Friday, May 29, 2020

ചില അപ്രതീക്ഷിതമായ സംഭവങ്ങൾ

അത് തികച്ചും സാധാരണമായ ഒരു ദിവസമായിരുന്നു . ഹോസ്റ്റലിൽ പഴയതുപോലെ നൃത്തച്ചുവടുകൾ അരങ്ങേറി, അതിനു ശേഷം  ഒരു പറ്റം ഭാഗ്യാന്വേഷികളെപ്പോലെ ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നിര നിരയായി നടന്നു ,  പാച്ചൂസ് റെസ്റ്റാറ്റാന്റിലെ പ്ലേറ്റിൽ പുട്ടും കടലക്കറിയും നിരന്നു , ലേറ്റ് ആയി വരുന്നവരെ കാത്തു വേഴാമ്പലിനെപ്പോലെ രവീന്ദ്രബാബു സർ അല്ലെങ്കിൽ പി ആർ ഒ ഗേറ്റിനു മുൻപിൽ കാത്തു  നിന്നു , അതിലും ഭീകരമായിരുന്നു രാജു നാരായണൻ സർ ന്റെ  ക്യാമ്പിന്റെ മുൻപിൽ  ഫയൽനുവേണ്ടി ഉള്ള  ഞങ്ങളുടെയെല്ലാം  കാത്തിരുപ്പ് !!


