Tuesday, October 30, 2018

തണുത്തുറഞ്ഞ ഓർമകളിലേക്ക് (ഓർമ്മക്കുറിപ്പുകൾ)



ഓർമകളുടെ തണുപ്പ് മൂടിയ പുൽക്കൊടികൾ കാറ്റിലാടുന്ന വഴിത്താരയിലൂടെ ബസ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു . ഇനിയും അര മണിക്കൂറോളം  ഉണ്ട്  തോപ്പുംപടി എത്താൻ .ഏകദേശം എട്ടു വര്ഷം മുൻപ് ഇവിടെ നിന്നും പോയതാണ് ; പിന്നെ ഈ വഴി വന്നിട്ടില്ല .ഒരു കാലത്തു കടന്നു പോയ വഴികൾക്കും  കാഴ്ചകൾക്കും  എല്ലാം കാലത്തിന്റെ മിനുക്കുപണികൾ കൊണ്ട് പുതിയ മുഖഭാവം കിട്ടിയിരിക്കുന്നു . ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നു കൗതുകത്തോടെ പരിസരം വീക്ഷിക്കുന്ന ഒരാളെപ്പോലെ ഞാൻ എല്ലാം കണ്ടു, പല മാറ്റങ്ങളും അത്ഭുദപ്പെടുത്തി . ഇന്നലെത്തന്നെ ജിയോ സീഫുഡ്‌സ്  ഓഫീസിലേക്ക് വിളിച്ചിരുന്നു , പഴയ ഒരു സ്റ്റാഫാണ് നാളെ തോപ്പുപടി വഴി പോകുന്നുണ്ട് കമ്പനി ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്നെല്ലാം പറഞ്ഞു . പുതിയ ആരോ ആണ് ഫോൺ എടുത്തത് . ആരാ എന്താ എന്നെല്ലാം ഒന്നും മനസിലാകാത്ത പോലെ കുറെ ചോദിച്ചു .അവസാനം ജെസി മാഡത്തിനെ  അറിയാം നന്ദകുമാർ സാറിന് ഓര്മ കാണും എന്നെല്ലാം കുറെ പറഞ്ഞപ്പോൾ അവർ ഫോൺ ഹോൾഡ് ചെയ്തിട്ടു അല്പം കഴിഞ്ഞു വന്നു . ആരോടെങ്കിലും ചോദിക്കാൻ പോയതായിരിക്കും . നാളെ കമ്പനി അവധിയാണ് എന്ന് അവർ പറഞ്ഞപ്പോളാണ് അറിഞ്ഞത്, എന്തായാലും സെക്യൂരിറ്റി സ്റ്റാഫിന്റെ നമ്പർ തന്നു ,വരണമെങ്കിൽ വന്നോളാനും പറഞ്ഞു. അതൊരു വ്യത്യസ്തമായ കാര്യമായി എനിക്ക് തോന്നി . ജോലിത്തിരക്കിന്റെ ആരവങ്ങളിൽ മുങ്ങിയ ഒരു കാലത്തിന്റെ മുഴുവൻ ഓർമ്മകളെയും  നിശബ്ദതയുടെ ചിറകിലേറി ഓർത്തെടുക്കാനൊരവസരം !!

