Wednesday, April 29, 2020

ചില ലോക്ക്ഡൌൺ നിമിഷങ്ങൾ



മാർച്ച് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് കമ്പനിയിലെ HR ഡിപ്പാർട്മെന്റിൽ നിന്ന് ആ കോൾ വന്നത് . " നാളെ മുതൽ ' വർക്ക് ഫ്രം ഹോം' ആണ് , ഓഫീസിൽ വരേണ്ട ആവശ്യമില്ല, എന്നുവരെ എന്ന് പിന്നീടറിയിക്കാം " ഇതായിരുന്നു മെസ്സേജ്.. എനിക്കതൊരു പുതിയ അനുഭവമായിരുന്നു, ഞാൻ ഇതുവരെ വർക്ക് ഫ്രം ഹോം ഒരിക്കലും ചെയ്തിട്ടില്ല; അങ്ങനെ ഒരവസരമുണ്ടായിട്ടില്ല എന്നതാണ് സത്യം. മധുരവും പുളിപ്പും നിറഞ്ഞ ആ യാഥാർഥ്യവുമായി ഒന്ന് പൊരുത്തപ്പെട്ടു വരുന്നതേയുള്ളു , അപ്പോൾ വീണ്ടും ഗവണ്മെന്റിന്റെ വക വരുന്നു അടുത്ത നാരങ്ങാമിട്ടായി; " ലോക്ക് ഡൌൺ " ..

സ്വച്ഛസുന്ദരമായി കഴിഞ്ഞുപോന്നിരുന്ന എന്റെ ദിവസങ്ങളെ ഞാൻ നാലു ചുമരുകൾക്കിടയിലേക്കു പറിച്ചു നട്ടു. അത്യാവശ്യത്തിനു സാധനങ്ങൾ വാങ്ങിക്കാൻ ഇടയ്ക്കു പുറത്തുപോകാം എന്നത് മാത്രമാണ് ഒരാശ്വാസം , അതും മാസ്കും  ഇട്ടു , കയ്യിൽ സാനിറ്റയ്‌സറും ഒക്കെ പുരട്ടി  ആകപ്പാടെ ഒരു സുഖമില്ലാത്ത പോക്ക് . ദിവസങ്ങൾ അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു . ജീവിതകാലത്തു ആദ്യമായിട്ടാണ് ലോക്ക് ഡൌൺ എന്ന ഒരു ഏർപ്പാടിനെപ്പറ്റി കേൾക്കുന്നത് . എന്തുതന്നെ ആയാലും കരഞ്ഞിരുന്നിട്ടു കാര്യമില്ല ഈ ബോറടി മാറ്റാൻ ചില വഴികൾ കണ്ടെത്തിയേ തീരൂ എന്നെനിക്കു ബോധ്യമായി. അങ്ങനെ ചില എഴുത്തുകുത്തുകൾ , വാട്സ് അപ് ഗ്രൂപ്പുകൾ , പഴയ സൗഹൃദങ്ങളെ പൊടിതട്ടിയെടുക്കുക  എന്നിങ്ങനെയുള്ള കാര്യപരിപാടികളുമായി ദിവസങ്ങൾ മുന്നോട്ടു നീക്കിക്കൊണ്ടിരുന്നു .

ചില ദിവസങ്ങളിൽ താമസസ്ഥലത്തിന്റെ അടുത്തുള്ള അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന സ്റ്റോർ തുറക്കില്ല , അപ്പോഴൊക്കെ  കുറച്ചു ദൂരെയുള്ള ഒരു ഷോപ്പിലേക്ക് പോകേണ്ടിവരും. പോകാൻ മടിയൊന്നും തോന്നാറില്ല , കാരണം അല്പമൊന്നു നടക്കാം പിന്നെ മാസ്ക് വെച്ചതെങ്കിലും കുറച്ചു മനുഷ്യജീവികളെയും കാണാമല്ലോ. അങ്ങനെയൊരു ദിവസം പ്രസ്തുത ഷോപ്പിലേക്ക് പോകുകയായിരുന്നു.  'സാറക്കി' എന്നൊരു വളരെ തിരക്കേറിയതായിരുന്ന  മാർക്കറ്റിന്റെ മുൻ വശത്തുകൂടിയാണ് പോകേണ്ടത്. ശ്മശാനമൂകത തളംകെട്ടികിടക്കുന്ന ആ അന്തരീക്ഷം അവിടെ അങ്ങനെ ഒരു മാർക്കറ്റ് നിലനിന്നിരുന്നോ എന്നൊരു സംശയം പോലും ജനിപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നു ! സാധാരണ പച്ചക്കറികൾക്ക് പുറമെ  നല്ല ഫ്രഷ് ആയ മല്ലിച്ചെണ്ടുകൾ , പുതിനയില, വാഴക്കൂമ്പ് , ചീര എന്നിവ വിൽക്കുന്ന തദ്ദേശീയരായ നിരവധി വഴിയോരക്കച്ചവടക്കാരെക്കൊണ്ടും അതുവാങ്ങാൻ തിരക്കിടുന്ന ആൾക്കാരെക്കൊണ്ടും അതിലേ സാധാരണ ദിവസങ്ങളിൽ വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്, ഇപ്പോൾ എന്തോ ചിക്കിചികയുന്ന കാക്കകളും , അവിടവിടെയായി ഒന്നുരണ്ടു  പ്രാവുകളെയും മാത്രം കാണാം. ഇനി ഒരു അഞ്ചുമിനിറ്റ് കൂടി നടന്നാൽ ഷോപ്പ് എത്തി. അങ്ങനെ പോകുമ്പോളാണ് എതിരെ മാസ്ക് വെയ്ക്കാതെ ഒരാൾ വരുന്നത് കണ്ടത് , അയാൾ എന്നെയും ഞാൻ അയാളെയും നോക്കി. നല്ല പരിചയമുള്ളതുപോലെ അയാൾ എന്നെ നോക്കി ചിരിക്കുന്നു, എനിക്കാണെങ്കിൽ ആളെ അങ്ങോട്ട് പിടി കിട്ടുന്നില്ല, പക്ഷേ എവിടെയോ കണ്ടു നല്ല പരിചയമുള്ളപോലെ .. പ്രേംനസീറിനെപ്പോലെ നേരിയ മീശയുള്ള , മുടി ഇരുവശത്തേക്കും ചീകിയ, ഫുൾ സ്ലീവ് പുള്ളി ഷർട്ടിട്ട ഒരു ജന്റിൽമാൻ , ആളെ അറിയാം ഉറപ്പാണ്. പക്ഷേ ഓർമ്മ എവിടെയോ ലോക്ക് ആയിപ്പോയിരിക്കുന്നു , ലോക്ക് ഡൌൺ കാലമായതുകൊണ്ടാകാം ! ദൂരെ ഒരു പോലീസ് ജീപ്പ് കണ്ടതുകൊണ്ടാകാം അയാൾ മെയിൻ റോഡിലേയ്ക്ക് കയറാതെ പോക്കറ്റ് റോഡിന്റെ ഒരു വശം ചേർന്ന് നിൽക്കുകയാണ്, മാസ്ക് ധരിച്ചിട്ടില്ല. ഞാൻ അയാളെ അടിമുടി നോക്കി.. ഓർമ്മയുടെ ലോക്ക് പതിയെ തുറന്നതുപോലെ .. ഇതയാളല്ലേ; ഉറയ്ക്കാത്ത കാലടികളുമായി ശനീശ്വര ക്ഷേത്രത്തിനടുത്തു അലഞ്ഞിരുന്ന .. ഉപ്പന്റെതുപോലെ സദാ ചുവന്ന കണ്ണുകളുമായി എന്നെ നോക്കിയിരുന്നയാൾ.. അതേ , ഇതാ മുഴുക്കുടിയൻ തന്നെ !!! എന്തൊരു അദ്‌ഭുതമാണിത് ! എന്തൊരു മാറ്റം !