ഇതെല്ലം മുറ തെറ്റാതെ നടക്കുന്നതിനിടയിലാണ് ചില അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത് . ജനീഷിന്‌ ഒരു സ്ത്രീ സുഹൃത്തുണ്ടായിരുന്നു ; ജനീഷിന്‌ മാത്രമല്ല ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു . അയാൾ ജോലി ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇയർ ഫോണിൽ അവരോടു കിന്നാരം പറഞ്ഞു കൊണ്ടിരുന്നു , വളരെ സ്വരം താഴ്തി മാത്രമേ അയാൾ സംസാരിച്ചിരുന്നുള്ളു ,പലപ്പോഴും അയാൾ ചിരിക്കുന്നതും കാണാമായിരുന്നു. ആൾക്ക് ദുശീലങ്ങൾ ഒന്നും ഇല്ലെങ്കിലും രാവിലെ എഴുന്നേൽക്കുമ്പോൾ അയാൾ കിടക്കുന്നതിനടുത്തു എയർഫോണിലൂടെ പാട്ടുകൾ നേരിയ ശബ്ദത്തിൽ കേട്ടുകൊണ്ടിരുന്നു . ഫോൺ ഓഫ് ചെയ്യാൻ മറന്നതാകാനേ വഴി ഉള്ളു . അയാൾക്ക്‌ ഒത്ത ഉയരവും അരോഗദൃഢഗാത്രമായതും മെലിഞ്ഞതുമായ ശരീരവും ഉണ്ടായിരുന്നു . ഒരു ദിവസം ജനീഷ്  എന്റെ ഫോണിലേക്കു ഒരു പിക്ചർ അയച്ചിട്ട് ഉടനെ എന്നെ ഫോണിൽ  വിളിച്ചു തമാശ മട്ടിൽ അത് തെറ്റി അയച്ചതാണെന്നും ഡിലീറ്റ് ചെയ്യാനും പറഞ്ഞു . ഞാൻ അതിൽ അസ്വാഭാവികത ഒന്നും കണ്ടില്ല , പക്ഷെ ഞാൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ എന്തോ അസ്വാഭാവികത ഉള്ളതുപോലെ തോന്നി . 'ആ ചിത്രത്തിൽ ഇടതൂർന്ന പൈൻ മരങ്ങളും അതിനു നടുവിൽ ഒരു കെട്ടിടത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു അവ്യക്ത ഭാഗവും  പിന്നെ അതിന്റെ ഏകദേശം ഒത്ത നടുക്കായി ഒരു ക്രോസ്സ് അടയാളവും ഉണ്ടായിരുന്നു . അതിന്റെ താഴെ തീയതിയും മറ്റു ചില സംജ്ഞകലും വ്യത്യസ്തമായ രീതിയിൽ എഴുതിയിരുന്നു '. ഞാൻ അത് മനഃപൂർവം  ഡിലീറ്റ് ചെയ്തില്ല , ജനീഷ്‌ എന്നോട് പിന്നെ അതിനേപ്പറ്റി ഒന്നും ചോദിച്ചതുമില്ല . ഞങ്ങൾ ഹോട്ടലിലും മറ്റു  പലയിടങ്ങളിലും വെച്ചു പതിവുപോലെ കണ്ടുകൊണ്ടിരുന്നു .സാധാരണപോലെ സംസാരിച്ചു ചിരിച്ചു , പക്ഷേ ജനീഷ് എന്തോ മറയ്ക്കുവാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ മാബൻ ഗോൾഡ് ലോൺ ബ്രാഞ്ചിൽ വെച്ചു കണ്ടുമുട്ടി , ഞാൻ പലിശ അടക്കാൻ പോയതായിരുന്നു. അയാളും അതിനു തന്നെയാണ് വന്നതെന്ന്‌ പറഞ്ഞു പെട്ടെന്നു തന്നെ അല്പം തിരക്കിലാണെന്നു പറഞ്ഞു പോയി. അയാളുടെ പെരുമാറ്റത്തിലും ഭാവത്തിലും എന്തോ പന്തികേട് തോന്നി. പെട്ടെന്നു മനസ്സിൽ ഒരാശയം തോന്നി , അവിടത്തെ കാഷ്യർ എന്റെ സുഹൃത്താണ് അവനോടു നയത്തിൽ ഒന്ന് ചോദിച്ചു കളയാം , ആൾക്ക് എന്നെയും ജനീഷിനെയും അറിയാം. ഞാൻ നയത്തിൽ കാര്യം മനസിലാക്കി , അയാൾ പലിശ അടക്കാൻ വന്നതല്ല , അവിടെ വളരെക്കാലമായി ഉണ്ടായിരുന്ന ഡെപ്പോസിറ്റ്  സെറ്റൽ ചെയ്യാൻ വന്നതായിരുന്നു ! എന്തു കൊണ്ട് ഇത്രയും വലിയ ഒരു സംഖ്യ ഇപ്പോൾ ആവശ്യമായി വരുന്നു ? അത് എന്നോട് മറച്ചു വെക്കാൻ തക്ക എന്തു രഹസ്യമാണുള്ളത് ? ഇതിൽ ഗൗരവമായ എന്തോ കാര്യം  ഉണ്ട്   എന്നത് ഉറപ്പാണ് . 