എന്തൊക്കെയോ ഓർത്തിരുന്നു അല്പം മയങ്ങിപ്പോയി . ഓ എത്താറായി , ഇനി ഒരു  സ്റ്റോപ്പും കൂടിയേ ഉള്ളു . ഇറങ്ങി ഡോറിന്റെ  അടുത്തേക്ക് നീങ്ങി നിന്നു. ജംഗ്ഷനിൽ തന്നെ ബസ് നിർത്തി , ഇറങ്ങി. വലിയ മാറ്റങ്ങൾ ഒന്നും ഇല്ല . മട്ടൺ ചാപ്‌സും വെള്ളയപ്പവും കിട്ടുന്ന ഹോട്ടൽ അവിടെത്തന്നെയുണ്ട് , അങ്ങകലെ പാലം കാണാം പക്ഷെ മുന്നോട്ടു നടന്നു തുടങ്ങിയപ്പോൾ റോഡിന്റെ  ഇടതു ഭാഗത്തു പണ്ടുണ്ടായിരുന്ന ടെലിഫോൺ ബൂത്ത് കാണാനില്ല .വീണ്ടും മുന്നോട്ടു നടന്നു പിന്നെ ഇടത്തേക്ക് ..കുറെയൊക്കെ ഓര്മ വരുന്നു പക്ഷെ ഒരു വ്യക്തത കിട്ടുന്നില്ല. എന്തായാലും ഒന്നുറപ്പാണ് കമ്പനിയുടെ മുൻപിൽ ഒരു ചായക്കട കാണണം , അവിടെ ഭാരത് ഗോപി ഹെയർ സ്റ്റൈലുള്ള കണ്ണട വെച്ച  ഒരു കടക്കാരനും കാർക്കശ്യം  നിറഞ്ഞ മുഖമുള്ള  ഒരു അമ്മായിയും ഉണ്ട് ;ആളുടെ ഭാര്യയിരിക്കും .പിന്നെ ചുവന്ന ഷർട്ടും പാന്റ്സും ഇട്ടു ചായയും കടിയും കഴിക്കുന്ന കമ്പനി സ്റ്റാഫുകളെയും കാണാതിരിയയ്ക്കില്ല . ഞാൻ ദൂരെ നിന്നേ  എത്തി നോക്കി . കടയുണ്ട് അതിന്റെ മുൻപിൽ ആരെയും കാണാനില്ല .വെറുതെ ഒന്ന് ഉള്ളിലേക്ക് നോക്കി , അവിടെ പരിചയമില്ലാത്ത ഒരു മുഖം , ഒന്നും ചോദിക്കാൻ നിന്നില്ല . കമ്പനി ഗേറ്റിന്റെ എതിർ  വശത്തു കുഞ്ഞച്ചൻ സാറിന്റെ ബംഗ്ലാവ് തലയുയർത്തി നിൽക്കുന്നു .


ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറി . സെക്യൂരിറ്റിയോട് ഓഫീസിൽ വിളിച്ച കാര്യം പറഞ്ഞു . പുതിയ ആരോ ആണ് , അയാൾ അറിയാമെന്ന ഭാവത്തിൽ തലയാട്ടി എന്നിട്ടു  വിസിറ്റേഴ്‌സ് രജിസ്റ്റർ തുറന്നു മുന്നിലേക്ക് വെച്ചു  . അതിനടുത്തായി വെഹിക്കിൾ രജിസ്റ്റർ , സ്റ്റാഫ്  അറ്റന്റൻസ് രജിസ്റ്റർ ഇവയെല്ലാം കാണാം . ആ രെജിസ്റ്ററുകളിലേക്കു സൂക്ഷിച്ചു നോക്കിയാൽ ഒരായിരം ഓർമ്മകൾ മനസ്സിൽ തെളിയും , ഓർമകളുടെ ആധിക്യം കൊണ്ടാകണം എല്ലാ രെജിസ്റ്ററുകൾക്കും പഴമയുടെ നിറവും മണവും . പേരെഴുതി ഒപ്പിട്ടു പേന അയാൾക്കു തിരികെ കൊടുത്തു.

"ഇന്ന് അവധി ആയകൊണ്ടു ക്ലീനിങ് ഇപ്പൊ കഴിഞ്ഞതേയുള്ളൂ , ഡോർ ഒന്നും പൂട്ടിയിട്ടില്ല , ക്ലീനിങ് സ്റ്റാഫ്‌സ് മാത്രമേ ഉള്ളു " സെക്യൂരിറ്റി സ്റ്റാഫ് ഒരു കുശലമെന്നോണം പറഞ്ഞു .

