Saturday, May 30, 2020

ഒരു അവിചാരിത വഴിത്തിരിവ്

ആകാംക്ഷയുടെയും സംശയങ്ങളുടെയും കാർമേഘങ്ങൾ നിറഞ്ഞ ഒരു രാത്രി കടന്നു  പോയി . ഹോട്ടൽ റൂമിൽ എത്തിയതു മുതൽ ഞാനും ശ്രീറാമും ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും  പലരെയും ബന്ധപ്പെട്ടു എന്തെങ്കിലും ഒരു സൂചനക്കായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു . നിരാശയായിരുന്നു ഫലം .

പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ അമലിനെ ഫോണിൽ വിളിച്ചു , ഇന്നലെ വരെ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു , അതിന്റെ  ഗൗരവം മനസിലാക്കിയ അയാൾ ഉടനെ തന്നെ  വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു . അധികം വൈകാതെ തന്നെ അയാൾ  ഹോട്ടലിൽ എത്തി . ഞാൻ റിസപ്ഷനിൽ വിളിച്ചു മൂന്നു ചായ ഓർഡർ ചെയ്തു.  ബാൽക്കണിയിൽ ഞങ്ങൾ മൂവരും ഇരുന്നു . അമൽ ചൂട് ചായ ഊതിക്കുടിച്ചുകൊണ്ടു ഒരു സിഗരറ്റ് കത്തിച്ചു  ഓരോന്ന്  എനിക്കും ശ്രീറാമിനും നേരെ നീട്ടി  .  വളരെ നേരം ഞങ്ങൾ  ഒന്നും സംസാരിച്ചില്ല , അമൽ   തെരുവിലൂടെ പോകുന്ന വാഹനങ്ങൾ നോക്കിക്കൊണ്ടു എന്തോ ചിന്തകളിൽ എന്നപോലെ പുകയൂതികൊണ്ടു  മൗനിയായി ഇരുന്നു  .

" ഇത് നമ്മൾ എവിടെ നിന്ന് തുടങ്ങും , അരെയെല്ലാം  ,സംശയിക്കും " ശ്രീറാം ആരോടെന്നില്ലാതെ ചോദിച്ചു .

"ഈ ചോദ്യമാണ് എന്നെയും കുഴക്കുന്നത് " അമൽ പറഞ്ഞു .

" അയാളുടെ വീട് കേന്ദ്രീകരിച്ചു ഒരു അന്വേഷണം നടത്തിയാലോ " ഞാൻ അമലിനോട് ചോദിച്ചു .

" അത് വെറുതെ സമയം പാഴാക്കുകയെ ഉള്ളു , അയാൾ അങ്ങോട്ട് എന്തായാലും ഈ സാഹചര്യത്തിൽ  പോകില്ല " അമൽ എന്റെ നിർദേശത്തോട് യോജിച്ചില്ല . ശ്രീറാമും അത് ശരി വെച്ചു .

അൽപ നേരം കൂടി ഞങ്ങൾ ബാൽക്കണിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു .അല്പം കഴിഞ്ഞപ്പോൾ അമൽ പെട്ടെന്നു  പറഞ്ഞു .

" എനിക്കൊരു ഐഡിയ തോന്നുന്നു , അയാൾ രാജി വെച്ച ദിവസം  ആരെയെല്ലാം കണ്ടിരുന്നു  എന്താണയാൾ ഒരു മണിക്ക് മടങ്ങിപ്പോകുന്നു വരെ ചെയ്തത് , ഇതിന്റെ വിവരങ്ങൾ ഒന്ന് കിട്ടുമോന്നു നോക്കൂ , അയാളുടെ ഭാവി പരിപാടിയുമായി ബന്ധമുള്ള ആരെങ്കിലുമായി അയാൾ അന്ന്  സംസാരിച്ചു കാണാനുള്ള സാധ്യത ഉണ്ട് "

അത് വളരെ നല്ല ഒരു കാര്യമായി എനിക്കും ശ്രീറാമിനും തോന്നി . ശ്രീറാം സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്തു .  ഹോസ്റ്റലിലും  ഓഫീസിലും പോകാതെ ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്നയാൾ പറഞ്ഞു. അയാൾ എന്തോ ഒരു വഴി മനസ്സിൽ കണ്ടിട്ടുണ്ടെന്ന് തോന്നി . അമലും അത് ശരിവെച്ചു .

" ശ്രീറാം   പോയി അന്വേഷിച്ചു  വരട്ടെ , താൻ തല്ക്കാലം അതുവരെ  ഇവിടെ ഇരിയ്ക്ക് . എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്ക് " ഇത്രയും  പറഞ്ഞു അമൽ പോയി . തൊട്ടു പിറകെ ശ്രീറാമും .ഞാൻ റൂം അടച്ചു ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു , ക്ഷീണം കാരണം അത് കഴിഞ്ഞു ഒന്ന് മയങ്ങിപ്പോയി . പിന്നെ ഒരു രണ്ടുമണിക്കൂറോളം കഴിഞ്ഞു ശ്രീറാമിന്റെ വിളി കേട്ടാണ് വാതിൽ തുറന്നത്.

