Thursday, December 5, 2019

NSS സ്മരണകൾ (ഓർമ്മക്കുറിപ്പുകൾ )

ഭാഗം -7

കേണൽ വിജയകുമാർ സാർ

കോളേജ് ബ്യൂട്ടി കണ്ടെത്തലുമായി ബന്ധപ്പെട്ട സന്തോഷത്തിന്റെ അലയൊലികൾക്കിടയിലൂടെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ക്ലാസുകൾ അങ്ങനെ നടക്കുന്നു ആദ്യകുറെ ദിവസങ്ങൾ മോഹൻദാസ് സാർ, കുഞ്ഞമ്മ ടീച്ചർ , സോമൻ സാർ , രഞ്ജിനി ടീച്ചർ ഇവരൊക്കെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. വിജയകുമാർ സാർ ഇനോർഗാനിക് കെമിസ്ട്രി ക്ലാസുകൾ എടുക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് കുറെ ദിവസമായി പക്ഷേ വന്നിട്ടില്ല . ഇടയ്ക്കു സാറിനെ സ്റ്റാഫ് റൂമിൽ കണ്ടിരുന്നു, എന്തൊക്കെയോ തിരക്കിലാണെന്നു മനസ്സിലായി. സാർ വല്യ സ്ട്രിക്ട് ആണെന്നും ചൂടൻ ആണെന്നും ഒക്കെയുള്ള വാർത്തകൾ എല്ലാവരിലും ഒരു ' വിജയകുമാർ സാർ ഫോബിയ ' പോലെ  പടർന്നോ എന്ന് ഒരു  സംശയം. എല്ലാവരും സാറിനെപ്പറ്റി സംസാരിക്കുമ്പോൾ പുറമെ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും ' ഇനി മൂന്നു വർഷം സാറിനെ പേടിക്കേണ്ടിവരുമോ എന്ന ഭയം ' വാക്കുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്നുവോ  അല്ലെങ്കിൽ അന്തർലീനമായിരിക്കുന്നുവോ എന്ന് പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോൾ എന്റെ സംസാരം കേട്ടു  മറ്റുള്ളവർക്കും ഇതേപോലെ തോന്നിക്കൂടായ്കയില്ല !

Monday, August 26, 2019

NSS സ്മരണകൾ (ഓർമക്കുറിപ്പുകൾ)



ഗാനകോകിലം Vs  ഗാനകോകിലന്മാർ


അങ്ങനെ കൂട്ടത്തിൽ ഒരു കവിയുള്ളത് കണ്ടുപിടിച്ച സന്തോഷമൊക്കെയായി ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ക്ലാസ്സിനോടും ലൈബ്രറിയോടും കാറ്റാടിമരങ്ങളോടും വൈകിട്ടു വിടപറഞ്ഞുപോകും, രാവിലെ വീണ്ടുമെത്തുമ്പോൾ അവയെല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിക്കും, ക്ലാസ്സ്മുറികൾ പുഞ്ചിരിക്കും കാറ്റാടിമരങ്ങൾ ചൂളമടിക്കും.

അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്ക് സമയത്തു ക്ലാസ്സിൽ രൂപേഷ്, ആകാശ് ഒക്കെയായി വെറുതെ ഓരോന്നു പറഞ്ഞിരിക്കുകയായിരുന്നു. അപ്പോളാണ് ജെയ്സൺ ക്ലാസ്സിലേക്ക് വന്നത്. ആളിപ്പോൾ ഫ്രീ ടൈം ഒക്കെ സംഘടനാ പ്രവർത്തനമായിട്ടു തിരക്കിലാണ്. വന്നയുടൻ ജെയ്സൺ എല്ലാവരോടുമായിട്ടു ഇങ്ങനെ പറഞ്ഞു ,

" കോളേജ് ആര്ട്ട്സ് ഫെസ്റ്റിവലിന്റെ ഡേറ്റ് തീരുമാനിച്ചു, അടുത്തമാസം നാലിനാണ്. എല്ലാ ക്ലാസ്സുകാരും ഇന്നുമുതൽ തയ്യാറെടുപ്പു തുടങ്ങുകയാണ്. ഫിസിക്സ് ബാച്ച് ഡ്രാമ പ്രാക്ടീസ് നാളെ മുതൽ തുടങ്ങുകയാണ്, മാത്‍സ് ക്ലാസുകാർ തിരുവാതിരകളി അങ്ങനെ ഓരോരുത്തരും. നമുക്ക് ഒരു സിനിമാഗാനാലാപന മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചാലോ ? ഞങ്ങളെല്ലാവരും മുഖത്തോടു മുഖം നോക്കി. എനിക്ക് വല്യ താല്പര്യമൊന്നും തോന്നിയില്ല. അൽപനേരം ഞങ്ങൾ അതിനെപ്പറ്റി ചർച്ച ചെയ്തിരുന്നു . ഞങ്ങളൊക്കെ പരിചയമായി വരുന്നതല്ലേയുള്ളു, ആരു പാടും ആരു ഡാൻസ് ചെയ്യും എന്നൊക്കെ കുറച്ചുനാൾ കഴിഞ്ഞല്ലേ അറിയാൻ പറ്റൂ. അപ്പോൾ സുനിഷയും ജെൻസിയും ആണത് പറഞ്ഞത്.

" ഈ ഷിൽന നന്നായി പാടും, ഷിൽന എന്തായാലും ഉണ്ടാകും "

താൻ എന്തായാലും ഒരു പാട്ടു പാടുമെന്ന് ജെയ്‌സൺ സ്വയം പ്രഖ്യാപിക്കുകയാണുണ്ടായത്. അങ്ങനെ രണ്ടുപേരുടെ കാര്യം ഉറപ്പായി. അപ്പോഴാണ് ദീപ, സൗമ്യ എന്നിവർ ചേർന്ന് ജ്യോതിലക്ഷ്മിയുടെ പേര് നിർദ്ദേശിക്കുന്നത് , ജ്യോതി പാട്ടു പഠിക്കുന്നുണ്ട്, മുൻപ് പല വേദികളിലും പാടിയിരുന്നു എന്നാണ് അവർ പറഞ്ഞത്. അങ്ങനെ മൂന്നുപേർ ആയി. പക്ഷേ അപ്പോഴേക്കും ഷിൽന പിന്മാറി, ഇപ്പോൾ വയ്യ പിന്നീടെപ്പോഴെങ്കിലും പാടാം എന്നാണ് കക്ഷി പറയുന്നത്‌. അങ്ങനെ വീണ്ടും രണ്ടുപേർ മാത്രമായി. അപ്പോഴാണ് ജെയ്സൺ എന്റെ നേരെ തിരിഞ്ഞത്, എന്റെ പേര് കൂടി ചേർക്കും എന്നാണ് പറയുന്നത്. അതിനുകാരണമായി പറയുന്നത് ഞങ്ങൾ പ്രൈമറി സ്കൂളിൽ ഒരുമിച്ചുപഠിച്ചപ്പോൾ ഞാൻ ക്ലാസ്സിൽ ഒരു പാട്ടു പാടി എന്നാണ്. കാര്യം ശരിയാണ് പക്ഷെ അതിനിപ്പോൾ പാടണമെന്നുണ്ടോ? അന്ന് നന്നായി പാടിയതായി ആരും പറഞ്ഞില്ലല്ലോ? എനിക്ക് തോന്നുന്നില്ല ഞാനൊരു ഗായകനാണെന്ന്, ഇങ്ങനെയുള്ള മറുചോദ്യങ്ങളും നിഷേധിക്കലും ഞാൻ നടത്തിയെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ എന്നെയും കൂടി ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി. ഞാൻ ആകാശ് , ശ്രീജിത്ത്, രൂപേഷ് എന്നിവരുമായെല്ലാം ഇക്കാര്യം സംസാരിച്ചു. ജെയ്സൺ ചെയ്തത് ശരിയായില്ലെന്നായിരുന്നു എന്റെ പക്ഷം. പക്ഷേ അവരെല്ലാം പറഞ്ഞത് മറിച്ചായിരുന്നു. ഇത് നമ്മുടെ ക്ലാസ്സിൽ ഉള്ള ഒരു പ്രോഗ്രാം മാത്രമല്ലേ? ഇത്ര ഗൗരവമായി കാണേണ്ട ആവശ്യമുണ്ടോ? എന്നൊക്കെയാണ്.

ഞാനും അങ്ങനെതന്നെയാണ് കരുതിയത്, പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അകെ മാറിമറിഞ്ഞു. മറ്റുള്ള ക്ലാസ്സുകളിലൊക്കെ സമാനമായ മത്സരങ്ങളും റിഹേഴ്സലുമൊക്കെ നടക്കുന്നത് അറിഞ്ഞിട്ടാകണം ടീച്ചേർസ് എല്ലാം ഞങ്ങളുടെ ക്ലാസ്സിലെ പ്രോഗ്രാം എന്താണെന്നും ഏതു ദിവസമാണെന്നും പരിശീലിക്കുന്നുണ്ടോ എന്നുമെല്ലാം ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. ജെയ്സൺ ഞാൻ വചനം എന്ന സിനിമയിലെ ' നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി ' എന്ന് തുടങ്ങുന്ന ഗാനം പാടി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് എന്നോട് പറഞ്ഞു. ജ്യോതിയും ഇടയ്ക്കു ലഞ്ച് ബ്രേക്ക് സമയത്തു പാട്ടൊക്കെ മൂളുന്നത് കേൾക്കാം. ഞാനാണെങ്കിൽ ആകപ്പാടെ ധർമ്മസങ്കടത്തിലായി. ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഇനിയിപ്പോൾ പിൻവാങ്ങാൻ കഴിയില്ല, ഒരു പരിശീലനവും തുടങ്ങിയിട്ടില്ലതാനും. ഇനിയിപ്പോൾ എന്തുചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടില്ല. ഞാനിത് അമ്മയോട് പറഞ്ഞു. കാരണം എന്താണെന്നുവെച്ചാൽ അമ്മ നന്നായി പാടും. വേദികളിൽ ഒന്നും പാടിയിട്ടില്ല, പക്ഷെ വീട്ടിലും ചില കുടുംബസദസ്സുകളിലും ഒക്കെ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ പറയുന്നതെന്താണെന്നുവെച്ചാൽ അമ്മ പാടുന്നത് കാരണം ചിലപ്പോൾ എനിക്കും ആ കഴിവ് കിട്ടിയിട്ടുണ്ടാകാം, ഇതൊരു അവസരമായിക്കണ്ടു മനസ്സിരുത്തി ശ്രമിക്കണം, എന്നാലല്ലേ അറിയാൻ കഴിയൂ എന്നാണ്. ഞാൻ അതിനെപ്പറ്റി നന്നായി ആലോചിച്ചു . ചിലപ്പോൾ അമ്മ പറഞ്ഞത് ശരിയാകാം. എനിക്ക് പാടാനുള്ള കഴിവ് കിട്ടിയിട്ടുണ്ടാകാം. പിന്നെ ജെയ്സൺ എന്നെ നിർബന്ധിച്ചു എന്ന് പറഞ്ഞപോലെയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. ഇതൊക്കെ ഒരു നിമിത്തമാണെങ്കിലോ? ചിലപ്പോൾ ഇതൊരു വഴിത്തിരിവായി മാറിക്കൂടെ എന്റെ ജീവിതത്തിലെ? അങ്ങനെ എന്തായാലും മനസ്സിരുത്തി ഒന്ന് ശ്രമിക്കാം എന്ന തീരുമാനവുമായാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത് .

ഞാൻ ഈ വിഷയത്തെ ശാസ്ത്രീയമായും അടുക്കും ചിട്ടയോടും കൂടിയും സമീപിക്കാൻ ശ്രമിച്ചു. ഗാനമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ആദ്യപടി ഒരു പാട്ട് തിരഞ്ഞെടുക്കുകയെന്നുള്ളതാണ്, അതും സദസ്സിന് അനുയോജ്യമായത്. ഇവിടെ ശ്രോതാക്കൾ യുവാക്കളും യുവതികളുമാണ്. അപ്പോൾ ഒരു ശോക, വിഷാദ ഗാനം ഒരിക്കലും ഒരു നല്ല തിരഞ്ഞെടുപ്പല്ല. ഒരു മെലഡി തന്നെയാണ് നല്ലത്, അതും ഒരു പ്രണയഗാനം. പിന്നീടങ്ങോട്ട് അതിനായുള്ള അന്വേഷണം ആയിരുന്നു. ആദ്യം തിരഞ്ഞെടുത്തത് ഗായത്രി എന്ന സിനിമയിലെ ' തങ്കത്തളികയിൽ പൊങ്കലുമായ് വന്ന' എന്ന ഗാനമായിരുന്നു, അതിന്റെ പരിശീലനം ആരംഭിച്ചു തുടങ്ങിയതുമാണ്. അതുകേട്ട അമ്മയാണ് പറഞ്ഞത് ഈ പാട്ടു വേണ്ടെന്ന്. വേറെ എന്തെങ്കിലും മതി എന്നേ അമ്മ പറഞ്ഞുള്ളു, ചിലപ്പോൾ ആ ഗാനത്തിലെ ചില വരികൾ അവരുടെ തീവ്രപ്രണയത്തിന്റെ കഥപറയുന്നതുകൊണ്ടാകാം. ഞാൻ മറ്റൊരു ഗാനത്തിനായി അന്വേഷണം തുടങ്ങി. ശരിക്കും സംഗീതം പഠിക്കുന്ന എന്റെ ഒരു സുഹൃത്താണ് ആ ഗാനം എന്റെ ശ്രദ്ധയിൽ പെടുത്തിയത്. അത് ശ്രീരാഗം എന്ന സിനിമയിലെ ' ശ്രീരാഗമോ ' എന്ന് തുടങ്ങുന്ന പ്രണയഗാനമായിരുന്നു. സുഹൃത്ത് പറഞ്ഞത് അത് ഒരു സാധാരണ ഗാനം അല്ല എന്നാണ്. ഹരഹരപ്രിയ, രതിപതിപ്രിയ, കർണരഞ്ജിനി, കാഫിദാട്ട് എന്നിങ്ങനെയുള്ള മനോഹര പ്രണയരാഗങ്ങളുടെ ഒരു അപൂർവ കോമ്പിനേഷനാണ് ആ ഗാനമെന്നാണ്. ആ ഗാനം അതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഞാൻ വിശദമായി ഒരുതവണ ശ്രദ്ധിച്ചു കേട്ടു, അതെ പറഞ്ഞത് ശരിയാണ് അത് പ്രണയത്തിന്റെ സൂക്ഷ്മ ,മൃദുല ഭാവങ്ങളെ തൊട്ടുണർത്തുന്ന ഒരുഗാനമാണ്. പക്ഷേ ആ ഗാനം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. കാരണം അത് പാടി ഫലിപ്പിക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവായിരുന്നില്ല, മറ്റൊരു കാരണമായിരുന്നു. ഞാൻ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഒരു സ്റ്റേജിലും പാടുകയോ അഭിനയിക്കുകയോ ചെയ്തിട്ടില്ല, ചിലപ്പോൾ സഭാകമ്പം അനുഭവപ്പെട്ടേക്കാം. അപ്പോൾ ഇത്രയും സങ്കീർണമായ ഒരു ഗാനം അമിതഭാരമായേക്കാം, അതുകൊണ്ടങ്ങനെ ഒരു തീരുമാനമെടുത്തത്. ഇനിയെന്ത് എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് പ്രേംനസീറും ശാരദയും പാടി അഭിനയിച്ച നദി എന്ന സിനിമയിലെ 'കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിരിയും' എന്ന അനശ്വര പ്രണയഗാനത്തിലേക്കാണ്. ഞാൻ ആ ഗാനം തിരഞ്ഞെടുത്തു, പിന്നിൽ ഒട്ടനവധി കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത് പ്രേംനസിർ എന്ന നിത്യഹരിതനായകനും അത്രതന്നെ ശ്രദ്ധിക്കപ്പെട്ട ശാരദയും പാടി അഭിനയിച്ച ഒരു പാട്ടാണത്. രണ്ടാമത്തെ കാര്യം സുപ്രസിദ്ധമായ വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിലൊന്ന്, മൂന്നാമത്തെ കാര്യം കാവ്യാത്മകമായ വരികൾ എന്നുള്ളതായിരുന്നു, കാമുകനിലോ കാമുകിയിലോ പ്രണയത്തിലോ ഒതുങ്ങി നിൽക്കാതെ പ്രകൃതിയുമായി പ്രണയത്തെ താരതമ്യം ചെയ്യുന്ന ഗനരചയിതാവിന്റെ മികവ്. താഴെയുള്ള വരികൽ ഉത്തമ ഉദാഹരണങ്ങളല്ലേ ?

' നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്ന് നിരവധിയോളങ്ങൾ ശ്രുതിയിട്ടു'

' പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെയേകാന്ത പുളിനത്തിൽ '

ആ കാവ്യതമാകമായ വരികൾ എന്നെ കീഴടക്കിക്കളഞ്ഞു. ചിത്രഗീതത്തിൽ ആ പാട്ടുവന്നപ്പോൾ കേട്ടു, ദേവരാജന്റെ സംഗീതം വയലാറിന്റെ കാവ്യതമാകമായ ആ വരികളെ പൂർണചന്ദ്രനിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പുഴയെപ്പോലെ സുന്ദരിയാക്കി മാറ്റി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ സ്വയം മാറുകയായിരുന്നു. ഒരു വല്ലാത്ത ആവേശവും ആത്മവിശ്വാസവും എന്നിൽ അലതല്ലിയടിച്ചു.

" കായാമ്പൂ കണ്ണിൽ വിടരും " എന്ന ആ മനോഹരമായ മെലഡി തിരഞ്ഞെടുത്തു കഴിഞ്ഞങ്ങോട്ടു പിന്നെ അശ്രാന്ത പരിശ്രമത്തിന്റെ നാളുകളായിരുന്നു. രാവിലെയും വൈകിട്ടു കോളേജ് കഴിഞ്ഞു വന്നിട്ടും ഞാൻ പരിശീലനത്തിന് സമയം കണ്ടെത്തി. ഇടയ്ക്കു അയൽവക്കത്തെ ചേച്ചിമാർ വേലിക്കൽ വന്നു തലയുയർത്തി നോക്കുന്നത് കാണാമായിരുന്നു, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര മികച്ച ആലാപനശൈലിയായിരുന്നുവല്ലോ എന്റേത്!

ആ ഗാനം ' മോഹന ' രാഗത്തിൽ ചിട്ടപ്പെടുത്തിയതായിരുന്നു. എന്നെ ആകർഷിച്ച രാഗങ്ങളിൽ ഒന്നുകൂടിയാണ് മോഹനം. ഈ ഗാനത്തെ എന്നിലേക്കാകർഷിച്ച ഘടകങ്ങളിൽ ഒന്ന് ചിലപ്പോൾ അതായിരുന്നിരിക്കാം. മോഹനം കർണാടിക് സംഗീതത്തിലെ ഒരു രാഗമാണ്, അത് ഹരികാംബോജി എന്ന രാഗത്തിൽനിന്നു ജനിക്കപ്പെട്ടതാണ്, അല്ലെങ്കിൽ രൂപപ്പെട്ടതാണ്. മോഹനത്തിനു തത്തുല്യമായ ഒരു രാഗം ഹിന്ദുസ്ഥാനി സംഗീതത്തിലുണ്ട് ; അത് 'ഭൂപാലി'യാണ്. ദിവസങ്ങൾകൊണ്ട് എന്റെ ആലാപനശൈലി മെച്ചപ്പെട്ടതായും എനിക്ക് ഒരു സദസ്സിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയും എന്നും എനിക്ക് തോന്നി. എന്റെ വീട്ടിൽ ഒരു താമരക്കുളം ഉണ്ട്, വേനൽക്കാലത്തു വെള്ളം തീരെ കുറയുന്ന സമയത്തൊഴികെ ഞാൻ അവിടെയാണ് കുളിക്കാറുള്ളത്. അത് വീടിനോടു ചേർന്ന് വിജനമായി കിടക്കുന്ന ഒരു പറമ്പാണ്, കുളവും കശുവിൻമാങ്ങാമരങ്ങളും നാലോ അഞ്ചോ തൈത്തെങ്ങുകളും അല്ലാതെ മറ്റൊന്നും അവിടെയില്ല. അതെനിക്ക് സ്വസ്ഥമായി പരിശീലിക്കുവാനുള്ള അവസരമൊരുക്കിത്തന്നു. സാധാരണ ആ കുളത്തിൽ കൂടിയാൽ നാലോ അഞ്ചോ പൂക്കൾ ഉണ്ടാകും, പക്ഷേ എന്റെ സാധകം തുടങ്ങിയതിനു ശേഷം അവയുടെ എണ്ണത്തിൽ വളരെയധികം വർദ്ധനയുണ്ടായതായി എനിക്ക് തോന്നി, ഏതു പൂക്കളാണ് മോഹനരാഗം കേൾക്കാൻ കൊതിക്കാത്തത്? അങ്ങനെ എണ്ണമറ്റ താമരപ്പൂക്കൾ നിറഞ്ഞ ആ കുളത്തിൽ പതിവായി മോഹനരാഗത്തിൽ എന്റെ ഗാനവീചികൾ അലയടിച്ചു, താമരപ്പൂക്കൾ മിഴിചിമ്മാതെ കൗതുകത്തോടെ എന്നെ നോക്കി നിന്നു, എന്നിട്ടു കുണുങ്ങിച്ചിരിച്ചു. ഇവറ്റകൾക്ക് ലജ്ജയില്ലേ അർദ്ധനഗ്നനായ എന്നെയിങ്ങനെ തുറിച്ചുനോക്കാൻ? എനിക്ക് വഷളന്മാരായ ആ താമരപ്പൂക്കളോടു കടുത്ത അമർഷം തോന്നി!

