Saturday, September 8, 2018

ചങ്കുകളുടെ ചങ്കിടിപ്പിന്റെ കഥ

അലാറം അടിക്കുന്നതുകേട്ടാണ് എഴുന്നേറ്റത്  സമയം ആറര കഴിഞ്ഞു .ഏഴു മണിക്കു നടക്കാൻ പോണം അര മണിക്കൂർ സമയം ഉണ്ട് . വെറുതെ ഫോൺ എടുത്തു നോക്കി മിസ്സ്ഡ് കാൾസ് ഒന്നും ഇല്ല ടെക്സ്റ്റ് മെസ്സേജിസും ഒന്നും ഇല്ല . വാട്‍സ് അപ് ഫേസ്ബുക് നോട്ടിഫിക്കറ്റിലൂൺസ് ഒക്കെ ഓഫ് ആണ് , അല്ലെങ്കിൽ സ്വസ്ഥമായി  ജോലി ചെയ്യാനോ ഉറങ്ങാനോ ഒന്നിനും പറ്റാത്ത അവസ്ഥയാണ് .വാട്‍സ്  ആപ്പിൽ പത്തിൽ കൂടുതൽ ഗ്രൂപ്പുകളുണ്ട് ഫേസ്ബുക്കിലാകട്ടെ എണ്ണൂറിനടുത്തു  ഫ്രണ്ട്‌സ് ഉണ്ട് . നോട്ടിഫിക്കേഷൻ ഓൺ ആക്കിയാൽ പൊടിപൂരം ആയിരിക്കും ! ഇനി ഒന്നിനും സമയം ഇല്ല നടക്കാൻ പോണം പത്തു മിനിറ്റ് കൂടി ഉണ്ട് .വാട്‍സ് അപ് ഒന്ന് നോക്കിക്കളയാം . കുറെ മെസ്സേജസ് വായിക്കാനുണ്ട് , എല്ലാം കൂടി ഞായറാഴ്ച എങ്ങാനും വായിച്ചു തീർക്കണം . എല്ലാ മെസ്സേജസും വായിക്കാറുള്ളത് ' ചങ്ക്‌സ് ' ഗ്രൂപ്പിലെ മാത്രമാണ് . ഇടയ്ക്കിടയ്ക്ക് കയറി നോക്കാറുമുണ്ട് . എന്തായാലും ഈ ഗ്രൂപ്പ് സംഭവം രസമാണ് അതുകൊണ്ടാണ് നോക്കാറുള്ളതും. മെസ്സേജസ് ഒന്നും വായിക്കാനില്ല.ഇന്നലെ എല്ലാം വായിച്ചു കുറെ വൈകിയാണ്  ഉറങ്ങിയത് .

ഏഴു മണിക് മുറി പൂട്ടി ഇറങ്ങി . കൂടെ താമസിക്കുന്ന ആരും എഴുന്നേറ്റതായി തോന്നിയില്ല വരാന്തയിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നു .പുറത്തിറങ്ങി നല്ല തണുപ്പുണ്ട്  റോഡിൽ തിരക്കായിട്ടില്ല . നടക്കുമ്പോൾ ചങ്ക്‌സ് ഗ്രൂപ്പിനെ പറ്റി വെറുതെ ഓർത്തു .എന്തായാലും സംഭവം ബഹുരസമാണ് ,  മറ്റൊരു ഗ്രൂപ്പിലുള്ള സുഹൃത്താണ് ഇങ്ങനെ തുറന്ന സംവാദത്തിന് ഒരു വേദി വേണമെന്നും അതിൽ സമാനചിന്താഗതിക്കാരായ കുറച്ചു പേര് മതി എന്നുമുള്ള ഒരാശയം മുന്നോട്ടു വെച്ചത് . പിന്നെയങ്ങോട്ട് രസമുള്ള ദിവസങ്ങളായിരുന്നു . ഏകദേശം ഇപ്പോൾ ഒരു മാസം കഴിഞ്ഞു , നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് പ്രളയ ദിനങ്ങളാണ്.

