Sunday, May 31, 2020

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ മുക്കാല് കഴിഞ്ഞു . ബാല്കണിയിൽ ശ്രീറാമിന്റെ നിഴലനക്കം കാണാം . തലേ ദിവസം ഇപ്പോളാണ് ഉറങ്ങിയത് ? ഓർമ  കിട്ടുന്നില്ല . എന്റെ സുഹൃത്തുക്കൾ അയച്ച ആൾക്കാർ പോയിക്കാണുമോ ? ഇപ്പോൾ പോയിക്കാണും . എങ്കിലും ജനാലയിലൂടെ താഴേക്ക് നോക്കി . അതെ , അവർ പോയിക്കഴിഞ്ഞു . റിസപ്ഷനിൽ വിളിച്ചു ഒരു ചായ ഓർഡർ ചെയ്തു , റൂം ബോയ് അത് പെട്ടെന്ന് കൊണ്ടുവന്നു തന്നു . ശ്രീറാം എന്താണ് ഇത്ര തിരക്കിട്ട പണി എന്ന് അറിയാൻ ബാൽക്കണിയിലേക്കു ചെന്നു . അയാൾ ലാപ്ടോപ്പിലും മൊബൈലിലുമൊക്കെയൊക്കെ എന്തൊക്കെയോ തിരയുന്നു , ആരെയൊക്കെയോ ഫോണിൽ വിളിച്ചു സംസാരിക്കുന്നു .

" എന്തെങ്കിലും വിവരമുണ്ടോ ? " ഞാൻ ആകാംക്ഷയോടെ  ചോദിച്ചു .

" ഞാനും എന്റെ ഒരു സുഹൃത്തുമായി ചേർന്ന് എന്തെങ്കിലും  വിവരം  കിട്ടുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് , അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഞാൻ പരിശോധിക്കുകയാണ് " ശ്രീറാം  പറഞ്ഞു

" അമൽ വിളിച്ചിരുന്നോ ?"

" രാവിലെ ഞാൻ വിളിച്ചിരുന്നു , അറ്റൻഡ് ചെയ്തില്ല ; തിരിച്ചു വിളിക്കാമെന്ന് മെസ്സേജ് അയച്ചു ,പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല " ശ്രീറാം പറഞ്ഞു .

"ആൾക്ക് എയർപോർട്ടിൽ ആണ് ഇന്ന് ഡ്യൂട്ടി എന്ന് പറഞ്ഞിരുന്നു , വൈകിട്ട് വരുമ്പോൾ ഡ്യൂട്ടി ഫ്രീയിൽ നിന്ന് കുപ്പി  എന്തെങ്കിലും  സംഘടിപ്പിച്ചു  വരാമെന്നും പറഞ്ഞിരുന്നു " ഞാൻ ശ്രീറാമിനെ നോക്കി  പറഞ്ഞു .

യഥാർഥത്തിൽ ഞങ്ങൾ മൂവർക്കും അടുത്ത സ്റ്റെപ് എന്താണെന്നു ഒരു രൂപവുമില്ലായിരുന്നു . ആ ആശങ്ക ആയിരിക്കണം ശ്രീറാമിനെ ഇങ്ങനെ അസ്വസ്ഥനാക്കുന്നതും ശരിയായ രൂപരേഖ ഇല്ലാതെ ഇങ്ങനെ ഓരോന്നൊക്കെ ചെയ്യുന്നത് ; അയാൾ സ്വയം സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി .

ഞങ്ങൾ സിഗരറ്റു കത്തിച്ചു ബാൽക്കണിയിൽ ഇരുന്നു . ഒരു പതിനൊന്നു മണിയായിക്കാണണം , ആരോ എന്റെ ഫോണിൽ വിളിക്കുന്നു . ഞാൻ മുറിയിലേക്കു ചെന്നു കാൾ അറ്റൻഡ് ചെയ്തു . അത്  എന്റെ സുഹൃത്തായിരുന്നു ഇന്നലെ ആൾക്കാരെ ഇവിടേയ്ക്ക് അയച്ച ആൾ . പ്രത്യേകിച്ചൊന്നും ഇല്ല വെറുതെ വിളിച്ചതാണ്  എന്തെങ്കിലും സൂചന കിട്ടിയോ എന്നറിയാൻ . എന്തായാലും വിളിച്ചതല്ലേ രഹസ്യമായി ഒന്നന്വേഷിക്കാൻ ഞാൻ പറഞ്ഞു .ആള് ചെയ്യാമെന്നേറ്റു . ഞങ്ങൾ വീണ്ടും പല കാര്യങ്ങളെപ്പറ്റിയും  ചർച്ച ചെയ്തു , പല നീക്കങ്ങളെപ്പറ്റിയും ആലോചിച്ചു . ഒന്നും ഫലവത്തായ മാർഗങ്ങളായി ഞങ്ങൾക്കു തോന്നിയില്ല . സമയം ഒരു മണിയായി .
" എനിക്ക് നന്നായി വിശക്കുന്നു , മൂന്നു നാലു ദിവസമായി മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് , ഞാൻ പുറത്തുപോയി എന്തെങ്കിലും സ്പെഷ്യൽ ആയി വാങ്ങി വരാം " ശ്രീറാം എന്നെ നോക്കി വിഷണ്ണനായി പറഞ്ഞു  എന്നിട്ടു ഉടനെ ഡ്രസ്സ് മാറി പുറത്തേക്കു പോയി

അയാൾ പറഞ്ഞത് ശരി  തന്നെയായിരുന്നു . ഞാൻ വിദൂരത്തേക്കു നോക്കി വെറുതെ പുകയൂതിക്കൊണ്ടിരുന്നു .

അല്പം കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടാണ് റൂമിലേക്ക് ചെന്നത് . അപ്പോൾ കാൾ ഡിസ്‌കണക്റ്റായി , നോക്കിയപ്പോൾ അമലായിരുന്നു . രണ്ടു മൂന്നു മിനുട്ടുകൾ കഴിഞ്ഞപ്പോൾ വീണ്ടും ഇതുപോലെ കാൾ വന്നു എന്നിട്ടു കട്ട് ആയി , തിരിച്ചു വിളിച്ചു പലവട്ടം  അപ്പോൾ ഔട്ട് ഓഫ് റേഞ്ച് കാണിക്കുന്നു . എന്തോ പന്തിയടുള്ളത് പോലെ എനിക്ക് തോന്നി , ശ്രീറാം പുറത്തേക്കും പോയിരിക്കുന്നു , എന്താകും ? എനിക്കാകെ ഉൽകണ്ഠ തോന്നി . എത്ര വിളിച്ചിട്ടും കിട്ടുന്നില്ല തിരിച്ചു വിളിക്കുന്നുമില്ല .ഒരു പത്തു പതിനഞ്ചു  മിനിറ്റ് കഴിഞ്ഞപ്പോൾ കാൾ വന്നു , ഞാൻ ദൃതി പിടിച്ചു കാൾ അറ്റൻഡ് ചെയ്തു . അങ്ങേത്തലക്കൽ അമലിന്റെ ഇടയ്ക്കിടയ്ക്ക് മുറിഞ്ഞു പോകുന്ന ഉത്കണ്ഠ നിറഞ്ഞ പതറിയ ശബ്ദം..!!

" അയാളെ ഞാൻ ഇവിടെ എയർപോർട്ടിൽ  വെച്ച് കണ്ടു ഏതാണ്ട് പത്തിരുപതു മിനിറ്റ് ആയിക്കാണും , ഇമ്മിഗ്രേഷൻ ക്ലീറൻസ്  ഗേറ്റിലൂടെ അയാൾ പോകുന്നത് ഞാൻ വ്യക്തമായി കണ്ടു , കൂടെ ഒരു സ്ത്രീയുമുണ്ട് . അപ്പോളാണ് ഞാൻ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത് , ഉള്ളിൽ റെയിന്ജ് കുറവാണ് , കാൾ കണക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ് . അയാൾ ലഗേജ്   ചെക്ക് ഇൻ ഗേറ്റ് ഒക്കെ കഴിഞ്ഞു ഇമ്മിഗ്രേഷൻ ഗേറ്റിൽ വെച്ചാണ് ഞാൻ കാണുന്നത് , പിന്നെ എന്ത് ചെയ്യാൻ കഴിയും " വല്ലാത്ത പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ അമൽ പറഞ്ഞു നിർത്തി .