ഓഫീസിൽ നിന്ന് റൂമിലേക്കു വരുമ്പോൾ പതിവായി കാണുന്ന ഒരു മുഖമായിരുന്നു അത് . യാചകനല്ല , പക്ഷേ മൂക്കറ്റം കുടിച്ചു ബോധമില്ലാതെ ശനീശ്വര ക്ഷേത്ര നടയിൽ മിക്കപ്പോഴും ഇരുപ്പുണ്ടാകും . ചിലപ്പോളൊക്കെ നല്ല ഡ്രസ്സ് ആയിരിക്കും ഇട്ടിട്ടുണ്ടാകുക ,ചിലപ്പോൾ തീരെ മുഷിയാത്തതും. ജോലി ഉണ്ടായിട്ടു ചിലപ്പോൾ പോകാത്തതായിരിക്കും , അല്ലെങ്കിൽ കുടിച്ചു വീട്ടുകാരുമായി വഴക്കിട്ട് വന്നിരിക്കുന്നതാകാം എന്ന് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട് . ചിലപ്പോളൊക്കെ മുഖത്തേയ്ക്കു പാറി വീണ എണ്ണമയമില്ലാത്ത മുടിനിറഞ്ഞ തലയിലും കരുവാളിച്ച മുഖത്തും മാന്തിക്കൊണ്ടു ചുവന്ന കണ്ണുകൾ മിഴിച്ചു നോക്കി അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും .. അയാളാണോ ഇത് ? വിശ്വസിക്കാൻ തന്നെ വയ്യ. എന്തായാലും ഒന്ന് പരീക്ഷിച്ചു ബോധ്യപ്പെട്ടുകളയാം ,ഞാൻ മനസ്സിൽ കരുതി. ഞാൻ അയാളുടെ അടുത്തേയ്ക്കു നടന്നു

" എല്ലി ഹോഗ്തെ (എവിടെ പോകുന്നു )" ഞാൻ പരിചയഭാവം കാണിച്ചു കൊണ്ട് ചോദിച്ചു

" മനയല്ലി ഹോഗത്തെ ( വീട്ടിലേയ്ക്കു പോകുന്നു )" സുസ്മേരവദനനായി സംസാരിച്ച  അയാൾ തികഞ്ഞ ഒരു മര്യാദക്കാരനെപ്പോലെ കാണപ്പെട്ടു.

പോകുന്നെന്ന് കൈകൊണ്ട് ആഗ്യം കാണിച്ചു ഒരു ചിരികൂടി സമ്മാനിച്ച് അയാൾ നടന്നു നീങ്ങി.

എന്തെല്ലാം മാറ്റങ്ങളാണ് ലോക്ക് ഡൌൺ കൊണ്ടുവരുന്നത്. ചുവന്നകണ്ണുകളും കരുവാളിച്ച മുഖവും പ്രേംനസീർ മീശയ്ക്കും ക്ലോസപ്പ് പുഞ്ചിരിക്കും വഴിമാറി. മുഷിഞ്ഞ ഷിർട്ടിന്റ്റെ സ്ഥാനത്തു തിളങ്ങുന്ന പുള്ളിഷർട്ട് !

*********                                                                           *********                   
ഞാൻ ധൃതിയിൽ ഷോപ്പിലേയ്ക് നടന്നു, ആരോ ഒരാൾ എന്തൊക്കെയോ വാങ്ങിച്ചു ബിൽ ചെയ്തുകൊണ്ടിരിക്കുന്നു . അയാൾ പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ കയറി, അത്യാവശ്യസാധങ്ങളൊക്കെ വാങ്ങിച്ചു. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചുപേർ അപ്പുറത്തെ പാർക്കിൽ ഇരിക്കുന്നത് കണ്ടത്. അവിടെ ഒരു പാർക്ക് ഉള്ളതറിയാം .പക്ഷേ കഴിഞ്ഞ തവണ വന്നപ്പോൾ അത് അടച്ചിരിക്കുകയായിരുന്നു. ഇന്നെന്താണാവോ തുറന്നത് ? ചിലപ്പോൾ അതിനുള്ളിൽ ആരെങ്കിലും ജോലിക്കാർ ഉണ്ടായിരിക്കും ,പുല്ലുപറിക്കാനോ ബുഷ് ചെടി വെട്ടാനോ മറ്റോ ..ഞാനൂഹിച്ചു. അകെ മൂന്നുനാലു പേർ മാത്രമേ ഉള്ളിലുള്ളൂ, അവരെ ഒന്നുരണ്ടുപേരെ പരിചയമുണ്ട് , അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരാണ്. ഇടയ്ക്കു ഒഴിവുസമയങ്ങളിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഞാനവിടെ പോയിരിക്കാറുണ്ടായിരുന്നു.
 അത്ര വലുതല്ലെങ്കിലും പ്രകൃതിഭംഗി നിറഞ്ഞ ഒരു പാർക്കാണത് . ദീർഘചതുരാകൃതിയുള്ള അതിർത്തികളിൽ അലങ്കാര വൃക്ഷങ്ങളും ഭംഗിയായി വെട്ടിനിർത്തിയ ബുഷ് ചെടികളുമുണ്ട്. ഉള്ളിൽ അവിടവിടെയായി മുസാണ്ടച്ചെടികൾ, അവയുടെ ചുവന്ന പൂക്കൾ നിലത്തേക്ക് തൂങ്ങി കാറ്റത്ത് ആടിയുലയുന്നു. പിന്നെ  ഇടയ്ക്കിടെ വെളുത്ത, ചുവന്ന പൂക്കൾ സമൃദ്ധമായുള്ള കടലാസുചെടികൾ. എല്ലായിടത്തും നടന്നുകാണുവാൻ കല്ലുപാകിയ നടവഴികൾ . ഒത്തനടുവിലായി ഒരു ചാമ്പമരമുണ്ട് , അവിടവിടെയായി ചുവന്നചാമ്പയ്ക്കകൾ കാണാം ,അത് കായ്ച്ചുതുടങ്ങുന്നതേയുള്ളു . ഇരിക്കാനായി നിശ്ചിത അകലത്തിൽ പത്തോളം കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുണ്ട് .