തൃപ്രയാർ എന്ന ഗ്രാമത്തിലേക്ക് പ്രളയം വന്നെത്തിയ ചിത്രങ്ങൾ, അതിന്റെ ഭീകരത എല്ലാം ചങ്കുകൾ അപ്പപ്പോൾ അയച്ചിരുന്നു . പ്രളയ ദുരത്ത വാർത്തകളുടെ അലയൊലികൾ , ചിത്രങ്ങൾ, ആശയ  വിനിമയങ്ങൾ എല്ലാം ചങ്ക്‌സ് ഗ്രൂപ്പിന്റെ ആദ്യ ദിവസങ്ങളെ ആശങ്ക നിറഞ്ഞതാക്കി . എങ്കിലും വിഷുവിന് അതിരാവിലെ രാവിലെ അങ്ങിങ്ങായി ഒറ്റപ്പെട്ടു കേൾക്കുന്ന പടക്കത്തിന്റെ ശബ്‌ദം പോലെ ചിലരൊക്കെ കുപ്പി പൊട്ടിച്ചു , ഫോട്ടോസും അയച്ചു എന്നാലും ഒരു ഓളമായില്ല . ഒരാൾ  മസ്‌ക്കറ്റിൽ നിന്ന്  നാട്ടിലെ പ്രളയം ഒരു പ്രവാസിക്കുണ്ടാക്കിയേക്കാവുന്ന ആശങ്കയുടെ യഥാർഥ മാനസികാവസ്ഥ വിവരിച്ചു അധികം വൈകാതെ നാട്ടിലേക്കു തിരിച്ചു .എങ്കിലും അത്ര ഭീകരമായി പ്രളയം ചങ്ക്‌സ് ഗ്രൂപ്പിനെ ബാധിച്ചിരുന്നില്ല . അധികം വൈകാതെ കുപ്പികൾ മാലപ്പടക്കം പോലെ പൊട്ടി , സംഭാഷണങ്ങൾക്ക് ഒരു ഓളം വന്നു ചിലപ്പോഴൊക്കെ ഓളപ്പരപ്പിൽ ആടിയുലഞ്ഞു അപൂർവം ചിലപ്പോൾ മറിഞ്ഞു വീണു!

ഇനി ഇതിലെ അംഗംങ്ങളെ പറ്റി പറയാം.

എല്ലാവരും മദ്യപാനികളാണ് !

എല്ലാവരും രസികന്മാർ തന്നെ !

മൗനാം പാലിക്കുന്ന ഒരാൾ മാത്രമേ ഉള്ളു !


ഒരാളുടെ കാമുകി എംസി ബ്രാണ്ടിയാണ് !! കാമുകനെ കാത്തു  അമ്പലനടക്കലും കോളേജ് ക്യാമ്പസിലും വഴിക്കണ്ണുമായി കാത്തിരിക്കുന്ന കാമുകിമാരെ നമ്മൾ കണ്ടിട്ടുണ്ട് . അതുപോലെ ഇദ്ദേഹം എവിടെ മദ്യപാന സദസ്സിൽ പോയാലും എത്ര നല്ല മദ്യം കഴിച്ചാലും അവസാനം കാമുകിയുടെ അടുത്തേക്കോടിയെത്തും കുറച്ചു നേരം ഒരുമിച്ചിരിയ്ക്കും , കഥകൾ പറയും ! ശവക്കല്ലറയിൽ നിന്ന് എഴുന്നേറ്റു വന്നു കഴിക്കാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ മദ്യപിക്കുന്നതെന്ന വളരെ വിചിത്രമായ ഒരു വാദവും ഇദ്ദേഹം ഇടക്ക് മുന്നോട്ടു വെക്കാറുണ്ട് .ചില റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ പ്രളയവുമായി ബന്ധപ്പെട്ടു ശബ്ദമുയർത്താനും ഇദ്ദേഹം ദൈറയാം കാണിച്ചു , അത് ചങ്ക്‌സ് ഗ്രൂപ്പിനെ ആകമാനം ഒന്ന് പിടിച്ചുലച്ചു രണ്ടു ദിവസത്തേക്ക് .