ജെയ്സൺ ക്ലാസിലിരുന്ന് ഒഴിവുസമങ്ങളിൽ അയാൾ തിരഞ്ഞെടുത്ത വചനം സിനിമയിലെ ' നീര്മിഴിപ്പീലിയിൽ ' എന്നഗാനം പതിഞ്ഞ സ്വരത്തിൽ മൂളുന്നത് കേൾക്കാമായിരുന്നു. എന്തുകൊണ്ടാണ് വിഷാദഭാവങ്ങൾ നിറഞ്ഞ ഈ ഗാനം ആ ചെറുപ്പക്കാരൻ തിരഞ്ഞെടുത്തത് എന്നെനിക്കു മനസിലായില്ല. ഒരു മത്സരത്തിനു വരുന്ന അയാൾ എന്തിന് ശ്രോതാക്കളെയെല്ലാം വിഷാദത്തിന്റെ അലയടികളിലൂടെ നടത്തിച്ചേ അടങ്ങൂ എന്നു വാശി പിടിക്കണം? എനിക്കതിന്റെ കാരണം മനസിലായില്ല. ആ ഗാനം ' ' മദ്ധ്യമാവതി ' എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. അത് വളരെ വിശേഷപ്പെട്ട ഒരു രാഗമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. കർണാടക സംഗീതജ്ഞരെല്ലാം എല്ലാ കച്ചേരികളുടെയും അവസാനത്തെ കീർത്തനം ഈ രാഗത്തിലുള്ളതാണ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്, അല്ലെങ്കിൽ അവസാന കീർത്തനം ഈ രാഗത്തിലവസാനിപ്പിക്കുമായിരുന്നു. ഇത് ജെയ്സൺ എങ്ങനെയെങ്കിലും ജയിച്ചേ മതിയാകൂ എന്ന് കരുതിക്കൂട്ടി എടുത്ത തിരഞ്ഞെടുപ്പായിരിക്കുമോ? അയാൾ ഈ രാഗത്തിൽ ഒളിഞ്ഞിരിക്കുന്ന അദ്‌ഭുദങ്ങൾ പുറത്തുകൊണ്ടുവരുമോ? വിശേപ്പെട്ടത് എന്ന് പേരുകേട്ട ആ രാഗം അയാളുടെ വിജയത്തിന് കാരണമായിത്തീരുമോ? ഇത്തരം ചിന്തകളാൽ എന്റെ മനസ് അസ്വസ്ഥമായി.

ജെയ്‌സന്റെ നീക്കങ്ങൾ എനിക്ക് നിരീക്ഷിക്കാൻ കഴിഞ്ഞതുപോലെ ജ്യോതിലക്ഷ്മി എന്ന ഗായികയുടെ നീക്കങ്ങൾ എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞില്ല. മത്സരം പ്രഖ്യാപിച്ചു കഴിഞ്ഞു ഒരിക്കലെന്നോ ഇന്റെർവെൽ സമയത്തു എന്തോ മൂളുന്നത് കേട്ടതല്ലാതെ ഒരു തരത്തിലുള്ള പരിശീലനവും ചെയ്യുന്നതായി കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ചില നന്നായി പഠിക്കുന്ന കുട്ടികൾ പരീക്ഷ അടുക്കുമ്പോൾ പഠിക്കുന്നുണ്ടോ എന്നെല്ലാം ചോദിക്കുമ്പോൾ, ഇല്ല എന്ന് മറുപടി പറയും, പക്ഷേ റിസൾട്ട് വരുമ്പോൾ മുഴുവൻ മാർക്കും കിട്ടുകയും ചെയ്യും. ഇതും അതുപോലെയാണോ? വീട്ടിൽ തീവ്രപരിശീലനം ചെയ്തിട്ടായിരിക്കുമോ ഈ ഗായിക ദിവസവും കോളേജിലേക്ക് വരുന്നത്? ജെയ്സൺ അസ്വസ്ഥമാക്കിയ എന്റെ മനസ് കൂടുതൽ കലുഷിതമായി. ഇവർ ഏതു ഗാനം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്? അതു പോലും എനിക്കറിയില്ല! ആ ഗാനം ഏതാണെന്നു കണ്ടെത്തുന്നതിനെപ്പറ്റി ഞാൻ തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു മാർഗം തെളിഞ്ഞു കിട്ടി. അതായതു ഉണ്ണിയുടെ സുഹൃത്താണ് ജ്യോതി, ഉണ്ണി എന്റെ സുഹൃത്തുമാണ്. അങ്ങനെ ഉണ്ണിയിലൂടെ ഈ ഗാനം ഏതെന്നു കണ്ടെത്താം എന്ന് ഞാൻ കരുതി. ഉച്ചഭക്ഷണം കഴിഞ്ഞു വരാന്തയിലൂടെ വെറുതെ നടന്നപ്പോൾ ഞാൻ ഗാനമതസരത്തിൽ എന്റെ പാട്ട് ' കായാമ്പൂ ' ആണെന്ന് പറഞ്ഞു. നന്നായി എന്ന് ഉണ്ണി മറുപടി പറഞ്ഞു. ജ്യോതിയുടെ പാട്ട് അറിയാമോ എന്ന ചോദ്യത്തിന് ഏതാണെന്ന് അറിയില്ല, പക്ഷെ ലക്ഷ്മി ഗോപാലസ്വാമി പാടി അഭിനയിച്ച ഏതോ ഒരു പാട്ടാണെന്നു പറയുന്നത് കേട്ടു, കൃത്യമായി ഓർമയില്ല എന്ന് പറഞ്ഞു. ആ മറുപടി തന്നെ എനിക്ക് ധാരാളമായിരുന്നു. കാരണം ലക്ഷ്മി ഗോപാലസ്വാമി ആകപ്പാടെ വിരലിലെണ്ണാവുന്ന മലയാളം ഗാനങ്ങളിലേ പാടി അഭിനയിച്ചിട്ടുള്ളു, അതൊക്കെ ഞാൻ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു. കീർത്തിചക്ര , അരയന്നങ്ങളുടെ വീട്. അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി ചുരുക്കം ചില മലയാള സിനിമകളിലേ അവർ അഭിനയിച്ചിട്ടുള്ളു. ഇതിൽ സാധ്യതയുള്ളത് അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ ' ശലഭം വഴിമാറുമാ മിഴിരണ്ടിലും ' എന്ന ഗാനമാകാനാണ്. 'ദീനദയാലോ' എന്ന അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ ഗാനത്തിനാണ് പിന്നീട് സാധ്യത. ഒരുദിവസം ഊണ് കഴിച്ചു പാത്രം കഴുകി ക്ലാസ്സിലേക്ക് വരുമ്പോൾ 'ശലഭം വഴിമാറി ..' എന്നാരോ മൂളുന്നത് കേട്ടു, ഞാൻ അങ്ങോട്ട് നോക്കി, കണക്കുകൂട്ടൽ തെറ്റിയില്ല, ഗായികതന്നെയാണ്. ദർ‌ബാരി കന്നഡ രാഗത്തിലാണ് ആ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ രാഗത്തിനൊരു പ്രത്യേകതയുണ്ട്. അക്ബറിന്റെ സദസ്സിലെ താൻസെൻ എന്ന സംഗീതജ്ഞനാണ് കർണാടിക് രാഗമായിരുന്ന അതിനെ ഹിന്ദുസ്ഥാനി രാഗങ്ങളുടെ കൂടെ പെടുത്തിയത്. മുഗൾ രാജകൊട്ടാരങ്ങളിലെ ദർബാറുകളിൽ ആലപിക്കപ്പെട്ടതുകൊണ്ടായിരിക്കുമോ 'ദർ‌ബാരി കന്നഡ 'എന്ന പേരുവന്നത്? ആ രാഗത്തിനു ശ്രോതാക്കളുടെ ഇമോഷണൽ നിലയ്ക്ക് പോലും മാറ്റം വരുത്താൻ കഴിയുമത്രേ ! അതോർക്കുമ്പോൾ എന്റെ ഇമോഷണൽ നിലയ്ക്ക് ഇപ്പോളെ മാറ്റം വന്നു തുടങ്ങി ! ആ ഗായിക ദർ‌ബാരി കണ്ണടയുടെ സൂക്ഷമഭാവങ്ങൾ തന്റെ മധുര ശബ്ദത്തിലൂടെ അനാവരണം ചെയ്തു ശ്രോതാക്കളെയെല്ലാം കയ്യിലെടുക്കുമോ? ആ ഡ്യൂയറ്റ്‌ പ്രണയഗാനത്തിന്റെ അലയൊലികളിൽ എന്റെ 'കായാമ്പൂ' എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകുമോ? ദർ‌ബാരി കന്നഡയുടെ വിജയത്തിന്റെ ചരിത്രങ്ങളിലെ മറ്റൊരദ്ധ്യായമാകുമോ ഈ ഗാനമത്സരം? ഇത്തരം എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ എന്റെ മനസമാധാനം നഷ്ടപ്പെടുത്തി. ഞാൻ ഒരു കാര്യം മനസിലാക്കി, ഈ മത്സരത്തിന്റെ ഫലപ്രഖ്യാപനം വരുന്നത് വരെ എനിക്ക് സ്വസ്ഥത കിട്ടില്ല എന്ന്! അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ആ സുദിനം വന്നെത്തി.

ഞാൻ അതിരാവിലെ തന്നെ എഴുന്നേറ്റു. താമരക്കുളത്തിൽ ഒരു കുളിയൊക്കെ പാസ്സാക്കി. ആ വഷളൻ, വായ്നോക്കി താമരപ്പൂക്കളെല്ലാം ഉണർന്നെണീറ്റിരിക്കുന്നു! ഇന്ന് സംഭവിക്കുവാൻ പോകുന്ന എന്റെ വിജയത്തോടെ ഞാൻ ഗായകൻ എന്ന നിലയിലേക്ക് ഉയരും, ഇനിയും മത്സരങ്ങൾ വരും, എനിക്കു പരിശീലനത്തിലേർപ്പെടേണ്ടാതായും വരും, ഒത്തിരിയൊത്തിരി രാഗങ്ങൾ ഇനിയും ഈ ഓളപ്പരപ്പിലൂടെ ഒഴുകി നടക്കും, വിജയം വരിച്ച ഒരുപാടു സദസ്സുകളുടെ കഥകൾ ഞാൻ നിങ്ങളോടു വിളിച്ചുപറയും. അതെല്ലാം കേട്ട് പ്രിയ താമരപ്പൂക്കളേ നിങ്ങളെല്ലാം അന്തംവിട്ടു നിൽക്കുന്നതെനിക്ക് കാണണം. അവറ്റകളെ നോക്കി ഞാൻ പ്രഖ്യാപിച്ചു. ഞാൻ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നു, വേണുവൂതുന്ന കണ്ണൻ തന്നെയാണ് ഗാനം പോലെയുള്ള സുകുമാരകലകളുടെയും അധിപൻ, അവിടെത്തന്നെയാണ് അനുഗ്രഹത്തിനായി പോകേണ്ടതും. അധികം തിരക്കില്ലാഞ്ഞതിനാൽ പെട്ടെന്ന് തന്നെ തൊഴുതിറങ്ങുവാൻ കഴിഞ്ഞു. പിന്നെ ഞാൻ പോയത് അടുത്തുള്ള ഭദ്രകാളീ ക്ഷേത്രത്തിലേക്കായിരുന്നു. വഴിപാട് കൗണ്ടറിൽ ചെന്ന് പേഴ്സ് എടുത്തപ്പോൾ തന്നെ കൗണ്ടറിൽ ഇരുന്ന ആളെന്നോട് പറഞ്ഞു,

"വഴിപാടിനാണെങ്കിൽ നട അടയ്ക്കാറായി പെട്ടെന്ന് ചെന്നു ശാന്തിയോട് പറയൂ, പണം അവിടെ കൊടുത്താൽ മതി"

നാരങ്ങാവിളക്കിന്റെ പ്രഭയും രക്തചന്ദനത്തിന്റെയും മഞ്ഞളിന്റെയും ഗന്ധവുമുള്ള അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഞാൻ തൊഴുതു.

" തിരുമേനീ ഒരു വഴിപാട് നടത്താനുണ്ടായിരുന്നു" ശ്രീകോവിലിനുളളിക്കു നോക്കി ഞാൻ അല്പം ഉറക്കെ പറഞ്ഞു.

" പെട്ടെന്ന് പറയൂ, നട അടക്കാറായി " ശാന്തി തിടുക്കം കൂട്ടി

"ശത്രുസംഹാര പുഷ്പാഞ്ജലി, പ്രശാന്ത്, ചോതി നക്ഷത്രം" ഞാൻ പറഞ്ഞു.

"ആരൊക്കെയാണ് നിങ്ങളുടെ ശത്രുക്കൾ"? ഉദ്യോഗം നിറഞ്ഞ മുഖഭാവത്തോടെ അയാൾ ചോദിച്ചു .

" ജെയ്സൺ വർഗീസ് പിന്നെ ജ്യോതിലക്ഷ്മി " ഞാൻ മറുപടി പറഞ്ഞു.

" ആരാണവർ ? " ദേവീഭക്തനായ നിങ്ങളുടെ ശത്രുത സമ്പാദിക്കാനുള്ള ധൈര്യമവർക്കുണ്ടോ എന്ന അർഥം ദ്യോതിപ്പിക്കുന്ന രീതിയിൽ അയാൾ ചോദിച്ചു, അപ്പോളയാളുടെ പുരികക്കൊടികൾ വില്ലുപോലെ വളഞ്ഞിരുന്നു.

" ഒരാൾ യുവ ഗായകനും, മറ്റേതൊരു യുവ ഗായികയും" ഞാൻ വെളിപ്പെടുത്തി.

എല്ലാം തന്റെ ജ്ഞാനദൃഷ്ടി കൊണ്ട് മനസിലാക്കുകയാണെന്നോണം അൽപനേരം അയാൾ മൗനം പാലിച്ചു. എന്നിട്ടെന്നോടായി ഇങ്ങനെ പറഞ്ഞു .

" അവരുടെ രൂപം മനസ്സിൽ കാണൂ, എന്നിട്ട് നന്നായി പ്രാർത്ഥിക്കൂ " ഇതും പറഞ്ഞു അയാൾ ശക്തിയേറിയ ശാക്തേയ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

എൻറെ ബോധമണ്ഡലത്തിൽ ജെയ്‌സന്റെയും ജ്യോതിയുടെയും ചിത്രങ്ങൾ തെളിഞ്ഞു.

" എന്റെ ശത്രുക്കളെ തൊണ്ടവേദന, കഫക്കെട്ട്, ചുമ, ടോൺസിലൈറ്റിസ് എന്നീ ആസുഖങ്ങൾ കൊണ്ട് നീ വലയ്ക്കണേ ദേവീ "ഞാനാ വിഗ്രഹത്തെനോക്കി മനമുരുകി പ്രാർഥിച്ചു.

നാരങ്ങാവിളക്കുകളുടെ പ്രഭ ഒന്നുകൂടി വർധിച്ചുവോ? വന്യമായ ഒരു തിളക്കം ആ വിഗ്രഹത്തിന്റെ കണ്ണുകളിൽ മിന്നിമാഞ്ഞുവോ? മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ ആ അന്തരീക്ഷത്തിൽ അദൃശ്യമായ എതോ ഒരു ശക്തി വന്നു നിറഞ്ഞുവോ?

ഉള്ളം കയ്യിൽ രക്തചന്ദനവും മഞ്ഞളും ഇടകലർന്ന പ്രസാദവുമായി പുറത്തേക്കു നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നു. വീട്ടിലെത്തി പ്രാതൽ കഴിച്ചു ധൃതിയിൽ കോളേജിലേക്ക് പുറപ്പെട്ടു.

ബസ് മിസ് ആയതുകൊണ്ട് എത്താൻ ലേറ്റ് ആയി. എല്ലാവരും ക്ലാസ്സിൽ കയറിയിരുന്നു. ഞാൻ പോയി എന്റെ സീറ്റിൽ ഇരുന്നു. പരിസരം അകെ ഒന്ന് വീക്ഷിച്ചു. ജ്യോതിയും ജയ്സണും എത്തിയിട്ടുണ്ട്. അധികം വൈകാതെ ജഡ്ജസ് ആയ വിജയകുമാർ സർ, രഞ്ജിനി ടീച്ചർ എന്നിവർ ക്ലാസ്സിലേക്ക് വന്നു. ക്ലാസ്സിന്റെ വാതിലിനോട് ചേർന്ന് ഒരു ബെഞ്ചിൽ അവർ ഇരുന്നു. വിജയകുമാർ സാർ കൃത്യനിഷ്ഠയുള്ള ആളാണല്ലോ, പറഞ്ഞ സമയത്തു തന്നെ മത്സരം ആരംഭിക്കുന്നതായി സാർ അറിയിച്ചു. ആദ്യം പാടേണ്ടത് ജെയ്സൺ ആയിരുന്നു. അയാൾ ക്ലാസ്സിന്റെ നടുവിലേക്ക് നടന്നു. എല്ലാവരുടെയും കണ്ണുകൾ ആയ യുവഗായകന്റെ നേരെ തിരിഞ്ഞു. ക്ലാസ് നിശ്ചലമായി, അയാൾ പാടുവാൻ തുടങ്ങി.

" നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി..
നീയെന്നരുകിൽ വന്നൂ ..
കണ്ണുനീർ തുടയ്ക്കാതെ, ഒന്നും പറയാതെ .."

ആ ഗായകൻ കണ്ണുകളടയ്ക്കുന്നതും, തല പതിയെ അനക്കുന്നതും അയാളുടെ നാസികകൾ വികസിക്കുന്നതും ആ ഗാനത്തിന്റെ ഭാവം ഉൾക്കൊണ്ടതുകൊണ്ടോ ഈണത്തിന്റെ കയറ്റിറക്കങ്ങൾ കൊണ്ടോ ആയിരുന്നു. മദ്ധ്യമാവതി രാഗത്തിന്റെ രാഗധാരകൾ ക്ലാസ്സുമുറിയിലാകെ ഒഴുകിനിറഞ്ഞു. ആ വിഷാദ ഭാവം ഞങ്ങളിൽ ഓരോരുത്തരിലേക്കും പടർന്നു. ആ നാദലഹരിയിൽ ലയിച്ചു ഞങ്ങൾ ഇരുന്നു. അയാൾ നന്നായി പാടി അവസാനിപ്പിച്ചു. എല്ലാവരും ഹർഷാരവത്തോടെ ആ ഗാനത്തെ സ്വീകരിച്ചു. ഇയാളുടെ രാഷ്ട്രീയ പ്രതിയോഗികൾക്കു അറിയുമോ ഇയാൾ ഒരു നല്ല ഗായകൻ കൂടി ആണെന്ന്? ഈ ക്ലാസ്സുമുറിയിലേക്കു ഇയാൾക്ക് എത്ര വർഷം കഴിഞ്ഞും കടന്നുവരാം, ഈ ക്ലാസ്സ്മുറിക്കും ബെഞ്ചുകൾക്കും ഡെസ്‌ക്കുകൾക്കും എല്ലാം മദ്ധ്യമാവതി രാഗം പാടിയ ഗായകനെ എങ്ങനെ മറക്കുവാൻ കഴിയും? ഈ ക്ലാസ്സ്മുറിയിൽ തങ്ങി നിൽക്കുന്ന കാറ്റിന് ഈ ഗായകനെ എങ്ങിനെ മറക്കുവാൻ കഴിയും? വർഷങ്ങൾ കഴിഞ്ഞയാൾ വന്നാലും ഈ കാറ്റ് അയാൾക്കു സ്വാഗതഗാനം പാടി വരവേൽക്കാതിരിക്കുമോ?

