Wednesday, April 29, 2020

ചില ലോക്ക്ഡൌൺ നിമിഷങ്ങൾ



മാർച്ച് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് കമ്പനിയിലെ HR ഡിപ്പാർട്മെന്റിൽ നിന്ന് ആ കോൾ വന്നത് . " നാളെ മുതൽ ' വർക്ക് ഫ്രം ഹോം' ആണ് , ഓഫീസിൽ വരേണ്ട ആവശ്യമില്ല, എന്നുവരെ എന്ന് പിന്നീടറിയിക്കാം " ഇതായിരുന്നു മെസ്സേജ്.. എനിക്കതൊരു പുതിയ അനുഭവമായിരുന്നു, ഞാൻ ഇതുവരെ വർക്ക് ഫ്രം ഹോം ഒരിക്കലും ചെയ്തിട്ടില്ല; അങ്ങനെ ഒരവസരമുണ്ടായിട്ടില്ല എന്നതാണ് സത്യം. മധുരവും പുളിപ്പും നിറഞ്ഞ ആ യാഥാർഥ്യവുമായി ഒന്ന് പൊരുത്തപ്പെട്ടു വരുന്നതേയുള്ളു , അപ്പോൾ വീണ്ടും ഗവണ്മെന്റിന്റെ വക വരുന്നു അടുത്ത നാരങ്ങാമിട്ടായി; " ലോക്ക് ഡൌൺ " ..

സ്വച്ഛസുന്ദരമായി കഴിഞ്ഞുപോന്നിരുന്ന എന്റെ ദിവസങ്ങളെ ഞാൻ നാലു ചുമരുകൾക്കിടയിലേക്കു പറിച്ചു നട്ടു. അത്യാവശ്യത്തിനു സാധനങ്ങൾ വാങ്ങിക്കാൻ ഇടയ്ക്കു പുറത്തുപോകാം എന്നത് മാത്രമാണ് ഒരാശ്വാസം , അതും മാസ്കും  ഇട്ടു , കയ്യിൽ സാനിറ്റയ്‌സറും ഒക്കെ പുരട്ടി  ആകപ്പാടെ ഒരു സുഖമില്ലാത്ത പോക്ക് . ദിവസങ്ങൾ അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു . ജീവിതകാലത്തു ആദ്യമായിട്ടാണ് ലോക്ക് ഡൌൺ എന്ന ഒരു ഏർപ്പാടിനെപ്പറ്റി കേൾക്കുന്നത് . എന്തുതന്നെ ആയാലും കരഞ്ഞിരുന്നിട്ടു കാര്യമില്ല ഈ ബോറടി മാറ്റാൻ ചില വഴികൾ കണ്ടെത്തിയേ തീരൂ എന്നെനിക്കു ബോധ്യമായി. അങ്ങനെ ചില എഴുത്തുകുത്തുകൾ , വാട്സ് അപ് ഗ്രൂപ്പുകൾ , പഴയ സൗഹൃദങ്ങളെ പൊടിതട്ടിയെടുക്കുക  എന്നിങ്ങനെയുള്ള കാര്യപരിപാടികളുമായി ദിവസങ്ങൾ മുന്നോട്ടു നീക്കിക്കൊണ്ടിരുന്നു .

