ബസിനുള്ളിൽ വിയർപ്പുനാറ്റവും അമർഷം നിറഞ്ഞ കുറെ മുഖങ്ങളും മാത്രം.

അങ്ങനെ ജാലഹള്ളി ക്രോസിൽ എത്തി ഇനി മെട്രോ സ്റ്റേഷനിലേക്ക് അഞ്ചു മിനിറ്റ് നടന്നാൽ മതി . ആ അഞ്ചു മിനുറ്റിനെപ്പറ്റി ഓർക്കുമ്പോൾ ഓക്കാനിക്കാൻ വരും. വൃത്തിഹീനമായ ഓടകളും,  കുണ്ടും കുഴിയും നിറഞ്ഞ റോഡും ,എവിടെയും തിരക്ക് പിടിച്ചു പായുന്ന കുറെ മനുഷ്യരും ,തെരുവുനായ്ക്കളും, കൂകിവിളിച്ചു ചീറിപ്പായുന്ന കുറെ വണ്ടികളും മാത്രം  . എല്ലാവരും ഓട്ടത്തിലാണ് , ക്ലേശത്തിന്റെ വിയർപ്പു തുള്ളികൾ പറ്റിപ്പിടിക്കാത്ത ഒറ്റ മുഖവും ഞാൻ അവിടെ ഇതുവരെ കണ്ടിട്ടില്ല .കാലഹരണപ്പെട്ട പഴയ പൊളിഞ്ഞ കെട്ടിടങ്ങൾ, ഭിക്ഷക്കാർ , ഓടകൾക്കു അടുത്ത് പെട്ടി വണ്ടിയിൽ സിഗരറ്റും പാന്മസാലയും വിൽക്കുന്ന കടകൾ,  അണിഞ്ഞൊരുങ്ങി ലിപ്സ്റ്റിക് തേച്ച ട്രാൻസ്‌ജൻഡറുകൾ , ചൂടുപറക്കുന്ന പത്രങ്ങളിൽ ചോളം വിൽക്കുന്നവർ  എല്ലാം ആ നഗരമധ്യത്തിന്റെ ജരാനരകൾ പോലെ തമ്മിൽ ഇഴചേർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. റോഡിൽ വാഹനങ്ങളല്ല , വാഹനങ്ങളുടെ ഒരു സമുദ്രം തന്നെ കാണാം !


 പതിവിലും ബദ്ധപ്പെടേണ്ടി വന്നു റോഡ് ക്രോസ്സ് ചെയ്തു മെട്രോ സ്റ്റേഷനിൽ എത്താൻ . എയർ കണ്ടിഷൻ ചെയ്ത മെട്രോയിലും സ്ഥിതി വ്യത്യസ്തമല്ല . ജനപ്പെരുപ്പം സുന്ദരമായ ഈ നഗരത്തെ അതിന്റെ സൗന്ദര്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മടുപ്പ് ഓരോ മുഖങ്ങളിലും കാണാം. അങ്ങനെ ലിഫ്റ്റിന്റെ അടുത്തെത്തി , ട്രെയിൻ വരാൻ അഞ്ചു മിനുട്ടുണ്ട് .ഹാവൂ ആശ്വാസമായി . ഡോർ അടക്കാൻ നേരം അതാ ഒരു സുന്ദരി ഓടിപ്പിടിച്ചു വരുന്നു, അവൾ ഒരുവിധം കയറിപ്പറ്റി ഡോർ അടച്ചു . ഓടിയത് കൊണ്ടായിരിക്കാം അവൾ നിർത്താതെ കിതക്കുന്നുണ്ടായിരുന്നു . "എന്ത് ചെയ്യാനാ പ്രിയപ്പെട്ട സുന്ദരീ നമ്മൾ നമ്മുടെ യൗവന കാലത്തു  ഈ നഗരപ്രാന്തത്തിന്റെ മടുപ്പുകളിൽ അലയാൻ വിധിക്കപ്പെട്ടിരിക്കുന്നു" ഞാൻ മനസ്സിൽ പറഞ്ഞു . അവളുടെ വെളുത്തു സുന്ദരമായ മുഖത്തൊരു ദൈന്യത നിറഞ്ഞ പുഞ്ചിരി കാണാം.


