ജെയ്സൺ പോയി സീറ്റിൽ ഇരുന്നു. അടുത്ത് ജ്യോതിലക്ഷ്മിയാണ് പാടേണ്ടത്. വിജയകുമാർ സാർ അറിയിച്ചു. ജ്യോതിലക്ഷ്മി ക്ലാസ്സിന്റെ മുൻ ഭാഗത്തേക്ക് വന്നു. ടെൻഷനോ പതർച്ചയോ ഒന്നും തന്നെ കാണുന്നില്ല. എല്ലാവരെയും നോക്കി പുഞ്ചിരി തൂകിയിട്ട് സുന്ദരിയായ ആ ഗായിക പാടുവാൻ തുടങ്ങി.

"ശലഭം വഴിമാറുമാ മിഴിരണ്ടിലും നിൻ സമ്മതം .."
" ഇളനീർ പകരംതരും ചൊടി രണ്ടിലും നിൻ സമ്മതം "

ഈഗാനത്തിലാകെ 'സമ്മതം' എന്ന വാക്കിന്റെ അതിപ്രസരമാണോ എന്നുപോലും എനിക്ക് തോന്നിപ്പോയി. ജ്യോതിയോടു ഇങ്ങനെ ഒരു ചോദ്യം ഞാൻ മനസ്സിൽ ചോദിച്ചു. 'തോൽക്കാൻ ജ്യോതിക്ക് സമ്മതമാണോ? എങ്കിൽ തോൽപ്പിക്കാൻ എനിക്ക് സമ്മതം ! '

പതർച്ചകളൊന്നുമില്ലാതെ മധുരതരമായ ശബ്ദത്തിൽ പാട്ട് തുടരുന്നു..

" തേനിതളുകളുതിരുമ്പോൾ സമ്മതം.. സമ്മതം..."
പാടാൻ നല്ലൊരീണം നീ പങ്കുവെച്ചു തരുമോ ?.."

ജ്യോതി ഇങ്ങനെ ഒരു ചേദ്യം നേരത്തെ എന്നോട് ചോദിച്ചു എങ്കിൽ ഞാനേതെങ്കിലും ശോകഗാനം പങ്കുവെച്ചു തരുമായിരുന്നല്ലോ? ഞാൻ മനസിൽപറഞ്ഞു.

കന്നഡ ദർബാറീ രാഗത്തിന്റെ നാദപ്രവാഹത്തിൽ ശ്രോതാക്കൾ അല്പനേരത്തേക്കെങ്കിലും മറ്റേതോ ലോകത്തേയ്ക്കു പോയി! ശരിയാണ്, ഈ രാഗത്തിന് മനുഷ്യരുടെ വൈകാരിക നിലയെ സ്പർശിക്കാനുള്ള കഴിവുണ്ട്. നനുത്ത ആ സ്പർശനം ഞങ്ങളെല്ലാവരെയും അറിയിക്കാൻ ഈ ഗായികയുടെ മധുരശബ്ദത്തിനു കഴിയുന്നുണ്ട്. അങ്ങനെ മിനുട്ടുകൾ നീണ്ട ആ രാഗപ്രവാഹം അവിടെ അവസാനിച്ചു. ജ്യോതി അതിമനോഹരമായി പാടി അവസാനിപ്പിച്ചു, ക്ലാസ് മുറിയികളാകെ കയ്യടികൾ മുഴങ്ങി. കന്നഡ ദർബാറീ രാഗത്തിന്റെ അലകൾ ക്ലാസ്സിൽനിന്നും പുറത്തേക്കൊഴുകി, പൂമുഖവും കടന്നു കാറ്റാടി മരക്കൂട്ടങ്ങളുടെ ചൂളംവിളികളിലേക്കലിഞ്ഞു ചേർന്നു. ആ നിമിഷം മുതൽ കന്നഡ ദർബാറീ രാഗത്തിലാണ് കാറ്റാടി മരങ്ങൾ ചൂളം വിളിക്കുന്നത് !!

ഞാൻ ജെയ്‌സന്റെയും ജ്യോതിയുടെയും പാട്ടിനു കയ്യടിക്കാൻ പാടില്ലായിരുന്നു. ഇതൊരു മത്സരം ആണ്, അവരാകട്ടെ എന്റെ പ്രതിയോഗികളും. ഞാൻ എന്തിനു കയ്യടിച്ചു ? ഞാൻ എന്നെത്തന്നെ ശാസിച്ചു. അടുത്തത്ത് എന്റെ ഊഴമാണ്, വിജയകുമാർ സാർ വിളിച്ചു കഴിഞ്ഞു. ഞാൻ നിറഞ്ഞ ആത്മവിശ്വാസത്തോടെ ക്ലാസ്സിന്റെ മുൻവശത്തേക്കു നടന്നു. ഞാനെന്തിന് പതറണം? അതിവിശേഷമായ മോഹന രാഗത്തിലാണ് ഞാൻ പാടുവാൻ പോകുന്നത്. ദേവരാജൻ- വയലാർ കൂട്ടുകെട്ടിന്റെ അതിവിശിഷ്ട സൃഷ്ടിയായ ' കായാമ്പൂ കവിളിൽ വിടരും ' എന്ന അനശ്വരഗാനമാണത്. ഒരു കെട്ടുവള്ളത്തിൽ പ്രേംനസീറും ശാരദയും കൂടി പാടി അഭിനയിക്കുന്ന പ്രണയരംഗമാണത്. നസീറിന്റെ വളരെക്കുറച്ചു ഗാനങ്ങളേ കായൽക്കരയിലും കെട്ടുവള്ളങ്ങളിലും കടൽക്കരയിലുമൊക്കെ ചിത്രീകരിച്ചിട്ടുള്ളൂ, കൂടുതലും മരങ്ങളെയും മരക്കൂട്ടങ്ങളെയും ' ചുറ്റി' ആണ് ചിത്രീകരിച്ചിട്ടുള്ളത്. കെട്ടുവള്ളത്തിൽ അരങ്ങേറുന്ന ആ പ്രണയരംഗം എന്റെ ഭാവനയിലൂടെ കണ്ട്, അത് എന്റെ ഗാനത്തിലൂടെ, അതിൽ വിരിയുന്ന ഭാവത്തിലൂടെ ശ്രോതാക്കളെ അനുഭവിപ്പിക്കണം, അതിനെയല്ലേ ഭാവനാനുഭവത്വം എന്ന് പറയുന്നത്? അതല്ലേ ഞാൻ ചെയ്യേണ്ടത്? എല്ലാ കലകളും ഭാവസമ്പുഷ്ടമാകേണ്ടതല്ലേ? എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ പാടുവാൻ തുടങ്ങി.

" കായാമ്പൂ കണ്ണിൽ വിടരും, കമലദളം കവിളിൽ വിരിയും ..
അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴംപൊഴിയും .."

മോഹനരാഗത്തിന്റെ മാസ്മരികത ക്ലാസ്സിലാകെ നിറഞ്ഞുവോ ? എല്ലാവരും ആ മായികതയിൽ മയങ്ങിയോ? സ്വയം മറന്നുവോ?

പെട്ടെന്നാണത് സംഭവിച്ചത്, എന്റെ വാക്കുകൾ നിലച്ചു ..

എന്തോ സംഭവിച്ചു എന്നല്ലാതെ എനിക്കായൊന്നും മനസിലായില്ല
.
അൽപനേരം കഴിഞ്ഞു ശ്വാസഗതി ശരിയാക്കി വീണ്ടും പാടുവാൻ തുടങ്ങി, പാട്ടവസാനിപ്പിച്ചു. കയ്യടികൾക്കു ശക്തി കുറവായിരുന്നോ ?അതോ എനിക്ക് തോന്നിയതാണോ?

ഞാൻ തിരികെ എന്റെ സീറ്റിൽ വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ശരിക്കും മനസിലായില്ല. ഒന്നാം സമ്മാനം ജ്യോതിയലക്ഷ്മി വാങ്ങിക്കുമ്പോഴും രണ്ടാം സമ്മാനം ജെയ്സൺ വാങ്ങിക്കുമ്പോഴും കയ്യടിക്കുമ്പോൾ പോലും ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല !




(തുടരും)

Saturday, August 24, 2019

കൃഷ്ണ-കൃഷ്ണൻ

ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണല്ലോ ഭഗവൻ ശ്രീകൃഷ്ണൻ  പുരാണങ്ങളിൽ വർണിക്കപ്പെട്ടത്. വിഷ്ണുസഹസ്രനാമത്തിലെ  അൻപത്തിഏഴാമത്തെ നാമമായും. മറ്റുള്ള ദേവൻ, ദേവതാ സങ്കല്പങ്ങളിൽ നിന്ന് ശ്രീകൃഷ്ണദേവൻ വിഭിന്നനാകുന്നത് എവിടെയാണ് ? ഇത്രയേറെ ഹൃദയങ്ങളെ കീഴടക്കിയ, പ്രണയിക്കപ്പെട്ട , പല രൂപങ്ങളിൽ ആരാധിക്കപ്പെട്ട മറ്റൊരു ദേവനുണ്ടോ? ദർശനസൗഭാഗ്യം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പലനിറങ്ങൾ ചിതറിത്തെറിഞ്ഞ ക്യാൻവാസ് പോലെ മനോഹരമല്ലേ ഉഡുപ്പിയിലെ ശ്രീകൃഷ്ണന്റെയും പുരിയിലെ  ജഗന്നാഥന്റെയും വിഗ്രഹങ്ങൾ? കൃഷ്ണൻ എന്ന വാക്ക് കേൾക്കുമ്പോൾ എത്രയെത്ര ബിംബങ്ങളാണ് മനസിലേക്ക് വന്നു നിറയുന്നത്? വെണ്ണകട്ടെടുക്കുന്ന അമ്പാടിക്കൃഷ്ണനായി, വേണുവൂതുന്ന രാധാസമേതനായ കൃഷ്ണനായി, അർജുനന്റെ തേരാളിയായ കൃഷ്ണനായി, കാളീയമർദ്ദനനടനമാടുന്ന ബാലകൃഷ്ണനായി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളിൽ ഭാവഭേദങ്ങളിൽ ശ്രീകൃഷ്ണൻ നിറയുന്നു. എല്ലാം നിറപ്പകിട്ടേറിയ ആവിഷ്കാരങ്ങൾ മാത്രം !  ഭക്തരുടെ മനസിനെ ഇത്രയും ആഴത്തിൽ സ്വാധീനിയ്ക്കാൻ കഴിഞ്ഞത് ഒരുപക്ഷെ ശ്രീകൃഷ്ണൻ എന്ന സങ്കല്പത്തിന്റെ സുന്ദരമായ സ്ത്രൈണത കൊണ്ടല്ലേ? ആവിഷ്കരിക്കപ്പെട്ട എല്ലാ രൂപങ്ങളിലും കാണാൻ കഴിയില്ലേ അനിതരസാധാരണമായ സൗന്ദര്യവും, അതിൽ ഇടകലർന്ന സ്ത്രൈണതയും? അതുതന്നെയായിരിക്കണം കാലിമേച്ചു നടന്ന കണ്ണനെ കണ്ടു സ്ത്രീകൾ പ്രേമവിവശരായതു, അനുരക്തരായതും
കാർവർണ്ണനിൽ അവരുടെ പ്രേമഭാജനത്തെ കണ്ടെത്തിയതും. 10008 കാമുകിമാരെ തന്നിലേക്കാകർഷിച്ചത് നീലകലർന്ന കറുപ്പ് എന്നും മേഘവർണ്ണം എന്നും ഒക്കെ ചിത്രീകരിക്കപ്പെട്ട ആ ദേവതാസങ്കല്പമാണെന്നത് ആശ്ചര്യകരമാണ് !



രുഗ്മിണീസ്വയംവരവും എത്ര ചേതോഹരമായാണ് വിവരിക്കപ്പെട്ടത്. ചെറുപ്പം മുതലേ കൃഷ്ണഭഗവാനെ ഭർത്താവായിക്കിട്ടാൻ മോഹിച്ച രുക്മിണി, തന്റെ സുഹൃത്തായ ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തു കൊടുക്കാൻ ആഗ്രഹിച്ച രുക്മിണിയുടെ സഹോദരൻ പിടിവാശിക്കാരനായ രുക്മി, രുക്മിണിയുടെ ദൂതുമായി കൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ  ബ്രാഹ്മണൻ, രുക്മിണിയെ സ്വന്തമാക്കാൻ വിദർഭയിലേക്കു പോയ കൃഷ്ണൻ, അനുജനെ സഹായിക്കാൻ പിറകെ പുറപ്പെട്ട ബലരാമൻ, രുക്മിണിയെ സ്വന്തമാക്കാൻ രുക്മിയോട് ഘോരയുദ്ധം ചെയ്ത കൃഷ്ണൻ, രുക്മിയെ പരാജയപ്പെടുത്തി അയാളുടെ മുടിയും താടിയും കരിച്ചു കളഞ്ഞ കൃഷ്ണൻ, ദ്വാരകയിൽ രുക്മിണീസ്വയംവരം നടന്നത്, അവർക്കു പ്രദുമ്നൻ എന്നൊരു വിശ്രുതനായ സല്പുത്രൻ ജനിച്ചത് അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങളിലൂടെയാണ്  രുക്മിണീസ്വയംവരം അനശ്വരമാകുന്നത് !



മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ഭഗവത് ഗീതയിലും കേന്ദ്രകഥാപാത്രം ശ്രീകൃഷ്ണൻ തന്നെ. മഹാഭാരതത്തിൽ എത്രയെത്ര സന്ദർഭങ്ങളിൽ എത്രയെത്ര ഭാവങ്ങളിലാണ് കൃഷ്ണൻ വന്നു നിറയുന്നത്. പാണ്ഡവരുടെ അഭ്യുദയകാംക്ഷിയായി, അർജുനന്റെയും ദ്രൗപദിയുടെയും സഖാവായി, വസ്ത്രാക്ഷേപസമയത്തു ദ്രൗപദിയുടെ രക്ഷകനായി,അർജുനന്റെ തേരാളിയായി, ഗീതോപദേശകനായി അങ്ങനെ എവിടെയും ശ്രീകൃഷ്ണമയം തന്നെ മഹാഭാരതം. അതിൽത്തന്നെ അധികം ശ്രദ്ധിക്കപ്പെടാതെപോയ ഒന്നാണ് കൃഷ്ണ -കൃഷ്ണൻ മൈത്രീബന്ധം. ദ്രുപദമഹാരാജാവിന്റെ പുത്രിയായിരുന്ന ദ്രൗപദിയെ വീരാധി വീരനായ കൃഷ്ണനുവേണ്ടി ദ്രുപദൻ കാത്തുവെച്ചു. കൃഷ്ണവർണയും സുന്ദരിയും വിദുഷിയുമായിരുന്ന ദ്രൗപദിയെ വ്യാസൻ 'കൃഷ്ണ ' എന്ന് നാമകരണം ചെയ്തു. അതോടെ കൃഷ്ണ-കൃഷ്ണൻ ആത്മബന്ധം ജന്മമെടുത്തു അതിന്  അവസാനമായത് ദ്രൗപദിയെ അർജുനന് നൽകണമെന്ന ദ്രുപദനോടുള്ള കൃഷ്ണന്റെ നിർദേശമായിരുന്നു. ദ്രൗപദി അർജുനനെ സ്വയംവരം ചെയ്തിട്ടും ആ മൈത്രീബന്ധം തുടർന്നു. അർജുനനും ദ്രൗപദിക്കും ഒരുപോലെ ഉണ്ടായിരുന്ന കൃഷ്ണഭക്തിയായിരുന്നു അതിനു കാരണം. നല്ല സ്ത്രീപുരുഷ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് കൃഷ്ണ-കൃഷ്ണൻ മൈത്രീബന്ധം. കൃഷ്ണൻ ദ്രൗപദിയോട് ഇങ്ങനെ പറഞ്ഞതായി പരാമർശമുണ്ട് ഗ്രന്ഥങ്ങളിൽ,

"എന്നെ ഈശ്വരനായി കാണരുത് എന്നും ഒരു സഖാവായി മാത്രം കണ്ടാൽ മതി, മറ്റെല്ലാബന്ധത്തിനും അപ്പുറമാണീ ബന്ധം. നമ്മുടെ ഈ ബന്ധത്തിന് പേരിടാനുള്ള ജ്ഞാനം മനുഷ്യർക്കില്ല "

 "അത് കേട്ട നിമിഷത്തിൽ ഞാൻ രണ്ടു ദ്രൗപതിമാരായി മാറി, ഒന്ന് കൃഷ്ണന്റ മൈത്രി ആഗ്രഹിക്കുന്ന ദ്രൗപദിയായും, മറ്റേതു അർജുനന്റെ പ്രണയവും സാമീപ്യവും  കൊതിക്കുന്ന  ദ്രൗപദിയായും " ദ്രൗപദി ഇങ്ങനെ പറഞ്ഞതായും പരാമർശമുണ്ട്.

മധുരാപുരിയിൽ നിന്ന് കൃഷ്ണന്റെ മരണവർത്തകേട്ടു ഹൃദയം തകർന്ന  ദ്രൗപദി പറഞ്ഞതിങ്ങനെ " എന്റെ തലയിൽ ആകാശം ഇടിഞ്ഞു വീണു , കാൽക്കീഴിൽ നിന്നും മണ്ണ് ഒലിച്ചുപോയി ". അതോടെ ആ പരിശുദ്ധവും പവിതവുമായ മൈത്രീബന്ധം അവസാനിച്ചു.



1966 ൽ  ISKON (The International Society for Krishna Consciousness) ന്യൂയോർക്കിൽ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ പല രൂപത്തിൽ ആരാധിക്കപ്പെടുന്ന ഈ ദേവതാസങ്കല്പത്തിന് പുതിയ മാനങ്ങൾ കൈവന്നു. ഇന്നിപ്പോൾ ISKON നു കീഴിൽ ലോകത്താകമാനം 850  ഓളം ക്ഷേത്രങ്ങളുണ്ട്. ആസ്ഥാനം പശ്ചിമ ബംഗാളിലെ മായാപൂർ ആണ്. ബാംഗ്ലൂർ മഹാലക്ഷ്മി ലേയൗട്ടിൽ ഉള്ള  ISKON ക്ഷേത്രം എത്ര സുന്ദരവും ആകർഷണീയവുമായ ഒന്നാണ്!


ഈ ചുരുങ്ങിയ വാക്കുകൾ കൊണ്ട്  ഭഗവൻ ശ്രീകൃഷ്ണൻ എന്ന ഹൈന്ദവമനസുകളിൽ ചിരപ്രതിഷ്ഠനേടിയ, ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ദേവതാസങ്കല്പത്തിന്റെ നൂറിൽ ഒരു അംശം പോലും വിവരിക്കാനായിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട്  ഈ ചെറിയ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു.

Wednesday, August 21, 2019

NSS സ്മരണകൾ (ഓർമക്കുറിപ്പുകൾ)

ഭാഗം-1

പൊതുവിജ്ഞാനത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടു വെയ്പ് ..