ചില ദിവസങ്ങളിൽ താമസസ്ഥലത്തിന്റെ അടുത്തുള്ള അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന സ്റ്റോർ തുറക്കില്ല , അപ്പോഴൊക്കെ  കുറച്ചു ദൂരെയുള്ള ഒരു ഷോപ്പിലേക്ക് പോകേണ്ടിവരും. പോകാൻ മടിയൊന്നും തോന്നാറില്ല , കാരണം അല്പമൊന്നു നടക്കാം പിന്നെ മാസ്ക് വെച്ചതെങ്കിലും കുറച്ചു മനുഷ്യജീവികളെയും കാണാമല്ലോ. അങ്ങനെയൊരു ദിവസം പ്രസ്തുത ഷോപ്പിലേക്ക് പോകുകയായിരുന്നു.  'സാറക്കി' എന്നൊരു വളരെ തിരക്കേറിയതായിരുന്ന  മാർക്കറ്റിന്റെ മുൻ വശത്തുകൂടിയാണ് പോകേണ്ടത്. ശ്മശാനമൂകത തളംകെട്ടികിടക്കുന്ന ആ അന്തരീക്ഷം അവിടെ അങ്ങനെ ഒരു മാർക്കറ്റ് നിലനിന്നിരുന്നോ എന്നൊരു സംശയം പോലും ജനിപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നു ! സാധാരണ പച്ചക്കറികൾക്ക് പുറമെ  നല്ല ഫ്രഷ് ആയ മല്ലിച്ചെണ്ടുകൾ , പുതിനയില, വാഴക്കൂമ്പ് , ചീര എന്നിവ വിൽക്കുന്ന തദ്ദേശീയരായ നിരവധി വഴിയോരക്കച്ചവടക്കാരെക്കൊണ്ടും അതുവാങ്ങാൻ തിരക്കിടുന്ന ആൾക്കാരെക്കൊണ്ടും അതിലേ സാധാരണ ദിവസങ്ങളിൽ വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്, ഇപ്പോൾ എന്തോ ചിക്കിചികയുന്ന കാക്കകളും , അവിടവിടെയായി ഒന്നുരണ്ടു  പ്രാവുകളെയും മാത്രം കാണാം. ഇനി ഒരു അഞ്ചുമിനിറ്റ് കൂടി നടന്നാൽ ഷോപ്പ് എത്തി. അങ്ങനെ പോകുമ്പോളാണ് എതിരെ മാസ്ക് വെയ്ക്കാതെ ഒരാൾ വരുന്നത് കണ്ടത് , അയാൾ എന്നെയും ഞാൻ അയാളെയും നോക്കി. നല്ല പരിചയമുള്ളതുപോലെ അയാൾ എന്നെ നോക്കി ചിരിക്കുന്നു, എനിക്കാണെങ്കിൽ ആളെ അങ്ങോട്ട് പിടി കിട്ടുന്നില്ല, പക്ഷേ എവിടെയോ കണ്ടു നല്ല പരിചയമുള്ളപോലെ .. പ്രേംനസീറിനെപ്പോലെ നേരിയ മീശയുള്ള , മുടി ഇരുവശത്തേക്കും ചീകിയ, ഫുൾ സ്ലീവ് പുള്ളി ഷർട്ടിട്ട ഒരു ജന്റിൽമാൻ , ആളെ അറിയാം ഉറപ്പാണ്. പക്ഷേ ഓർമ്മ എവിടെയോ ലോക്ക് ആയിപ്പോയിരിക്കുന്നു , ലോക്ക് ഡൌൺ കാലമായതുകൊണ്ടാകാം ! ദൂരെ ഒരു പോലീസ് ജീപ്പ് കണ്ടതുകൊണ്ടാകാം അയാൾ മെയിൻ റോഡിലേയ്ക്ക് കയറാതെ പോക്കറ്റ് റോഡിന്റെ ഒരു വശം ചേർന്ന് നിൽക്കുകയാണ്, മാസ്ക് ധരിച്ചിട്ടില്ല. ഞാൻ അയാളെ അടിമുടി നോക്കി.. ഓർമ്മയുടെ ലോക്ക് പതിയെ തുറന്നതുപോലെ .. ഇതയാളല്ലേ; ഉറയ്ക്കാത്ത കാലടികളുമായി ശനീശ്വര ക്ഷേത്രത്തിനടുത്തു അലഞ്ഞിരുന്ന .. ഉപ്പന്റെതുപോലെ സദാ ചുവന്ന കണ്ണുകളുമായി എന്നെ നോക്കിയിരുന്നയാൾ.. അതേ , ഇതാ മുഴുക്കുടിയൻ തന്നെ !!! എന്തൊരു അദ്‌ഭുതമാണിത് ! എന്തൊരു മാറ്റം !