മറ്റെയാൾ യാത്രികനാണ് !! യാത്രകളുടെ കളിത്തോഴൻ ! പ്രളയത്തിന്റെ മഹാപ്രവാഹം ഒരു നഗരത്തിനെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയാൾ മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ചു നഗരപ്രദക്ഷിണം നടത്താൻ ! ഭീകരനാണ് അയാൾ !  ഒരിക്കൽ അയാൾ കാറ്റാടി മരങ്ങൾ കവടി ആടുന്നതായി സങ്കല്പിച്ചു രണ്ടു വാരി കവിത എഴുതി . ഉത്തരാധുനിക കവിത സങ്കല്പങ്ങളിൽ പ്പോലും ഒരു കവിയും ഇങ്ങനെ നൂതനമായ  ഒരു ശ്രമം നടത്തിയിട്ടില്ല , അവർ മയിൽ പീലി നിവർത്തി കാവടിയാടി എന്ന് പറഞ്ഞിട്ടുണ്ട് .പക്ഷെ മരങ്ങളെയും കാടുകളെയും പാറ്റി ഉപമിക്കാനുള്ള അതിസാഹതികത കാണിച്ചിട്ടില്ല . ആൾക്ക് ആട്ടിറച്ചിയാണ് പഥ്യം , പക്ഷെ കൊളെസ്ട്രോൾ കാരണം കഴിക്കണോ വേണ്ടയോ എന്ന് ശങ്കിക്കുന്നു പലപ്പോഴും . കൊളെസ്ട്രോളും ബ്ലഡ് പ്രഷറും ദൈവത്തിന്റെ ചാവേർ പോരാളികളാണ് .അവർ  ദൈവത്തിന്റെ അനുമതിയില്ലാതെ ഒരു ഹൃദയത്തെയും അക്രമിക്കാറില്ല . അനുമതി പാത്രത്തിൽ ഒപ്പിടുന്ന നിമിഷം വരെ ചാവേറുകൾ നിശബ്ദരായി പതുങ്ങിക്കൂടാറാണ് പതിവ് . ധൈര്യമായി ആസ്വദിച്ച്  കഴിക്കൂ ഭായ് .