അയാളുടെ മുഖത്ത് എന്തോ വിവരം കിട്ടിയ മട്ടുണ്ടായിരുന്നു ." എന്തെങ്കിലും അറിഞ്ഞോ " ഞാൻ ചോദിച്ചു . " നിൽക്ക് , പറയാം " എന്ന് പറഞ്ഞു അയാൾ റൂമിൽ കയറി വാതിലടച്ചു . അയാൾ അറിഞ്ഞ കാര്യം അത്ര ഉദ്യോഗം ജനിപ്പിക്കുന്നതോ പ്രാധാന്യമുള്ളതോ ആയി എനിക്ക് തോന്നിയില്ല . ഇതാണയാൾ അറിഞ്ഞത് ; " അന്നേ  ദിവസം ഓഫീസിൽ എത്തിയ ജിനീഷ്  ഓഫീസ്  മാനേജർക്കു ലെറ്റർ കൊടുത്തു , അതിനു ശേഷം ഫോണും മറ്റും ഹാൻഡ്‌ ഓവർ  ചെയ്തു , അത് ചെയുമ്പോൾ അയാൾ ഹാർഡ്‌വെയർ ഡിപ്പാർട്മെന്റിലെ സുഹൃത്തിനോട് പറഞ്ഞിട്ടു ഹെഡ് ഓഫീസിലേക്ക് പോയി . ജനറൽ മാനേജർ ആയ സാജു  നാരായണൻ സാറിനെ  കാണാൻ പോയി എന്നാണ് പറഞ്ഞത് . അപ്പോൾ ഏതാണ്ട് പത്തു മണിയായിക്കഴിഞ്ഞിരിക്കും . ആ ഹാർഡ്‌വെയർ സ്റ്റാഫിൽ നിന്നു തന്നെ  ആണ്  ഞാൻ രഹസ്യമായി ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞത് , അയാൾ എന്റെ സുഹൃത്താണ് . പക്ഷെ ഈ സുഹൃത് ഒരു പന്ത്രണ്ടേ മുക്കാലോടെ സാജു സർ ന്റെ ക്യാമ്പിന്റെ അടുത്ത് ഒരു സിസ്റ്റം കംപ്ലയിന്റ് നോക്കാൻ പോയപ്പോൾ ജനീഷ്‌ സാജുസാറിന് അദ്ദേഹത്തിൻറെ  ക്യാബിനിൽ വെച്ച്  ഷേക്ക് ഹാൻഡ് കൊടുത്തു പിരിയുന്നത് കണ്ടു , അപ്പോൾ ഏകദേശം ഒരു മണിയോടടുത്തിരുന്നു . ഒരു മണിക്ക് അയാൾ ഹോസ്റ്റലിലേക്ക് പോയി. എങ്കിൽ പത്തു മണി മുതൽ ഒരു മണി വരെ ഏകദേശം മൂന്നു മണിക്കൂർ അവർ തമ്മിൽ എന്തോ ഗൗരവമായ ചർച്ചകൾ നടന്നു എന്നത് വ്യക്തമാണ് ,"

" അവർ തമ്മിൽ ചർച്ച ചെയ്തത് ഒഫീഷ്യൽ കാര്യങ്ങളായിക്കൂടെ ? ജനീഷ്‌  എത്ര കാലമായി  ഒരു മീഡിയ മാനേജർ ആയി  ജോലി ചെയ്യുന്നു " ഞാൻ ചോദിച്ചു

" പക്ഷെ രാജി വെച്ച് അന്ന് തന്നെ പോണം എന്ന് പറഞ്ഞ ഒരു സ്റ്റാഫിനോട് മൂന്നു മണിക്കൂറോളം സാജു സാറിനെപ്പോലെ  ഒരാൾ സംസാരിക്കും എന്ന്  നിങ്ങൾ കരുതുന്നുണ്ടോ ? എന്നിട്ടു ഷേക്ക് ഹാൻഡ് കൊടുത്തു പിരിഞ്ഞു പോലും " ശ്രീറാം പരിഹാസച്ചുവയോടെ പറഞ്ഞു .

ശ്രീറാമിന്റെ ആ വാക്കുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു . ആ പറഞ്ഞതിൽ കാര്യമുണ്ട് , ആ കൂടിക്കാഴ്ചയിലും അതിനടുത്ത സമയ ദൈർഘ്യവും  ആ സാഹചര്യവും ഷേക്ക് ഹാൻഡും ഇതിൽ ഒരു അസ്വാഭാവികതയുണ്ട് , തീർച്ച .

" പക്ഷെ അയാൾ പത്തു മണി മുതൽ ഒരു മണി വരെ അവിടെത്തന്നെയായിരുന്നു എന്നുറപ്പുണ്ടോ " ഞാൻ ചോദിച്ചു .

" ഉണ്ട് , അത്  ഞാൻ അവിടെത്തന്നെയുള്ള ഒരു സ്റ്റാഫിൽ നിന്ന്  ചോദിച്ചുറപ്പു വരുത്തി , പിന്നെ അവർ വളരെ സ്വകാര്യവും ഗൗരവസ്വഭാവമുള്ള  കാര്യമായിരിക്കണം ചർച്ച ചെയ്തിട്ടുണ്ടാകുക എന്നും ആ സ്റ്റാഫ് പറഞ്ഞു , അവർ തമ്മിൽ വാഗ്വാദങ്ങൾ ഒന്നും തന്നെ  ഉണ്ടായിട്ടുമില്ല " ശ്രീറാം പറഞ്ഞു .