എന്തായാലും വന്നതല്ലേ കുറച്ചുനേരം ഇരുന്നു ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി ഞാൻ ഉള്ളിലേയ്ക്ക് കയറി, ചാമ്പമരത്തണലിലുള്ള ഇരിപ്പിടത്തിലിരുന്നു. അടുത്ത ഫ്ലാറ്റിലുള്ള ഒരു ചേട്ടൻ നടപ്പാതയിലൂടെ കൈകൾ വീശി നടക്കുന്നു , ഇടയ്ക്കു കണ്ടപ്പോൾ പുഞ്ചിരിച്ചു . അല്പം പ്രായം ചെന്ന ഒരു ആന്റി കുറച്ചു ദൂരെ മാറി ഇരുന്നു പാട്ടുകേൾക്കുകയാണ്, അവരും അതേ ഫ്ലാറ്റിൽ തന്നെയുള്ളതാണ്. പിന്നെ കുറെ ദൂരെ കടലാസുപൂക്കളുടെ അടുത്തുള്ള ഇരിപ്പിടത്തിൽ  ഒരു ചെറുപ്പക്കാരൻ  ഇരുന്നു ഫോൺ ചെയ്യുന്നുണ്ട് , സ്റ്റുഡന്റ് ആണെന്നുതോന്നുന്നു  കണ്ടിട്ട്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് . ഞാൻ ഫോൺ തുറന്നു മെസ്സേജുകൾ ഒക്കെ ചെക്ക് ചെയ്തു, പിന്നെ ഒന്നുരണ്ടു പാട്ടുകേട്ടു. നല്ല സുഖമുണ്ട് അവിടെയിരിക്കാൻ , തണുത്ത കാറ്റും പിന്നെ ചുറ്റും പൂക്കളും ,കിളികളുടെ ശബ്‌ദവും .. കുറച്ചുകഴിഞ്ഞു ഒരു പോലീസുകാരൻ അതുവഴി ബൈക്കിൽ വന്നു , അല്പം ദൂരെയുള്ള ഒരു കടയുടെ അടുത്ത് നിർത്തി എന്നിട്ടു ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഞാൻ മാസ്ക്  നേരെയാക്കിവെച്ചു , ഒന്നും പേടിക്കാനില്ല കാരണം കയ്യിൽ  സാധനങ്ങളും ബില്ലും ഉണ്ട് പിന്നെ മാസ്കും വെച്ചിട്ടുണ്ടല്ലോ, പിന്നെ ഇവിടെ ഇരിക്കുന്നതും സാമൂഹിക അകലം പാലിച്ചുതന്നെ .. അങ്ങനെ സമയം കടന്നുപോയി. ചെറുപ്പക്കാരൻ ഫോണിൽത്തന്നെയാണ്, ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുമുണ്ട് . .


പത്തുപതിനച്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ടൂ വീലറിൽ പാർക്കിന്റെ മുൻവശത്തുവന്നു, അവരും മാസ്ക് വെച്ചിട്ടുണ്ട്. മുഖം മുഴുവൻ കാണുന്നില്ല എങ്കിലും ഒരു സുന്ദരി തന്നെ . വണ്ടി നിർത്തി ഫോണിൽ ആരോടോ സംസാരിച്ചിട്ട് ആ ചെറുപ്പക്കാരൻ നിൽക്കുന്ന ഭാഗത്തേയ്ക്കുനടന്നു . ഇപ്പോൾ കാര്യം മനസിലായി ! പെൺകുട്ടി ആ ചെറുപ്പക്കാരന്റെ ഇരിപ്പിടത്തിനരികെ ചെന്നു, ചെറുപ്പക്കാരൻ എഴുന്നേറ്റു. അൽപനേരം അവർ മുഖത്തോടു മുഖം നോക്കി നിന്നു, പിന്നെ എവിടാ എന്താ എന്നൊന്നും നോക്കിയില്ല . ഒറ്റ കെട്ടിപ്പിടുത്തം. ഞാൻ ആന്റിയുടെ നേരെ നോക്കി , ആന്റി കാര്യമായി എന്തോ നോക്കുകയാണ് മൊബൈലിൽ . നടന്നുകൊണ്ടിരുന്ന ചേട്ടൻ ഈ കാഴ്ചകണ്ടു വന്നവഴിയേ വീണ്ടും തിരിച്ചുനടന്നു. മുസാണ്ടപ്പൂക്കളും ചാമ്പമരവും സന്തോഷംകൊണ്ട് ഒന്നിളകിയതുപോലെ.. ഒരുപാടു പ്രണയകഥകൾ നിറഞ്ഞാടിയ ആ പാർക്കിലെ ഓരോ പൂക്കളും കുറേക്കാലം കൂടി വീണ്ടും ഒരുമിച്ചു പുഞ്ചിരിച്ചതുപോലെ .. വല്ല കൊറോണവൈറസും ഇവിടെയെങ്ങാനുമുണ്ടെങ്കിൽ ഇതൊക്കെക്കണ്ട് ഒരു മൂളിപ്പാട്ട് പടിയേനെ ! അല്ലെങ്കിലും പ്രണയത്തിനു എന്ത് ലോക്ക് ഡൌൺ , പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നല്ലേ ഏതോ കവി പറഞ്ഞിരിക്കുന്നത് ? ആ പെൺകുട്ടി അതാ ആ പയ്യന്റെ കയ്യും പിടിച്ചു പതിയെ പാർക്കിലൂടെ നടക്കാനൊരുങ്ങുകയാണ് .. അവർക്കായി വഴിത്താരയൊരുക്കി മുസാണ്ടപ്പൂക്കളും ചാമ്പമരവും അലങ്കാരച്ചെടികളും ഇവിടെ തയ്യാറായി നിൽക്കുന്നു . ആന്റി ഇപ്പോഴും മൊബൈലിൽ തന്നെ കണ്ണും നട്ടിരിക്കുകയാണ് . ദൂരെ നിൽക്കുന്ന പോലീസുകാരൻ പാർക്കിലേയ്ക്കുവന്നു ആ കമിതാക്കളെ ' സാമൂഹിക അകലം ' പാലിക്കാത്തതിന് ശകാരിക്കുമായിരിക്കുമോ ? അതോ ചാമ്പമരത്തെയും മുസാണ്ടപൂക്കളെയുംപോലെ അവർക്കു ഒത്താശ ചെയ്തു വീണ്ടും ഫോൺ വിളി തുടരുമായിരിക്കുമോ ? അത്തരം ഒരുപിടി ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ട് പാർക്കിൽ നിന്ന് ഇറങ്ങി തിരിച്ചുനടന്നു ..

Thursday, April 23, 2020

വൈറസുകൾക്കു നടുവിൽ

ഹാളിലെ  ശബ്ദം കേട്ടാണ് ഉണർന്നത് . ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഉറക്കം തീർന്നിട്ടില്ല , കണ്ണു തിരുമ്മി എഴുന്നേറ്റു. സന്തോഷും അനീഷും ജലീലുമുണ്ട്  ഹാളിൽ ,ടീവി കാണുകയാണ്.

" എന്താ ഇത്ര ബഹളം വെയ്ക്കാൻ രാവിലെത്തന്നെ " ഞാൻ അല്പം നീരസത്തോടെ ചോദിച്ചുകൊണ്ട്  ഹാളിലേക്കു ചെന്നു .