പിന്നീടുള്ള ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ  ഞെട്ടിപ്പിക്കുന്നതായിരുന്നു . ഹോസ്റ്റലിന്റെ പരിസരത്തായി അയാളെ  കാണാൻ ചില അപരിചിതർ അസമയത്തു വന്നു ദീർഘനേരം സംസാരിച്ചിരുന്നു . ഇതെല്ലം   ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു , പക്ഷെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . പിന്നീട് അയാൾ നടത്തിയ നീക്കം അവിശ്വസനീയം ആയിരുന്നു , ഞാൻ പലരിൽ നിന്നും അയാൾ ജോലി രാജി വെക്കാൻ ആലോചിക്കുന്നതായി അറിഞ്ഞു . മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും തമ്മിൽ ബന്ധമുണ്ട് , ജോലി രാജി വെച്ചാൽ പണത്തിനു ആവശ്യം  കാണുമല്ലോ ? പക്ഷെ ഇതെല്ലം എന്തിനു വേണ്ടി ???
ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല . വളരെയധികം ആലോചിച്ചിട്ടും എനിക്ക് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല . പെട്ടെന്നാണ് എനിക്ക് ഒരു കാര്യം ഓര്മ വന്നത് അന്ന് എനിക്ക്  മാറി അയച്ച ചിത്രം !! അതിനു തീർച്ചയായും ഇതൊക്കെയായി ഒരു  ബന്ധം കാണും , ഞാൻ അത് വീണ്ടും പരിശോധിച്ചു പക്ഷെ മരങ്ങളും കെട്ടിടവും കണ്ടാൽ എന്ത് മനസ്സിലാക്കാനാണ് ! ലോകം മുഴുവൻ ഇതൊക്കെ ഉള്ളതല്ലേ ? അപ്പോഴാണ് ഒരു ഐഡിയ തോന്നിയത് സുഹൃത്തായ അമലിനു ചിലപ്പോൾ എന്നെ സഹായിക്കാൻ കഴിയും , ആളു വര്ഷങ്ങളായി പോലീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് . ഞാൻ ആളുമായി ഫോണിൽ സംസാരിച്ചു . അവൻ പറഞ്ഞതനുസരിച്ചു ഞാൻ ചിത്രം അയച്ചു , വൈകിട്ട് നേരിൽ കണ്ടു വിശദമായി  സംസാരിക്കാം എന്നും പറഞ്ഞു.

" മിസ്റ്റർ ജനീഷ് എന്ന ഈ ആൾ എന്തോ കാര്യമായ ഒരു പദ്ധതി തയ്യാറാക്കി കഴിഞ്ഞു " വിസ്കി  ഒഴിച്ച ഗ്ലാസിൽ ഐസ് ക്യൂബുകൾ പെറുക്കിയിട്ടു കൊണ്ട് മേശയിൽ കിടന്ന ജനീഷിന്റ്റെ ചിത്രത്തിലേക്ക് ചൂണ്ടി അമൽ പറഞ്ഞു . അയാൾക്ക്‌ ഒരു സ്ത്രീ സുഹൃത്തുള്ളതും ഒരു കാരണവും ഇല്ലാതെ രാജി വെക്കാൻ പ്ലാൻ ചെയ്യുന്നതും ,  ഡെപ്പോസിറ്റ്  പിൻവലിച്ചതും പിന്നെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും എല്ലാം   കേട്ടിട്ടാണ് അമൽ ഇങ്ങനെ മറുപടി പറഞ്ഞത് . അയാൾ കുറച്ചു ദിവസങ്ങളായി ആരോടും അത്ര സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കാറില്ല , രണ്ടു മൂന്നു ദിവസങ്ങളിൽ ലീവ് ആയിരുന്നു , ഞാനല്ലാതെ ഹോസ്റ്റലിലെ മറ്റാരും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല , അതിനൊരു അവസരം അയാൾ കൊടുത്തു കാണില്ല  ; അത് തീർച്ചയാണ് . അമലിനു ഇത്തരം സാഹചര്യങ്ങൾ നേരിട്ട് പരിചയം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അത്ര എളുപ്പത്തിൽ ഒരു പരിഹാരം മുന്നോട്ടു വെക്കാൻ കഴിഞ്ഞില്ല . അത്രയും പഴുതുകളടച്ചാണ്‌ അയാളുടെ ഓരോ നീക്കവും.

" നമുക്ക് അയാൾ സ്ത്രീ സുഹൃത്തുമായി നാട് വിടുകയാണ് എന്ന നിഗമനത്തിലേക്കു എത്തിച്ചേരാൻ ഒട്ടും കഴിയില്ല . കാരണം ജോലിയുള്ള ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത അവിവാഹിതനായ അയാൾക്ക്‌ വേണമെങ്കിൽ  അവരെ   ഇവിടെത്തന്നെ മാന്യമായി  വിവാഹം കഴിക്കാമല്ലോ ? അതിനു ഇതിന്റെയൊന്നും ഒരാവശ്യവുമില്ല; തീർച്ച . ഇതിന്റെ പിന്നിൽ മറ്റെന്തോ ഉണ്ട് "   അമൽ  വളരെ നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു

" എനിക്ക് ഈ   ഭ്രാന്തൻ ചിന്തകളുടെ ഭാരം താങ്ങാൻ കഴിയുന്നില്ല അമൽ , ഞാൻ ജനേഷുമായി നേരിട്ട് സംസാരിക്കുവാൻ പോകുകയാണ് " ഞാൻ പറഞ്ഞു

" അതൊരിക്കലും വേണ്ട , അത് അപകടത്തിലെ കലാശിക്കൂ , ഇത്രയും നിഗൂഢമായ മാനസിക വ്യാപാരങ്ങളുള്ള ഒരാൾ അതും ഇത്ര സമർഥമായി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന ഒരാൾ , അയാളോട് നേരിട്ട് ഒരു ഇടപെടൽ വേണ്ട " അമൽ എന്നെ ശക്തമായി താക്കീതു  ചെയ്തു.

" പിന്നെ വേറെ ഒന്നും കൂടി ഉണ്ട് , ജനീഷ്‌ നിയമപരമായി  എന്ത് തെറ്റ് ചെയ്തു ? അയാൾ ചെയ്തത് എല്ലാം അയാളുടെ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യങ്ങൾ മാത്രമാണ് , ആർക്കും അയാളെ ചോദ്യം ചെയ്യാനാവില്ല , അത്ര തന്ത്രപൂർവം അയാൾ എന്തോ പദ്ധതി ഇട്ടിരിക്കുന്നു , അയാളുടെ അടുത്ത നീക്കം എന്താവുമെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു " അമൽ ഇത്രയും കൂടി പറഞ്ഞു .

" അപ്പോൾ ആ ചിത്രത്തിന്റെ കാര്യമോ ?" അതിനെ എങ്ങനെ ഇതുമായി ബന്ധിപ്പിക്കാൻ കഴിയും ? ഞാൻ ചോദിച്ചു.

" അതിലെ സൂചന അനുസരിച്ചു അയാൾ അത്തരം ഒരു പ്രദേശവുമായി ബന്ധമുള്ള എന്തെങ്കിലും വരും ദിവസങ്ങളിൽ  ഒരു കാര്യം പ്ലാൻ ചെയ്തു എന്നെ തല്ക്കാലം മനസിലാക്കാൻ കഴിയു , പിന്നെ അതിലെ തീയതികളും വ്യക്തമല്ല . നമ്മുടെ ഭൂപ്രകൃതി നോക്കിയാൽ അതെ ഒരു പക്ഷെ വാഗമൺ ആയേക്കാം , ഉറപ്പില്ല , അതുകൊണ്ട അയാൾ അങ്ങനെ ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നതായി പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് രഹസ്യമായി മനസിലാക്കാൻ ശ്രമിക്കു " അല്പനേരത്തെ ആലോചനക്ക് ശേഷം അമൽ പറഞ്ഞു .