അഡ്മിഷനൊക്കെ ഏകദേശം കഴിഞ്ഞു എന്ന് തോന്നുന്നു. ക്ലാസ് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുടങ്ങിയേക്കും എന്നാണ് തോന്നുന്നത്. സഹപാഠികളെ ആരെയും അത്ര പരിചയമില്ല. ജെയ്സൺ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്, ശാരിയും. പിന്നെ അനീഷ്, ഉണ്ണി, രൂപേഷ് അങ്ങനെ ചിലരെയും പരിചയപ്പെട്ടു. കെമിസ്ട്രി താല്പര്യത്തോടെ എടുത്തതല്ല. എനിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേർന്ന് പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല , പ്രത്യേകിച്ചും അമ്മ. അങ്ങനെ ക്ലാസ് ആരംഭിച്ചു. കുഞ്ഞമ്മ ടീച്ചർ, വിജയകുമാർ സർ എല്ലാവരും വന്നു അൽപനേരം വന്നു ഒരു ആമുഖവിവരണം എന്നോണം ക്ലാസുകൾ എടുത്തു, തിയറി , ലാബ് , റെക്കോർഡ് ബുക്ക് എന്നിവയെപ്പറ്റിയെല്ലാം ഒരു ഏകദേശ രൂപം തന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ..

ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് തിരക്കിട്ടു കോളേജ് ലക്ഷ്യമാക്കി നടന്നു. കുറച്ചു ലേറ്റ് ആയിപ്പോയി. ഇന്ന് ആദ്യത്തെ ക്ലാസ് മോഹൻദാസ് എന്ന സാറിന്റെ ആണെന്ന് ഇന്നലെ പറഞ്ഞിരുന്നു. സാർ വന്നു ക്ലാസ് തുടങ്ങിക്കാണുമോ ആവൊ. അഞ്ചു മിനിറ്റു കൂടി ഉണ്ട്. ക്യാന്റീനിനു കിഴക്കുവശത്തുള്ള ഇട വഴിയിലൂടെ നടന്നു. എന്തായാലും ലേറ്റ് ആയില്ല. ഫ്രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്, കൂടെ രൂപേഷ്, ജെയ്സൺ, രാജേഷ് എന്നിവരെല്ലാംഉണ്ട് . ഞങ്ങളൽപ നേരം കുശലം പറഞ്ഞിരുന്നു. അപ്പോഴേക്കും സാർ വന്നു.

" ഗുഡ് മോർണിംഗ് " മോഹൻദാസ് സാർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങളെല്ലാവരും എഴുന്നേറ്റു എന്നിട്ടൊറ്റ സ്വരത്തിൽ പറഞ്ഞു " ഗുഡ് മോർണിംഗ് സാർ ".

"സിറ്റ് ഡൌൺ " എന്ന് പറഞ്ഞിട്ട് സാർ  ഡസ്റ്ററും ചോക്കും കയ്യിലെടുത്തു. പ്ലസ് ടുവിന് കെമിസ്ട്രി പഠിച്ചിട്ടുണ്ടെങ്കിലും ഇതിപ്പോൾ അങ്ങനെയല്ല. ആഴത്തിൽ പഠിക്കാൻ പോകുകയാണ്. സാർ ക്ലാസ് തുടങ്ങി. ഓർഗാനിക് കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത് . ബോർഡിൽ  ഓരോന്നും എഴുതും എന്നിട്ട് വിശദമായി പറഞ്ഞു തരും ബോർഡിൽ ഇരുന്ന് രാസവാക്യങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചു, ഇനി മൂന്നുവർഷത്തേക്ക് ഞങ്ങൾ നിങ്ങൾക്കു കൂട്ടിനുണ്ടാകും എന്ന് അവ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നി. മോഹൻദാസ് സാറിന്റെ ക്ലാസ് കെമിസ്ട്രിയിലും സയൻസിലും ഒന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഈ ലോകത്തെ സംബന്ധിച്ച വിവരങ്ങൾ, അതായത് പൊതുവിജ്ഞാനം ഞങ്ങൾക്ക് പകർന്നു തരുന്നതിൽ സാർ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ പൊതുവിജ്ഞാനത്തിന്റെ അനന്ത നീലാകാശങ്ങളിലേക്കു സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, കാഴ്ചകൾ കാണിച്ചു തന്നു, വിവരിച്ചു തന്നു.

മീനമാതാ ബേ എന്നൊരു കടലിടുക്കിൽ എന്തൊക്കെയോ രാസവസ്തുക്കൾ കലങ്ങിയതുകൊണ്ടോ അതോ ചില രാസമാറ്റങ്ങൾ സംഭവിച്ചതുകൊണ്ടോ മീനുകൾ കൂട്ടമായി ചത്തൊടുങ്ങിയ കാര്യം സാറാണ് ഞങ്ങളോട് പറഞ്ഞത്. വയാഗ്രയിൽ അടങ്ങിയിരിക്കുന്നത് നൈട്രിക് ഓക്സയിഡ്  എന്ന രാസവസ്തുവാണെന്നും അതെങ്ങനെ പ്രവർത്തിക്കുന്നു എന്നും സാറൊരിക്കൽ വിവരിച്ചു തന്നു. അത് പറയുമ്പോൾ ഒരു കള്ളച്ചിരി മുഖത്തുണ്ടായിരുന്നതായാണ് ഓർമ്മ. സാറിന്റെ ശരീരഭാഷയും ചലനങ്ങളും പ്രത്യേകം തന്നെ ആയിരുന്നു. ഉയരം കുറഞ്ഞു നല്ല അരോഗദൃഢഗാത്രമായ ശരീരമാണ് സാറിന്റേത്. ഒറ്റക്കളർ മുറിക്കയ്യൻ ഷർട്ടുകളാണ്  കൂടുതലും ധരിച്ചിരുന്നത്, മങ്ങിയ നിറമുള്ളവ.  മുകളിലെ ഒരു ബട്ടൻസ് അഴിച്ചിട്ടിരിക്കും. സംസാരിക്കുമ്പോൾ ശരീരം ഒരു പ്രത്യേക താളത്തിൽ ഇളകും, അത് പറയുന്ന വിഷയത്തിന്റെ അർത്ഥത്തെ കൂടുതൽ വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രതിഫലനമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെന്റഗൺ ഭീകരാക്രമണത്തിലൂടെ അമേരിക്കയെ വിറപ്പിച്ച ബിൻ ലാദനെപ്പറ്റി പത്രങ്ങളിൽ വായിച്ചിരുന്നു. പക്ഷേ ഏവിയേഷൻ സ്പിരിറ്റ് എന്ന മാരക രാസവസ്തു ആയിരുന്നു ആ ആക്രമണത്തിന് അവർ ഉപയോഗിച്ചതെന്നും , ആ ദ്രാവകം മണ്ണെണ്ണ പേപ്പറിൽ പടരുന്ന വേഗത്തിൽ ആ ബഹുനിലക്കെട്ടിടത്തിലാകമാനം മിനിറ്റുകൾക്കുള്ളിൽ പടർന്നുവെന്നും, ആ കെട്ടിടം കത്തിത്തകർന്നു തരിപ്പണമായെന്നും , ഇതിന്റെ ബുദ്ധികേന്ദ്രം പത്തൊമ്പതു വയസു മാത്രം പ്രായമുള്ള ഏതോ കൊച്ചു തീവ്രവാദി ആയിരുന്നെന്നും മോഹൻദാസ് സാറാണ് ഞങ്ങളോട് പറഞ്ഞത്. അത് പറഞ്ഞപ്പോൾ സാറിൽ കണ്ട ആവേശത്തിരയിളക്കം ഒരു രാസപ്രവർത്തനത്തെപ്പറ്റിയോ സംയുക്തങ്ങളെയോ തന്മാത്രകളെയോ പറ്റി  പറയുമ്പോൾ ഒരിക്കലും കണ്ടിട്ടില്ല.

സാറിന്റെ ഓരോ ക്ലാസും  ഞങ്ങളുടെയെല്ലാം വിജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുതകുന്ന പൊതുവിജ്ഞാന ശകലങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. സാർ അത് പറയുന്ന നേരത്തു ആകാംഷ നിറഞ്ഞ കണ്ണുകളുമായി ഞങ്ങൾ ആ കൊച്ചു മുഖത്തേക്ക് മിഴി നട്ടിരിക്കും, കേട്ടുകഴിയുമ്പോൾ കൃതാര്ഥതയോടെ പുഞ്ചിരിക്കും. അതെ അത് തന്നെയായിരുന്നിരിക്കണം പൊതുവിജ്ഞാന രംഗത്തേക്ക് നമ്മളുടെയെല്ലാം ആദ്യ കാൽവെയ്പ്. അനശ്വരങ്ങളായ ആ ക്ലാസ്സുകളുടെ ഓർമ്മകൾ മീനമാതാ ബേയ്ക്കപ്പുറം പെന്റഗനോളം ഉയരത്തിൽ ആകാശത്തിലേക്കു തലയുയർത്തി നിൽക്കട്ടെ !

Wednesday, July 31, 2019

ഹൊയ്സാല രാജാക്കന്മാരുടെ നാട്ടിലേക്ക്

ആമുഖം 

ഇത് ഒരു യാത്രാവിവരണം മാത്രമല്ല ; യുഗങ്ങൾക്കു മുൻപ് ദക്ഷിണേന്ത്യയിൽ ശില്പകലയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങൾ പണികഴിപ്പിച്ച ഹൊയ്സാല രാജവംശത്തിലെ രാജാവായിരുന്ന വിഷ്ണുവർദ്ധന്റെ പ്രൗഢഗംഭീരമായ കാലത്തിന്റെ നേർക്കാഴ്ചയും അദ്ദേഹത്തിന്റെ കലാഭിരുചിയുടെയും കഥ കൂടിയാണ് . ഹൊയ്സാല ശില്പകലയുടെ മാസ്മരിക ഭംഗി വിളങ്ങി നിൽക്കുന്ന ക്ഷേത്രങ്ങളുടെയും കൽത്തൂണുകളുടെയും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒട്ടനവധി കൽമണ്ഡപങ്ങളുടെയും കഥയാണിത് .പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച പടയോട്ടങ്ങൾ നടത്തിയ മുസ്ലിം രാജവംശത്തിലെ അലാവുദ്ധീൻ ഖിൽജിയുടെയും മുഹമ്മദ് ബിൻ തുഗ്ലക്കിന്റെയും ക്രൂരതക്കിരയായ ഹൊയ്സാല ശില്പകലയുടെ കഥയാണിത് . പടനായകന്മാർ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ , കവരാൻ ശ്രമിച്ചിട്ടും സ്വയം പ്രതിരോധിച്ച ഇന്നും ചൈതന്യവത്തായി വിളങ്ങി നിൽക്കുന്ന ഹൊയ്സാല ശില്പങ്ങളുടെ കഥയാണിത് . അതെ , ഇത് ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാനനഗരികളായി ചരിത്രത്തിൽ ഇടം പിടിച്ച 'ഹാലേബീടു ' ' ബേലൂർ ' എന്നീ ക്ഷേത്രനഗരങ്ങളുടെ കഥയാണ് !! . അവിടേക്കു നടത്തിയ യാത്രയുടെ വിവരണമാണ്. ഈ രണ്ടു ക്ഷേത്രങ്ങളും UNESCO World Heritage Center പട്ടികയിൽ ചേർക്കാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു ! ഒരു ആരാധനാലയം ആയിട്ടല്ല ഈ ക്ഷേത്രങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നത്, ലോകത്തു തന്നെ സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകങ്ങളിൽ ഒന്നാണിത് . പതിനൊന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു രാജവംശത്തിന്റെ തലസ്ഥാനനഗരികളാണത് ! ഹാലേബീടു ഹൊയ്‌സാലേശ്വര ക്ഷേത്രം എന്നും ബേലൂർ ചെന്നകേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു .


പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഡൽഹി സുൽത്താനേറ്റ് റൂളർ അലാവുദ്ധീൻ ഖിൽജിയുടെ പടനായകൻ മാലിക് കഫൂർ ഹൊയ്സാല രാജാവ് ബല്ലാല -II നെ വധിച്ചു , അതോടെ ഹൊയ്സാല രാജാക്കന്മാരുടെ യുഗം അവസാനിച്ചു. അങ്ങനെ 350 ഓളം വർഷത്തെ ഭരണകാലത്തു 1500 ശില്പവിസ്മയങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ പണിതുയർത്തിയ ഹൊയ്സാലരാജാക്കന്മാർ ചരിത്രത്താളുകളിലേക്കു
മറഞ്ഞു. ഹൊയ്സാല ശില്പങ്ങൾക്കു നാഥനില്ലാതായി. പിന്നീട് അധികാരത്തിൽ വന്ന വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ ഹൊയ്സാല ശില്പങ്ങളുടെ കണ്ണീരൊപ്പി. അവയെല്ലാം തുടച്ചുമിനുക്കി ആറു ശതാബ്ദത്തിനു ശേഷവും പുതുതലമുറക്ക് കണ്ടറിയാൻ പാകത്തിൽ സംരക്ഷിച്ചു , ആ വാതിലുകൾ നമുക്കായി തുറന്നിട്ടിരിക്കുന്നു . വിജയനഗര സാമ്രാജ്യത്തിന് ഒരായിരം അഭിവാദ്യങ്ങൾ . ഹൊയ്സാല ശില്പങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളും സ്മരിക്കപ്പെടും .ഈ യാത്രാവിവരണം നിങ്ങളുടെ സാമ്രാജ്യത്തിന്റെ ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുന്നു.


* * *

ഞാൻ ബാംഗ്ലൂരാണ് ജോലി ചെയ്യുന്നത് . ഇവിടെ വന്നിട്ടിപ്പോൾ മൂന്നു വർഷം കഴിഞ്ഞു .ഒരുപാടു ടൂറിസ്റ്റ് പ്ലേസുകളുള്ള സംസ്ഥാനമാണ് കർണാടക. UNESCO World Heritage Center ആയിട്ടു പ്രഖ്യാപിച്ച ' ഹംപി ' പോലെയുള്ള ക്ഷേത്രനഗരങ്ങൾ ഇവിടെയുണ്ട് . ബാംഗ്ലൂർ ഉള്ള പാർക്കുകളും ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഒരു പ്ലാൻ തയ്യാറാക്കി ആദ്യമായി പോയത് ഹസ്സൻ ജില്ലയിലെ ഹാലേബീടു എന്ന ക്ഷേത്രനഗരിയിലേക്കാണ് .ബേലൂർ പ്ലാനിൽ ഉൾപെട്ടത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ഹസ്സൻ സിറ്റിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരുനിന്നു 210 കിലോമീറ്ററും ദൂരമുണ്ട് ഹാലേബീടു ക്ഷേത്രനഗരിയിലേക്ക്. ബാംഗ്ലൂരുനിന്നു അഞ്ചു ട്രെയിൻ സർവീസുകളുണ്ട് ഹസ്സനിലേക്ക്‌ . രാവിലെ രണ്ടു ട്രെയിനുകളും വൈകിട്ട് മൂന്നു ട്രെയിനുകളും . യെശ്വന്ത്പൂർ - കാർവാർ എക്സ്പ്രസ്സ് , സുർ ഹസ്സൻ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ രാവിലെയും കണ്ണൂർ എക്സ്പ്രസ്സ് , ബാംഗ്ലൂർ - ഹസ്സൻ ഇന്റർസിറ്റി , കാർവാർ എക്സ്പ്രസ്സ് എന്നിവ വൈകിട്ടും . മൂന്നര മണിക്കൂറാണ് യാത്രാസമയം. ഹസനിൽ നിന്ന് തിരിച്ചും ഇതേപോലെ ട്രെയിനുകളുണ്ട് , പക്ഷെ വൈകിട്ട് 4 .50 കഴിഞ്ഞാൽ ട്രെയിൻ ഇല്ല .അതാണ് രാവിലെ പോയി വൈകിട്ട് വരാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഒരു ബുദ്ധിമുട്ട് . പക്ഷെ ധാരാളം ബസ് സർവീസുകൾ ഉണ്ട് . ഹസനിൽ നിന്നും ഹാലേബീടുവിലേക്കുള്ള പിന്നീടുള്ള 30 കിലോമീറ്റര് ബസിൽ പോകണം.


ഞാൻ അതിരാവിലെയുള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തത്. കൃത്യസമയത്തു സ്റ്റേഷനിൽ എത്താൻ ബുദ്ധിമുട്ടി. ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത് ലേറ്റ് ആയാണ് എത്തിയത്. ട്രെയിൻ മിസ് ആകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു ,പക്ഷേ കിട്ടി.7 .10 ന് ട്രെയിൻ പുറപ്പെട്ടു . ടൗൺ കഴിഞ്ഞാൽ പിന്നെ മനോഹരമായ കാഴ്ചകളാണ്. വിൻഡോ സീറ്റ് തന്നെ ബുക്ക് ചെയ്തത് കൊണ്ട് കാഴ്ചകൾ നന്നായി ആസ്വദിക്കാൻ പറ്റി. ബാംഗ്ലൂർ കഴിഞ്ഞാൽ അടുത്ത പട്ടണം നെലമംഗലാ ആണ്. നെലമംഗല കഴിഞ്ഞാൽ കുനിഗൽ ,യെദിയൂർ, ശ്രാവണബെലഗോള ,ചന്നരായപട്ടണ പിന്നെ ഹസ്സൻ . നെലമംഗല യെദിയൂർ ഭാഗങ്ങളൊക്കെ പ്രകൃതിരമണീയമായ കാഴചകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു . ഇന്ത്യയിലെതന്നെ പ്രസിദ്ധമായ വലിയ ഹോർസ് ട്രെയിനിങ് സെന്റർ കുനിഗൽ എന്ന സ്ഥലത്തുണ്ട് , പക്ഷെ ട്രെയിനിൽ നിന്ന് അത് കാണാൻ കഴിയില്ല .ഒരു സഹയാത്രികനാണ് അതെന്നോട് പറഞ്ഞത് അദ്ദേഹം ഭാര്യയും മകനുമായി എന്റെ എതിരെ ഉള്ള സീറ്റിലാണ് ഇരിക്കുന്നത്. ആൾ ബാംഗ്ലൂർ ഒരു IT Start Up കമ്പനി നടത്തുന്നു. ഹസ്സനിലേക്കു പോകുകയാണ് ; അവിടെയാണ് വീട്. ധാരാളം മയിലുകളെ റെയിൽവേ ട്രാക്കിനിരുവശങ്ങളിലും കാണാൻ കഴിയും. ഇടതൂർന്ന തേക്കിൻ കാടുകൾ, ഇഞ്ചി കൃഷി ചെയ്ത വയലുകൾ ഇതെല്ലം കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകളായിരുന്നു . യെദിയൂർ ആയപ്പോൾ ട്രെയിനിൽ തദ്ദേശീയരായ വഴിക്കച്ചവടക്കാർ ഭക്ഷണവുമായി കയറി. തട്ട് ഇഡ്ഡലി ( ഒരു പപ്പടത്തിന്റെ വലിപ്പമുള്ള ഇഡ്ഡലി ) ഞാൻ വാങ്ങിച്ചു . ഏലക്ക അരച്ചുചേർത്ത ഇഡ്ഡലിയാണത് പുതിന ചട്ണിയും സാമ്പാറും കൂടെ കിട്ടും . നല്ല സ്വാദാണ് അത് കഴിക്കാൻ . രണ്ടു ഇഡ്ഡലിക്ക് മുപ്പതു രൂപയെ ഉള്ളു. ഞാൻ അതും കഴിച്ചു കാഴ്ചകൾ നോക്കിയിരുന്നു . ട്രെയിൻ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. പുലർകാലത്തിൽ മറന്നുപോകുന്ന സ്വപ്നങ്ങളെപ്പോലെ തേക്കിൻ കാടുകളും വയലുകളും വീടുകളും ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചിതരായ കുറെ മനുഷ്യരും കടകളും കവലകളുമെല്ലാം ട്രെയിനിന്റെ കൂകിപ്പായലിലേക്കു മറഞ്ഞുപോകുന്നു.