ഓഫീസിൽ നിന്ന് റൂമിലേക്കു വരുമ്പോൾ പതിവായി കാണുന്ന ഒരു മുഖമായിരുന്നു അത് . യാചകനല്ല , പക്ഷേ മൂക്കറ്റം കുടിച്ചു ബോധമില്ലാതെ ശനീശ്വര ക്ഷേത്ര നടയിൽ മിക്കപ്പോഴും ഇരുപ്പുണ്ടാകും . ചിലപ്പോളൊക്കെ നല്ല ഡ്രസ്സ് ആയിരിക്കും ഇട്ടിട്ടുണ്ടാകുക ,ചിലപ്പോൾ തീരെ മുഷിയാത്തതും. ജോലി ഉണ്ടായിട്ടു ചിലപ്പോൾ പോകാത്തതായിരിക്കും , അല്ലെങ്കിൽ കുടിച്ചു വീട്ടുകാരുമായി വഴക്കിട്ട് വന്നിരിക്കുന്നതാകാം എന്ന് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട് . ചിലപ്പോളൊക്കെ മുഖത്തേയ്ക്കു പാറി വീണ എണ്ണമയമില്ലാത്ത മുടിനിറഞ്ഞ തലയിലും കരുവാളിച്ച മുഖത്തും മാന്തിക്കൊണ്ടു ചുവന്ന കണ്ണുകൾ മിഴിച്ചു നോക്കി അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും .. അയാളാണോ ഇത് ? വിശ്വസിക്കാൻ തന്നെ വയ്യ. എന്തായാലും ഒന്ന് പരീക്ഷിച്ചു ബോധ്യപ്പെട്ടുകളയാം ,ഞാൻ മനസ്സിൽ കരുതി. ഞാൻ അയാളുടെ അടുത്തേയ്ക്കു നടന്നു

" എല്ലി ഹോഗ്തെ (എവിടെ പോകുന്നു )" ഞാൻ പരിചയഭാവം കാണിച്ചു കൊണ്ട് ചോദിച്ചു

" മനയല്ലി ഹോഗത്തെ ( വീട്ടിലേയ്ക്കു പോകുന്നു )" സുസ്മേരവദനനായി സംസാരിച്ച  അയാൾ തികഞ്ഞ ഒരു മര്യാദക്കാരനെപ്പോലെ കാണപ്പെട്ടു.

പോകുന്നെന്ന് കൈകൊണ്ട് ആഗ്യം കാണിച്ചു ഒരു ചിരികൂടി സമ്മാനിച്ച് അയാൾ നടന്നു നീങ്ങി.

എന്തെല്ലാം മാറ്റങ്ങളാണ് ലോക്ക് ഡൌൺ കൊണ്ടുവരുന്നത്. ചുവന്നകണ്ണുകളും കരുവാളിച്ച മുഖവും പ്രേംനസീർ മീശയ്ക്കും ക്ലോസപ്പ് പുഞ്ചിരിക്കും വഴിമാറി. മുഷിഞ്ഞ ഷിർട്ടിന്റ്റെ സ്ഥാനത്തു തിളങ്ങുന്ന പുള്ളിഷർട്ട് !