" പിന്നെ ഒരു കാര്യം നിങ്ങളുടെ കൂടെ ഹോസ്റ്റലിൽ ഉള്ള കുറച്ചു ധൈര്യമുള്ള ഒരാളെക്കൂടി കാര്യങ്ങൾ പറഞ്ഞു  നിങ്ങളുടെ കൂടെ കൂട്ടാൻ
ശ്രമിക്കു , ചിലപ്പോൾ അയാൾക്കു വേറെ എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമായിരിക്കാം , തല്ക്കാലം ഈ രണ്ടു കാര്യങ്ങൾ ചെയ്യൂ , ബാക്കി നമുക്ക് അയാളുടെ അടുത്ത നീക്കം നിരീക്ഷിച്ചാൽ പറയാൻ കഴിയു " ഇത്രയും പറഞ്ഞു ഗ്ലാസിൽ ശേഷിച്ച വിസ്‌ക്കി ഒറ്റവലിക്ക് അകത്താക്കി അമൽ പോയി . നേരം നന്നേ ഇരുട്ടിയിരുന്നു . ഞാൻ ബാറിൽ നിന്ന്  ഹോസ്റ്റലിലേക്ക് നടന്നു . ആരോട് ഇതെല്ലം ഒന്ന് പറയും . ഇക്കാര്യങ്ങളൊന്നും അറിയാതെ അയാളോടൊപ്പം നടക്കുന്ന എന്റെ സുഹൃത്തുക്കളെ കുറിച്ചു ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി. അയാൾ എത്ര ഭംഗിയായി അഭിനയിക്കുന്നു . എന്റെ മനസിലേക്ക് ആദ്യം വന്നത് ശ്രീറാമിന്റെ മുഖമാണ് . അയാൾക്കു ഉയരം കുറഞ്ഞു ഒത്ത ശരീരവും ബലിഷ്ഠമായ കൈത്തണ്ടകളും ഉണ്ടായിരുന്നു . കഴിയുമെങ്കിൽ ഇന്ന് രാത്രി തന്നെ അയാളോട് ഇതെല്ലാം  പറയാൻ ശ്രമിക്കാം . പക്ഷെ ഞാൻ ചെന്നപ്പോൾ വളരെ വൈകിയത് കൊണ്ട്  എല്ലാരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിറ്റേ ദിവസം വൈകിട്ട് കാണാമെന്നു ഞാൻ മനസ്സിൽ കരുതി .


പിറ്റേ ദിവസം വൈകിട്ട്  നഗരത്തിലെ ഒരു ബാറിൽ വെച്ച് ഞാൻ ശ്രീറാമിനോട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു . വിറയാർന്ന കൈകളോടെ മദ്യഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു ശ്രീറാം  എന്റെ  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി  എന്നിട്ടു വികാരാധീനനായി പറഞ്ഞു " എനിക്കിതു വിശ്വസിക്കാൻ പോലും കഴിയുന്നില്ല "
അയാൾ നന്നായി മദ്യപിച്ചിരുന്നു . ഞാൻ ഓവർ ആകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു , അൽപ നേരം കഴിഞ്ഞു  ഞങ്ങൾ  ഭക്ഷണം ഓർഡർ ചെയ്തു നന്നായി കഴിച്ചു . അതിനു വളരെ നേരം ചർച്ച ചെയ്തു  ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്തു .

" ജനീഷിനെ അടുത്ത നീക്കം എന്താണെന്നു നോക്കാം അതുവരെ നമുക്ക് ഇത്  അറിഞ്ഞതായി ഭാവിക്കേണ്ട, എന്നിട്ടു ബാക്കി നോക്കാം " ശ്രീറാം പറഞ്ഞു .

അയാൾ  പറഞ്ഞത് ശരിയാണെന്നു എനിക്ക് തോന്നി, പക്ഷെ അയാളുടെ അടുത്ത നീക്കത്തെക്കുറിച്ചു എനിക്ക് ശരിയായ ഭയം ഉണ്ടായിരുന്നു .
ഞങ്ങൾ ബാറിൽ നിന്ന് ഇറങ്ങി നടന്നു . പുറത്തു നല്ല നിലാവുണ്ടായിരുന്നു .

അടുത്ത രണ്ടു  മൂന്നു ദിവസങ്ങൾ ഞാനും ശ്രീറാമുമായി പലപ്പോഴും കണ്ടുമുട്ടി , കാര്യങ്ങൾ വിലയിരുത്തി  , ജനീഷിനെ ഭാഗത്തു നിന്ന് കാര്യമായ ഒരു നീക്കങ്ങളും ഉണ്ടായില്ല .