Monday, September 3, 2018

ഭ്രാന്തൻ

വരിവരിയായി പോകുന്ന കുഞ്ഞുറുമ്പുകളെപ്പോലെ  ഓര്‍മ്മകള്‍ അയാളുടെ മധുരം വറ്റിയ ഹൃദയത്തിലേക്ക് കടന്നു വന്നു ,അത് മതിഭ്രമത്തിന്റെ ഇടവേളകളെ ഒരു സുഖമുള്ള വേദന കൊണ്ട് നിറച്ചു .അയാള്‍ തന്റെ കീറിയ മുഷിഞ്ഞ കുപ്പായത്തിലൂടെയും ചെളി നിറഞ്ഞ കൈകലുകളിലൂടെയും കണ്ണോടിച്ചു .ഒരുപാടു ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച ഭ്രാന്തന്‍ ചങ്ങലയെ വെറുപ്പോടെ നോക്കി ,അതിന്റെ അനേകം കണ്ണികള്‍ തനിക്കു നഷ്ടപ്പെട്ട വര്‍ഷങ്ങളായി അയാള്‍ക്ക് തോന്നി .ഭ്രാന്തിന്റെ ആസുരതക്കിടക്ക് എപ്പോഴോ വീണുകിട്ടിയ സ്വാസ്ഥ്യത്തിന്റെ സുഖമുള്ള ഒരു സായാഹ്നത്തില്‍ താന്‍ ചുവരില്‍ കരി കൊണ്ട് വരച്ച സ്ത്രീ രൂപത്തെ അയാള്‍ നോക്കി ;അയാളുടെ മനസുപോലെതന്നെ അവ്യക്തമായിരുന്നു ആ  ചിത്രവും . വ്യക്തമായ രൂപം കൈവരുന്നതിന് മുന്‍പേ പ്രണയവും സ്വപ്നങ്ങളും യവ്വനവും ജീവിതവും അയാള്‍ക്ക് മുന്‍പില്‍ നാലു ചുവരുകളായി രൂപാന്തരപ്പെട്ടു ;ജീര്‍ണിച്ച മടുപ്പിന്റെ നിശ്വാസം നിറഞ്ഞ നാലു ഭ്രാന്തന്‍ ചുവരുകള്‍ ! അയാൾ പുറം ലോകം കണ്ടിട്ട് എത്രയോ വര്ഷങ്ങളായി !  കുളത്തിൽ ഒന്ന് മുങ്ങി നിവർന്നിട്ട് , കാറ്റു കൊണ്ട് പാടവരമ്പിലൂടെ നടന്നിട്ട് , സുഹൃത്തുക്കളുമായി ഒന്ന് കുശലം പറഞ്ഞിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു . കുളവും കാറ്റും മനുഷ്യബന്ധങ്ങളും അയാളെ ഈ തടവറയിലേക്ക് തള്ളിയിട്ടിട്ടു പുറത്തു കാവൽ നിൽക്കുന്നു ഒട്ടും  നിന്ദബോധം  ഇല്ലാതെതന്നെ. കാലത്തിന്റെ സൗജന്യമെന്നോണം മുകളിലെ ഇളകിയ ഓടിന്റെ വിടവിലൂടെ രാവിലെ അരിച്ചെത്തുന്ന വെളിച്ചത്തിലേയ്ക്കു അയാൾ ആർത്തിയോടെ നോക്കി .പാടത്തു പണ്ട് കണ്ട നെൽക്കതിരുകളിൽ  നിന്നാവണം ഇന്നും നിലക്കാതെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ ആഹാരം എത്തുന്നു .പണ്ട് ഒരുപാടു ഓണങ്ങൾ ഒരുമിച്ചുണ്ടതിന്റെ ഓർമകളുടെ സുഗന്ധം കൊണ്ടാവണം ഇന്നും ഈ വീട്ടിൽ നിന്നും ആരൊക്കെയോ ഈ കമ്പിയഴികൾക്കപ്പുറത്തു നിന്ന് അനുതാപത്തോടെ അയാളെ നോക്കി നിൽക്കാറുണ്ട് .അയാൾക്ക് ആരെയും പൂർണമായി ഓർത്തെടുക്കുവാൻ കഴിയുമായിരുന്നില്ല . ഓർമകളുടെ ചെപ്പു തുറക്കുമ്പോൾ അവ്യക്തതയുടെ കോടമഞ്ഞു പരക്കും ,അയാൾ അവരെയെല്ലാം  കണ്ണ് മിഴിച്ചു കുറേനേരം നോക്കും എന്നിട്ട് ഒന്നും മനസിലാകാത്തവനെപ്പോലെ  ഒരു മൂലയിൽ മുഖം താഴ്ത്തി കുത്തിയിരുന്നു . സ്വബോധത്തിന്റെ നറും നിലാവ് പരക്കുമ്പോള്‍ അയാള്‍ നഷ്ടബോധത്തിന്റെ നെടുവീർപ്പുകളെ  അവിടെ മേയാന്‍ വിട്ടു ,എന്നിട്ട്  ഭ്രാന്തിന്റെ മൂര്‍ധന്യത്തില്‍ അവയെ അവിടെ നിന്നും ആട്ടിപ്പായിച്ചു , അട്ടഹസിച്ചു എന്നിട്ട് പൊട്ടിക്കരഞ്ഞു. 

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...