ടീപ്പോയിൽ ചായ ഫ്‌ളാസ്‌ക് ഇരിപ്പുണ്ട്. അനീഷ് ഇട്ടതാവും, ഇന്ന് മുതൽ ഒരാഴ്ച അവനാണ് ചീഫ് കുക്ക് .

ഞാൻ കപ്പിലേയ്ക്ക് ചായ ഒഴിച്ചെടുത്തു സോഫയിൽ ഇരുന്നു.

" എടാ കേരളത്തിൽ നിപ്പ വൈറസ് വന്നപോലെ ഏതോ ഒരു 'കൊറോണ'  എന്ന വൈറസ്  ചൈനയിൽ പടർന്നു പിടിക്കുന്നുണ്ട് . എല്ലാ ചാനലിലും അതിന്റെ വാർത്തയുമുണ്ട് " ജലീൽ സിഗരട്ടു  പാക്ക് എന്റെ നേരെ നീട്ടിക്കൊണ്ടു  പറഞ്ഞു .

" ചൈനയല്ലേ , ചിലപ്പോൾ ഡ്യൂപ്ലിക്കേറ്റ് വൈറസ് ആയിരിക്കും " ഞാൻ തമാശ മട്ടിൽ പറഞ്ഞുകൊണ്ട് റൂമിലേയ്ക്ക് നടന്നു .

ഫോൺ എടുത്തുനോക്കി , പ്രധാനപ്പെട്ട മെസ്സേജുകൾ ഒന്നും തന്നെ ഇല്ല . ഇന്ന്  2 മണിക്ക് ഓഫീസിൽ പോണം , കുറച്ചു ജോലികൾ ചെയ്തു തീർക്കാനുണ്ട് . അടുത്ത മാസം ആനുവൽ ലീവിന് പോകുന്നതിനു വേണ്ടിയുള്ള അഡ്ജസ്റ്മെന്റ് ആണ് . ആദ്യത്തെ ലീവ് ആണ് , ഇവിടെ ദുബായിൽ വന്നിട്ട് ഒരു വർഷം തികയുന്നു . സന്തോഷും എന്റെ കമ്പനിയിൽ തന്നെ,  ജലീൽ വേറൊരു കമ്പനിയിൽ ജോലി ചെയ്യുന്നു, അനീഷിന് ബിസിനസ്സാണ്. ഇവന്മാരൊക്കെ ഉള്ളതുകൊണ്ട് പ്രവാസജീവിതത്തിന്റെ ബോറടി അത്ര അറിയുന്നില്ല . പാതിയായ സിഗരറ്റു കെടുത്തി വേസ്റ്റുബിന്നിലിട്ടു ബാത്റൂമിലേയ്ക്ക് നടന്നു, തമാശ കളിച്ചു നില്ക്കാൻ സമയമില്ല, മണി പതിനൊന്നാകുന്നു.

ഓഫീസിന്റെ പുറത്തു ആരൊക്കെയോ നിൽക്കുന്നു , ഇന്ന് എന്തോ ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞിരുന്നു അവരാകും. ഒരു പത്തു പതിനഞ്ചു പേര് കാണുമായിരിക്കും , സ്റ്റോറിലേക്കുള്ള സ്റ്റാഫ് ഇന്റർവ്യൂ ആണ് .റിസപ്ഷൻ ഡെസ്‌കിനടുത്തു ഓഫീസ് ബോയ് അവർക്കുള്ള ആപ്പ്ളിക്കേഷൻ ഫോം കൊടുക്കുന്നു . നേരേ HR ഡിപ്പാർട്മെന്റിലേക്ക് പോയി , ലീവ് നേരത്തെ അപ്പ്രൂവ് ആയതാണ് ,ടിക്കറ്റ് എടുത്തോ എന്നറിയണം . രണ്ട്‌ ദിവസം കഴിഞ്ഞു എടുക്കാമെന്ന് മാനേജർ ഉറപ്പു പറഞ്ഞു . പിന്നെ വീണ്ടും പതിവ് ജോലികളിലേക്ക് .. സ്റ്റാഫുകളൊക്കെ ഫീൽഡിൽ പോയി എന്ന് തോന്നുന്നു , ആരെയും കാണുന്നില്ല . കുറച്ചു സമയം കഴിഞ്ഞു സിജോ വന്നു , മലയാളിയും അടുത്ത സുഹൃത്തുമാണ്. അല്പം കുശലം പറഞ്ഞു. സംസാരത്തിനിടയ്ക്കു ചൈനയിൽ വൈറസ് പകർച്ചവ്യാധി ബാധിച്ച കാര്യം സിജോ പറഞ്ഞു , അവിടെ സ്ഥിതി ഗുരുതരമായേക്കാം എന്നും പറഞ്ഞു, രാവിലെ ടീവിയിൽ കണ്ടിരുന്നു എന്ന് ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു. വീണ്ടും ജോലിത്തിരക്കിലേക്ക് .. ക്ലോക്കിലേക്കു നോക്കി. സമയം അഞ്ചു കഴിഞ്ഞു, ഇനിയും മൂന്നു മണിക്കൂറുകൾ കൂടി..

സമയം എട്ടുമണിയായതും സൈൻ ഔട്ട് ചെയ്തു ബസ് സ്റ്റോപ്പിലേക്ക് നടന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള കുറെ സാധനങ്ങൾ വാങ്ങിക്കാനുണ്ട്. ഒരു ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്, എന്നും കുറേശ്ശേ കുറേശ്ശേ വാങ്ങിച്ചാൽ അവസാനദിവസത്തെ പരക്കം പാച്ചിൽ ഒഴിവാക്കാം . ലീവ് അപ്പ്രൂവ് ആയ ദിവസം ലുലുവിൽ നിന്ന് കുറെ പെർഫ്യൂമും ഒക്കെ വാങ്ങിയിരുന്നു . ഇനിയും കുറെയുണ്ട് , പക്ഷെ ഇന്നൊരു മൂഡ് തോന്നുന്നില്ല .ഇന്നലത്തെ നൈറ്റ് ഡ്യൂട്ടി കാരണം ആകെ ഒരു ഉഷാറില്ല . ബസ് സ്റ്റോപ്പിൽ എത്തിയതും ബസ് കിട്ടി , സ്ഥിരമായി പോകുന്ന റൂട്ട് ആയതിനാൽ പരിചിതമുഖങ്ങളായിരുന്നു ഏറെയും. സീറ്റ് കിട്ടി ഇരുന്നത് മാത്രം ഓർമ്മയുണ്ട്, കണ്ടക്ടർ ബസ്‌സ്റ്റോപ്പിന്റെ പേര് വിളിച്ചു പറഞ്ഞപ്പോളാണ് ഉറക്കമുണർന്നത് .

അനീഷാണ് ഈയാഴ്ച കിച്ചണിൽ ചാർജ് , കുറച്ചു പച്ചക്കറികളും കറിപ്പൊടികളും വാങ്ങാൻ  മെസ്സേജ് അയച്ചിരുന്നു. സൂപ്പർമാർകെറ്റിൽ വല്യ തിരക്കില്ലാഞ്ഞതിനാൽ പെട്ടെന്ന് തന്നെ സാധനങ്ങൾ വാങ്ങി റൂമിലേക്ക് നടന്നു. ഹാളിൽ ആരെയും കണ്ടില്ല , നേരെ കിച്ചണിലേക്കു ചെന്നു . അനീഷ് പാചകപരിപാടികളുമായി നല്ല തിരക്കാണ് . സാധനങ്ങൾ അടുക്കള ഷെൽഫിൽ വെച്ച് റൂമിലേക്ക് നടന്നു .