ശ്രാവണബെലഗോള എത്തി. സ്റ്റേഷനിലെ ബോർഡ് കണ്ടപ്പോളാണ് മനസിലായത് . ഇത് ജൈനരുടെ തീർഥാടനകേന്ദ്രത്തിന്റെ പേരാണെന്ന് അറിയാമായിരുന്നു. ഇവിടെ വല്ല ജൈന ആരാധനാകേന്ദ്രവും ഉണ്ടായിയിരിക്കും എന്ന് ഞാൻ മനസ്സിൽ കരുതി .സഹയാത്രികനോട് വെറുതെ ഒന്ന് ചോദിച്ചു. അതെ ഉണ്ട് കാണിച്ചു തരാം എന്നും ആളെന്നോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ബിൽഡിങ്ങു കഴിഞ്ഞാലേ ശരിയായി കാണാൻ പറ്റൂ എന്നും പറഞ്ഞു . ട്രെയിൻ മുന്നോട്ടു നീങ്ങി അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു പുറത്തേക്കു വിരൽ ചൂണ്ടി. ആ കാഴ്ച കണ്ട ഞാൻ അമ്പരന്നു പോയി!! അതാ നാലഞ്ചു കിലോമീറ്ററുകൾക്കപ്പുറത്തു ഒരു ഗ്രാമത്തിനു മുകളിലെന്നപോലെ ഒരു കൂറ്റൻ മല ! ആ മലക്കുമുകളിൽ ഒരു വിഗ്രഹത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു പടുകൂറ്റൻ തല ! തൊട്ടു താഴെ ഒരു കെട്ടിടത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ചില ഭാഗങ്ങളും കാണാം, അത്ര വ്യക്തമല്ല .അപ്പോൾതോന്നിയ ആകാംക്ഷയും അമ്പരപ്പും എന്നെ പിന്നീടൊരിക്കലവിടെ എത്തിച്ചു. 57 ഫീറ്റ് ഉയരമുള്ള ഗോമതേശ്വര ബാഹുബലിയെന്ന ജൈനരുടെ ആരാധ്യ പുരുഷന്റെ ഒറ്റക്കൽ പ്രതിമ ( ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ Self Standing Statuesil ഒന്നാണത് ) കാണാൻ 700 കുത്തനെയുള്ള പടികൾ നഗ്നപാദനായി(ചെരുപ്പിട്ടു മല ചവിട്ടാൻ അനുവാദമില്ല) ചവിട്ടി . കാഴ്ചകൾ കണ്ടു വിസ്മയിച്ചു . അത് വേറൊരു ലോകം ആയിരുന്നു .ആകാശത്തിനു തൊട്ടു താഴെ ഒരു രാജകൊട്ടാരം . നിറയെ പാറക്കെട്ടുകളും കോട്ടകളും മാത്രം !



പിന്നെയും നഗരങ്ങൾ കഴിഞ്ഞു പോയി . സുന്ദരമായ കാഴ്ച്ചകൾ മാത്രം . ഇടയ്ക്കു മലനിരകൾക്കിടയിലൂടെയുള്ള തുരങ്കത്തിലൂടെ ട്രെയിൻ കടന്നു പോയി . പാറക്കെട്ടുകൾക്കുള്ളിലെ തണുത്തുറഞ്ഞ ഇരുട്ടിനെ തൊട്ടുരുമ്മി ട്രെയിൻ കടന്നുപോയി .ഒന്നും കാണാൻ കഴിയുന്നില്ല , ഇരുട്ടുമാത്രം . ഹസ്സൻ എത്താൻ ഇനി അധിക സമയം ഇല്ലെന്നു ഗൂഗിൾ മാപ്പിൽനിന്നു മനസിലായി . അങ്ങനെ മൂന്നര മണിക്കൂറിനു ശേഷം ട്രെയിൻ ഹസ്സനിലെത്തി. സഹയാത്രികനോട് കൈ കൊടുത്തു പിരിഞ്ഞു . ഫോൺ നമ്പർ കൈമാറി . ആളുടെ ഭാര്യ കുലീനത്വം നിറഞ്ഞ മുഖത്തോടും മാന്യമായ പെരുമാറ്റത്തോടും കൂടിയ ഒരു സ്ത്രീയായിരുന്നു . ബസ് സ്റ്റാൻഡ് അത്ര ദൂരെയല്ല , ഒരു ബസിൽ കുറച്ചു പോയാൽ മതി . ബസ് കിട്ടി അവിടെ ചെന്നപ്പോളാണ് മനസിലായത് അവിടെ നിന്ന് ഹാലേബീടുവിലേക്കു ബസ് ഇല്ലെന്ന് . പിന്നെ അവിടെ നിന്നും ന്യൂ ബസ് സ്റ്റാൻഡിലേക്ക് പോയി. അല്പനേരത്തെ കാത്തിരിപ്പിനു ശേഷം ബസ് കിട്ടി .ബസ് ഓടിത്തുടങ്ങി .ഇന്റർനെറ്റ് ഡാറ്റ ഉള്ള ഫോണിൽ ബാറ്ററി കുറവായിരുന്നു .അതുകൊണ്ടു ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ല . ചിത്രങ്ങളെടുക്കാൻ നല്ല ക്യാമറയുള്ള വേറൊരു മൊബൈൽ കരുതിയിരുന്നു . ഓരോ സ്റ്റോപ്പുകൾ കഴിയുമ്പോഴും ആകാംക്ഷ കൂടിക്കൂടി വന്നു. ഭാഷ ഒരു പ്രശ്നമായത് കൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ഡോറിനടുത്തു കണ്ടക്ടർക്കടുത്തു പോയി നിന്നു . എങ്ങാനും സംസാരത്തിലെ ആശയക്കുഴപ്പം കാരണം സ്റ്റോപ്പ് മിസ് ആയിപ്പോയാലോ എന്ന് വിചാരിച്ചു .കണ്ടക്ടർ അത്യാവശ്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കും . ആളെന്നോട് എവിടെ നിന്ന് വരുന്നതാണെന്നും സ്വദേശവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു . അങ്ങനെ ഹാലേബീടു എത്തി. അവിടെയൊരു ബസ് സ്റ്റാൻഡ് തന്നെയുണ്ട് . ഇറങ്ങാൻ നേരം അടുത്ത് തന്നെ ബേലൂർ എന്നൊരു ക്ഷേത്രം ഉണ്ടെന്നും അവിടെയും കൂടി പോകാൻ ശ്രമിക്കൂ എന്നും കണ്ടക്ടർ പറഞ്ഞു . പുറത്തേക്കിറങ്ങി വരുമ്പോൾത്തന്നെ കാണാം ചിത്രങ്ങളിൽ കണ്ടതുപോലെ തന്നെയുള്ള ഒരു കരിങ്കൽകൊട്ടാരം. എന്തൊക്കെയോ വിസ്മയങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു ഒതുക്കമുള്ള ഭാവമായിരുന്നു ആ കോട്ടയ്ക്ക് ! ആദ്യം മനസ്സിൽ തോന്നിയ മതിപ്പ് അങ്ങനെയായിരുന്നു . അടുത്ത് തന്നെ കുളിക്കാനുള്ള സൗകര്യം ഉണ്ട്. എന്തായാലും ക്ഷേത്രമല്ലേ , ഞാൻ കുളിച്ചു ഫ്രഷ് ആയി പാൻറ്സും ഷർട്ടും മാറ്റി ബാഗിൽ കരുതിയിരുന്ന മുണ്ടും ഷർട്ടും ധരിച്ചു . റോഡിന്റെയും ഹാലേബീടുവിൻറെയും മധ്യത്തിലായി ഒരു ചുറ്റുമതിലുകൾ കെട്ടിയ ഒരു വലിയ തടാകം കാണാം . അത് 'ദ്വാരസമുദ്ര ' എന്ന ഒരു വലിയ മനുഷ്യനിർമിത തടാകമാണ് . നടന്ന് ഹാലേബീടുവിന്റെ മുന്നിലെത്തി . ഒരു പടിപ്പുരയോ വലിയ മതിലോ ഒന്നും തന്നെയില്ല .കുറച്ചു കൽത്തൂണുകൾ അല്പം അകലത്തിലായി അതിർത്തിയായി നാട്ടിയിരിക്കുന്നു . ചിലപ്പോൾ പൊളിച്ചുപണിയുകയാവാം. പ്രവേശനവഴിക്കരുകിൽ രണ്ടു കൽത്തൂണുകളിൽ കരിങ്കല്ലിന്റെ ഒരു ബോർഡിൽ കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു ; 'ഹാലേബീടു'.



ഞാൻ ക്ഷേത്രമുറ്റത്തേക്കു നടന്നു . ടൈലുകൾ വിരിച്ച വശങ്ങളിൽ അലങ്കാരച്ചെടികളുള്ള ഒരു നടപ്പാതയിലൂടെ നടന്നുവേണം ഹാലേബീടുവിലേക്ക് എത്താൻ . ഇരുന്നൂറു മീറ്ററോളം നടക്കാനുണ്ട് .ഏകദേശം ഒരു അഞ്ചേക്കർ സ്ഥലത്താണ് ഹാലേബീടു സ്ഥിതിചെയ്യുന്നത് .ഇടതുഭാഗത്തു വിശാലമായ പച്ചപ്പുല്ലുകൾ മേഞ്ഞ ഇടയ്ക്കിടെ പലവിധം പൂച്ചെടികളുള്ള ഒരു ഗാർഡൻ . അതിനപ്പുറം ദ്വാരസമുദ്രം നദി ഒഴുകുന്നു . പ്രവേശനവഴിക്ക് ഇടത്തായി പലവിധം നാഗങ്ങളുടെ കരിങ്കൽ ശില്പങ്ങൾ ഒരു മതിൽക്കെട്ടിനുള്ളിൽ തൂണുകളെന്നപോൾ അല്പം അകലത്തിൽ സ്ഥാപിച്ചിരിക്കുന്നു അതിൽ വള്ളിച്ചെടികൾ പടർന്നിരിക്കുന്നു . ഏകദേശം 50 നോടടുത്തു വലിയ നാഗശില്പങ്ങളുണ്ട് , ആരും നോക്കി നിന്നുപോകുന്ന തലയെടുപ്പാണത്തിന് . അതിനോട് ചേർന്ന് ആർക്കിയോളജി ഓഫ് ഇന്ത്യയുടെ ഹാലേബീടു മ്യൂസിയം ഉണ്ട് .ഹാലേബീടുവുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എനിക്കത് ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല. പ്രവേശനസമയം കഴിഞ്ഞിരുന്നു .മ്യൂസിയത്തിന് തൊട്ടപ്പുറത്തായി ഏകദേശം ഇരുപതടി വലിപ്പമുള്ള ഒറ്റക്കല്ലിൽ കൊത്തിയ ബാഹുബലി പ്രതിമ കാണാം. ഹാലേബീടുവിന്റെ ഇടതു ഭാഗത്തായി രണ്ടു വലിയ നന്ദി (ശിവന്റെ വാഹനമായ നന്ദി ) കൽമണ്ഡപങ്ങളുണ്ട്. ഞാൻ ഹാലേബീടുവിന്റെ പടിവാതിലിലെത്തി . രണ്ടു ദേവതകൾ നൃത്തം ചെയ്യുന്ന വലിയ ചിത്രം ആലേഖനം ചെയ്ത വാതിലിനു അപ്പുറത്തും ഇപ്പുറത്തുമായി കൊത്തുപണികളുടെ ഒരു മാസ്മരിക പ്രപഞ്ചം ! ഇതാണോ കരിങ്കല്ലിൽ കൊത്തിയ കവിത എന്നെല്ലാം ആരോ പറഞ്ഞിട്ടുള്ളത് .ആ നില്പങ്ങനെ നിന്നുപോയി . തോളിൽ ആരോ കൈ വയ്ക്കുന്നു. ചെരുപ്പ് സൂക്ഷിക്കുന്ന ആളാണ് . ചെരുപ്പ് സ്റ്റാൻഡിൽ വെക്കാനാണ് പറയുന്നത്. ചെരുപ്പും ബാഗും സ്റ്റാൻഡിൽ വെച്ച് ടോക്കണും വാങ്ങി ശില്പഭംഗി ചുറ്റുവിളക്കു തെളിയിച്ച ഹാലേബീടുവിലേക്ക് കയറി.


ഇരുട്ട് നിറഞ്ഞ അകത്തളത്തിനുള്ളിൽ താളം കെട്ടി നിൽക്കുന്ന നിശബ്ദത, തണുപ്പ് . ഏതോ കാലത്തിന്റെ സ്മാരകങ്ങളായി തലയുയർത്തി നിൽക്കുന്ന ഏതൊക്കെയോ പുരാണ കഥകളിലെ രംഗങ്ങൾ ആലേഖനം ചെയ്യപ്പെട്ട കരിങ്കൽത്തൂണുകൾ . ഏകദേശം പത്തോളം തൂണുകൾ ഹാലേബീടുവിന്റെ ഉള്ളിൽ തന്നെയുണ്ട് ഏകദേശം പന്ത്രണ്ടടി ഉയരമുള്ളവ. മുകളിലേക്ക് നോക്കിയാൽ വിസ്മയിക്കാത്തവർ കലാസ്വാദകരല്ല . അവിശ്വസനീയമായ കൊത്തുപണികൾ നിറഞ്ഞ മേൽക്കൂര. വിഷ്ണുവർദ്ധന്റെ ഭരണകാലത്തു 1121 CE ലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്, പൂർത്തീകരിച്ചത് 1160 CE ലാണ് . വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു ഭരണം നടത്തിയിരുന്ന ഡൽഹി സുൽത്താനേറ്റിന്റെ സൈന്യം 14 - ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഹാലേബീടുവിനെ രണ്ടു തവണ ആക്രമിച്ചു , ശില്പങ്ങൾ നശിപ്പിക്കപ്പെട്ടു,മോഷ്ടിക്കപ്പെട്ടു. പ്രതാപം നഷ്ടപ്പെട്ട ശില്പങ്ങൾ കാലങ്ങളോളം ശാപമോക്ഷം തേടി തപസ്സ് ചെയ്തു . പിന്നീട് വിജയനഗര രാജവംശം അധികാരത്തിലേറുന്നത് വരെ ആ തപസു തുടർന്നു . ദീർഘവീക്ഷണമുണ്ടായിരുന്ന അവർ അവിടത്തെ രേഖകളിൽ നിന്നും ശിലാലിഖിതങ്ങളിൽ നിന്നും ഈ ചരിത്ര സ്മാരകം ശാസ്ത്രീയമായി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു മനസിലാക്കുകയും അത് വിജയകരമായി പ്രാവർത്തികമാക്കുകയും ചെയ്തു . " സോപ്പ് സ്റ്റോൺ " കൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിട്ടുള്ളത് . മറ്റുള്ള ശിലകളിൽ ഇത്രയും സൂക്ഷ്മമായ കൊത്തുപണികൾ ചെയ്യാൻ കഴിയില്ല . ഇത് ശൈവ സങ്കല്പത്തിൽ നിർമിച്ചിട്ടുള്ള ഒരു 'ട്വിൻ ടെംപിൾ' ആണ് .' ഹൊയ്‌സാലേശ്വര ' 'ശാന്തലേശ്വര ' എന്നീ ശിവലിംഗങ്ങളാണ് സങ്കൽപം; ഒന്നിന് പൗരുഷഭാവമാണെങ്കിൽ മറ്റേതിന് സ്ത്രൈണഭാവമാണ്. രണ്ടും ഇവിടെ സമന്വയിക്കപ്പെട്ടിരിക്കുന്നു . രണ്ടു ശ്രീകോവിലുകളിലും പൂജാരിമാരുണ്ട് . തൊഴുതു പ്രാർത്ഥിക്കാം കാണിക്കായിടം പ്രസാദം വാങ്ങാം . പക്ഷേ ഒട്ടും തിരക്കില്ല , കാരണം വരുന്നവരിൽ ഭൂരിഭാഗവും സഞ്ചാരികളാണ് എന്നുള്ളതാണ് . ഞാൻ തൊഴുതു, പ്രസാദവും വാങ്ങി . ഇവിടെയെത്തുന്ന എല്ലാ സഞ്ചാരികളും എന്നേ ഹൊയ്‌സാലേശ്വരന്റെ അനുഗ്രഹം കിട്ടിയവരാണ് . ശ്രീകോവിലിനു മുൻവശത്തു ഭിത്തികളിലുള്ള ദേവീരൂപങ്ങൾക്കു മാസ്മരിക ഭംഗിയാണ് .കുങ്കുമവും എണ്ണയും കലർന്ന ആ ശില്പങ്ങൾ എണ്ണ വിളക്കിന്റെ പ്രഭയിൽJജ്വലിക്കുന്നു. അതിനു സമീപത്തായി ഇരുവശങ്ങളിലും തൂണുകളുണ്ട് . കൊത്തുപണിയുടെ പാരമ്യം എന്ന് തന്നെ പറയാം ആ തൂണുകളെപ്പറ്റി . രണ്ടു ശ്രീകോവിലുകളും ഇതേ മാതൃകയിൽ തന്നെ . രണ്ടു ശ്രീകോവിലുകളും കിഴക്കോട്ടാണ് ദർശനം . പക്ഷേ പ്രധാന കവാടം വടക്കുവശത്താണ്; ഒരു വശത്തുനിന്നാണ് അകത്തേക്ക് കടക്കുന്നത് മുൻവശത്തുകൂടിയല്ല . രണ്ടു ശ്രീകോവിലുകളുടെയും അഭിമുഖമായി ഭീമാകാരമായ നന്ദിയുടെ കൽമണ്ഡപങ്ങളും കാണാം .അത്രയും വലിയ ഒരു നന്ദി വിഗ്രഹം മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല! .എല്ലാ ജാതിമതസ്ഥരും വിദേശീയരും തിരക്കുപിടിച്ചു ക്യാമറയിലും മൊബൈലിലും ചിത്രങ്ങൾ പകർത്തുന്നു . ഉള്ളിലെ കാഴ്ചകൾ കണ്ടു ഞാൻ തെക്കേ വാതിലിലൂടെ പുറത്തിറങ്ങി. ശില്പങ്ങൾ ആലേഖനം ചെയ്യപ്പെട്ട വാതിലുകൾ സഞ്ചാരികളുടെ മുന്നിൽ തുറന്നു കിടക്കുന്നു . ഏകദേശം 340 ഓളം സ്തൂപങ്ങൾ ഹൈന്ദവ പുരാണങ്ങളെയും അതിലൂടെ ഐതീഹ്യങ്ങളിൽ നിറഞ്ഞ ദേവീദേവന്മാരുടെയും രാജാക്കന്മാരുടെയും റാണിമാരുടെയും കഥ പറയുന്നു. നാലു വശത്തുള്ള പുറം ചുമരുകളും ഒരു സൂചി കുത്താൻ ഇടമില്ലാത്ത രീതിയിൽ അതിസൂക്ഷ്മമായ കരവിരുതോടെ ശിൽപികൾ രാമായണം , മഹാഭാരതം , ഭാഗവതം എന്നിവയിലെ രംഗങ്ങൾ കൊത്തിയിരിക്കുന്നു .ഒരു ഗൈഡിന്റെ സഹായമില്ലാതെ അതൊന്നും മനസിലാക്കാൻ സാധാരണക്കാരായ ആർക്കും കഴിയുകയില്ല . ഞാൻ ഒരു നോർത്ത് ഇന്ത്യൻ ടൂറിസ്റ്റിന്റെ ഒപ്പം കൂടി , അവർക്കു ഗൈഡ് ഉണ്ട് .സമയം ഉച്ചയായി . നിലത്തു മുഴുവൻ കല്ലുപാകിയിരിക്കുന്നു. വെയിൽ തട്ടുന്ന തറയിൽ ചവിട്ടാൻ വയ്യ . ഭിത്തിയുടെ നിഴലുകൾ പതിഞ്ഞ തറയിൽ അത്ര ചൂടില്ല , നടക്കാം . ഞാൻ നിഴലിന്റെ മറപറ്റി നടന്നു .ഗൈഡ് ഓരോ ശില്പങ്ങളെയും പറ്റി വിവരിക്കുന്നു. സീതാപഹരണവും പാലാഴിമഥനവും രാമരാവണയുദ്ധവും അഷ്ടലക്ഷ്മിയും വ്യാസനും വാല്മീകിയുമെല്ലാം വിവരിക്കപ്പെടുന്നു . അത്തരം ഒരുപാടൊരുപാട് വിവരണങ്ങളാൽ മുഖരിതമായ വിസ്മയത്തിലൂടെ ഓരോ സഞ്ചാരിയും നടക്കുന്നു .ചരിത്രത്തോട് ആഭിമുഖ്യമുള്ള ഏതൊരു സഞ്ചാരിയുടെയും ധന്യ നിമിഷം തന്നെയാണത് . ഒരു പ്രദക്ഷിണം പൂർത്തിയാക്കി പ്രധാനകവാടത്തിലെത്തി. യാത്ര പറയാൻ സമയമായി . ഒന്നുകൂടി ഉള്ളിൽ കയറി ആ കൽത്തൂണുകൾക്കിടയിലൂടെ നടന്നു . കൊതി തീരുന്നില്ല . എടുത്ത ഫോട്ടോകൾ എല്ലാം മൊബൈലിൽ ഒന്നുകൂടി നോക്കി ചിലതൊക്കെ സുഹൃത്തുക്കൾക്ക് അയച്ചു. അൽപനേരം കല്മണ്ഡപത്തിലിരുന്നു , കണ്ണുകളടച്ചു. എനിക്ക് ഹൊയ്സാല രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും മുഖം കാണാം . പടയോട്ടങ്ങളുടെ കുളമ്പടിശബ്ദം കേൾക്കാം. ക്രൂരമായ മർദ്ദനമേറ്റ ശില്പങ്ങളുടെ ദൈന്യമുഖഭാവം കാണാം .ചരിത്രത്താളുകൾ മറിയുന്ന ശബ്ദം കേൾക്കാം .അല്പനേരം ഉള്ളിൽ വിശ്രമിച്ചിട്ടു പുറത്തിറങ്ങി. ടോക്കൺ കൊടുത്തു ബാഗും ചെരിപ്പും വാങ്ങി . 5 രൂപയാണ് ഓരോന്നിനും ചാർജ് . ഇനി പുറത്തേക്കു നടക്കാതെ വേറെ നിവൃത്തിയില്ല . സമയം രണ്ടു കഴിഞ്ഞു . സന്ദർശകർ വന്നുകൊണ്ടേയിരിക്കുന്നു .കുറെ നല്ല ഓർമ്മകൾ ചെപ്പിലൊളിപ്പിച്ച കാമറയുമായി ഞാൻ തിരിച്ചു പോകുന്നു . പ്രധാനവാതിലിനടുത്തെത്തി ഒന്ന് കൂടി തിരിഞ്ഞു നോക്കി , യാത്ര പറഞ്ഞു .


