Wednesday, February 20, 2013

ഗ്രാമം

പാടവരമ്പില്‍ ഓടിനടക്കുന്ന പശുക്കിടാവിനെ നോക്കി ഞാന്‍ നിന്നു , എന്തൊരു തിമിർപ്പാണത്തിന് !! അത് വെണ്ടയുടെ തളിര്‍കായകളും ചീര വളര്‍ത്തുന്ന തടവും നാശമാക്കി ഓടിനടക്കുന്നു , അതിന്റെ വലിയ ഉണ്ടക്കണ്ണുകൾ ഇടക്ക് എന്നെ മിഴിച്ചു നോക്കി;  എങ്ങനെയുണ്ട്  എന്റെ പ്രകടനം എന്നെ ചോദിക്കുന്ന ചോദിക്കുന്ന പോലെ !! എനിക്ക്‌ ചിരി പൊട്ടി. ഒരാഴ്ചത്തെ  ലീവ് ഉണ്ട് , വളരെക്കാലം കൂടിയാണ് ഇങ്ങനെ ലീവ് ഒത്തുകിട്ടുന്നത് .അമ്മയുടെ വളരെക്കാലമായ പരിഭവങ്ങള്‍ തീരത്തുകളയാം  എന്നുകൂടെ കരുതി . എനിക്കും ഇഷ്ടമാണ് ജോലിയുടെ തിക്കും തിരക്കും നഗര ജീവിതത്തിന്റെ മടുപ്പുകളും  മാറ്റിവച്ചു സ്വച്ഛതയുടെ  ഈ ശുദ്ധവായു ശ്വസിക്കാന്‍ , പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു കുളിര്‍മ.

വരമ്പിലൂടെ ദൂരെ നോക്കിയാല്‍ കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന പച്ചപ്പുതപ്പുകാണം കാറ്റിലാടുന്ന കതിരുകള്‍ കാണാം പിന്നെയും നോക്കിയാല്‍  എന്റെ കുട്ടിക്കാലം  മുഴുവനും  കാണാം. എന്നിലേക്ക്‌  ചിന്തകളും സ്വപ്നങ്ങളും പ്രണയവുമൊക്കെ വന്നതിനുള്ള  സാക്ഷ്യപത്രം അതുമാത്രമാണ് . മറ്റെല്ലാം മാറിപ്പോയി . എന്തിനു ഈ ഞാന്‍ പൊലും മാറിയിരിക്കുന്നു .ഓരോ തവണയും നാട്ടിലെത്തുമ്പോള്‍ ഓരോരോ മാറ്റങ്ങളാണ് , മതിലുകളും  കോൺക്രീറ്റു കെട്ടിടങ്ങളും ഒരു ഗ്രാമത്തിന്റെ മുഖം തന്നെ മാറ്റുന്നു. ആഞ്ഞിലിമരങ്ങൾ അതിന്റെ പഴങ്ങൾ പെറുക്കിയെടുക്കാൻ അതിൽ വലിഞ്ഞു കയറാൻ  ഒരു കുട്ടിയെ പോലും കാണാതെ ശപിക്കപ്പെട്ടിരിക്കുന്നു. പറങ്കി മാവിൻ കാടുകൾക്ക് ഇതൊക്കെ എന്നേ  അന്യം നിന്നതാണ് .  ശാപമോക്ഷവുമായി വികസനത്തിന്റെ മഴു ഉടനെ വരും എന്നിവയ്ക്കറിയുമോ ? തോട്ടിലെ പരലിനും  പള്ളത്തിക്കും ചൂണ്ടയും ടങ്ങീസും ഊഴാനെയും കണ്ടു പരിചയം പോലും ഇല്ല , ഇടവഴിയിലെ നടപ്പാതകളിൽ പുന്നക്കാ വട്ടു കളി ബാക്കിയാക്കിയ കുഴികൾ ഒന്നും തന്നെയില്ല .  കുട്ടികൾക്ക് തിരക്കാണ് അവരെല്ലാം  വീഡിയോ ഗെയിമിന്റെ അവസാന ലെവലിലേക്ക് കടന്നിരിക്കുന്നു , അല്ലെങ്കിൽ അവർക്കു പുറത്തു കടക്കാൻ കഴിയാത്തവണ്ണം മതിലുകൾക്കു ഉയരം കൂട്ടി യിരിക്കുന്നു . അവിടെയെല്ലാം കുറെ പുതിയ വീടുകൾ ; കോൺക്രീറ്റ് കാടുകൾ . അതിലെല്ലാം പുതിയ താമസക്കാര്‍ , എനിക്കാരെയും പരിചയമില്ല എങ്ങു നിന്നോ വന്നവർ . അവര്‍ എന്നെ നോക്കി ചിരിക്കുന്നു . ആ ചിരികള്‍ക്ക് ഔപചാരികതുടെ വിരസമായ ,മടുപ്പിക്കുന്ന ഒരു നിറമുണ്ട്. എനിക്കറിയാം ഒരിക്കല്‍ ആ ചിരികളും വീടുകളും എന്റെ ഗ്രാമത്തിനെ വിഴുങ്ങും. അന്നും ഓര്‍മകളില്‍ ഒരു പച്ചപ്പ്‌ കാണും ; കാലങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത ഒരു പച്ചപ്പ്‌!!

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...