" ഒന്ന് ഫ്രഷ് ആയിട്ട് ഞാൻ കൂടി കൂടാം , ഒരു അഞ്ചു മിനിറ്റ് " റൂമിലേക്ക് നടക്കുന്നതിനിടയിൽ അനേഷിനോട് വിളിച്ചു പറഞ്ഞു.

" ചോറും സാമ്പാറും റെഡി , ഇനി മീൻ കറി മാത്രം വെച്ചാൽ മതി " അനീഷ് പറയുന്നത് കേൾക്കാമായിരുന്നു .

ഷവറിൽ നിന്ന് തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ നല്ല സുഖം, വേനൽചൂട് കടുത്തു തുടങ്ങിയിരിക്കുന്നു. നാട്ടിലും ഇപ്പൊ ഏറെക്കുറെ വേനൽ ഇങ്ങനെ തന്നെ, കഴിഞ്ഞവർഷം ചാനലുകൾ വരെ പറഞ്ഞു കേരളം ഗൾഫ് പോലെ ആയെന്നു. ആരെക്കെയോ ഹാളിൽ സംസാരിക്കുന്നതു കേൾക്കാം ,അനീഷും  ജലീലും ആയിരിക്കും. ബാത്റൂമിലെ എക്സ് ഹോസ്റ്റ്  ഫാൻ ശരിക്കു വർക്ക് ചെയ്യാത്തത് കാരണം ഡോർ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ ഒരാശ്വാസം.

" ഇന്ത്യയിൽ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചു , ചൈനയിൽ നിന്നെത്തിയ ഒരു വിദ്യർത്ഥിക്കാണ് വൈറസ് ബാധ " ജലീലാണ്  പറയുന്നത് .

ഞാൻ ഒന്നും പറയാതെ റൂമിലേക്ക് നടന്നു, ഡ്രസ്സ് ചെയ്തു തിരിച്ചു വന്നു . ഹാളിൽ ആരുമില്ല , എല്ലാവരും മീൻകറി വെക്കാൻ കിച്ചണിൽ കൂടി, കൂടെ ഞാനും. പതിവുപോലെ തമാശകളും കളിയാക്കലും ഒക്കെയായി ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ടീവിയിൽ ചൈനയിലെ അസുഖബാധിത പ്രദേശങ്ങളുടെയും ആശുപത്രികളുടെയും വീഡിയോ ദൃശ്യങ്ങൾ കാണിച്ചപ്പോൾ അൽപനേരം അതിനെപ്പറ്റി സംസാരിച്ചെങ്കിലും അത് ആ രാജ്യത്തെ ഒരു രോഗബാധ ആയി കണ്ടു ഞങ്ങൾ ആരും അതിനു വല്യ പ്രാധാന്യം കൊടുത്തില്ല . അത്താഴം കഴിഞ്ഞു പതിവുപോലെ വീട്ടിൽ വിളിച്ചു; നാട്ടിലെ ചില സുഹൃത്തുക്കളെയും, പിന്നെ കിടന്നു . ലീവിന് പോകുമ്പോൾ വാങ്ങിക്കേണ്ട സാധനങ്ങളുടെയും വാങ്ങിച്ച സാധനങ്ങളുടെയും ഒരു താരതമ്യ പഠനം മനസിൽ നടന്നുകൊണ്ടിരിക്കെ എപ്പോഴോ ഉറങ്ങിപ്പോയി .

പിറ്റേ ദിവസം രാവിലെ വാർത്തയിൽ യൂറോപ്പിലെ ചില പ്രദേശങ്ങളിലേക്കും  അമേരിക്കയിലേക്കും  ഈ വൈറസ് പടർന്നതായും ജൈവ ശാസ്ത്രജ്ഞർ ആ വൈറസിന് കോവിഡ് -19 എന്ന പേരുകൊടുത്തതായും അറിഞ്ഞു. പതിവുപോലെ ഓഫീസിൽ പോകാൻ ബസ്‌സ്റ്റോപ്പിലെത്തി ബസ് കാത്തുനിൽക്കുമ്പോളാണ് കൂടെ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരാൾ ആ വാർത്ത ശ്രദ്ധയിൽ പെടുത്തുന്നത് . ഗൾഫിലെ ബസ്‌സ്റ്റോപ്പുകളിൽ വരുന്ന ബസുകളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ചെറിയ മോണിറ്റർ ഉണ്ട് ,പൊതുവായ മറ്റു  അത്യാവശ്യ വിവരങ്ങളും അതിൽ കാണിക്കാറുണ്ട് . അതിൽ ഇങ്ങനെ ഒരു സ്ക്രോളിങ് മെസ്സേജ് ഉണ്ടായിരുന്നു " ദുബായിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തു , സമാനമായി മറ്റു ഗൾഫ് രാജ്യങ്ങളിലും അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ". അല്പം ആശങ്കയോടെയാണ് ആ വാർത്ത വായിച്ചത്. ബസിൽ ഇരിക്കുമ്പോഴും , ബസിൽ നിന്നിറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോഴും ആ ആശങ്ക മനസ്സിൽനിന്ന് വിട്ടൊഴിഞ്ഞിരുന്നില്ല .

ഓഫീസിലും ചൂടേറിയ ചർച്ച കോവിഡ് തന്നെ ആയിരുന്നു .  പെട്ടെന്ന് വ്യാപിക്കുന്ന വൈറസ് മരണകരണമായേക്കാം എന്ന വസ്തുത എല്ലാവരിലും ആശങ്കയുളവാക്കിയിരുന്നു. ചൈനയിൽ പതിനായിരക്കണക്കിന് ആളുകളിലേക്ക് ദ്രുതഗതിയിൽ ‌ പടർന്ന വൈറസ് രണ്ടായിരത്തോളം പേരുടെ ജീവനെടുത്തുകഴിഞ്ഞിരുന്നു. യൂറോപ്പ് സമാനമായ ഒരു ദുരന്തത്തെ ഭയന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊര്ജിതമാക്കിയിരിക്കുന്നു . സംസാരിക്കുമ്പോൾ ഞങ്ങൾ എല്ലാവരുടെയും മുഖത്തു ആശങ്ക നിഴലിച്ചിരുന്നു .
പിന്നീടുള്ള ദിവസങ്ങൾ കാര്യങ്ങൾ എല്ലാം പാടേ മാറ്റിമറിച്ചു. ഗൾഫിൽ വൈറസ് ദ്രുതഗതിയിൽ പടർന്നു .വിമാനത്താവളങ്ങൾ അടച്ചു, രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഓഫീസുകൾ പൂട്ടി, വർക്ക് ഫ്രം ഹോം സിസ്റ്റം വന്നു. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം നിരോധിച്ചു. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ മാസ്ക് ധരിക്കണം , യാത്രാ പാസ്സ് വേണം . സുഗമമായി ഒഴുകിയിരുന്ന ജനജീവിതം താറുമാറായി.