*********                                                                           *********                   
ഞാൻ ധൃതിയിൽ ഷോപ്പിലേയ്ക് നടന്നു, ആരോ ഒരാൾ എന്തൊക്കെയോ വാങ്ങിച്ചു ബിൽ ചെയ്തുകൊണ്ടിരിക്കുന്നു . അയാൾ പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ കയറി, അത്യാവശ്യസാധങ്ങളൊക്കെ വാങ്ങിച്ചു. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചുപേർ അപ്പുറത്തെ പാർക്കിൽ ഇരിക്കുന്നത് കണ്ടത്. അവിടെ ഒരു പാർക്ക് ഉള്ളതറിയാം .പക്ഷേ കഴിഞ്ഞ തവണ വന്നപ്പോൾ അത് അടച്ചിരിക്കുകയായിരുന്നു. ഇന്നെന്താണാവോ തുറന്നത് ? ചിലപ്പോൾ അതിനുള്ളിൽ ആരെങ്കിലും ജോലിക്കാർ ഉണ്ടായിരിക്കും ,പുല്ലുപറിക്കാനോ ബുഷ് ചെടി വെട്ടാനോ മറ്റോ ..ഞാനൂഹിച്ചു. അകെ മൂന്നുനാലു പേർ മാത്രമേ ഉള്ളിലുള്ളൂ, അവരെ ഒന്നുരണ്ടുപേരെ പരിചയമുണ്ട് , അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരാണ്. ഇടയ്ക്കു ഒഴിവുസമയങ്ങളിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഞാനവിടെ പോയിരിക്കാറുണ്ടായിരുന്നു.
 അത്ര വലുതല്ലെങ്കിലും പ്രകൃതിഭംഗി നിറഞ്ഞ ഒരു പാർക്കാണത് . ദീർഘചതുരാകൃതിയുള്ള അതിർത്തികളിൽ അലങ്കാര വൃക്ഷങ്ങളും ഭംഗിയായി വെട്ടിനിർത്തിയ ബുഷ് ചെടികളുമുണ്ട്. ഉള്ളിൽ അവിടവിടെയായി മുസാണ്ടച്ചെടികൾ, അവയുടെ ചുവന്ന പൂക്കൾ നിലത്തേക്ക് തൂങ്ങി കാറ്റത്ത് ആടിയുലയുന്നു. പിന്നെ  ഇടയ്ക്കിടെ വെളുത്ത, ചുവന്ന പൂക്കൾ സമൃദ്ധമായുള്ള കടലാസുചെടികൾ. എല്ലായിടത്തും നടന്നുകാണുവാൻ കല്ലുപാകിയ നടവഴികൾ . ഒത്തനടുവിലായി ഒരു ചാമ്പമരമുണ്ട് , അവിടവിടെയായി ചുവന്നചാമ്പയ്ക്കകൾ കാണാം ,അത് കായ്ച്ചുതുടങ്ങുന്നതേയുള്ളു . ഇരിക്കാനായി നിശ്ചിത അകലത്തിൽ പത്തോളം കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുണ്ട് .

എന്തായാലും വന്നതല്ലേ കുറച്ചുനേരം ഇരുന്നു ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി ഞാൻ ഉള്ളിലേയ്ക്ക് കയറി, ചാമ്പമരത്തണലിലുള്ള ഇരിപ്പിടത്തിലിരുന്നു. അടുത്ത ഫ്ലാറ്റിലുള്ള ഒരു ചേട്ടൻ നടപ്പാതയിലൂടെ കൈകൾ വീശി നടക്കുന്നു , ഇടയ്ക്കു കണ്ടപ്പോൾ പുഞ്ചിരിച്ചു . അല്പം പ്രായം ചെന്ന ഒരു ആന്റി കുറച്ചു ദൂരെ മാറി ഇരുന്നു പാട്ടുകേൾക്കുകയാണ്, അവരും അതേ ഫ്ലാറ്റിൽ തന്നെയുള്ളതാണ്. പിന്നെ കുറെ ദൂരെ കടലാസുപൂക്കളുടെ അടുത്തുള്ള ഇരിപ്പിടത്തിൽ  ഒരു ചെറുപ്പക്കാരൻ  ഇരുന്നു ഫോൺ ചെയ്യുന്നുണ്ട് , സ്റ്റുഡന്റ് ആണെന്നുതോന്നുന്നു  കണ്ടിട്ട്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് . ഞാൻ ഫോൺ തുറന്നു മെസ്സേജുകൾ ഒക്കെ ചെക്ക് ചെയ്തു, പിന്നെ ഒന്നുരണ്ടു പാട്ടുകേട്ടു. നല്ല സുഖമുണ്ട് അവിടെയിരിക്കാൻ , തണുത്ത കാറ്റും പിന്നെ ചുറ്റും പൂക്കളും ,കിളികളുടെ ശബ്‌ദവും .. കുറച്ചുകഴിഞ്ഞു ഒരു പോലീസുകാരൻ അതുവഴി ബൈക്കിൽ വന്നു , അല്പം ദൂരെയുള്ള ഒരു കടയുടെ അടുത്ത് നിർത്തി എന്നിട്ടു ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഞാൻ മാസ്ക്  നേരെയാക്കിവെച്ചു , ഒന്നും പേടിക്കാനില്ല കാരണം കയ്യിൽ  സാധനങ്ങളും ബില്ലും ഉണ്ട് പിന്നെ മാസ്കും വെച്ചിട്ടുണ്ടല്ലോ, പിന്നെ ഇവിടെ ഇരിക്കുന്നതും സാമൂഹിക അകലം പാലിച്ചുതന്നെ .. അങ്ങനെ സമയം കടന്നുപോയി. ചെറുപ്പക്കാരൻ ഫോണിൽത്തന്നെയാണ്, ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുമുണ്ട് . .