നേരെ  നടന്നു, മുൻപിലായി കുമാർ സാറിന്റെ ക്യാബിൻ കാണാം അതിനോട് ചേർന്ന് വണ്ടികളൊന്നും നിർത്തിയിട്ടില്ല . പ്ലാസ്റ്റിക് ഫ്ലാപ്പുകൾ ഏതെങ്കിലും ഒരു ചരക്കു വണ്ടിയെ മുട്ടിയുരുമ്മാൻ കൊതിയോടെ കാത്തിരിക്കുന്നത് പോലെ . ഇടതു ഭാഗത്തു മുകളിൽ ജന്റ്സ് സൂപ്പർവൈസേഴ്‌സ് റസ്റ്റ് റൂം കാണാം . ആ ജനലിലൂടെ  ജേക്കബ് ചേട്ടൻ ഏതോ ചരക്കു വണ്ടി  പ്രതീക്ഷിച്ചു  താഴേക്ക് നോക്കുന്നുണ്ടോ ? നരച്ച മുടി തടവിക്കൊണ്ട് കണക്കുകൂട്ടലുകൾ നടത്തുന്നുണ്ടോ ? കുമാർ സാറിന്റെ ക്യാബിന്റെ   പരിസരങ്ങളിൽ സൂപ്പർവൈസർ അഭിലാഷ് പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ അലയുന്നുണ്ടോ ? ക്യാബിന്റെ  ഉള്ളിൽ ശാന്തവും ഗംഭീരവുമായ മുഖത്തോടെ കുമാർ സർ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ടോ ?

പർച്ചെസിങ് സെക്ഷന്റെ ഡോർ തുറന്നു പ്രൊഡക്ഷൻ ഹാളിലേക്ക് നടന്നു . ഓർമകളുടെ പുസ്തകങ്ങൾ അടുക്കി സൂക്ഷിച്ച സംഭരണികളെപ്പോലെ ക്രീം നിറത്തിലുള്ള ബിന്നുകൾ നിരനിരയായി അടുക്കി വെച്ചിരിക്കുന്നു . അംഗ രക്ഷകനെപ്പോലെ മുകളിൽ ഒരു ഇരുമ്പു ഷവൽ  ഞാനാണ് ഇതിനെല്ലാം അവകാശി എന്ന മട്ടിൽ അഹങ്കാരത്തോടെ ഇരിക്കുന്നു. ഈ ഓര്മകളെയെല്ലാം തണുത്തുറയിച്ചു ബിന്നിലടച്ചത് ഞങ്ങളാണ് എന്ന മട്ടിൽ നിലത്തു  അവിടെ ഇവിടെയായി  ഐസ് കഷ്ണങ്ങൾ ! പ്രൊഡക്ഷൻ  ഹാളിലേക്ക് കയറി . ഏറ്റവും കുറഞ്ഞത് നൂറു സ്റ്റാഫുകളെങ്കിലും ഒരേ സമയത്തു ജോലിചെയ്തിരുന്ന സോർട്ടിങ് ടേബിളുകൾ  രണ്ടു നിരയായി  പഴയപോലെ തന്നെ;  അകെ ഒരു നിശബ്ദത, അന്തരീക്ഷത്തിൽ ഒരുപാട് ആരവങ്ങളുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്നു .അപ്പുറത്തു ഐക്യുഎഫ്  പ്രൊഡക്ഷൻ ട്രീറ്റുമെന്റ് ഏരിയയിൽ   നിന്ന് പലപ്പോഴും ഇങ്ങോട്ടു നോക്കി നിന്നിട്ടുണ്ട് . ഗൗരവവും കാർക്കശ്യവും നിറഞ്ഞ മുഖത്തോടെ ജോളി ചേട്ടനെയും മേഴ്‌സി ചേച്ചിയെയും കാണാം . കളിതമാശകളും ഫലിതങ്ങളൊക്കെയുമായി പ്രസാദ് ചേട്ടനും കുസൃതി നിറഞ്ഞ ചിരിയായി സജിച്ചേട്ടനും മേരി ദാസിനേയും  എല്ലാം കാണാം . ശ്രീകാന്ത് കണ്ണാടികണ്ണിലൂടെ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കാനും ഒരു പൊടി തമാശ പൊട്ടിക്കാനും മറക്കാറില്ല. രേഖയ്ക്ക് എപ്പോഴും ഗൗരവ ഭാവം തന്നെ .അല്പം അപ്പുറത്തായി ബ്ലോക്ക് ഫ്രീസ്  ചെയ്യുന്ന ഭാഗം കാണാം , ഒരായിരം ട്യൂണകളെ തലകീഴായി തൂക്കിയിട്ടതിന്റെ അഭിമാനത്തോടെ നിൽക്കുന്ന കുറെ പ്ലാസ്റ്റിക്  കയർ കൊണ്ടുള്ള ഹുക്കുകൾ കാണാം .  കുറച്ചു കൂടെ അപ്പുറത്തേക്ക് നോക്കിയാൽ ഫ്ളാപുകളുടെ അപ്പുറത്തു കോൾഡ് സ്റ്റോറിന്റെ ഭാഗത്തു നിൽക്കുന്ന ഓവർ കോട്ട് ഇട്ടു നിൽക്കുന്ന  ഒരു കണ്ണടക്കാരനെ കാണാം , സന്തോഷ് ചേട്ടനെ ! ആരുമായിട്ടോ എന്തോ  ചർച്ച ചെയ്യുകയാണെന്ന് തോന്നുന്നു . വേറാരുമല്ല , ജോർജ് ചേട്ടനോടാകും. വിഷയം അടുത്ത ഷിപ്മെന്റിന്റെ പെട്ടികളുടെ എണ്ണത്തെപ്പറ്റിയാകും , തീർച്ച !