കുറച്ചു സാധങ്ങൾ വാങ്ങിക്കാൻ ഇന്ന് പാസ്സ് എടുത്തിട്ടുണ്ട്, കുറെ ദിവസമായി ഒന്ന് പുറത്തേയ്ക്കു പോയിട്ട് . പുറത്തേക്കു പോകുമ്പോൾ സിഗരറ്റു പാക്കും ലൈറ്ററും കരുതിയിരുന്ന സ്ഥാനത്തു ഇപ്പോൾ മാസ്കും സാനിറ്റൈസറുമാണുള്ളത് . പ്രഭാത സായാഹ്‌ന സവാരികൾക്കു പോകുമായിരുന്ന, വഴിനീളെ  വെളുപ്പും ചുമപ്പും കടലാസുപൂക്കൾ നിറഞ്ഞ വഴിത്താരകൾ ഇന്ന് വിജനമാണ്. പ്രണയികളുടെയും  ദമ്പതികളുടെയും സല്ലാപം  മാത്രം കണ്ടു ശീലിച്ച ആ പൂക്കൾക്ക് ആംബുലൻസുകളുടെ സൈറൺ വിളികൾ എത്രമാത്രം അരോചകമായ ഒന്നായിരിക്കും ? ദുബായിലെ നൈഫ് മാർക്കറ്റിലും ദെയ്‌രയിലും നിരവധി വഴിയോര ഭോജനശാലകളുണ്ട്, വിവിധ സംസ്കാരങ്ങളുടെ ഗന്ധങ്ങളും രുചിയും അവിടെ ഇഴുകിച്ചേരുന്നു. ആഫ്രിക്കൻ, ഈജിപ്ഷൻ , ഇന്ത്യൻ  ബാർബിക്യു റസ്റ്റോറന്റുകൾ .. റോഡരുകിലേയ്ക് നീക്കിയിട്ട ഭക്ഷണമേശയ്ക്കിരുവശവും ഇരുന്നു പുഞ്ചിരിക്കുന്ന വിവിധ വംശജരായ ആൾക്കാർ .. വെന്ത ചിക്കന്റെയും മയണീസിന്റേയും ഗന്ധം.. ഹുക്കയും കോഫിയും കിട്ടുന്ന എത്യോപ്യൻ കോഫീ ഷോപ്പുകൾ, ആ ഷോപ്പുകളിൽ മയക്കുന്ന സൗന്ദര്യം കണ്ണിലൊളിപ്പിച്ച എത്യോപ്യൻ സുന്ദരികൾ .. ട്രാഫിക് സിഗ്നലിന്റെ പച്ചവെളിച്ചം തെളിയുമ്പോൾ റോഡിലേയ്ക്ക് വർണപ്പൊട്ടുകൾ ചിതറിയപോലെ ചലിക്കുന്ന ഒരുകൂട്ടം മനുഷ്യർ .. ജീവിതം വർണാഭമായ ഒരുആഘോഷമാക്കിയവർ .. അവയെല്ലാം പൊടുന്നനെ  എവിടെ അപ്രത്യക്ഷമായി ? ഈ ഏകാന്തത ഈ തെരുവുകൾക്കെത്ര ദുസ്സഹമായ ഒന്നായിരിക്കും ? ഇടയ്ക്കിടെ റോന്തുചുറ്റുന്ന പോലീസ് വാനുകൾക്കു ഈ തെരുവുകൾക്കു ജീവൻ പകരാൻ കഴിയുമോ ? ബർ ദുബായിലെ ' ഹബ്‌റ '(കടത്തു/  ഫെറി) യും നിശ്ചലമായി . തടികൊണ്ട് നിർമിച്ച വള്ളത്തിനേക്കാൾ അല്പം വീതിയുള്ള നൗകകളിലൂടെ അക്കരെ കടക്കാം , കടത്തിനിരുവശവും പൗരാണികവും ആധുനികവുമായ കെട്ടിടങ്ങളുടെ , സംസ്കാരങ്ങളുടെ ഇഴുകിച്ചേരൽ കാണാം . കടത്തിനക്കരെ ഇന്ത്യൻ ശിവ ക്ഷേത്രവും ജൈനക്ഷേത്രവും , ശ്രീകൃഷ്ണക്ഷേത്രവുമുണ്ട് . ഇതെല്ലാം തിടുക്കപ്പെട്ടു ക്യാമറയിൽ പകർത്തുന്ന യാത്രക്കാരെക്കൊണ്ട് നിറഞ്ഞതായിരുന്നു ഓരോ തോണികളും . അക്കരെയെത്തുന്ന തോണികളെ കാത്തു അനേക കൂട്ടം പ്രാവുകളുണ്ടാകും , അവയെല്ലാം തീർത്ഥാടകർ എറിഞ്ഞുകൊടുക്കുന്ന ചോളത്തിന്റെയോ ഗോതമ്പുമണികളുടെയും പിറകെയായിരിയ്ക്കും .. ഇപ്പോൾ ആ തോണികളെവിടെ ? പ്രാവുകളുടെ കലപിലശബ്ദമെവിടെ .. അനുസ്യൂതം ഒഴുകിയിരുന്ന ഒരു ജനസഞ്ചയമെവിടെ ?


ദുബായിൽ വൈറസ് ബാധിതർ ആയിരം കവിഞ്ഞു, എല്ലാ ഗൾഫ് രാജ്യങ്ങളിലും സമാന സാഹചര്യമാണ് ഉള്ളത് .പുറത്തേയ്ക്കു  ഇറങ്ങാൻ പോലും എല്ലാവർക്കും  ഭയമാണ്, എപ്പോൾ എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടകുന്നതെന്നു പറയാൻ കഴിയില്ല . ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാവരും താമസസ്ഥലത്തു തന്നെ സുരക്ഷിതരായി തുടരാനാണ് ഗവണ്മെന്റിന്റെയും കമ്പനികളുടെയും നിർദ്ദേശം .  ഞങ്ങൾ എല്ലാവരും പരമാവധി പുറത്തുപോകുന്നതു ഒഴിവാക്കി ഫ്ലാറ്റിൽ തന്നെ കഴിയുന്നു, അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം ഒരാൾ മാറി മാറി പോകും . എനിക്കും സന്തോഷിനും ജോലിക്കു കുഴപ്പമില്ല . പക്ഷെ ജലീലിന്റെ ജോലി കോൺട്രാക്ട് വ്യവസ്ഥയിലുള്ളതാണ് . ജോലിയില്ലെങ്കിൽ ശമ്പളം ബുദ്ധിമുട്ടാകും . എങ്ങനെയെങ്കിലും നാട്ടിലേക്കുപോകാനും നിർവാഹമില്ല . ഭാര്യയെയും കുട്ടികളെയും പറ്റിപറയുമ്പോഴും വീട്ടിലേക്കു വീഡിയോ കാൾ ചെയ്യുമ്പോഴും പഴയ ഉഷാറില്ല മൂപ്പർക്ക്, ഇപ്പോഴും എന്തെങ്കിലും ചിന്തിച്ചു ഒറ്റക്കിരിക്കുന്നതു കാണാം . അനീഷിന്റെ സ്ഥിതി ഗുരുതരമാണ്, ആൾക്ക് ബിസിനസ്സാണ് . കല്യാണമൊക്കെ കഴിഞ്ഞു പുതിയ ബിസിനസ് തുടങ്ങി കുറച്ചു മാസങ്ങളെ ആയിട്ടുള്ളു , നല്ലൊരു തുക ഇൻവെസ്റ്റ് ചെയ്തുകഴിഞ്ഞു. ഇനി എന്താകും എന്നൊരു രൂപവുമില്ല . ഞങ്ങളാരും അവനോടു കൂടുതൽ ഒന്നും ചോദിച്ചു ടെൻഷൻ അടിപ്പിക്കാറില്ല . കുറെ ദിവസമായി അവൻ റൂമിൽത്തന്നെയാണ്, പുറത്തേയ്ക്കു വല്ലപ്പോഴും മാത്രം വരും.