ഇതിനെപ്പറ്റി ഒരു പൂർണരൂപം കണ്ടെത്തണമെങ്കിൽ  സജു സാറുമായി തന്നെ സംസാരിക്കേണ്ടി വരും . ആളെ നേരിൽ കാണാൻ ഞങ്ങൾ തീർച്ചപ്പെടുത്തി. അതിനായി ഒരു പദ്ധതി തയ്യാറാക്കി , ലീവ് ആയിരിക്കുന്ന ഇപ്പോ എന്തായാലും ഓഫീസിൽ പോയി കാണാൻ കഴിയില്ല . അതുകൊണ്ടു ആളുടെ വീട്ടിൽ പോയിക്കണം , ഓഫീസിന്റെ അടുത്ത് തന്നെയാണ് സർ താമസിക്കുന്നത് , ശ്രീറാമിന് സ്ഥലമറിയാം . ആള് ഓഫീസിൽ നിന്ന്  അല്പം ലേറ്റ് ആയി ഇറങ്ങുന്ന കൂട്ടത്തിലാണ് , ഒരു എട്ടരയോടെ പോയി കാണാൻ ഞങ്ങൾ തീരുമാനിച്ചു . പക്ഷെ ശ്രീറാം  ചില സംശയങ്ങൾ മുന്നോട്ടു വെച്ചു .
ജനീഷും സാജു സാറുമായി എന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടോ? അവർ തമ്മിൽ വല്ല രഹസ്യധാരണയും ഉണ്ടോ? ഉണ്ടെങ്കിൽ നമ്മൾ സജു സാറുമായി കൂടിക്കാഴ്ച നടത്തി നമ്മുടെ ഉദ്യമത്തെപറ്റി വെളിപ്പെടുത്തിയാൽ അത് ജനീഷ്‌ അറിയാനിടയാകും , പിന്നെ അയാൾ നമുക്ക് നേരെ തിരിയില്ലേ.? അയാൾ പറഞ്ഞത് ശരിയാണ് .പക്ഷെ വളരെ നേരത്തെ ആലോചനക്ക് ശേഷം ഞങ്ങൾ സാറിനെ കാണാൻ തന്നെ തീരുമാനിച്ചു , കാരണം മുന്നിൽ വേറെ വഴികളില്ല , പക്ഷെ എല്ലാം തുറന്നു ചോദിക്കുന്നത് അയാളുടെ പ്രതികരണം സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷം മതി എന്നും ആരും അറിയാതെ തന്നെ സാറിനെ കാണാൻ ശ്രദ്ധിക്കാനും ഞങ്ങൾ തീരുമാനിച്ചു .

ഏകദേശം എട്ടേ കാലോടെ തന്നെ ഞങ്ങൾ സാറിൻറെ വീടിനു സമീപം എത്തി .ആള്  എത്തിയിട്ടില്ല . ഞങ്ങൾ കുറച്ചകലെ മാറി ഒരു വിജനമായ പറമ്പിൽ ഇരുളിന്റെ മറപറ്റി നിന്നു . സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വീടിന്റെ മുൻവശം കാണാം . ഒരു പത്തു പതിനഞ്ചു മിനിറ്റുകൾ കഴിഞ്ഞപ്പോൾ ദൂരെ നിന്ന് സർ നടന്നു  വരുന്നത് കാണാമായിരുന്നു . കൂടെ ഒന്ന് രണ്ടു പേരുണ്ട് . സാജു സാറിൻറെ മുടി അലസമായി നെറ്റി ഏകദേശം മുഴുവനും മറച്ചു കിടന്നിരുന്നു , ഉള്ളിലേക്ക് താഴ്ന്നിരിക്കുന്ന കണ്ണുകൾ അയാളുടെ മുഖത്തിന് ഒരു പരുക്കൻ പരിവേഷം നൽകിയിരുന്നു. അലസമായ വലിയ ശ്രദ്ധയില്ലാതെ വസ്ത്രം ധരിച്ചിരിക്കുന്നു , ഒരു നീളൻ ബാഗ് തോളിൽ നിന്ന് ഏകദേശം മുട്ടുവരെ നീണ്ടു കിടന്നിരുന്നു . കൂടെയുള്ള ഒരാൾ ഈ വീട്ടിൽ സാറിൻറെ സഹായിയെപ്പോലെ തോന്നിച്ചു , അയാളുടെ കയ്യിൽ രണ്ടു കിറ്റുകൾ ഉണ്ടായിരുന്നു , ഒന്ന് ഭക്ഷണപ്പൊതിയാണ് , മറ്റേതു പ്രിൻറർ കാട്രിഡ്ജ് പോലെ തോന്നിച്ചു .  കൂടെ വന്ന രണ്ടുപേർ എന്തെങ്കിലും ഫയലുകളോ  മറ്റോ വാങ്ങാൻ വന്ന സ്റ്റാഫുകളായിരിക്കാം  . സഹായിയെന്നു  തോന്നിച്ചയാൾ വീട് തുറന്നു, എല്ലാവരും അകത്തു കടന്നു . അവർ തിരിച്ചു പോകുന്നതുവരെ കാത്തുനിൽക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു . അല്പം കഴിഞ്ഞപ്പോൾ മറ്റു രണ്ടു പേർ എന്തൊക്കെയോ ഡോക്യൂമെന്റസ് ഒരു ഫയലിൽ ആക്കി തിരികെപ്പോയി , സാജു  സർ അവരുടെ കൂടെ  മുൻവശത്തോളം  വന്നു യാത്രയാക്കി, എന്നിട്ട് തിരികെപ്പോയി. കൂടെയുള്ളത് ആളുടെ വീട്ടിലെ സഹായി ആണെങ്കിലോ ചിലപ്പോൾ തിരിച്ചു പോയില്ലെങ്കിലോ ? എന്തായാലും അൽപനേരം കൂടെ കാക്കാം , എന്നിട്ടും പോയില്ലെങ്കിൽ പിന്നെ അങ്ങോട്ട് ചെല്ലുക തന്നെ എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി .

ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കാത്തു  നിന്നിട്ടും ആളു പോകുന്നില്ല , ഇനി അങ്ങോട്ട് കയറിച്ചെല്ലുക തന്നെ. ഞങ്ങൾ മുൻവാതിലിനടുത്തെത്തി കാളിങ് ബെല്ലിൽ വിരലമർത്തി . ഏതാനും നിമിഷങ്ങൾക്കകം ആ സഹായി വന്നു വാതിൽ തുറന്നു ,  ആരാണ് എന്താണ് എന്നെല്ലാം ചോദിച്ചു . "ഞങ്ങൾ ഓഫീസിൽ നിന്നാണ്  , സാജു സാറിനെ ഒന്ന് കാണണം" ഞാൻ പറഞ്ഞു .
അയാൾ ഞങ്ങളോട് അൽപനേരം  ഇരിക്കാൻ പറഞ്ഞു എന്നിട്ടു വീടിന്റെ ഉള്ളിലേക്ക് പോയി . അയാളുടെ സംസാരത്തിലെ വിനയവും വേഷവും എല്ലാം കണ്ടപ്പോൾ  ഇയാൾ വീട്ടുജോലിക്കാരൻ  തന്നെ എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി , അയാൾ വസ്ത്രം മാറി ഒരു ലുങ്കി ഉടുത്തിരുന്നു . ഞങ്ങൾ അടുത്തടുത്തായി സോഫയിൽ ഇരുന്നു , ഹാളിൽ ടെലിവിഷൻ, പിന്നെ ഭംഗിയുള്ള നാലു ചൂരൽക്കസേരകൾ ചൂരല് കൊണ്ടുള്ള ഒരു ടീപ്പോയി എന്നിവയുണ്ടായിരുന്നു . ടീപ്പോയിൽ  അന്നേ  ദിവസത്തെ  മനോരമ ,ഇക്കണോമിക് ടൈംസ് പിന്നെ മൂന്നു നാലു പേപ്പറുകളിൽ എന്തോ കുത്തിക്കുറിച്ചതും കാണാമായിരുന്നു . നല്ല ഭംഗിയായി അടുക്കിയ പുസ്തകങ്ങളും ചില അലങ്കാരവസ്തുക്കളും ഉള്ള ഒരു ഭിത്തിയാലമാരയും അവിടെ ഉണ്ടായിരുന്നു . അൽപ സമയത്തിനകം സാജു സർ ഹാളിലേക്ക് വന്നു . ഞങ്ങൾ എണീറ്റ് നിന്ന് വിഷ് ചെയ്തു . സർ ഞങ്ങളോട് ഇരിക്കാൻ ആംഗ്യഭാഷയിൽ പറഞ്ഞു . ഞങ്ങൾ സോഫയിൽ ഇരുന്നു ,    ഞങ്ങൾക്കമുഖമായി കസേരയിൽ സാറും ഇരുന്നു.
 "എന്തൊക്കെയുണ്ട് ? ജോലിയൊക്കെ എങ്ങനെ പോകുന്നു ? ആദ്യമായി ആണെന്ന് തോന്നുന്നു ഇങ്ങോട്ടു വരുന്നതല്ലേ ? " സാർ  ഊഷ്മളമായി ചിരിച്ചുകൊണ്ട് ചോദിച്ചു .

" സാറിനെ ഒന്ന് കാണേണ്ട കാര്യമുണ്ടായിരുന്നു , അതാണ് വന്നത് " ഞാൻ പറഞ്ഞു .

"  തന്റെ വീട് പാലക്കാടാണോ  ? " ഓഹ് അത് ശരി എന്ന മട്ടിൽ തലയാട്ടിയിട്ടു  ശ്രീറാമിനെ ചൂണ്ടി സാറ് ചോദിച്ചു

" അല്ല സർ , വായനാടാണ് , മാനത്താവടിക്കടുത്തു " ശ്രീറാം മറുപടി പറഞ്ഞു

ആളുടെ സംസാരത്തിൽ നിന്നെ എനിക്ക് സർ എന്തെങ്കിലും തരാം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നി , സംസാരത്തിൽ നേരിയ ചാഞ്ചാട്ടം ഉള്ളതുപോലെ , ഒരു സംശയം മാത്രമാണ് .

നിങ്ങൾ വന്ന കാര്യം പറഞ്ഞില്ലല്ലോ ? സർ ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി.

" സർ ഞങ്ങൾ വന്നത് ശരിക്കും ജനീഷ്‌ ജോലി രാജിവെച്ച കാര്യത്തെപ്പറ്റി സാറിനോട്  ചോദിക്കാനാണ് " ഞാൻ  പറഞ്ഞു, എന്നിട്ട് കുഴപ്പമില്ലല്ലോ എന്ന മട്ടിൽ  ശ്രീറാമിനെ ഒന്ന് നോക്കി.

സാജു സർ ചിന്താമഗ്നനായി കസേരയിൽ ഒന്നാഞ്ഞിരുന്നു . അൽപനേരം ഒന്നും മിണ്ടിയില്ല . ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി പക്ഷെ അല്പനേരത്തേക്ക് ഒന്നും സംസാരിച്ചില്ല  .

പിന്നീടാണ് സാർ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം ചോദിച്ചത് .

" ഞാൻ അല്പം മദ്യപിക്കുന്നത് കൊണ്ട് നിങ്ങൾക്കു ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ , ഞാൻ ഇപ്പോൾ അല്പം കഴിച്ചിട്ടുണ്ട് കുറച്ചു കൂടി ആകാം  എന്ന് തോന്നുന്നു , കഴിഞ്ഞ ഒരാഴ്ചയായി വിശ്രമമില്ലാത്ത ജോലിയായിരുന്നു "

ഞങ്ങൾ അവിശ്വസനീയതയോടെ  പരസ്പരം നോക്കി , സത്യം പറഞ്ഞാൽ ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു .പക്ഷെ അത് പുറമെ  കാണിക്കാതെ പക്വമായിത്തന്നെ ഞാൻ മറുപടി കൊടുത്തു " ഓ അതിനെന്താ സാർ , ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല , ഞങ്ങളും ഇടയ്ക്കു അല്പം കഴിക്കാറുണ്ട് ".