" ഞാൻ അവിടെയുള്ള എന്റെ സുഹൃത്ത് വഴി അയാൾ എങ്ങോട്ടാണ് പോകുന്നതെന്നും കൂടെ ഉള്ളത് ആരാണെന്നുള്ള  വിവരങ്ങളും അവർ ഫിൽ ചെയ്ത ഇമ്മിഗ്രേഷൻ ക്ലീയറൻസ് ഫോമും അവരുടെ ഒരു ഫോട്ടോയും സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ് . അവർക്കു ക്ലീയറൻസ് കിട്ടി ബോര്ഡിങ് ഗേറ്റിലേക്ക് പോയിക്കഴിഞ്ഞു , ഇനി ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല , ഞാൻ വിവരങ്ങൾ കിട്ടിയാൽ തനിക്ക് അയക്കാം  " അമൽ അമർഷവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു നിർത്തി .

ഞാൻ ഞെട്ടിത്തരിച്ചു കസേരയിൽ ഇരുന്നുപോയി . ഓ മൈ ഗോഡ് ! അത് അയാളാകുമോ  ?? ആണെങ്കിൽ എന്ത് ചെയ്യും?? . ഒരിക്കലും ആയിരിക്കരുതേ എന്ന് പ്രാർഥിച്ചു കൊണ്ട് ഞാൻ ഫോണിലേക്കു നോക്കിയിരുന്നു .. മിനുറ്റുകൾക്കു മണിക്കൂറുകളേക്കാൾ ദൈർഘ്യമുണ്ടായിരുന്നു ...

ശ്രീറാം മുറിയിലേക്ക് ഭക്ഷണവും ഒരു കുപ്പി മദ്യവുമായി വന്നു . എന്റെ ഭാവം കണ്ടു ശ്രീറാം എന്നോട് കാര്യം തിരക്കി . ഞാൻ ആ കുപ്പി വാങ്ങി അതിൽ നിന്ന് ഒരു പെഗ് ദൃതിപിടിച്ചു കഴിച്ചു . എന്നിട്ടു കാര്യം പറഞ്ഞു . ശ്രീറാം വല്ലാത്ത ഒരു മനസികഭാവത്തോടെ എന്നെ അവിശ്വസനീയതയോടെ നോക്കി , അയാളുടെ മുഖത്ത് കടുത്ത അമർഷം കാണാമായിരുന്നു . അയാൾ കുപ്പിയിൽ നിന്ന് ഒരു പെഗ് മദ്യം പകർന്നു , ഫ്രിഡ്ജിൽ നിന്ന് തണുത്ത സോഡാ ഒഴിച്ച് ഒരു സിഗരറ്റ് കത്തിച്ചു ബാല്കണിയിലേക്കു നോക്കി ജനലിന്റെ അടുത്ത് നിന്നു . " എന്തായാലും നമുക്ക് അമലിന്റെ മെസ്സേജ് വന്നിട്ട് ബാക്കി കാര്യങ്ങൾ നോക്കാം " ശ്രീറാം പറഞ്ഞു.

എന്റെ മനസിലും അത് തന്നെയായിരുന്നു . ഞങ്ങൾ പരസ്പരം നോക്കി , മനസിലൂടെ ഈ നിമിഷം വരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഒരു ഫ്ലാഷ്ബാക്ക് കണക്കെ കടന്നു പോയി . ഈ സംഭവങ്ങളെല്ലാം ഞങ്ങളുടെ മാനസികാവസ്ഥയെ തന്നെ മാറ്റിയിരുന്നു .

" അയാൾ അങ്ങനെ പോകുന്നു എങ്കിൽ അങ്ങനെ അങ്ങോട്ട്  പൊയ്ക്കോട്ടേ , നമുക്ക് എന്ത് സംഭവിക്കാനാണ്? , നമ്മൾ നമ്മളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നു ., അതല്ലേ നല്ലത് ? " ഞാൻ ചോദിച്ചു .

ശ്രീറാം ഒന്നും പറയാതെ ഫ്രിഡ്ജിന്റെ ഭാഗത്തേക്കു നടന്നു , ഡോർ  തുറന്നു ഒന്നുരണ്ടു ഐസ് ക്യൂബുകൾ പെറുക്കി കയ്യിലിരുന്ന ഗ്ലാസിൽ ഇട്ടു , എന്നിട്ട് എനിക്ക്‌ അഭിമുഖമായി കസേരയിൽ ഇരുന്നു , എന്നിട്ടു ചോദിച്ചു .