അങ്ങനെയൊരു ദിവസമാണ് പുറത്തുപോയി വന്ന അനീഷ് ആ വിവരം പറഞ്ഞത് . ഞങ്ങളുടെ തൊട്ടടുത്ത കെട്ടിടത്തിൽ രണ്ടു കോവിഡ് രോഗികളുണ്ടെന്നു, അതിൽ ഒരാൾക്ക് സീരിയസ് ആണത്രേ! നിർവികാരമായ മുഖത്തോടെയാണ് ഞങ്ങൾ ആ വാർത്ത കേട്ടത്. അതിന്റെ പിന്നാലെ ഹെൽത്ത് അതോറിറ്റിയിൽ നിന്ന് ആൾക്കാർ വന്നു സാനിറ്റൈസർ, മാസ്ക് എല്ലാം തന്നു, പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റി വിവരിച്ചു തന്നു . എന്നോ ഒരിക്കൽ റൊട്ടിയും ഡാൽഫ്രയും, മഷൂർ ഡാൽ മിക്സ്ചറുമൊക്കെ അവരുടെ ഏതോ ഒരു ആഘോഷത്തിന് കൊണ്ടുവന്നു തന്ന പഞാബിക്കാരിയായ ആ ഇത്തയ്ക്കാണ് കോവിഡ് മൂർച്ഛിച്ചിരിക്കുന്നതു , സദാ പ്രസരിപ്പുനിറഞ്ഞ മുഖവും പുഞ്ചിരിയുമായി കാണപ്പെട്ടിരുന്ന അവർക്കോ?  വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം  ഞാൻ ലീവിനുപോകുന്ന കാര്യം പറഞ്ഞപ്പോൾ പോകുന്നതിനു രണ്ടു ദിവസം മുൻപ് ഓർമ്മിപ്പിക്കണം പഞ്ചാബി സ്വീറ്റ്‌സ് തന്നുവിടാം എന്നൊക്കെ പറഞ്ഞതാണ്, ഒന്ന് പോയി കാണാൻ പോലും കഴിയില്ലല്ലോ. ഞങ്ങൾ ചില മലയാളി സംഘടനകളെയൊക്കെ ബന്ധപ്പെട്ടു നാട്ടിൽ എത്താനുള്ള മാർഗങ്ങളെ പറ്റി അന്വേഷിച്ചു. ഒരാഴ്‌ചയോളം കാത്തിരുന്നിട്ടും കാര്യമായ പുരോഗതിയൊന്നും കണ്ടില്ല . അതിനടിയ്ക്കു ഓഫീസിലെ HR മാനേജർ വിളിച്ചു. എന്റെ നാട്ടിലേക്കുള്ള ടിക്കറ്റ് അടുത്തയാഴ്‌ചയാണ്‌ ബുക്ക് ചെയ്തത്, നേരത്തെ ക്യാൻസൽ ചെയ്യുന്ന കാര്യം പറയാനാണ് വിളിച്ചത് അല്ലെങ്കിൽ റീഫണ്ട് കിട്ടില്ല. നിരാശയോടെയാണ് ഫോൺ കട്ട് ചെയ്തത്, ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ലീവ് ആണ്. ആകപ്പാടെ ഒരു അസ്വസ്ഥത പോലെ, അൽപനേരം കസേരയിലിരുന്നു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒക്കെ പലപ്പോഴായി വാങ്ങിച്ച സാധങ്ങളെല്ലാം കട്ടിലിന്റെ അടിയിൽ നിരത്തി വെച്ചിരിക്കുന്നതു കാണാമായിരുന്നു, കുറച്ചുനേരം അതിൽത്തന്നെ നോക്കിയിരുന്നു ..

രണ്ടുമൂന്നു ദിവസം കഴിഞ്ഞു ഞാൻ ഹാളിൽ വിരുന്നു വീട്ടിലേക്കു വീഡിയോ കാൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു . കേരളത്തിൽ സ്ഥിതിഗതികൾ അത്ര കുഴപ്പമില്ല , രോഗം നിയന്ത്രണവിധേയമായിക്കഴിഞ്ഞു , അതൊരാശ്വാസമായി . പെട്ടെന്നാണ് ഫ്ളാറ്റിലെ ക്ലീനിങ്ങിനു വരുന്ന ബംഗാളി പയ്യൻ ഓടിക്കിതച്ചു വന്നു ആ വിവരം അറിയിച്ചത്. തൊട്ടടുത്ത ഫ്ളാറ്റിലെ പഞാബിക്കാരി ഇത്ത കോവിഡ് മൂർച്ഛിച്ചു മരിച്ചു .. അവിശ്വസനീയതയോടെയാണ് ഞങ്ങൾ ആ വർത്തകേട്ടത്  .. അങ്ങോട്ടുപോകാൻ നിർവാഹമില്ല . ഞങ്ങൾ ബാൽക്കണിയിൽ ചെന്ന് താഴേക്ക് നോക്കി, താഴെ ഹെൽത്തിലെ ആൾക്കാർ പോലീസ് എല്ലാരും ഉണ്ട്, എല്ലാവരും മുഖാവരണവും ശരീരം മുഴുവനും മറയ്ക്കുന്ന ഗൗണും ഗ്ലൗസും ധരിച്ചിട്ടുണ്ട് . സമീപപ്രദേശത്തെ താമസക്കാർ എല്ലാവരും ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് നോക്കുന്നുണ്ട്. രണ്ടു അറ്റെൻഡന്റുമാർ ട്രോളിയിൽ മൃതശരീരം കൊണ്ടുവന്നു ആംബുലൻസിലേയ്ക് കയറ്റുന്നു, അവരുടെ ഭർത്താവും മകളും സമീപത്തായി നിൽപ്പുണ്ട് .അവരും മുഖാവരണവും ഗ്ലൗസുമൊക്കെ ധരിച്ചിട്ടുണ്ട്. രണ്ടുപേർക്കു  മാത്രമേ കൂടെപ്പോകാൻ അനുമതി കാണൂ , കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതശരീരങ്ങൾ സംസ്കരിക്കുന്നതിനു ചില മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുമൊക്കെ ഉള്ള കാര്യം പത്രത്തിൽ വായിച്ചത്‌ ഞാൻ ഓർത്തു. അതുപോലെതന്നെ സംഭവിച്ചു, പോലീസ് ഭർത്താവിനെയും മകളെയും  മാത്രമേ ആംബുലൻസിൽ കയറ്റിയുള്ളു. അവരുടെ വൃദ്ധ മാതാപിതാക്കളും കുടുംബാംഗങ്ങളും ഗേറ്റിന്റെ അരുകിൽ നിർവികാരനായി നോക്കിനിൽക്കെ ചുറ്റും ഭീതി നിറഞ്ഞ അനേകം കണ്ണുകളെ സാക്ഷിയാക്കി ആംബുലൻസ് സൈറൺ മുഴക്കി നീങ്ങിത്തുടങ്ങി ... ഇത്തയുടെ പുഞ്ചിരിക്കുന്ന മുഖം ഒരു വേദനയായി മനസിൽ നിറഞ്ഞു  ..