സാർ ഞങ്ങളെ നോക്കി നേരിയ  ജാള്യതയോടെ  ചിരിച്ചു.

" ഇത് ഓഫീസല്ല കേട്ടോ , ഇത്  വ്യക്തിപരമായ സമയമല്ലേ , നിങ്ങൾ എന്നോടുള്ള ബഹുമാനമൊക്കെ ഓഫീസിൽ കാണിച്ചാൽ മതി " അയാൾ മാന്യതയും ആതിഥ്യ മര്യാദയും നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു . ഞങ്ങളിരുവർക്കും വളരെ സന്തോഷം തോന്നി .
" ഓ പിന്നെ ജനീഷിന്റെ കാര്യം , അയാളോട് ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല , പിന്നെ എന്ത് ചെയ്യാൻ " ഇത്രയും പറഞ്ഞു നിർത്തിയിട്ടു  ജോലിക്കാരനെ വിളിച്ചു എന്തോ ആഗ്യം കാണിച്ചു .

അല്പനേരത്തിനുള്ളിൽ അയാൾ ട്രേയിൽ ഒരു കുപ്പിയും ഒരു ഗ്ലാസും പിന്നെ ജഗ്ഗിൽ വെള്ളവും കൊണ്ടുവന്നു വച്ചു  . സാജു സർ ഞങ്ങളെ ചൂണ്ടി ജോലിക്കാരനെ കാണിച്ചു രണ്ടു ഗ്ലാസ് കൂടി കൊണ്ടുവരാൻ പറഞ്ഞു . എന്നിട്ടു ഞങ്ങളോടായി പറഞ്ഞു " സാരമില്ല എന്തായാലും അല്പം കഴിക്കു, എനിക്കൊരു കമ്പനിയും ആയി"  . ഞങ്ങൾ എന്ത് പറയണമെന്നറിയാതെ മനസികാവസ്ഥയിലായി കാരണം സാറു നല്ല ഹാപ്പി മൂഡിലാണെന്നു മനസിലായതുകൊണ്ടുതന്നെ . അതൊരു "കോഗ്നാക്"
 ബ്രാണ്ടി ആയിരുന്നു " റെമി  മാർട്ടിൻ " ( പശ്ചിമ ഫ്രാൻസിലെ "കോഗ്നാക്" എന്ന ഗ്രാമത്തിലെ ഡിസ്റ്റില്ലെറികളിൽ മാത്രം നിർമിച്ചതെന്ന അവകാശവാദം ഉന്നയിക്കുന്നവിലയേറിയ  ഒരു മുന്തിയ ഇനം ബ്രാണ്ടി ആണത് ) അയാൾ  തന്നെ ഞങ്ങൾക്ക് മദ്യം പകർന്നു തന്നു .
" ചിയേർസ്!! " ആ വാക്കുകൾ ആ ഹാളിൽ പ്രതിധ്വനിച്ചപ്പോൾ തകർന്നു വീണത് ബഹുമാനവും ഭയവും കൊണ്ട് ഞങ്ങൾ  കെട്ടിപ്പൊക്കിയ കൂറ്റൻ കോട്ട മതിലുകളായിരുന്നു ! ഞങ്ങൾ സന്തുഷ്ടരായി മദ്യം നുകർന്നു . സാജു സർ പതിയെപ്പതിയെ ഉന്മത്താവസ്ഥയിലേക്കു  വഴുതിവീണുകൊണ്ടിരുന്നു . ഇതുതന്നെ പറ്റിയ തക്കം എന്ന് മനസിലാക്കിയ ഞാൻ ജനീഷിനെ പറ്റി ചോദിച്ചറിയാൻ ഈ അവസരം ഉപയോഗിച്ചു . പക്ഷെ സർ വീണ്ടും പറഞ്ഞ കാര്യം തന്നെ ആവർത്തിച്ചു . " ഞാൻ അയാളോട് കുറെ പറഞ്ഞു തിരുത്താൻ നോക്കി പക്ഷേ ഫലമുണ്ടായില്ല , ഇത്രയും വര്ഷം ജോലി ചെയ്ത ഒരാൾ പെട്ടെന്ന് പിരിഞ്ഞു പോയാൽ കമ്പനിക്കുണ്ടായേക്കാവുന്ന ക്ഷതങ്ങളെ പറ്റി  ഞാൻ ദീർഘനേരം സംസാരിച്ചു , അയാളുടെ മനസ് ഇളക്കാൻ ശ്രമിച്ചു , പക്ഷെ അയാൾ എന്തോ വ്യക്തിപരമായ സംഘര്ഷങ്ങളിലാണ് എന്ന് മാത്രം പറഞ്ഞു .പിന്നെ അയാൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെ തോന്നി .പിന്നെ എനിക്കെന്തു ചെയ്യാൻ കഴിയും ? എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു തിരിച്ചു വരം എന്ന് പറഞ്ഞു ഞാൻ അയാളെ യാത്രയാക്കി . എന്തോ എനിക്ക് ഇഷ്ടമായിരുന്നു അയാളെ., തിരിച്ചു വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു "

" സാർ ഒരുപാടു നേരം ആളുമായി സംസാരിച്ചു എന്ന് തോന്നുന്നല്ലോ " ശ്രീറാം ചോദിച്ചു .