ഇനി  ഐക്യുഎഫ് ട്രീറ്റുമെന്റ് ഏരിയയിലേക്ക് .. ബ്ലോക്കിന്റെ ഹാളിലെ ചെറിയ ഡോറിലൂടെ കുനിഞ്ഞു ട്രീറ്റുമെന്റ് ഹാളിലേക്ക് കടന്നു . രണ്ടു മൂന്നു ബിന്നുകൾ നിര നിരയായി വെച്ചിരിക്കുന്നു . പതിയെ ഒരു ബിൻ തുറന്നു നോക്കി . റോസാപുഷ്പങ്ങളുടെ  നിറവുമുള്ള കളർ കൊണ്ട് ബിന്നുകൾക്കുള്ളിലെ ഓർമ്മപ്പുസ്തകങ്ങൾ ചുവന്നു പോയിരിക്കുന്നു ! നാളെ പ്രൊഡക്ഷന് വേണ്ടി വെച്ചിരിക്കുന്നതാവും . പണ്ട് വെളുപ്പിന് ഹാളിലേക്ക് വരുമ്പോൾ അസൈനാരോ , ദിനുവോ, സെൽവമോ ,ഷാജിയോ ഷവൽ  കൊണ്ട് മിക്സ് ചെയ്യുകയാവും . ഹരിണിയും ചുമ്മിയും അവിടെ അരികിൽ നില്പുണ്ടാകും . ട്രീറ്റുമെന്റ് റിപ്പോർട്ട് എഴുതുന്നത് ഷീബയോ സനിതയോ അതോ രെജിമോളോ ? ഷീബ ആരോടാണീ ദേഷ്യപ്പെടുന്നത് ? എപ്പോഴും ഒരു ചാട്ടം തന്നെ ! കെ .ആർ  ആന്റണി ചേട്ടൻ എന്ന സൂപ്പർവൈസർ കഴിഞ്ഞാൽ ആർ .പി ( റീപ്രോസസ്സിങ് മെറ്റീരിയൽ ) ൽ  ഇത്രയധികം താല്പര്യവും അനുഭവങ്ങളും ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല ഷീബയല്ലാതെ !  കുക്കറിലേക്കുള്ള ഫീഡിങ് ബിൻ കാലിയായി സങ്കടത്തോടെ മുകളിലേക്ക് നോക്കി ഇരിക്കുന്നു . കുക്കറിന്റെ വലതു വശത്തു കൂടെ ഓഫീസിലേക്ക് നടന്നു . വലതു വശത്തായി കെമിക്കൽ റൂം. ഷീബയും സനിതയുമൊക്കെ കുത്തകയാക്കി വെച്ചിരുന്ന ഈ പാപ്രിക കളർ മിക്സ് ചെയ്യാൻ എനിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല എന്ന് തമാശയോടെ  ഓർത്തു . കെമിക്കൽ ഇപ്പോഴും എസ്ടിപിപി ആയിരിക്കുമോ ? ആർക്കറിയാം . കെമിക്കൽ റൂമിന്റെ അടുത്ത് തന്നെ ഫ്ലേക്  ഐസ് റൂം കാണാം . കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിന്റെ തെളിവെന്നോണം ഇപ്പോഴും അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . ചില ഐസ് കഷണങ്ങൾ തെറിച്ചു പുറത്തേക്കു പോകുന്നു ; ഇടയ്ക്കു വെച്ച് പിരിഞ്ഞുപോയ എന്നെപോലുള്ളവരെപോലെ ഓര്മപെടുതുന്നപോലെ! കുക്കറിന്റെ സൈഡിലൂടെ നടക്കാൻ അല്പം ബുദ്ധിമുട്ടാണ് . ഇതിന്റെ അപ്പുറത്തു നിന്ന് ശോഭ പുരുഷോത്തമനോ  ഗ്രേസി ചേച്ചിയോ ക്ലീൻ ചെയ്യുന്നുണ്ടോ ? ആർക്കറിയാം .