" ഈ നടന്ന സംഭവങ്ങളുമായി നമ്മൾക്കാർക്കും ബന്ധമില്ല എന്ന് കരുതുന്നുണ്ടോ ? അയാൾ നമ്മളെ പിന്തുടർന്ന് സജു സാറിന്റെ വീട്ടിലെത്തിയതിന്റെ പിന്നിലെ രഹസ്യമെന്താണ് ? അയാൾ ഇവിടെ നിന്നു പോയാൽ നമ്മൾ സുരക്ഷിതരായി എന്ന് കരുതുന്നതിലെ യുക്തി എന്താണ് ?"

എനിക്ക്  ആ വാക്കുകൾ വ്യർഥമായ ഒന്നായി തോന്നിയില്ല , പറഞ്ഞതിൽ ചില  കാര്യങ്ങൾ ഇല്ലാതില്ല . ഞങ്ങൾ ഓരോ പെഗ് കൂടി ഒഴിച്ചു .

ശ്രീറാം കൊണ്ടുവന്ന ഭക്ഷണപ്പൊതിയിൽ നിന്നു എന്തെങ്കിലും തൊട്ടു നക്കാൻ എടുക്കാം എന്ന് കരുതി തുറക്കുമ്പോഴാണ് ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷനുകൾ  വന്നത് . ഞാൻ മെസ്സേജുകൾ ഓരോന്നായി തുറന്നു വായിച്ചു , ഇതായിരുന്നു  ആദ്യത്തെ  സന്ദേശം .

"അയാൾ മറ്റേതോ രാജ്യത്തേക്ക് പോകുന്നതായാണ് വിവരം , പക്ഷേ എങ്ങോട്ടെന്ന് കൃത്യമായി അറിയില്ല . ഇന്റർനാഷണൽ ഫ്ലൈറ്റ്സ്  വെയ്റ്റിംഗ് ലോഞ്ചിൽ ആവരുള്ളതായാണ് അറിഞ്ഞത്, അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ മൂന്നുനാലു ഫ്ലൈറ്റ്സ് ഉണ്ട് , വിശദവിവരങ്ങൾക്കായി ഞാൻ ശ്രമിക്കുകയാണ്   "

അടുത്ത സന്ദേശം അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു " അയാളുടെ കൂടെ ഉള്ള പെൺകുട്ടിയുടെ പേര് " സ്റ്റെല്ല ഫെർണാണ്ടസ് !!" , വയസ് ഇരുപത്തിമൂന്ന് !! "

മൂന്നാമത്തെ സന്ദേശം ഒരു ഫോട്ടോ ആയിരുന്നു " ഡിറക്ഷൻ  ബോർഡുകളും  എൽ  ഈഡി  ലൈറ്റുകളും കൊണ്ട് നിറഞ്ഞ തിരക്കേറിയ പ്ലാറ്റുഫോമിൽ ചെക്കിൻ  ഗേറ്റിനു മുന്നിൽ അയാൾ നിൽക്കുന്നു , കൂടെ ചുരുണ്ടു ഭംഗിയുള്ള മുടിയിഴകൾ കൈകൊണ്ടു മാടിയൊതുക്കി ആ പെൺകുട്ടി അയാളോട് ചേർന്ന് നിൽക്കുന്നു , അവൾ ചുവന്ന ടോപ്പും ഡെനിം ബ്ലൂ ജീൻസും ധരിച്ചിരുന്നു . അയാൾ കറുത്ത സ്യൂട്ട് ധരിച്ചിരുന്നു , തന്റെ പ്രണയസാഫല്യത്തിന്റെ അടയാളമെന്നോണം ഒരു ചുവന്ന  റോസാ  പുഷ്പത്തിന്റെ ചിത്രം അതിൽ ആലേഖനം ചെയ്തിരുന്നു . ഈ നിഗൂഢ പദ്ധതികളുടെയെല്ലാം ചരട് വലികൾ നടത്തിയ കണ്ണുകൾ കറുത്ത കണ്ണട കൊണ്ട് മറച്ചിരുന്നു "

ശ്രീറാമും ഞാനും ഷോക്കേറ്റതുപോലെ തരിച്ചിരുന്നുപോയി ! ഇനിയെന്ത് ചെയ്യും . ഒന്നും പറയാൻ കഴിയാത്ത വണ്ണം ഞാൻ നിർവികാരനായി ശ്രീറാമിനെ നോക്കി .

അയാളുടെ കണ്ണുകളിൽ ഒരു ദൈന്യഭാവം തളംകെട്ടിയിരുന്നു , മനസ്സിലെ ശൂന്യത കണ്ണുകളിലേയ്ക്ക് പടർന്നതുപോലെ !!

(തുടരും ..)

1 comment:

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...