" അതെ , എന്റെ ഓർമ ശരിയാണെങ്കിൽ  ഒരു പത്തുമണി കഴിഞ്ഞാണ് അയാൾ വന്നത് ഒരു മണിക്ക് മുൻപായി പോയിക്കാണും , ഞാൻ ഒരു പാട് ശ്രമിച്ചു ശ്രീറാം പക്ഷെ അയാൾ തീരുമാനത്തിൽ ഉറച്ചു നിന്നു .ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളേപ്പറ്റിയും സംസാരിച്ചിരുന്നു " സാർ പറഞ്ഞു .

ഞാനും ശ്രീറാമും മുഖാമുഖം നോക്കി . സാറിന്റെ വാക്കുകൾ സത്യസന്ധമാണ് എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു . ഞങ്ങൾ ഓരോ പെഗ് കൂടി  കഴിച്ചു ..ജോലിക്കാരൻ സ്നാക്ക്സ് ആയിട്ട് ആപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിച്ചു തന്നു .  അത് വളരെ വീര്യം കൂടിയ മദ്യമായിരുന്നു .അല്പമെരം കഴിഞ്ഞപ്പോൾ സാജു സർ ചെറിയതോതിൽ ഫിറ്റ് ആയതായി ഞാൻ മനസിലാക്കി . സ്വകാര്യജീവിതത്തിലെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളും പങ്കുവെച്ചു, ഒരു കാലഘട്ടത്തിനെ മുഴുവൻ വിറപ്പിച്ച, എല്ലാ തന്ത്രങ്ങളുടെയും ചരടുവലികൾ ഉള്ളിലൊളിപ്പിച്ച  ആ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു , അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  വിതുമ്പിക്കരഞ്ഞു.

" സ്നേഹവും പ്രണയവും ഒരു തെറ്റല്ലല്ലോ സർ , ഓരോ മനുഷ്യന്റെയും നിലനിൽപിന് ആധാരമല്ലേ  "  എന്ന് പറഞ്ഞു ഞാൻ സാറിനെ ആശ്വസിപ്പിച്ചു .

" നിങ്ങൾ എത്ര നല്ല ആളാണ് നിങ്ങളുടെയൊക്കെ സൗഹൃദം എനിക്ക് മുൻപേ അനുഭവിക്കാൻ കഴിഞ്ഞില്ലല്ലോ " , അയാൾ  എനിക്കും ശ്രീറാമിനും ഓരോ പെഗ് കൂടി പകർന്നു തന്നു . ഞാൻ പിന്നെ ഒന്നും മറച്ചില്ല ജനീഷിനെ പറ്റിയും ഇതുവരെ നടന്ന സംഭവ വികാസങ്ങളെപ്പറ്റിയും വിവരിച്ചു . സാർ അവിശ്വസനീയതയോടെ എന്നെ നോക്കി .

" അയാളെന്തെങ്കിലും കുഴപ്പത്തിൽ പെട്ടിരിക്കും . നിങ്ങൾ അയാളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കൂ , എന്ത് സഹായവും ഞാൻ ചെയ്യാം , സാമ്പത്തിക ആവശ്യങ്ങളുണ്ടെങ്കിൽ പറയാൻ മടിക്കരുത് . നിങ്ങളുടെ ലീവിന്റെ കാര്യവും ഓർത്തു പേടിക്കേണ്ട " സാർ ഞങ്ങളെ ഇരുവരെയും നോക്കിക്കൊണ്ടു പറഞ്ഞു . സാറിനു അയാളോട് ഇപ്പോഴും സ്നേഹമാണ് , അയാൾ സാറിനെയും തന്ത്രപരമായി കൈയ്യിലെടുത്തിരിക്കുന്നു , സ്വയം ഒളിപ്പിച്ചുകൊണ്ട് ..  എത്ര തന്ത്രശാലിയാണ്  അയാൾ  !!