ഹാലേബീടു നാഗരികത അത്രകണ്ടു വ്യാപിചിട്ടില്ലാത്ത ഒരു സാധാരണ പട്ടണമാണ് . ഇറങ്ങാൻ നേരം ഒരു പുസ്തകവില്പനക്കാരൻ എന്റെ നേരെ ചില പുസ്തകങ്ങൾ നീട്ടി . വെറുതെ മേടിച്ചു മറിച്ചു നോക്കി. ഹാലേബീടു , ബേലൂർ , ശ്രവണബെലഗോള എന്നിവയുടെ ചരിത്രമാണ് . 70 രൂപയാണ് ഒരു കോപ്പിക്ക് , വില പേശിയപ്പോൾ 60 രൂപയ്ക്കു കിട്ടി . നെല്ലിപ്പുളി മുളകുപൊടി ചേർത്ത് കൊറിക്കാൻ വിൽക്കുന്ന ഒരു വൃദ്ധയെയും കണ്ടു, 10 രൂപയ്ക്കു വാങ്ങി ബാഗിൽ വെച്ചു, ബേലൂർ യാത്രയിൽ കൊറിക്കാമല്ലോ തന്നെയുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മീൽസ് ആയിരുന്നു . തൈരിന്റെ കൂടെ ചേർത്തു കഴിക്കാൻ പഞ്ചസാരയും തന്നിരുന്നു. സുഖമായി ഊണു കഴിച്ചു ഹാലേബീടു ബസ് സ്റ്റാൻഡിലേക്ക് നടന്നു . അവിടെ നിന്നു ബേലൂർക്കു ബസ് കിട്ടുമെന്നാണ് കണ്ടക്ടർ പറഞ്ഞത് .അല്പനേരത്തെ കാത്തിരിപ്പിനു ശേഷം ബസ് കിട്ടി.


എടുത്തു പറയത്തക്ക പ്രത്യേകതയൊന്നും ആ യാത്രക്കില്ല. ഏകദേശം 17 കിലോമീറ്ററുള്ള ഒരു ബസ് യാത്ര , ഏകദേശം മുക്കാൽ മണിക്കൂർ. മഴ ചാറുന്നുണ്ടായിരുന്നു. ബേലൂർ ബസ്‌ സ്റ്റാന്റിലെത്തി. അവിടെനിന്നു അല്പദൂരം നടക്കാനുണ്ടെന്നു കണ്ടക്ടർ പറഞ്ഞു. മഴ പെയ്തു റോഡ് സൈഡിലൊക്കെ വെള്ളം കെട്ടി കിടക്കുന്നു . അല്പം നടന്നു ഇടത്തോട്ട് തിരിഞ്ഞപ്പോൾ തന്നെ ദൂരെയായി ഒരു ക്ഷേത്രം കാണാം. മധുര ക്ഷേത്രങ്ങളുടെ മാതൃകയിൽ പണിഞ്ഞ നല്ല ഉയരത്തിലുള്ള ഒന്ന് . സ്വർണ്ണ നിറമാണതിന് . ഇതുതന്നെയാവും ഞാൻ മനസ്സിലുറപ്പിച്ചു. അല്പം നടന്നപ്പോളാണ് മനസിലായത്, അത് പടിപ്പുരയാണ്; ക്ഷേത്രമല്ല ! അതൊരു കവാടം മാത്രം !! ഇത്രയും ഉയരം കൂടിയ പടിപ്പുരയുള്ള ഒരു ക്ഷേത്രമോ ? മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സൈന്യം തീയിട്ടു നശിപ്പിച്ചതെന്ന് ചരിത്രത്തിൽ എഴുതിവെയ്ക്കപ്പെട്ട പടിപ്പുരയാണോ ഇത് ? അതിശയം തോന്നി . നവീകരിക്കപ്പെട്ടതാകണം . 1117 CE ലാണ് വിഷ്ണുവർദ്ധൻ രാജാവ് ബേലൂർ ക്ഷേത്രം വിഷ്ണുദേവന് സമർപ്പിച്ചത് . 3 തലമുറകൾ 103 വർഷത്തെ പ്രയത്നം കൊണ്ടാണ് ഈ ക്ഷേത്രനിർമാണം പൂർത്തിയാക്കിയത്. യാഗാച്ചി നദിയുടെ തീരത്താണ് ക്ഷേത്രം , പക്ഷെ ക്ഷേത്രത്തിനടുത്തുനിന്നു നോക്കിയാൽ കാണുന്ന അത്രയടുത്തല്ല നദി .'ദക്ഷിണ വാരണാസി ' എന്നറിയപ്പെടുന്ന പ്രസിദ്ധമായ വൈഷ്ണവ തീർത്ഥാടന കേന്ദ്രം കൂടിയാണിത് .പടിപ്പുരയ്ക്കു പുറത്തു തന്നെ ചെരിപ്പും ബാഗും സൂക്ഷിക്കാനുള്ള കൗണ്ടർ കണ്ടു, ചെരിപ്പും ബാഗും കൊടുത്തു. അകത്തേയ്ക്കു കയറി.


നേരെ നോക്കിയപ്പോൾ തോന്നിയത് ഏകദേശം ഹാലേബീടു പോലെയുള്ള ഒരു ക്ഷേത്രം എന്നാണ് . പക്ഷേ ഹാലേബീടുവിൽ നിന്ന് വ്യത്യസ്തമായി ഇവിടെയൊരു സ്വർണം പൂശിയ കൊടിമരമുണ്ട്. ഒരു നാലേക്കർ വിസ്തൃതിയുള്ള ചുറ്റും ഉയരമുള്ള മതിലുകളുള്ള ഒരു ക്ഷേത്രവളപ്പായിരുന്നു അത്. അതിന്റെ പടിപ്പുരയും കൊടിമരവും നടവഴിയും ഒക്കെ ഒരു പുതുമ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അകത്തേക്ക് വരുമ്പോൾ പഴമയുടെ ഗന്ധമാണ്. പുരാതന കാലത്തിന്റെ നേർക്കാഴ്ചയാണ് . അപ്പൂപ്പൻറെ ചുക്കിച്ചുളിഞ്ഞ കയ്യിലെ തൊലി സ്പർശിച്ചപോലെ ! ഇടതു ഭാഗത്തായി പടിപ്പുരയുടെ പകുതിയോളം ഉയരത്തിൽ ഒരു കൽത്തൂൺ . എന്താണതെന്ന് mമനസിലായില്ല ,ഒരുപക്ഷെ ഇവിടെ നിന്നാകാം വിളംബരങ്ങൾ പുറപ്പെടുവിച്ചിരുന്നത് . അതൊരു Self Standing Pillar പോലെ തോന്നിച്ചു .ചിലപ്പോൾ ഇവിടെയായിരുന്നിരിക്കാം സൈന്യം അണിചേർന്നിരുന്നത് . ഞാൻ ക്ഷേത്ര വാതിൽക്കലെത്തി . വാതിലിനു മുന്നിലായി ഇരുവശങ്ങളിലുമായി തറയിൽ രണ്ടു ചെറിയ സ്തൂപങ്ങൾ .പിരമിഡ് ആകൃതിയാണതിന്. പത്തടിയോളം ഉയരവുമുണ്ട് . മുകൾഭാഗം കൊത്തുപണികളോടുകൂടിയ പിരമിഡ് രൂപവും താഴെ ചതുരാകൃതിയിൽ ഒരു ചെറിയ ശ്രീകോവിലും ഉള്ളിൽ ദേവീ വിഗ്രഹവും തറയോടു ചേർന്ന് ചുറ്റും നിരവധി ആനകളുടെ രൂപവും കൊത്തിയിട്ടുണ്ട് . ആനകൾ വഹിക്കുന്നതാണെന്ന സങ്കല്പത്തിലാകാം. ഇതേ മാതൃകയിലുള്ള രണ്ടെണ്ണം കൂടി വാതിലിനോട് ചേർന്നും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും , ക്ഷേത്രക്കുളക്കടവിലും ഇത്തരം സ്തൂപങ്ങൾ പിന്നീട് കണ്ടു .ഹാലേബീടു പോലെ ക്ഷേത്ര ഭിത്തികൾ മുഴുവൻ ശില്പങ്ങളില്ല. ഭിത്തികൾ ഒരു പ്രത്യേക രീതിയിലുള്ള കൊത്തുപണികൾ കൊണ്ട് ആകർഷകമാക്കിയിരിക്കുന്നു . രാമായണം , മഹാഭാരതം,പുരാണം എന്നിവയിലെ രംഗങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മേൽക്കൂരയുടെ അഗ്രഭാഗത്തു ദേവീ സങ്കല്പങ്ങളുടെ പല രൂപങ്ങൾ കമാനാകൃതിയിൽ കൊത്തിയ കല്ലുകൊണ്ടുള്ള ഫ്രെമിനുള്ളിൽ ഉറപ്പിച്ചിരിക്കുന്നു. ഒന്നരയടി വലിപ്പമേയുള്ളു .ഫ്രെയിമിനും ദേവീ രൂപത്തിന്റെ ശരീരത്തിനും തമ്മിലുള്ള ഇടകളിൽ ശൂന്യതയാണ്; നടരാജവിഗ്രഹത്തിന്റേതു പോലെ! അവിടെ ചെല്ലുന്ന എല്ലാ സന്ദർശകരും ആ ദേവീ രൂപങ്ങളുടെ ഭംഗി കണ്ട് അതിശയിക്കും , എനിക്കുറപ്പാണ് .ഞാൻ അകത്തേക്ക് കടന്നു . ഹാലേബീടുവിന് ഉള്ളിൽ ഇരുട്ടു നിറഞ്ഞ ശാന്തതയാണെങ്കിൽ ഇവിടെ അല്പം ബഹളമയമാണ് ,കുറെ സന്ദർശകരുണ്ട്. കയറിച്ചെല്ലുന്നതു ചെന്നകേശവ ശ്രീകോവിലിനു മുന്നിലേക്കാണ്. ഇത് വൈഷ്‌ണവ സങ്കല്പത്തിലുള്ള ക്ഷേത്രമാണ് .എടുത്തു പറയേണ്ട പ്രത്യേകത അവിടെയുള്ള കരിങ്കൽത്തൂണുകളാണ്. അപാരമായ ശില്പ വൈദഗ്ദ്യം വിരിഞ്ഞ കൽത്തൂണുകൾ. ഹാലേബീടുവിലെ തൂണുകളെ ഇതുമായി താരതമ്യപ്പെടുത്താൻ പറ്റില്ല .അത്ര ഗംഭീരവും സൂക്ഷ്മവുമായ കൊത്തുപണികളാണ്. നിരവധി നാഗങ്ങൾ ഇഴപിരിഞ്ഞതുപോലെയുള്ള ഒരു തൂണ് വളരെ ആകർഷകമാണ്. അതുപോലെ തന്നെ നൃത്തം ചെയ്യുന്ന ഒരു ദേവതയുടെ രൂപം ചേർത്തുവെച്ചതുപോയിലെയുള്ള ഒരു തൂണും. ദേവീരൂപം മൊത്തത്തിൽ തൂണിൽ നിന്ന് പുറത്തേക്കു നിൽക്കുന്നു ,എന്തൊരു കരവിരുതാണിത് ! അതിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ സന്ദർശകരുടെ തിരക്കാണ് .അൽപനേരം കാത്തുനിന്നു ഞാനും ഫോട്ടോ എടുത്തു. തൊഴുതു പ്രസാദം വാങ്ങിച്ചു .ഹാലേബീടുവിലെപ്പോലെതന്നെ ശ്രീകോവിലിന്റെ മുന്നിൽ ഇരുവശങ്ങളിലുമായി ദേവീരൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മുകൾ ഭാഗത്തു ഇരുവശങ്ങളിലും ചിന്നം വിളിക്കുന്ന ആനകളുടെ രൂപങ്ങൾ കൊത്തിയിരിക്കുന്നു . മുകളിലായി ദേവീരൂപം ; എത്ര സുന്ദരമാണാ കാഴ്ച !. ഞാൻ പുറത്തേക്കു നടന്നു . വലതുവശത്തായി ഒരു ചില്ലുപെട്ടിയിൽ രണ്ടു വലിയ പാദുകങ്ങൾ സൂക്ഷിച്ചിരിക്കുന്നു , കറുപ്പു നിറത്തിലുള്ള തുകൽ കൊണ്ട് ഉണ്ടാക്കിയവ. മനുഷ്യർക്കു വേണ്ടതിന്റെ ഇരട്ടി വലിപ്പത്തിലുള്ളതാണത് .അതിൽ സന്ദർശകർ കാണിക്കയിടുന്നുണ്ട് . അതിന്റെ തൊട്ടടുത്ത് തന്നെ എഴുതലയുള്ള ഒരു നാഗവിഗ്രഹം.നാഗത്തിന്റെ ഉടൽ ചുരുണ്ടിരുന്നിട്ട് പത്തി ഉയർത്തിയ രീതിയിലാണ് വിഗ്രഹം .4 അടിയോളം ഉയരമുണ്ടതിന് .ചെമ്പോ പിച്ചളയോ അല്ലെങ്കിൽ ഏതെങ്കിലും ലോഹസങ്കരമോ ആകാം . പത്തിയിലും ശിരസ്സിലും അലങ്കാരങ്ങളുണ്ട് . അതിന്റെ മുന്നിൽനിന്നു ഫോട്ടോയെടുക്കാനും മറ്റും തിരക്കാണ്. ഞാനാ തൂണിൽ കൊത്തിയ ദേവീവിഗ്രഹത്തെ വീണ്ടും നോക്കിയിട്ട് പുറത്തേക്കു നടന്നു .എത്ര കണ്ടിട്ടും മതിവരുന്നില്ല തൂണിൽ വിരിഞ്ഞ ആ ദേവീ ശിൽപത്തെ ! പുറത്തേക്കിറങ്ങുന്നതു പടിഞ്ഞാറോട്ടാണ്. ഇറങ്ങിവന്നു തിരിഞ്ഞു നോക്കുമ്പോൾ ഒരു ഗംഭീര കാഴ്ചയാണ് . ഒട്ടനവധി ആനകൾ വഹിക്കുന്ന ഒരു കൊട്ടാരം പോലെ വിസ്മയിപ്പിക്കുന്ന കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രം . അതിന്റെ മേൽക്കൂര ഒരു ചക്രത്തിന്റെ പല്ലുകൾ പോലെ ത്രികോണാകൃതിയിൽ വിരിഞ്ഞു നിൽക്കുന്നു . ഒട്ടനവധി ആനകളുടെ രൂപങ്ങൾ താഴെ തറക്കു മുകളിൽ ഒരു നിരയായ് കൊത്തിയിരിക്കുന്നു.
ചെന്നകേശവ ക്ഷേത്രത്തിനടുത്തു തന്നെ ചെന്നിഗാരായ ക്ഷേത്രവുമുണ്ട്. രാഞ്ജിയായിരുന്ന ശാന്തല ദേവിയാണ് ആ ക്ഷേത്രം പണികഴിപ്പിച്ചത്. തെക്കുവശത്തു നാലു തൂണുകളുള്ള ഒരു കല്മണ്ഡപമാണ്. ഇരുപത്തടിയോളം ഉയരമുണ്ടതിന് . അവിടെ ആളൊന്നുമുണ്ടായിരുന്നില്ല . കുറച്ചു നേരം അവിടെ പോയിരുന്നു. ഏതോ കാലത്തിന്റെ സ്മാരകങ്ങളായ കുറെ ചരിത്രശില്പങ്ങൾ ചുറ്റും. എത്രയോ രാജാക്കന്മാർ നടന്ന വഴിയാണ് ചുറ്റും! എത്രയോ രാജവിളംബരങ്ങളും ഉത്തരവുകളും കേട്ട ശില്പങ്ങളാണ് ചുറ്റും! ഇവിടെയുള്ള ഈ മനോഹരശില്പങ്ങളും അക്രമിക്കപ്പെട്ടതാണോ ? മോഷ്ടിക്കാൻ ശ്രമിക്കപ്പെട്ടതാണോ ? അതെ എന്നാണ് ചരിത്രം പറയുന്നത് .


കല്മണ്ഡപത്തിന്റെ അപ്പുറത്തു പടിഞ്ഞാറു വശത്തായി ഒരു ചെറിയ ക്ഷേത്രമുണ്ട് ; വീരനാരായണ ക്ഷേത്രം .ഭിത്തികളിൽ വൈഷ്‌ണവ ശൈവ സങ്കല്പങ്ങളും പാർവതി , സരസ്വതി , ബ്രഹ്മാവ് , ഭൈരവൻ , മഹിഷാസുരമർദ്ധിനി എന്നീ ദേവീദേവന്മാരുടെ രൂപങ്ങളും ഭഗദത്തനുമായുള്ള ഭീമൻറെ മല്ലയുദ്ധത്തിന്റെ രംഗവും കൊത്തിയിരിക്കുന്നു . പ്രവേശനകവാടത്തിനടുത്തു തെക്കു കിഴക്കേ മൂലയിലായി വലിയ ഒരു ധാന്യപ്പുര, അടുക്കള എന്നിവ. ഇതും കിഴക്കു വടക്കു മൂലയിലുള്ള ക്ഷേത്രക്കുളവും ബല്ലാല -II എന്ന രാജാവ് 1175 CE ൽ പണികഴിപ്പിച്ചതാണ് .വടക്കുവശത്തേക്കു നീങ്ങി ക്ഷേത്രക്കുളത്തിനു നേർക്ക് നടന്നു . നടന്നു പാതിവഴിയെത്തുമ്പോൾ ക്ഷേത്രം മുഴുവനായും വടക്കു നിന്ന് കാണാം . സന്ദർശകർ നടപ്പാതയിലൂടെ നടന്ന് ഈ ദൃശ്യവിസ്മയത്തിനു സാക്ഷികളാകുന്നു . ക്ഷേത്രക്കുളത്തിനടുത്തെത്തി . ഒരു സാധാരണ ക്ഷേത്രക്കുളത്തിൽ വലിപ്പമേയുള്ളു ഇതിനും. " കല്യാണി" എന്നാണ് ആ കുളത്തിന്റെ പേര് .പിരമിഡ് ആകൃതിയിലുള്ള സ്തൂപങ്ങൾ രണ്ടുവശത്തുമുണ്ട് .ആറടിയിലധികമുയരമുള്ള ചുറ്റുമതിൽ കൊണ്ട് കുളം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സന്ദർശകർക്ക് പ്രവേശനമില്ല . നിർമിതിയുടെ പ്രത്യേകതകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത പ്രൗഢിയും ഭംഗിയുമാണ് ഈ ക്ഷേത്രക്കുളത്തിന് . ഇതിൽ ചെന്നകേശവ ദേവൻറെ വിഗ്രഹം നീരാടിയിട്ടുണ്ടാകുമോ? ചെന്നകേശവൻ എന്ന വാക്കിന്റെ അർത്ഥം സുന്ദരനായ കേശവൻ(വിഷ്ണു ) എന്നാണ്. ആ സൗന്ദര്യസാമീപ്യം കൊണ്ടാണോ ഈ ക്ഷേത്രക്കുളത്തിന് ഇത്ര ഭംഗി കൈവന്നത് ?