Wednesday, August 1, 2018

ഫ്ലോറൻസ് പിജി ഫോർ ജന്റ്സ് - ഭാഗം -1 ( ഓര്മക്കുറിപ്പുകൾ )


ഉള്ളടക്കം 

മറവിയുടെ കയങ്ങളിൾ മുങ്ങിത്താണു പോയേക്കാവുന്ന ഒരു കാലത്തിനെ , ഞാൻ കണ്ടു മുട്ടിയ മുഖങ്ങളെ  ഓർത്തെടുക്കുവാനുള്ള  ഒരു സത്യസന്ധമായ ശ്രമമാണിത്. ഇതിൾ സൗഹൃദം നിറഞ്ഞ ഒരു പിടി നല്ല  ഓർമ്മകളുണ്ട് , ഇതിലെ ഓരോ അധ്യായങ്ങൾക്കും   മദ്യത്തിന്റെയും സിഗരെറ്റിന്റെയും മണമുണ്ട്.

ആമുഖം 

വളരെ നാളുകളായുള്ള കാത്തിരിപ്പിനു ശേഷം എനിക്ക് ഒരു നല്ല ജോലി കിട്ടി. തനിസാന്ദ്ര എന്ന സ്ഥലത്തു. അവിടെ ഇന്റർവ്യൂ കഴിഞ്ഞ ദിവസം തന്നെ ഞാൻ ഒരു റൂം അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത് ' ഫ്ലോറൻസ് പിജി ഫോർ ജന്റ്സ് '. അത്‌ എന്‍റെ ഓഫീസിന്റെ അടുത്തായിരുന്നു. എന്ത് കൊണ്ടും സൗകര്യം. ഞാൻ ബോര്ഡില് കണ്ട ഫോൺ നമ്പറിൽ വിളിച്ചു , അതിന്റെ ഉടമസ്ഥൻ ഫോൺ എടുത്തു. റൂം ഉണ്ട് , വാടകയും അഡ്വാൻസും ഒന്നും കുഴപ്പമില്ല. ഇവിടെത്തന്നെ താമസിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.


വൈകിട്ട് കൃത്യം ഏഴുമണിയോടെ ഞാൻ ഹോസ്റ്റലിൽ എത്തി. ഞാൻ ജോബിനെ വിളിച്ചു, അതായിരുന്നു ആ ഹോസ്റ്റൽ നടത്തുന്നയാളുടെ പേര്. ഇനി ഹോസ്റ്റലിനെ പറ്റി പറയാം. മെയിൻ റോഡിനോട് ചേർന്നുള്ള ഒരു മൂന്നു നിലക്കെട്ടിടം. ഒരു പത്തു വര്ഷം പഴക്കം കാണും. ഹോസ്റ്റലിന്റെ ഗേറ്റ് ഒരു ജയിലിന്റെ ഗേറ്റിനെ അനുസ്മരിപ്പിക്കും വിധം വലുതും ഉറപ്പുള്ളതുമായിരുന്നു. പടികളും കൈവരികളും എല്ലാം ദീർഘ നാളത്തെ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുമാറ് പഴക്കം  തോന്നിപ്പിച്ചു. നല്ല വിസ്താരമുള്ള വലിയ മുറികൾ. ഒരു പാട് കഥകൾ ഉള്ളിലൊതുക്കിയ നിശബ്ദമായ വരാന്തകൾ. ആയിരം സുഹൃത് സമാഗമങ്ങൾക്കെങ്കിലും വേദിയയായ കാറ്റിന്റെ കുളിർമ നിറഞ്ഞ ടെറസ് , എല്ലാത്തിനും മൂക സാക്ഷിയായ രണ്ടു ഭീമൻ വാട്ടർ ടാങ്കുകൾ. 