ക്യാബിന്റെ വാതിൽ തുറന്നു കിടന്നിരുന്നു . പ്രൊഡക്ഷൻ റിപ്പോർട്ടിന്റെ ഒന്ന് രണ്ടു പേജുകൾ ഒരു പേപ്പർ വെയ്റ്റിന്റെ കീഴിൽ ഇരിക്കുന്നു . വേണുസാറും നിക്സൺ സാറും ഇപ്പോൾ എവിടെയാണാവോ ? നൈറ്റ് ഡ്യൂട്ടിക്കിടയിലെ റെസ്റ്റിന്റെ സമയതു ഗ്രേസി ചേച്ചി ചായയും കടിയും കൊണ്ട് വരുന്നത് ഇങ്ങോട്ടായിരുന്നു . തിരിച്ചിറങ്ങി വീണ്ടും പ്രൊഡക്ഷൻ ഹാളിലേക്ക് കയറി , കുക്കറിന്റെ കീഴെയുള്ള ഡോർ തുറന്നു പാക്കിങ് ഏരിയയിലേക്ക് നടന്നു  . ആറടി ഉയരമുള്ള വേണു സർ വെളുത്ത നീളൻ ഗൗണും വെളുത്ത തൊപ്പിയും ,തൊപ്പിയുടെ താഴെ ഇളംപച്ച ഞൊറി തുന്നിപ്പിടിപ്പിച്ച പോലെ  മാസ്കും വെച്ച് സ്ലോ മോഷനിൽ ഒരു അവധൂതനെപ്പോലെ  നടന്നു മറയുന്നുണ്ടോ ? ഇടതു വശത്തെ ഡോറിന്റെ അപ്പുറത്തെ ഗോവണിപ്പടിയിലൂടെ ജയയും രമ്യയും ഡ്യൂട്ടിക്ക് ഇറങ്ങി വരുന്നുണ്ടോ ? ജംഷീർ റസ്റ്റ് റൂമിൽ കത്തി വെക്കുകയാവും . നിക്സൺ സാർ ഇവരെക്കാളും ഒക്കെ നേരത്തെ എത്തി പുറത്തു നിന്ന് വിൽസ് വലിക്കുകയാവും . പതിയെ ഗ്ലയിസർ ബെൽറ്റിന്റെ അരികിലേക്ക് നീങ്ങി നിന്നു , മനസിന്  അകെ ഒരു കുളിർമ . വെളുത്ത കൺവെയറിന്റെ മുകളിലൂടെ റോസാപ്പൂവിതളുകൾ പോലെ എന്തോ ഒഴുകിവരുന്നതുപോലെ . അടുത്തായി മോണിട്ടറിന്റെ  ടച്ച് സ്ക്രീൻ കാണാം . വെറുതെ ഒന്ന് ഓൺ ആക്കി നോക്കി . കുഞ്ഞുറുമ്പുകളെപോലെ  കുറെ ബട്ടണുകൾ . വെറുതെ വിരലോടിച്ചു .അവയെല്ലാം കുണുങ്ങി ചിരിക്കുന്നതുപോലെ , അവയെല്ലാം നടക്കാൻ പഠിച്ചത് എന്റെ വിരൽത്തുമ്പുകൂടി പിടിച്ചിട്ടാണ് .ഫ്രീസറിന്റെ അപ്പുറത്തെ ഭാഗത്തു നിന്ന് മെക്കാനിക് ജയരാജ് തന്റെ ഉണ്ടക്കണ്ണുകൾ മിഴിച്ചു തുറിച്ചു നോക്കുന്നത് പോലെ , കണ്ണുകളിൽ എപ്പോഴും  ഉള്ളപോലെ ഒരു കള്ളത്തരം!