പിറ്റേ ദിവസം ഓഫീസിൽ ഇരിക്കുമ്പോളാണ് ഒരു വിവരം അറിയുന്നത് . ഒരു ഓഫീസിൽ സ്റ്റാഫ് ആണ് അറിയിച്ചത് " ജെനീഷ് ജോലി രാജി വെച്ചു , ഇന്ന് രാവിലെ മാനേജരെ കണ്ടു ലെറ്റർ കൊടുത്തു , ഉച്ചയോടെ ഹാൻഡ് ഓവർ കഴിഞ്ഞു ഹോസ്റ്റലിലേക്ക് തിരക്കിട്ടു പോയി , ചില വ്യക്തിപരമായ കാരണങ്ങളാൽ മുൻ‌കൂർ നോട്ടീസ് കൊടുക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു "

ഞാൻ ഉടനെ ശ്രീറാമിനെ വിളിച്ചു കാര്യങ്ങൾ വിശദമായി  പറഞ്ഞു " ജെനിഷ്  ഒരു മണിയോട് കൂടി  ഓഫീസിൽ നിന്ന് പോയിരിക്കുന്നു , ഇപ്പോൾ മൂന്നു മണിയായി , അയാൾ അവിടെ നമുക്കായി കാത്തിരിക്കുകയായിരിക്കും  എന്ന് തോന്നുന്നില്ല  " ശ്രീറാം അത് ശരിവെച്ചു .

ശ്രീറാം ഉടനെ എന്റെ ഓഫീസിൽ എത്തി , ഞങ്ങൾ തിരക്കിട്ടു ഹോസ്റ്റലിലേക്ക് പുറപ്പെട്ടു . അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ ഹോസ്റ്റലിൽ എത്തി വാതിൽ തുറന്നു . ഒരു ഞെട്ടലോടെയാണ് ഞങ്ങൾ ആ കാഴ്‌ച കണ്ടത് . അയാൾ അവിടെ നിന്ന് പാക്ക് ചെയ്തു പോയിക്കഴിഞ്ഞിരിക്കുന്നു , ഫോണിൽ വിളിച്ചു സ്വിച്ച്ഡ്  ഓഫ് !! ഞങ്ങൾ മുഖത്തോടു മുഖം നോക്കി , ഇനിയെന്ത് ചെയ്യുമെന്നറിയാതെ ..

'ഈ വിവരം അറിഞ്ഞു ഓഫീസ്  കഴിഞ്ഞു മറ്റുള്ളവർ വരും. വെറുതെ ചർച്ച ചെയ്തു വിലപ്പെട്ട സമയം നഷ്ടപ്പെടും ,  ഇത് നമ്മുടെ ഉദ്യമത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും , അതുകൊണ്ട് നമുക്ക് ഒരു ആഴ്ച ലീവ് എടുത്തു നാട്ടിൽ പോകുന്നു എന്ന് പറയാം , തല്ക്കാലം എന്തെങ്കിലും ഒരു തുമ്പു കിട്ടുന്നത് വരെ മാറി നിൽക്കാം " ശ്രീറാം പറഞ്ഞു .

എനിക്കും അത് ശരിയാണെന്നു ബോധ്യപ്പെട്ടു . ഞങ്ങൾ രണ്ടുപേരും ഓഫീസിലും ഫ്രണ്ട്സിനെയും രണ്ടു രീതിയിൽ വിവരം അറിയിച്ചു അത്യാവശ്യം ഡ്രെസ്സുകൾ എടുത്തു ഒരുപാടു ദൂരെയല്ലാതെ ഒരു ഹോട്ടലിൽ റൂം എടുത്തു. ഏകദേശം രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങൾ  പല രീതിയിൽ ശ്രമിച്ചിട്ടും പലരെയും ഫോണിൽ വിളിച്ചെങ്കിലും  അയാൾ എങ്ങോട്ടു പോയി എന്നതിനെപ്പറ്റി ഒരു വിവരവും കിട്ടിയില്ല !!!

( തുടരും ..)

1 comment:

  1. എഴുത്ത് ഇഷ്ട്ടപ്പെട്ടു കേട്ടോ ഭായ്  

    ReplyDelete

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...