ഏഴരയായിറ്റും ആള് വന്നില്ല. ഞാൻ ഒന്ന് കൂടി വിളിച്ചു , അപ്പോൾ ഇതാ താഴെ എത്തി എന്ന് പറഞ്ഞു. ഞാൻ എന്‍റെ ലഗേജ് വരാന്തയിൽ വെച്ച് കോണിപ്പടിയിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ രണ്ടു പേര് അങ്ങോട്ട് വന്നു. ഞാൻ എണീറ്റു. ഒരാൾ ചെറുപ്പക്കാരനും മറ്റെയാൾ മധ്യവയസ്കനും. ചെറുപ്പക്കാരാണെന്നു തോന്നിച്ച ആളായിരിക്കും എന്നോട് ഫോണിൽ സംസാരിച്ചത് ഞാൻ മനസ്സിൽ കരുതി. അയാൾക്കു കട്ട താടിയും ഒത്ത ആരോഗ്യമുള്ള ശരീരവും സ്വർണ ചെയിനിട്ട  തടിച്ച കൈത്തണ്ടകളും ഉണ്ടായിരുന്നു. മറ്റെയാൾ ഒരു വിഷാദ മൂകനെപ്പോലെ തോന്നിച്ചു. അയാൾ  വെളുത്ത നിറത്തിലുള്ള കോട്ടൺ ഷർട്ട് പാതി മടക്കി വെച്ചിരുന്നു.   മുടി നന്നായി ചീകിയൊതുക്കിയിരുന്നു.. മീശ വെട്ടിയൊതുക്കിയിരുന്നു. 

അവർ എനിക്ക് റൂം കാണിച്ചു തന്നു. ഏതോ  ഒരു ആന്ധ്ര സ്വദേശി കൂടി റൂമിൽ ഉ ണ്ട് എന്ന് പറഞ്ഞു. ഞാൻഅഡ്വാൻസ് കൊടുത്തു അത്യാവശ്യ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നിട്ട് അവർ പോയി. ഞാൻ ലഗേജ് എല്ലാം ഒതുക്കി വെച്ചിട്ടു നന്നായി കുളിച്ചു യാത്രാക്ഷീണം എല്ലാം മാറ്റി. ബാഗിൽ ഉണ്ടായിരുന്ന ഒരു  ക്വാർട്ടർ റം പൊട്ടിച്ചു. ബാഗിൽ കരുതിയ ഗ്ലാസിൽ ഒഴിച്ച് വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം ഒഴിച്ച് അല്പം കുടിച്ചു. ജനൽ തുറന്നു പുറത്തേക്കു നോക്കി. അങ്ങകലെ തേക്കിൻ കാടുകൾ കാണാം ,നിലാവ് കാണാം.. ഇവിടെ ആരൊയൊക്കെ ഞാൻ  പരിപരിചയപ്പെടും ?എന്തെല്ലാംഅനുഭവങ്ങൾ എനിക്കുണ്ടാകും? അറിയില്ല. അതെല്ലാം അങ്ങകലെ കാണുന്ന തേക്കിൻ  കാടുകളിൽ തളം കെട്ടി നിൽക്കുന്ന നിശബ്ദത പോലെ നിഗൂഢമാണ്.  ഞാൻ ഒരു  പെഗ് കൂടി കഴിച്ചു .കയ്യിൽ പാർസൽ വാങ്ങിയ അത്താഴം ഉണ്ടായിരുന്നു. അത്‌ കഴിച്ചു നേരത്തെ ഉറങ്ങാൻ കിടന്നു. നാളെ ജോലിക്കു ജോയിൻ ചെയ്യണം. ഒരു  പുതിയ അധ്യായം നാളെ ആരംഭിക്കുന്നു. 

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...