പാക്കിങ് ഏരിയയിൽ എത്തി . ഗ്ലയിസു ചെക്ക് ചെയ്യാനുള്ള നിർദേശങ്ങൾ ചുമരിൽ കാണാം . മെറ്റീരിയൽ ഉണ്ടെകിൽ ഒന്ന് ചെക്ക് ചെയ്തു നോക്കാമായിരുന്നു , കൗണ്ടും നോക്കാമായിരുന്നു. ഒരുകാലത്തു നോക്കി നോക്കി മടുത്തതാണ് ! പാക്കിങ് ഏരിയയിലൂടെ വെറുതെ നടന്നു . ചന്ദ്രതാര, രേണുക , ഷാജി, ജിജി , വിശാലാക്ഷി എല്ലാം ചേർന്ന് തിമിർത്തു പാക്കിങ് നടത്തുന്നത് മനസ്സിൽ തെളിഞ്ഞു . സെൽവം ആ കേയ്‌സ് കളെയും  കാത്തു  ട്രോളിയുമായി അല്പം അകലെ  നിൽക്കുന്നു .. നിന്ന് തിരിയാൻ സ്ഥലമില്ലാത്ത പാക്കിങ് മെറ്റീരിയൽ റൂം. അതിന്റെ എതിർഭാഗത്തുള്ള ഡോർ തുറന്നു പുറത്തുകടന്നു . തണുത്തുറഞ്ഞ ഓര്മകളെപ്പോലെ ഫ്രോസ്റ് പിടിച്ച അമോണിയം പൈപ്പുകൾ തലങ്ങും വിലങ്ങും നിറഞ്ഞ മെക്കാനിക് റൂമും കഴിഞ്ഞു പുറത്തേക്ക് .. ജിയോയുടെ ഓഫീസ്  റൂമിന്റെ മുൻവശത്തുകൂടെ ഗേറ്റിനു അരികിലേക്ക്  . മുകളിൽ ഓഫീസിന് മുൻപിൽ ഒരു ചെമ്പു പാത്രത്തിൽ ഇപ്പോഴും റോസാപ്പൂക്കൾ കാണുമോ ?

സെക്യൂരിറ്റിയോട് താങ്ക്സ് പറഞ്ഞു വിസിറ്റേഴ്‌സ് രജിസ്റ്ററിൽ എഴുതി പുറത്തു കടന്നു . ആകപ്പാടെ പറഞ്ഞറിയിക്കാനാകാത്ത ഒരു മാനസികാവസ്ഥ . പഴയ കാലത്തിലേക്ക് കടന്നു ചെന്ന സുഖം ഒരു വശത്തും ,ഒരു കാലത്തിൽ ഉണ്ടായിരുന്ന പലതും ഇന്നില്ലാത്തതിന്റെ ദുഃഖം ഒരു വശത്തും . മുൻവശത്തെ കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു . നേരത്തെ കണ്ട ചെക്കൻ തന്നെ കടയിൽ , എനിക്കറിയാത്ത ആരോ ഒരാൾ .ശ്രീകാന്തും ഒരുമിച്ചാണ് പണ്ട് സിഗരെറ്റ് വലിക്കാൻ വന്നിരുന്നത് , ഞാൻ ഗോൾഡ് ഫിൽറ്റർ ആണ് വലിച്ചിരുന്നത് , ശ്രീകാന്ത് ഗോൾഡ്  കിങ്‌സും , ഒരു കാലത്തു അറേബ്യൻ രാജാക്കന്മാർ വാണിരുന്ന രാജ്യങ്ങളിൽ ജോലി ചെയ്യും എന്ന് അന്നേ ആൾക്ക്  അറിയാമായിരുന്നിരിക്കും ! കടയിൽ പൈസ കൊടുത്തു , ഇനി പോകുക തന്നെ . ഒരു തവണ കൂടി ഗേറ്റിന്റ പിറകിൽ എവിടെയോ  മറഞ്ഞു കിടക്കുന്ന ഒരു നൂറു മുഖങ്ങളെ മനസ്സിൽ ഓർത്തുകൊണ്ട് തിരിച്ചുനടന്നു .
































ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...