ഒരു പ്രദക്ഷിണം മുഴുമിപ്പിച്ചു വീണ്ടും ക്ഷേത്രത്തിനു മുൻപിലെത്തി . വിദേശീയരും ഗൈഡുകളുമടങ്ങുന്ന സംഘങ്ങൾ വന്നുകൊണ്ടിരിക്കുന്നു . നേർത്ത മഴ പെയ്തുതുടങ്ങി. സന്ധ്യയാകുന്നു, തിരിച്ചുപോകുവാൻ സമയമായി. മുൻപിലെത്തി ഒന്നുകൂടി തൊഴുതു വണങ്ങി ;ഇനി ഇങ്ങോട്ടു വരാൻ അവസരമുണ്ടാകുമോ എന്ന് അറിയില്ലല്ലോ. തിരിച്ചിറങ്ങുമ്പോൾ പടിപ്പുരയെത്തുന്നതിനു മുൻപ് ഒന്നുകൂടി തിരിഞ്ഞു നോക്കി ആ ശില്പവിസ്മയത്തെ. കല്മണ്ഡപത്തിനും , ഒറ്റക്കൽതൂണിനും ശില്പങ്ങൾക്കമെല്ലാം സന്ധ്യ കുങ്കുമം തൂവിയതുപോലെ. ഈ മഴയിൽ കുങ്കുമമലിഞ്ഞു ശില്പങ്ങളെ അരുണാഭമാക്കട്ടെ ! ഇവയെല്ലാം അനശ്വരമായി തന്നെ നിലനിൽക്കട്ടെ ! ടോക്കൺ കൊടുത്തു ബാഗും ചെരുപ്പും വാങ്ങി തൊട്ടു മുന്നിലായി കണ്ട ബേക്കറിയിൽ നിന്നും ഒരു ചായ കുടിച്ചു, കുറെ യാത്ര ചെയ്യാനുള്ളതല്ലേ. എന്നിട്ട് ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു . ഇവിടെനിന്നു 40 KM ബസിൽ യാത്ര ചെയ്തു ഹസ്സനിലെത്തി അവിടെനിന്നു ബസിൽ ബാംഗ്ലൂർക്കു പോകണം .ട്രെയിൻ സമയത്തിന് (4 .50 PM ന് ) ഹസ്സനിലെത്താൻ പറ്റുമോ എന്ന് ഉറപ്പില്ലാഞ്ഞതിനാൽ ട്രെയിൻ ബുക്ക് ചെയ്തിട്ടില്ല , അത് നന്നായി. സമയം ഏഴു കഴിഞ്ഞു . ഏകദേശം 10 .30 PM ന് ബാംഗ്ലൂർ എത്തുമായിരിക്കും .നാളെ ഓഫീസിൽ പോകേണ്ടതാണ് . എന്തായാലും ഈ ദിവസം ധന്യമായി , ഓർമയുടെ ചെപ്പിലേക്ക് ഒരു മുത്തുകൂടി .അല്പദൂരമേയുള്ളൂ ബേലൂർ ബസ് സ്റ്റാൻഡിലേക്ക് , പിന്നിൽ ബേലൂർ ക്ഷേത്രത്തിന്റെ പടിപ്പുര അകന്നു മറയുന്നു .


* * *

Thursday, July 11, 2019

യാത്ര തുടരുന്നു

പാൽക്കാരന്റെ ബെല്ലടി കേട്ടാണ് ഞാൻ   ഉണർന്നത് . ക്ലോക്കിലേക്കു നോക്കി , സമയം ആറര കഴിഞ്ഞു , മേശപ്പുറത്തു ചായ മൂടി വെച്ചിട്ടുണ്ട് . മുഖം കഴുകി ചായ എടുത്തു സിറ്റൗട്ടിൽ പോയി ഇരുന്നു . അനിത ഒരു കയ്യിൽ പാൽപാത്രവും മറ്റേ കയ്യിൽ ന്യൂസ്പേപ്പറുമായി നടന്നു വരുന്നു . വരുന്ന വഴിയിൽ ഗാർഡൻ മൊത്തം സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട് . അടുത്ത് വന്നു പേപ്പർ എന്റെ നേരെ നീട്ടി , ഞാൻ അത് വാങ്ങിച്ചു .

" എത്ര തവണയായെന്നറിയോ  ആ വാടാമല്ലി  ചെടി ഇവിടത്തെ കോഴി കൊത്തി മുറിച്ചിടുന്നത് ? അപ്പുറത്തെ നീന തോമസിന്റെ ഗാർഡൻ ഒന്ന് കാണണം . പറഞ്ഞിട്ടെന്താ ഇവിടെ കോഴികൾ ഗാർഡനിലല്ലേ കിടപ്പ് " അവൾ ഇത് പറഞ്ഞു പാൽപാത്രം ടീപ്പോയിൽ വെച്ചിട്ടു ഗാർഡനിലേക്കു പോയി . താഴെവീണ ചെടിയുടെ തണ്ട് ഒരു കമ്പുകൊണ്ടുയർത്തിവെച്ചു . തിരികെ വന്ന് മണ്ണ് പുരണ്ട കൈ കൊണ്ട് പാൽപാത്രം എടുത്തു അടുക്കളയിലേക്കു പോയി . വാതിലോളം നടന്നിട്ടു തിരിഞ്ഞു നിന്നു ചോദിച്ചു .

" ഇന്നെന്താ വേണ്ടത് ദോശയോ ഇഡ്ഡലിയോ ?

" ദോശ " അയാൾ  പറഞ്ഞു.

" ഓ ഈ ദോശപ്രേമം എന്നാണാവോ ഒന്ന് അവസാനിക്ക" ചിരിച്ചുകൊണ്ട് അവൾ അകത്തേക്കു പോയി .

നല്ല കടുപ്പമുള്ള ചായയാരുന്നു , കുടിച്ചപ്പോൾ ആ ഉറക്കച്ചടവ്‌ അകെ മാറി . ഒരു സിഗരറ്റ് കത്തിച്ചു രണ്ടു പുകയൂതി . ന്യൂസ്  പേപ്പർ ഹെഡ്‍ലൈൻസ് മാത്രം ഒന്ന് ഓടിച്ചു നോക്കി .

അകത്തു നിന്ന് മൊബൈൽ  ഫോൺ ബെല്ലടിക്കുന്നു .

' മേഘ ഓഫീസ് " എന്ന അക്ഷരങ്ങൾ സ്‌ക്രീനിൽ കാണം , പ്രൊഫൈൽ പിക്ചർ ഇല്ല. പക്ഷെ മനസ്സിൽ വ്യക്തമായ ചിത്രം തെളിഞ്ഞു . കാൾ എടുത്തു .

" ഹലോ ഗുഡ് മോർണിംഗ് , നേരത്തെ എണീക്കുന്ന പരിപാടി ഒക്കെ ഉണ്ടോ ? കൊള്ളാമല്ലോ " തമാശ രൂപേണ അവൾ പറഞ്ഞു .

" ഗുഡ് മോർണിംഗ് " ഞാൻ  അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

" ഇന്ന് എം ജി റോഡ് വഴിയാണ് പോകുന്നതെങ്കിൽ സിറ്റി സെന്റർ നടുത്തു ഞാനുണ്ടാകും , ഒരുമിച്ചു പോകാം. എന്റെ ഒരു ക്ലയന്റ്നെ കാണാൻ രാവിലെ ഞാൻ അവിടെ പോകുന്നുണ്ട് "  അവൾ വല്യ താല്പര്യത്തോടെ പറഞ്ഞു .

ഞാൻ  ഒന്നും മിണ്ടിയില്ല .

" ഇതെന്താ ഒന്നും മിണ്ടാത്തത് ? ഞാൻ രാവിലെ വിളിച്ചു ശല്യപ്പെടുത്തിയോ"
 പരിഭവം കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു .

" ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം , ഇന്ന് കുറച്ചു ലേറ്റ് ആകുമെന്നു തോന്നുന്നു റെഡി അകാൻ നോക്കട്ടെ " ഇത്രയും പറഞ്ഞു ഞാൻ  ഫോൺ കട്ട് ചെയ്തു .

ആകപ്പാടെ മൂഡ് ഓഫ് ആയതുപോലെ ..

"അതെ ഈ മാസത്തെ കാഷ്വൽ ലീവ് രണ്ടു മൂന്നു ദിവസം നേരത്തെ ഒന്ന് പറയണം കേട്ടോ . നമുക്ക് വല്യമ്മയുടെ അടുത്തൊന്നു പോണം . എത്ര നാളായി സുഖമില്ലാതെ ഇരിക്കുന്നു " അനിത ചൂട് ദോശ പ്ലേറ്റിലേക്കു ഇട്ടുകൊണ്ട് പറഞ്ഞു .

" പറയാം " കറി പാത്രത്തിൽ നിന്ന് ചട്നി കോരിയിട്ടുകൊണ്ട് ഞാൻ  മറുപടി പറഞ്ഞു .

" എന്താ അകെ സുഖമില്ലാത്ത  പോലെ " അവൾ എന്റെ  മുഖത്തേക്കുനോക്കികൊണ്ടു ചോദിച്ചു .

" ഏയ്  ഒന്നുമില്ല, നിനക്ക് വെറുതെ തോന്നുന്നതാ "   മനസ്  അല്പം മുൻപ് മേഘ ചെയ്ത കാളിന്റെ പിറകെയാണെന്നു പുറമെ കാണിക്കാതെ ഞാൻ  പ്രാതൽ മുഴുവൻ കഴിച്ചു എണീറ്റു .

" ഒന്നുമില്ലാതെയല്ല , ഇന്നലെ എപ്പോഴാ വന്നത് . എന്നും കാണും ഓരോ കാരണങ്ങളും ഓരോ പാർട്ടികളും. നേരം തെറ്റി ഭക്ഷണവും പിന്നെ ഉറക്കവും , എങ്ങനെ ക്ഷീണം ഇല്ലാതിരിക്കും . ഞാൻ ഒന്നും പറയുന്നില്ല  " ഇത്രയും പറഞ്ഞു അവൾ അകത്തേക്ക് പോയി .

ഞാൻ  ഡ്രസ്സ് ചെയ്യുന്നതിനിടയിൽ അവൾ ലഞ്ച് ബോക്സ് പാക്ക് ചെയ്തു ബാഗിൽ വെച്ചിരുന്നു .

" എന്തിനാ ഈ പ്യുവർ  കോട്ടൺ ഷർട്ട് വാങ്ങുന്നത് ? എത്ര അയൺ ചെയ്താലും ചുളുക്കു പോകില്ല , ദാ നോക്കിയേ " അവൾ ഷർട്ടിന്റെ  തോൾഭാഗത്തെ ചുളിവുകൾ കാണിച്ചുകൊണ്ട് പറഞ്ഞു .

" ഇനി ഒന്നിനും സമയമില്ല , ഞാൻ ഇറങ്ങട്ടെ " ഇത്രയും പറഞ്ഞു ഞാൻ  കാർ  പോർച്ചിലേക്കു ഇറങ്ങി കാർ സ്റ്റാർട്ട് ചെയ്തു . അനിത ബാഗ് ഫ്രണ്ട് സീറ്റിൽ ചാരി വെച്ചു .

റോഡിലേക്കു ഇറങ്ങുമ്പോൾ അവൾ ഗേറ്റ് അടക്കുന്നത് കാണാമായിരുന്നു . മനസ് അകെ കലങ്ങിയിരിക്കുന്നു . ഞാൻ  ഒരു സിഗരറ്റു കൂടി കത്തിച്ചു , പുകയൂതി . ട്രാഫിക് തീരെ ഇല്ല. സുഖമായി ഡ്രൈവ് ചെയ്യാം .

അനിത ജീവിതത്തിലേക്ക് വന്നിട്ട് ഇപ്പോൾ ഒന്നര വർഷമായി . എന്തെങ്കിലും തരത്തിൽ ഒരു പിണക്കം ഉണ്ടായതായി ഇതുവരെ ഓർമയില്ല . പിന്നെ എവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം . ഞാൻ സ്വയം ചിന്തിച്ചു . മേഘ തന്റെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി വന്നപ്പോളാണോ ? താൻ വിവാഹിതൻ ആണെന്ന് അവൾക്കു അറിവുള്ളതല്ലേ ? ഞങ്ങൾ തമ്മിൽ വെറും സഹപ്രവർത്തകർ എന്നതിൽ കവിഞ്ഞു ഒന്നും ഉണ്ടായിരുന്നില്ലല്ലോ ? പിന്നെ എവിടെയാണ് തെറ്റ് പറ്റിയത് ?

ഒരു ഒഫീഷ്യൽ ടൂറിന്റെ ഭാഗമായാണ് കൂനൂരിലേക്കു പോകേണ്ടിവന്നത് . ജോസഫ് സാറാണ് മേഘയെ കൂടെ അയച്ചത് . പറഞ്ഞത് ഇന്നും ഓർക്കുന്നു
"എടോ ആ പുതുതായി വന്ന കുട്ടിയെ കൂടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് , കുറച്ചു ഫീൽഡ് എക്സ്പീരിയൻസ് ആകട്ടെ , കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കട്ടെ" എല്ലാം ചോദിക്കാനും മനസിലാക്കാനും ആദ്യ ദിവസം മുതൽ അവൾ കാണിച്ച ചുറുചുറുക്കും ഉത്സാഹവും എന്നെ ആകർഷിച്ചിരുന്നു . ഒഴിവുസമയങ്ങളിൽ കൂനൂരിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ചിലപ്പോഴൊക്കെ ഒരുമിച്ചു നടന്നു, മഞ്ഞുമൂടിയ മലകളുടെ സൗന്ദര്യം കണ്ടു വിസ്മയിച്ചു . ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു . തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ  ഗാർഡനിൽ ഇരുന്നു ചൂട് ചായ കുടിച്ചു . അന്നേതോ ഒരു ദിവസം രാവിലെയാണ് അവൾ ഭർത്താവുമായി വേർപിരിഞ്ഞ കാര്യം വളരെ വിഷമത്തോടെ പറഞ്ഞത് .  വിഷമിക്കേണ്ട എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനാണ് തോളിൽ കൈ വെച്ചത് .പക്ഷെ ദുഖാർത്തമായ ആ കണ്ണുകൾ എന്നെ നോക്കിയതും എന്റെ നെഞ്ചിലേക്കു ചാഞ്ഞു . എന്റെ ഷർട്ട് കണ്ണുനീര് പടർന്നു നനയുന്നത് അറിഞ്ഞു , ചേർത്തുപിടിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

അതൊരു ബന്ധത്തിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടിവന്നില്ല. കൂനൂരിൽ നിന്ന് മടങ്ങുന്ന അന്ന് രാവിലെ ആകെ വല്ലായ്മ തോന്നി . വേണം എന്ന് വെച്ച് സംഭവിച്ചതല്ല , ജീവിതത്തിന്റെ ഒഴുക്കിൽ എവിടെയോ ബന്ധിപ്പിക്കപ്പെട്ടു പോയി . ഞാൻ ചെന്നപ്പോൾ അവൾ സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു .ജീവിതത്തിന്റെ നടുക്കടലിൽ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയ്‌ക്കു പ്രതീക്ഷ നൽകി വഞ്ചിച്ച പോലെ എനിക്ക് തോന്നി . എനിക്ക് ഇവളോട് ഇനി എങ്ങനെ നീതി കാണിക്കാൻ കഴിയും? ഈ അദ്ധ്യായം  മറക്കുകയല്ലാതെ എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല .

" റെഡി ആയി കഴിഞ്ഞോ ? നമുക്ക് പോകാൻ സമയം ആയി " ഞാൻ അല്പം മടിയോടെ പറഞ്ഞു .

" ഞാൻ എപ്പോഴേ റെഡി , പാക്കിങ്ങു  തീരാൻ ഒരു അഞ്ചു മിനിറ്റ് അത്രേ ഉള്ളു " അവൾ ഉത്സാഹത്തോടെ പറഞ്ഞു .

" ഞാൻ അകെ മൂഡ് ഓഫ് ആണ് മേഘ , എനിക്ക് ഞാൻ തന്നോടെന്തോ തെറ്റ് ചെയ്തപോലെ ഒരു തോന്നൽ " പറയണമെന്ന് വെച്ച് തന്നെ ഞാൻ പറഞ്ഞു\
ആ ദുഃഖഭാരം ഇറക്കിവെച്ചു .

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ടാണവൾ മറുപടി പറഞ്ഞത് , എന്നെ ശരിക്കും മനസിലാക്കിയതുപോലെ.

" വിഷമിക്കേണ്ട , ഞാൻ ഒരു ബാധ്യതയാകില്ല. ഒരാളോട് സ്നേഹം തോന്നുന്നത് തെറ്റാണെന്നു ഞാൻ എവിടെയും പഠിച്ചിട്ടില്ല "

യാത്രാ മദ്ധ്യേ ഞങ്ങൾ പ്രത്യേകിച്ചൊന്നും സംസാരിച്ചിരുന്നില്ല. അത്ര കഴിഞ്ഞുള്ള രണ്ടുമൂന്നു  ദിവസം ഓഫീസിലും ഒന്ന് വിഷ് ചെയ്യുന്നതല്ലാതെ കാര്യമായി ഒന്നും ചോദിച്ചില്ല . അവൾക്കെന്തോ ഒരു വിമുഖതയോ ദുഖമോ ഉണ്ടെന്നു തോന്നി എങ്കിലും മനഃപൂർവം ഒന്നും ചോദിച്ചില്ല . പിന്നെ എന്തിനാണാവോ ഇന്ന് രാവിലെ സിറ്റി സെന്ററിന്റെ അടുത്ത് കാണാമെന്നു പറഞ്ഞത് ? ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല . രണ്ടു സിഗ്നൽ കഴിഞ്ഞാൽ സിറ്റി സെന്റര് ആയി . വരാമെന്നു ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല , കാത്തു  നില്കുന്നുണ്ടാകുമോ ആവോ.

സിറ്റി സെന്റർ ആയപ്പോൾ വണ്ടി സ്ലോ ചെയ്തു . ബസ് സ്റ്റോപ്പിന്റെ ഭാഗത്തേക്ക് നോക്കി. മേഘ അവിടെ നില്പുണ്ടായിരുന്നു . "ഈശ്വരാ എന്തിനാണാവോ കാണണം എന്ന് പറഞ്ഞത് ?" ഉത്തരം കിട്ടാത്ത ആ ചോദ്യം മനസ്സിൽ നിറഞ്ഞു ; പരിഭ്രമവും. അവൾ എന്റെ വണ്ടി കണ്ടു എന്ന് മനസിലായി. ഞാൻ കൈ പുറത്തിട്ടു അവിടെത്തന്നെ നില്ക്കാൻ ആഗ്യം കാണിച്ചു , എന്നിട്ടു റോഡ് സൈഡിൽ എവിടെയെങ്കിലും പാർക്കിംഗ് കിട്ടുമോ എന്ന് നോക്കി. ഇഷ്ടം പോലെ പാർക്കിംഗ് സ്പേസ് ഉണ്ട് . സാധാരണ അടുത്തെങ്ങും ഈ സമയത്തു പാർക്കിംഗ് കിട്ടാറില്ല .ഇന്ന് ട്രാഫിക്കും ഇല്ല തിരക്കും ഇല്ല , അതിശയം തോന്നി . വണ്ടി പാർക്ക് ചെയ്തിട്ട്  അവൾക്കടുത്തേയ്ക്ക് ചെന്നു .

അവൾ സന്തോഷവതിയായിരുന്നു . അൽപ നേരം ഞങ്ങൾ മുഖത്തോടു മുഖം നോക്കി നിന്നു .എന്താണ് ചോദിക്കേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. അതറിഞ്ഞിട്ടെന്നോണം അവൾ തന്നെ മൗനം ഭേദിച്ചു .