ഞങ്ങൾ ആ കുപ്പി ഏതാണ്ട് കാലിയാക്കിക്കഴിഞ്ഞിരുന്നു . സാർ ഫോണിൽ മെസേജ് നോക്കിക്കൊണ്ട് ബെഡ്റൂമിലേക്ക് പോയി , ശ്രീനി സോഫയിൽ കിടന്നു പതിയെ മയങ്ങുന്നു . ജോലിക്കാരൻ എന്തോ സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു അല്പം മുൻപേ കടയിലേക്ക് പോയിരുന്നു . പെട്ടെന്നാണ് ഞാൻ അത് കണ്ടത് !! ജനാലയുടെ  ചില്ലിന്റെ അപ്പുറത്തായി ഒരു ആരോ നില്കുന്നു !!  ഞാൻ ഭയന്നു  പോയി.. ഞാൻ ശ്രീറാമിനെ  നോക്കി , ഉറക്കമാണ് , വിളിച്ചാൽ ശബ്ദം വെച്ചാൽ ചിലപ്പോൾ പുറത്തുള്ള ആളു പൊയ്ക്കളയും . ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി ,വീടിന്റെ പുറത്തു കൂടി പിൻവാതിലെത്തി അവിടെ നിന്ന് നോക്കി . ശരിയാണ് ഒരാൾ അവിടെ നില്പുണ്ട് . ജാക്കറ്റ്‌  ധരിച്ചു മാസ്ക് വെച്ച ഒത്ത ഉയരമുള്ള ഒരാൾ . പെട്ടെന്ന് ഞാൻ നിന്ന ഇടനാഴിയിലെ സിമെന്റ് ഇളകിയ ഭാഗത്തു കാൽ തട്ടി ഞാൻ പുറകോട്ടു വീഴാനായി വേച്ചു . വീണില്ല , പക്ഷെ പറമ്പിലെ കരിയിലകളിൽ കാൽ കുത്തേണ്ടി വന്നു . ശബ്ദം കേട്ട്  ആ രൂപം എന്റെ നേർക്ക് നോക്കി , ഒരു മാത്ര അനങ്ങാതെ നിന്നും എന്നിട്ടു ദ്രുതഗതിയിൽ ഇരുട്ട് നിറഞ്ഞ ഭാഗത്തുകൂടി മതിലിനരികിലേക്കു ഓടി . ഞാൻ  ഗേറ്റു തുറന്നു പ്രധാന വഴിയിലെത്തി , അയാൾ മതിൽ ചാടിക്കടന്നാലും ഇതിലെയെ പോകാൻ കഴിയു. ഞാൻ അവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല . പെട്ടെന്ന് ഒരു നൂറു മീറ്റർ അകലെയായി ഒരു മോട്ടോർ സൈക്കിൾ സ്റ്റാർട്ട് ചെയ്തു ശരം  കണക്കെ അവിടെ നിന്ന് ആരോ പാഞ്ഞു പോയി. ഞാൻ ആ പ്രദേശം മുഴുവൻ അരിച്ചു പെറുക്കി . ഒന്നും കണ്ടെത്താനായില്ല . അതയാൾ തന്നെ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു പക്ഷെ ഒരു ചോദ്യം മാത്രം ബാക്കി " ഞാനും ശ്രീറാമും അമലും  അയാളെ പിന്തുടരുന്നുണ്ടെന്നു അയാൾ എങ്ങനെ മണത്തറിഞ്ഞു ? ഈ ലോകത്തു ആർക്കും അതിനു ഞങ്ങൾ ഇട  കൊടുത്തിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു, തൊട്ടുമുമ്പ് മുതൽ സാജു സാറിനും അറിയാം .. പിന്നെ എങ്ങനെ ?? എനിക്ക് ആശ്ചര്യമായി ! പെട്ടെന്ന് എന്റെ മനസിലേക്കു ഒരു സാധ്യത തെളിഞ്ഞു വന്നു . ഞാൻ ഉടനെ  തിരികെ വീട്ടിന്റെ ഉള്ളിൽ വന്നു , ശ്രീനി അപ്പോഴും മയങ്ങുന്നു , സാർ ബെഡ്‌റൂമിൽ തന്നെ . ഞാൻ ഹാളിൽ നിന്ന് തന്നെ സാറിനോട് ഞാൻ ഇപ്പോൾ വരം എന്ന് വിളിച്ചു പറഞ്ഞു . ആൾ ശരി  എന്ന് പറയുന്നതിന് മുൻപേ ഞാൻ പുറത്തേക്കു ഇറങ്ങിക്കഴിഞ്ഞിരുന്നു . ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ ഞാൻ മബേൻ നിധി ബ്രാഞ്ചിലെ അന്ന് സംസാരിച്ച കാഷ്യർ പയ്യന്റെ റൂമിൽ എത്തി . ഒരു അത്യാവശ്യ കാര്യമുണ്ടെന്നു  പറഞ്ഞു വിളിച്ചു പുറത്തിറക്കി "ഞാൻ അന്നേ  ദിവസം ജനീഷിനെ പറ്റി  ചോദിച്ചറിഞ്ഞ കാര്യം താൻ  പിന്നീടെപ്പോഴെങ്കിലും ആളോട് പറഞ്ഞിരുന്നോ ? ഒന്നാലോചിച്ചു ശേഷം അയാൾ പറഞ്ഞു " അത് കഴിഞ്ഞു ജനീഷ്‌  വീണ്ടും വന്നിരുന്നു ചില ഇടപാടുകൾ സെറ്റൽ  ചെയ്യാൻ അന്ന് കുറെ നേരം സംസാരിച്ചു , താൻ  ഇങ്ങനെ ചോദിച്ചിരുന്നു കാര്യവും പറഞ്ഞു , അയാൾ കുറെ തമാശയൊക്കെ  പറഞ്ഞിട്ടാണ് അന്ന് പോയത് " എന്താ വല്ല കുഴപ്പവുമുണ്ടോ ? ആ പയ്യൻ ചോദിച്ചു .. ഏയ് ഇല്ല  ഒരു ചെറിയ സൗന്ദര്യപ്പിണക്കം എന്ന് തമാശ  മട്ടിൽ പറഞ്ഞു ചിരിച്ചുകൂടുതലൊന്നും പറയാൻ നിൽക്കാതെ  ഞാൻ അവിടെ നിന്നും സാറിന്റെ വീട്ടിലേക്കു പോയി .

എന്നെ സംബന്ധിച്ച് അതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു . അപ്പോൾ അയാൾ എന്റെ നീക്കം നേരത്തെ അറിഞ്ഞു കഴിഞ്ഞു , ഞങ്ങൾ  അന്ന് മുതൽ അയാളുടെ നിരീക്ഷണത്തിലായിരുന്നു അല്ലെ!! . അങ്ങനെയെങ്കിൽ ഇപ്പോൾ താമസിക്കുന്ന ഹോട്ടലും ..."ഓ മൈ ഗോഡ് " ബാക്കി ഓർക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല എന്റെ ധൈര്യം ചോർന്നു പോകുന്നതുപോലെ തോന്നി .ഞാൻ അപകടം മണത്തു.. ഭയം എന്നെ ഗ്രസിച്ചു .