പത്തുപതിനച്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ടൂ വീലറിൽ പാർക്കിന്റെ മുൻവശത്തുവന്നു, അവരും മാസ്ക് വെച്ചിട്ടുണ്ട്. മുഖം മുഴുവൻ കാണുന്നില്ല എങ്കിലും ഒരു സുന്ദരി തന്നെ . വണ്ടി നിർത്തി ഫോണിൽ ആരോടോ സംസാരിച്ചിട്ട് ആ ചെറുപ്പക്കാരൻ നിൽക്കുന്ന ഭാഗത്തേയ്ക്കുനടന്നു . ഇപ്പോൾ കാര്യം മനസിലായി ! പെൺകുട്ടി ആ ചെറുപ്പക്കാരന്റെ ഇരിപ്പിടത്തിനരികെ ചെന്നു, ചെറുപ്പക്കാരൻ എഴുന്നേറ്റു. അൽപനേരം അവർ മുഖത്തോടു മുഖം നോക്കി നിന്നു, പിന്നെ എവിടാ എന്താ എന്നൊന്നും നോക്കിയില്ല . ഒറ്റ കെട്ടിപ്പിടുത്തം. ഞാൻ ആന്റിയുടെ നേരെ നോക്കി , ആന്റി കാര്യമായി എന്തോ നോക്കുകയാണ് മൊബൈലിൽ . നടന്നുകൊണ്ടിരുന്ന ചേട്ടൻ ഈ കാഴ്ചകണ്ടു വന്നവഴിയേ വീണ്ടും തിരിച്ചുനടന്നു. മുസാണ്ടപ്പൂക്കളും ചാമ്പമരവും സന്തോഷംകൊണ്ട് ഒന്നിളകിയതുപോലെ.. ഒരുപാടു പ്രണയകഥകൾ നിറഞ്ഞാടിയ ആ പാർക്കിലെ ഓരോ പൂക്കളും കുറേക്കാലം കൂടി വീണ്ടും ഒരുമിച്ചു പുഞ്ചിരിച്ചതുപോലെ .. വല്ല കൊറോണവൈറസും ഇവിടെയെങ്ങാനുമുണ്ടെങ്കിൽ ഇതൊക്കെക്കണ്ട് ഒരു മൂളിപ്പാട്ട് പടിയേനെ ! അല്ലെങ്കിലും പ്രണയത്തിനു എന്ത് ലോക്ക് ഡൌൺ , പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നല്ലേ ഏതോ കവി പറഞ്ഞിരിക്കുന്നത് ? ആ പെൺകുട്ടി അതാ ആ പയ്യന്റെ കയ്യും പിടിച്ചു പതിയെ പാർക്കിലൂടെ നടക്കാനൊരുങ്ങുകയാണ് .. അവർക്കായി വഴിത്താരയൊരുക്കി മുസാണ്ടപ്പൂക്കളും ചാമ്പമരവും അലങ്കാരച്ചെടികളും ഇവിടെ തയ്യാറായി നിൽക്കുന്നു . ആന്റി ഇപ്പോഴും മൊബൈലിൽ തന്നെ കണ്ണും നട്ടിരിക്കുകയാണ് . ദൂരെ നിൽക്കുന്ന പോലീസുകാരൻ പാർക്കിലേയ്ക്കുവന്നു ആ കമിതാക്കളെ ' സാമൂഹിക അകലം ' പാലിക്കാത്തതിന് ശകാരിക്കുമായിരിക്കുമോ ? അതോ ചാമ്പമരത്തെയും മുസാണ്ടപൂക്കളെയുംപോലെ അവർക്കു ഒത്താശ ചെയ്തു വീണ്ടും ഫോൺ വിളി തുടരുമായിരിക്കുമോ ? അത്തരം ഒരുപിടി ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ട് പാർക്കിൽ നിന്ന് ഇറങ്ങി തിരിച്ചുനടന്നു ..

No comments:

Post a Comment

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...