" ഇന്ന് കുറച്ചു നേരം രാവിലെ ഒന്ന് ഫ്രീ അകാൻ പറ്റുമോ ? " അവൾ ഉദ്യോഗം നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു .

" എന്തിനാണ് ? " ഉള്ളിലെ പരിഭ്രമം പുറത്തു  കാണിക്കാതെ ഞാൻ തിരിച്ചു ചോദിച്ചു .

ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടി ആണവൾ തന്നത് .അത് കേട്ടതും ഞാൻ അടിമുടി വിയർത്തുപോയി .

" എനിക്ക് നിങ്ങളുടെ വീട്ടിൽ ഒന്ന് വരണം  അനിതയെ ഒന്ന് കാണണം അല്പം സംസാരിക്കണം  കുറെ ദിവസമായുള്ള  ചിന്തയാണ് " അവൾ ഒരു അപേക്ഷയെന്നോണമാണത് പറഞ്ഞത് .

 മനസ് വികാരാധീനമായതിന്റെ ലക്ഷണം മുഖത്ത് കാണാമായിരുന്നു . ഞാനാകപ്പാടെ പകച്ചു . ഇവൾ ഇതെന്തിനുള്ള പുറപ്പാടാണ് ? എന്തിനു ഇവൾ അനിതയെ കാണണം ? എല്ലാം തുറന്നു പറഞ്ഞു എന്നെ അവളിൽ നിന്നകറ്റി സ്വന്തമാക്കാനുള്ള തന്ത്രമാണോ ? വീട്ടിൽ വരണമെന്ന് പറഞ്ഞ ഒരാളോട് എങ്ങനെ അപമര്യാദയായി പെരുമാറാൻ കഴിയും . ജോസഫ് സാറിനെപ്പോലെയുള്ള ഞാൻ ബഹുമാനിക്കുന്ന  വ്യക്തി  പരിചയപ്പെടുത്തിയ കുട്ടിയാണ് . എന്തായാലും ചോദിച്ച സ്ഥിതിക്ക് ഒഴിവുകഴിവു പറഞ്ഞു ഒഴിഞ്ഞു മാറുന്നത് മര്യാദയല്ല .

"ഇത്  രാവിലെ വിളിച്ചപ്പോൾ പറഞ്ഞെങ്കിൽ എനിക്ക് ഈ അനാവശ്യ യാത്ര ഒഴിവാക്കാമായിരുന്നു, തനിക്കു നേരെ അങ്ങോട്ട് വന്നാൽ മതിയാരുന്നു  " ഞാൻ ഒരു നീരസം ഒളിഞ്ഞ രീതിയിൽ മറുപടി പറഞ്ഞു . ഒഴിവായി പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതി . പക്ഷെ അവൾ അത് തമാശയാക്കി മാറ്റി .

" ഫോൺ വിളിച്ചാൽ സംസാരിക്കുന്നവരോടല്ലേ ഇതൊക്കെ പറയാൻ പറ്റൂ ? ഇന്ന് രാവിലെ വിളിച്ചപ്പോൾ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്ത ആളാണ് ഈ പറയുന്നത് " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

എനിക്കു ചിരി വന്നില്ല . ഇവൾ ഇതെന്തിനുള്ള പുറപ്പാടാണെന്നു മാത്രം മനസിലായില്ല .എന്തോ മനസ്സിൽ കരുതിയിട്ടുണ്ടെന്നു തീർച്ചയാണ് .ഇനിയിപ്പോൾ ആലോചിച്ചിട്ട് കാര്യമില്ല പോയേക്കാം എന്ന് തീരുമാനിച്ചു. ഞങ്ങൾ അല്പം നടന്നു വണ്ടി പാർക്ക് ചെയ്ത സ്ഥലത്തെത്തി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു .അവൾ മുൻപിലെ ഡോർ തുറന്നു എന്റെ തൊട്ടടുത്തായി ഇരുന്നു .അൽപനേരം ഒന്നും സംസാരിച്ചില്ല . 'എന്നോട് കൂടുതൽ ചേർച്ച ആർക്കാണ് ശരിക്കും , അനിതയ്‌ക്കോ അതോ മേഘയ്ക്കോ' ? ഞാൻ വെറുതെ മനസ്സിൽ ഓർത്തു . അനിതയ്ക്കു എന്നോട് അന്ധമായ സ്നേഹമാണ് , ആത്മാര്ഥതയുണ്ട് . പക്ഷെ എന്നെ പ്രണയിക്കുന്നവളും മോഹിപ്പിക്കുന്നവളും ഇവൾ തന്നെയാണ് സംശയമില്ല. ഇവൾ എന്റെ കാമുകിയാണ് ! പക്ഷെ ഞാൻ അവളുടെ നല്ല കാമുകനല്ല  . അവൾ അല്പം കൂടി നല്ല ഒരാളെ അർഹിക്കുന്നു .അവൾ എന്റെ മുഖത്തേയ്ക്കു നോക്കി , ഞാൻ ആ കരിംകൂവളപ്പൂക്കളെ ഇമവെട്ടാതെ നോക്കി . വല്ലാത്ത ഒരു വശ്യതയാണ് അവളുടെ മുഖത്തിനും കണ്ണുകൾക്കും . ഏറെനേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു . വെറുതെ ഓഫീസിലെ കാര്യങ്ങളും , ഒഫീഷ്യൽ ടൂറിന്റെ ബില്ലുകൾ പാസ്സായി കിട്ടാൻ വൈകുന്ന കാര്യവും ഒക്കെ . അങ്ങനെ വീട് എത്താറായി. ഞാൻ  ഞങ്ങൾ വരുന്ന കാര്യം അനിതയെ ഫോൺ ചെയ്തു പറയുവാനും മറന്നു . ഗേറ്റ് അടഞ്ഞു കിടക്കുന്നു. ഞാൻ രണ്ടു പ്രാവശ്യം ഹോൺ അടിച്ചു . അവൾ വന്നു ഗേറ്റ് തുറന്നു.ഞാൻ വണ്ടി കാർ പോർച്ചിൽ പാർക്ക് ചെയ്തു.

എന്റെ കൂടെ ഒരു സ്ത്രീയെ കണ്ടതും അനിത വല്ലാതായി ,മുഖം വാടി . അതൊക്കെ മറച്ചു ഒരു വീട്ടമ്മയുടെ റോളിലേക്ക് വരൻ അധിക സമയം വേണ്ടി വന്നില്ല .

" ഇതെന്താ ഓഫീസിൽ പോയിട്ട് ഉടനെ തിരിച്ചു വന്നത് . ഇതാരാ മനസിലായില്ല " അവൾ മേഘയോട് അകത്തേക്ക് വരാൻ ആഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു .

" അനിതേ ഇതാണ് മേഘ , എന്റെ കൂടെ ആണ് ജോലി ചെയ്യുന്നത് .ഇന്ന് ഒന്ന് രണ്ടു ക്ലൈന്റ്‌സിനെ കാണാൻ പോണം മേഘയും ഉണ്ട്  കൂടെ . ഈ വഴി പോയപ്പോൾ നിന്നെ  ഒന്ന് കാണണം എന്ന് മേഘയ്ക്കു  ആഗ്രഹം  . ഞാൻ അവൾക്കൊരു സംശയം തോന്നേണ്ട എന്ന് വെച്ച് ഒരു നുണ പറഞ്ഞു.

ഇത് കേട്ടതും അനിതയുടെ  ശ്വാസം നേരെ വീണുകാണും, അവളുടെ മുഖത്തെ ആ പ്രസരിപ്പ് ഇപ്പോൾ തിരിച്ചു വന്നു . മേഘയോട്  ഹാളിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ അകത്തേയ്ക്കു ചായ എടുക്കാൻ പോയി. മേഘ കുറച്ചു നേരം അവിടെ ഇരുന്നിട്ട് അടുക്കളയിലേക്കു പോയി . ഞാൻ ഹാളിൽ തന്നെ ഇരുന്നു . ഒരു സിഗരറ്റ് കത്തിച്ചു . രണ്ടാളും ഓരോരോ തമാശകൾ പറയുന്നതും ചിരിക്കുന്നതും എനിക്ക് കേൾക്കാമായിരുന്നു .അനിത  എനിക്ക് ചായ കൊണ്ടുവന്നു തന്നു .എന്നിട്ട് അവർ രണ്ടുപേരും കൂടെ ഗാർഡനിലേക്കു പോയി . എന്തൊക്കെയോ അവർ പറയുന്നുണ്ട്. മേഘ വാടാമല്ലിയുടെയും അരളിയുടെയും തൈകൾ ഒരു കവറിൽ ആക്കി എടുക്കുന്നത് കണ്ടു, കൊണ്ട് പോകാനാകും. അവർ ചുരുങ്ങിയ സമയം കൊണ്ട് നല്ല സുഹൃത്തുക്കളായി മാറി എന്ന് തോന്നി .ഞാൻ സിഗരറ്റ് വലിച്ചുകൊണ്ട് അവരെ നോക്കി ജനാലക്ക് അടുത്തു നിന്നു . അല്പം കഴിഞ്ഞപ്പോൾ അവർ തിരിച്ചു ഹാളിലേക്ക് വന്നു .ഞങ്ങൾ ഒരുമിച്ചു ഹാളിൽ ഇരുന്നു .

" ചേട്ടൻ ഇത്രേം നാളായിട്ടും മേഘയെ ഇവിടെ കൊണ്ടുവരാൻ തോന്നിയില്ലല്ലോ , ഞാനിവിടെ ഒറ്റയ്ക്ക് എത്ര കാലമായി ബോർ അടി സഹിക്കുന്നു ." അനിത ഒരു പരിഭവമെന്നോണം പറഞ്ഞു . അനിതയ്ക്കു അവളെ നന്നായി ബോധിച്ചു എന്ന് സംസാരത്തിൽ നിന്നും മനസിലായി .അത് കേട്ട് മേഘ ചിരിച്ചു , ഞാനും . അൽപനേരം കഴിഞ്ഞു മേഘ എന്നെ നോക്കി , എന്തോ പറയാനായി തുടങ്ങി പിന്നെ നിർത്തി. ഞാനും അനിതയും മുഖാമുഖം നോക്കി , എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന മട്ടാണ് അനിതയുടെ മുഖത്തു . മേഘ വീണ്ടും പറഞ്ഞു തുടങ്ങി .

" അനിതേ  ഞാൻ  വന്നത്  ഒരു കാര്യം കൂടി പറയുവാനാണ് , ഇനി ഇതിനായിട്ടു വരേണ്ടല്ലോ . എന്റെ വിവാഹം ഏതാണ്ട് നിശ്ചയിച്ച പോലെ ആണ് , രണ്ടു മാസത്തിനുള്ളിൽ കാണും. ആള്  ഗൾഫിലാണ് .ഫാമിലിയിൽ തന്നെ ഉള്ള ഒരു അകന്ന ബന്ധു ആണ് . അത് ഒരു ഭാഗ്യമായി ; എന്റെ ആദ്യ വിവാഹത്തെപ്പറ്റി ഒക്കെ അറിയാവുന്ന ആളാണ് . വിവാഹം കഴിഞ്ഞു ഞാൻ കൂടെ പോകും "

ഞാൻ ഒരു ഞെട്ടലോടെയാണത്  കേട്ടത് . ഇതൊരിക്കലും പ്രതീക്ഷിച്ചില്ല . ഇപ്പോൾ അവൾ  അനിതയെ കാണണം എന്ന് പറഞ്ഞതിന്റെ കാര്യം പിടി കിട്ടി . ഞാൻ എന്റെ ജീവിതം തന്നെ തകിടം മറിഞ്ഞുപോകും എന്ന് കരുതിയിരിക്കുമ്പോൾ ഇതാ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നു!!

അനിത ഇതുകേട്ട് ആഹ്ളാദഭരിതയായി. " അപ്പോൾ ഞാൻ ഊണ് തയ്യാറാക്കാം , കഴിച്ചിട്ടേ ഞാൻവീടൂ " അവൾ മേഘയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു .

 അവർ ഒരുമിച്ചു ഊണ് തയ്യാറാക്കാൻ പോയി . ഞാൻ സിറ്റൗട്ടിലിരുന്നു . ഒരു സിഗരറ്റു കൂടെ കത്തിച്ചു .കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ ഓരോന്നായി ഓർത്തു . അൽപനേരം ന്യൂസ് പേപ്പർ വെറുതെ മരിച്ചു നോക്കി . ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അനിത വന്നു ഊണ് കഴിക്കാൻ വിളിച്ചു. എന്തായാലും കൊള്ളാം ഇത്ര ചുരുങ്ങിയ സമയം കൊണ്ട്‌അവിയലും സാമ്പാറും മീൻ വറുത്തതും പപ്പടവും ഒക്കെ ഉണ്ടാക്കിരിക്കുന്നു . ഞങ്ങൾ നന്നായി ആസ്വദിച്ച് കഴിച്ചു .ഊണ് കഴിച്ചപ്പോൾ ഒന്ന് റസ്റ്റ് എടുക്കാനാണ് തോന്നിയത് . ഇന്നിനി പോകാൻവയ്യ.. ജോസഫ് സാറിനെ അപ്പോൾത്തന്നെ വിളിച്ചു . ഇന്ന് ക്യാഷൽ  ലീവ്  മാർക്ക് ചെയ്യാൻ  പറഞ്ഞു . മേഘയും ഇങ്ങോട്ടു പറഞ്ഞു റസ്റ്റ് എടുക്കാൻ , അവളൊരു ഓട്ടോ വിളിച്ചു പൊയ്ക്കൊള്ളാമെന്ന് . അനിതയ്ക്കു സന്തോഷമായി. വീട്ടിൽ പലചരക്കു സാധനങ്ങൾ ഒക്കെ വാങ്ങി തരുന്ന ഒരു ഓട്ടോക്കാരനുണ്ട് , ഞാൻ ആളെ വിളിച്ചു . ആള് അപ്പോൾത്തന്നെ വന്നു.ഞങ്ങൾ മേഘയെ യാത്രയാക്കി. .ഓട്ടോയിൽ കയറുന്നതിനു മുൻപ് അവൾ എന്നെ അർത്ഥഗർഭമായ ഒരു നോട്ടം നോക്കി . പ്രണയവും വിരഹവും ഹൃദയവേദനയും ഇടകലർന്ന ഒരു ഭാവം.എനിക്കും അകെ അസ്വസ്ഥത തോന്നി അവൾ യാത്ര പറയുമ്പോൾ. ഓട്ടോ കൺവെട്ടത്തുനിന്നു  മറയുവോളം  ഞാൻ നോക്കി നിന്നു .ആ കരിങ്കൂവളമിഴികളെ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല !!

" അൽപനേരം കിടക്കു , ഇന്നലെ വൈകിയല്ലേ വന്നത് ?" അനിതയാണ് .

ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നു . കിടന്നിട്ടു ഉറക്കം വന്നിരുന്നില്ല. ഇന്നിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. തിരിച്ചു കുറച്ചു നേരം ഹാളിൽ വന്നിരുന്നു . അപ്പോഴാണ് ഒരു കാര്യം ഓർത്തത് . അനിത കുറേനാളായി അവളുടെ വല്യമ്മക്കു സുഖമില്ലാത്ത കാര്യം പറയുന്നത് . ഇവിടുന്നു അമ്പതു കിലോമീറ്ററേ ഉള്ളു . മൂന്നുമണിക്കൂർ  ഉണ്ടെങ്കിൽ പോയി വരാം . എന്തായാലും പോയേക്കാം എന്നുതന്നെ മനസ്സിൽ വിചാരിച്ചു. ഒരു യാത്ര ആകുമ്പോൾ ഈ മൂഡ് ഓഫ്  ഒന്ന് മാറിക്കിട്ടും. ഞാൻ അപ്പോൾത്തന്നെ അനിതയോടു റെഡി അകാൻ പറഞ്ഞു . അവളുടെ സന്തോഷം  ഒന്ന് കാണേണ്ടത് തന്നെ ആരുന്നു . പാവം.

ഒരു മൂന്നു മണിയോടെ ഞങ്ങൾ പുറപ്പെട്ടു. അനിത വല്യമ്മയ്ക്കായി  കുറെ അച്ചാറും പലഹാരങ്ങളുമൊക്കെ എടുത്തിട്ടുണ്ട് . നാലുമണിക്ക് കുടിക്കാൻ  ചായയും ഫ്ലാസ്കിൽ എടുത്തിട്ടുണ്ട്. അവൾ ഇന്നൊരു നീല ഷിഫോൺ സാരിയാണ് ഉടുത്തത്  . എന്റെ കൂടെ ഒന്ന് പുറത്തു പോകാൻ കഴിഞ്ഞ സന്തോഷം കൊണ്ടാകണം അവൾ പതിവിലും സുന്ദരിയായി തോന്നി. ഞാൻ ഒരു പാട്ടു വെച്ചു . മനസിലെ  കാര്മേഘങ്ങളെല്ലാം നീങ്ങി , ഇനി തെളിഞ്ഞ ആകാശം മാത്രം. ഞാൻ അവളെ പ്രേമപൂർവം നോക്കി. അവളുടെ മുഖം നാണം കൊണ്ട്  ചുവന്നു , അവൾ മുഖം കുനിച്ചു . ഇതൊരു പുതിയ യാത്രയാണ്. യാത്ര തുടരുന്നു...














 

Tuesday, July 9, 2019

പ്രിയപ്പെട്ട കൂട്ടുകാരെ ബഹുമാന്യരായ അദ്ധ്യാപക അനദ്ധ്യാപക സുഹൃത്തുക്കളെ ,

കാലത്തിന്റെ കുത്തൊഴുക്കിൽ മുപ്പത്തിയൊന്നു വര്ഷങ്ങള്ക്കു മുൻപ് ഈ സരസ്വതീ ക്ഷേത്രമുറ്റത്തു  നിന്ന്  വഴിപിരിഞ്ഞു ജീവിതത്തിന്റെ  തിരക്കുകളിലേക്ക് നടന്നുകയറിയ 1987-1988 SSLC ബാച്ച് സഹപാഠികൾ  വീണ്ടും ഒന്ന് ചേരുകയാണ് ; " തേൻകൂട് " എന്ന കൂട്ടായ്മയിലൂടെ !!

അതിനു നിമിത്തമായി തീർന്ന, ഈ ആശയം മുന്നോട്ടുവെക്കുകയും അതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്ത പ്രേംലാലിനു ഞങ്ങളുടെയെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. പിന്നീടങ്ങോട്ടുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പ് രൂപീകരണത്തിനും മറ്റെല്ലാ വിവരങ്ങളും പരസ്പരം  കൈമാറുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ ഓരോരുത്തരെയും ഈ അവസരത്തിൽ സ്മരിക്കുന്നു. നിത്യജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഈ ഗ്രൂപ്പിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിയും ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്ത ഓരോരുത്തർക്കും അനുമോദനങ്ങൾ . തക്ക സമയത്തു മാർഗ നിർദേശങ്ങൾ നൽകിയ അദ്ധ്യാപക അനദ്ധ്യാപക സുഹൃത്തുക്കൾക്കും വിനയ പുരസരം നന്ദി .

അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ സ്കൂളിനായി ചെയ്യാൻ കഴിഞ്ഞ എളിയ സഹായങ്ങൾ സന്തോഷവും സംതൃപ്തിയും  നൽകുന്നവയാണ് . കൂടുതൽ കൂടുതൽ ക്രിയാത്മക പ്രവർത്തനങ്ങളുമായി ഈ കൂട്ടായ്മ മുന്നോട്ടുപോകുവാനും നമ്മുടെ സുഹൃദ് ബന്ധങ്ങൾ കൂടുതൽ ദൃഢവും അർത്ഥവത്തും ആക്കി മാറ്റാനുള്ള നമ്മുടെ ശ്രമങ്ങൾക്കു സർവേശ്വരന്റെ കൃപാകടാക്ഷങ്ങൾ ഉണ്ടാകേണമേ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു .

"തേൻ കൂട് " കൂട്ടായ്മയിലെ ഓരോ സുഹൃത്തുക്കൾക്കും ആശംസകൾ !!




സ്നേഹാദരങ്ങളോടെ ,

ഒരു  കൂട്ടം സുഹൃത്തുക്കൾ,

1987-1988 SSLC ബാച്ച്,

നാട്ടിക ഗവർമെന്റ്  ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ.

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...