സാറിന്റെ വീട്ടിലേക്കു പോകുന്നതിനു മുൻപേ ഞാൻ എനിക്ക് പരിചയമുള്ള ഒരു സുഹൃത്തിനെ കണ്ടു സഹായമഭ്യർഥിച്ചു , ഇത്തരം സാഹചര്യങ്ങളിൽ മുൻപും അളെന്നെ സഹായിച്ചിട്ടുണ്ട് . ഞാൻ ഹോട്ടലിന്റെ അഡ്രസ് ആൾക്ക് കൊടുത്തു കുറച്ചു  പണവും കൊടുത്തു . അയാൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു  എന്നോട് ഇങ്ങനെ പറഞ്ഞു " ഇന്ന് രാത്രി ഒന്നും പേടിക്കേണ്ട ഞാൻ ഒന്ന് രണ്ടു പേരെ അയക്കാം അവർ അവിടെ ഉണ്ടാകും, ഒന്നും ഭയപ്പെടാനില്ല  " അയാളുടെ കണ്ണുകളിൽ  തീക്ഷ്ണതയും   ശബ്ദത്തിനു കാഠിന്യവും വാക്കിന് മൂർച്ചയും ഉണ്ടായിരുന്നു . എനിക്ക് സമാധാനമായി .

ഞാൻ തിരികെ സാറിന്റെവീട്ടിൽ എത്തി , സാറും ശ്രീറാമും എന്നെ കാത്തിരിക്കുകയായിരുന്നു. ഒരു വല്ലാത്ത തലവേദന തോന്നി ഒരു ടാബ്ലറ്റ് വാങ്ങിക്കാൻ പോയതാണെന്ന് ഞാൻ സാറിനോട് കള്ളം പറഞ്ഞു . അയാളെ വല്ലാതെ സ്നേഹിക്കുന്ന സാറിന് ഇതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരിക്കും എന്നുള്ളത് കൊണ്ട് സത്യാവസ്ഥ പറഞ്ഞില്ല  . സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി . സാർ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിചു " എന്താവശ്യത്തിനും വിളിക്കാൻ മടിക്കരുത് ഞാനും നിങ്ങളുടെ കൂടെ ഉണ്ട്  മാനസികമായി " ഞങ്ങൾ ഗേറ്റ് അടക്കുമ്പോൾ  സാർ ഞങ്ങളെ നോക്കി വാതിൽക്കൽ നിന്നു കൈവീശിക്കാണിച്ചു .

ഹോട്ടലിലേക്കുള്ള മാർഗ്ഗമധ്യേ ഞാൻ ശ്രീറാമിനെ വിവരം ധരിപ്പിച്ചു . ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിക്കാം . അയാൾ നമ്മുടെ പിറകെ തന്നെയുണ്ട് . . ഞാൻ അമലിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ കൈമാറി . അമലിനു അത് വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത് . അയാൾക്കു നാളെ എയർപോർട്ട് ഡ്യൂട്ടി ഉണ്ടെന്നും വൈകിട്ട് എന്തായാലും ഹോട്ടലിലേക്ക് വരാമെന്നും അത് വരെ കരുതിയിരിക്കാനും പറഞ്ഞു  അമൽ ഫോൺ വെച്ചു .

ഞങ്ങൾ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. നേരം പാതിരാ കഴിഞ്ഞിരുന്നു .ഞാൻ ഒരു സിഗരറ്റ് കത്തിച്ചു ബാൽക്കണിയിൽ ചെന്നിരുന്നു . ശ്രീറാം ഉറക്കം പിടിച്ചിരുന്നു . താഴെ ഒരു വെളുത്ത മാരുതി കാര് വന്നു നിന്നു , അതിൽ നിന്ന് രണ്ടുപേർ പുറത്തിറങ്ങി . അതവർ തന്നെയെന്ന് എനിക്ക് ഉറപ്പായിരുന്നു: എന്റെ സുഹൃത്‌  അയച്ച ആൾക്കാർ . അവർ രണ്ടുപേരും അരോഗ ദൃഢഗാത്രരായിരുന്നു . അവർ പുറത്തിറങ്ങി  സിഗരറ്റ് കത്തിച്ചു വലിച്ചു അല്പം നേരം കഴിഞ്ഞു വണ്ടി ഒരു വശത്തേക്ക് പാർക്ക് ചെയ്ത് ചില്ലു താഴ്ത്തി ഉള്ളിൽ തന്നെ ഇരുന്നു . ഇന്ന് രാത്രി ഇവർ ഇവിടെയുണ്ടാകും . സുഹൃത്തിന്റെ  തക്ക സമയത്തെ സഹായത്തിനു മനസ്സിൽ  നന്ദി പറഞ്ഞു .

ഞാൻ പാതി തണുത്ത മനസുമായി ഉറങ്ങാൻ കിടന്നു . ഒരു ചോദ്യം എന്റെ മനസ്സിലേക്കോടിയെത്തി..

 അയാൾ ഇപ്പോൾ എവിടെയായിരിക്കും ? ? എന്തായിരിക്കും അയാളുടെ മനസ്സിൽ ..??

ഈ നഗരത്തിലെ ഏതോ ഒരു അജ്ഞാത താവളത്തിലിരുന്ന്  വന്യത നിറഞ്ഞ പദ്ധതികൾക്കു അന്തിമ  രൂപം കൊടുക്കുകയാവും ..അടുത്ത നീക്കങ്ങൾക്കു കോപ്പുകൂട്ടുകയാവും ..തീർച്ച !!

(തുടരും..)

1 comment:

  1. അടുത്ത കോപ്പുകൂട്ടലുകൾ ഇനി എന്തൊക്കെയാകും ...?

    ReplyDelete

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...