അനീഷും ജലീലും സന്തോഷും ഇതൊന്നും കാണാൻ വയ്യെന്നപോലെ ഉള്ളിലേയ്ക്ക് പോയി. ബംഗാളിപ്പയ്യൻ ഇനിയുള്ള കാര്യങ്ങൾ എന്തൊക്കെയാവും എന്നറിയാനുള്ള വ്യഗ്രതയിലെന്നോണം ധൃതിയിൽ താഴേയ്‌ക്ക്‌പോയി.. ഞങ്ങളുടെ കോളനിയിലേക്കുള്ള റോഡിൻറെ അങ്ങേയറ്റത്ത് ദൂരെയായി ഒരു ചുവന്ന പൊട്ടുപോലെ ആംബുലൻസ് മറഞ്ഞുപോകുന്നു .. പറഞ്ഞറിയിക്കാനാകാത്ത എന്തോ നിർവികാരതയും ഭയവും മനസ്സിൽ നിറയുന്നു. ചുറ്റും അനേകം കുന്തമുനകൾ നിറഞ്ഞ ശരീരവുമായി കുറെ വൈറസുകൾ ചിറകടിച്ചു വരുന്നതുപോലെ ..അത് അങ്ങകലെ മേഘങ്ങൾക്ക് താഴെമുതൽ പടർന്നു താഴെ ഭൂമിയോളം എത്തിയോ ? ആകാശത്തിനും മേഘങ്ങൾക്കും ഭൂമിക്കും വായുവിനും അവറ്റകളെ ഭയമാണോ? ആ ഭയമാണോ എന്നിലേയ്ക്കും പടരുന്നത് ? അങ്ങ് ദൂരെ ആംബുലൻസിന്റെ ചുവപ്പു വെളിച്ചം കാണുന്നില്ല ..ഒന്നും കാണുന്നില്ല ..മുഴുവൻ ശൂന്യത നിറഞ്ഞിരിക്കുന്നു ...

Thursday, December 5, 2019

NSS സ്മരണകൾ (ഓർമ്മക്കുറിപ്പുകൾ )

ഭാഗം -7

കേണൽ വിജയകുമാർ സാർ

കോളേജ് ബ്യൂട്ടി കണ്ടെത്തലുമായി ബന്ധപ്പെട്ട സന്തോഷത്തിന്റെ അലയൊലികൾക്കിടയിലൂടെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ക്ലാസുകൾ അങ്ങനെ നടക്കുന്നു ആദ്യകുറെ ദിവസങ്ങൾ മോഹൻദാസ് സാർ, കുഞ്ഞമ്മ ടീച്ചർ , സോമൻ സാർ , രഞ്ജിനി ടീച്ചർ ഇവരൊക്കെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. വിജയകുമാർ സാർ ഇനോർഗാനിക് കെമിസ്ട്രി ക്ലാസുകൾ എടുക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് കുറെ ദിവസമായി പക്ഷേ വന്നിട്ടില്ല . ഇടയ്ക്കു സാറിനെ സ്റ്റാഫ് റൂമിൽ കണ്ടിരുന്നു, എന്തൊക്കെയോ തിരക്കിലാണെന്നു മനസ്സിലായി. സാർ വല്യ സ്ട്രിക്ട് ആണെന്നും ചൂടൻ ആണെന്നും ഒക്കെയുള്ള വാർത്തകൾ എല്ലാവരിലും ഒരു ' വിജയകുമാർ സാർ ഫോബിയ ' പോലെ  പടർന്നോ എന്ന് ഒരു  സംശയം. എല്ലാവരും സാറിനെപ്പറ്റി സംസാരിക്കുമ്പോൾ പുറമെ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും ' ഇനി മൂന്നു വർഷം സാറിനെ പേടിക്കേണ്ടിവരുമോ എന്ന ഭയം ' വാക്കുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്നുവോ  അല്ലെങ്കിൽ അന്തർലീനമായിരിക്കുന്നുവോ എന്ന് പലപ്പോഴും തോന്നാറുണ്ട്. ചിലപ്പോൾ എന്റെ സംസാരം കേട്ടു  മറ്റുള്ളവർക്കും ഇതേപോലെ തോന്നിക്കൂടായ്കയില്ല !

Monday, August 26, 2019

NSS സ്മരണകൾ (ഓർമക്കുറിപ്പുകൾ)



ഗാനകോകിലം Vs  ഗാനകോകിലന്മാർ


അങ്ങനെ കൂട്ടത്തിൽ ഒരു കവിയുള്ളത് കണ്ടുപിടിച്ച സന്തോഷമൊക്കെയായി ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ക്ലാസ്സിനോടും ലൈബ്രറിയോടും കാറ്റാടിമരങ്ങളോടും വൈകിട്ടു വിടപറഞ്ഞുപോകും, രാവിലെ വീണ്ടുമെത്തുമ്പോൾ അവയെല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിക്കും, ക്ലാസ്സ്മുറികൾ പുഞ്ചിരിക്കും കാറ്റാടിമരങ്ങൾ ചൂളമടിക്കും.

അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്ക് സമയത്തു ക്ലാസ്സിൽ രൂപേഷ്, ആകാശ് ഒക്കെയായി വെറുതെ ഓരോന്നു പറഞ്ഞിരിക്കുകയായിരുന്നു. അപ്പോളാണ് ജെയ്സൺ ക്ലാസ്സിലേക്ക് വന്നത്. ആളിപ്പോൾ ഫ്രീ ടൈം ഒക്കെ സംഘടനാ പ്രവർത്തനമായിട്ടു തിരക്കിലാണ്. വന്നയുടൻ ജെയ്സൺ എല്ലാവരോടുമായിട്ടു ഇങ്ങനെ പറഞ്ഞു ,

" കോളേജ് ആര്ട്ട്സ് ഫെസ്റ്റിവലിന്റെ ഡേറ്റ് തീരുമാനിച്ചു, അടുത്തമാസം നാലിനാണ്. എല്ലാ ക്ലാസ്സുകാരും ഇന്നുമുതൽ തയ്യാറെടുപ്പു തുടങ്ങുകയാണ്. ഫിസിക്സ് ബാച്ച് ഡ്രാമ പ്രാക്ടീസ് നാളെ മുതൽ തുടങ്ങുകയാണ്, മാത്‍സ് ക്ലാസുകാർ തിരുവാതിരകളി അങ്ങനെ ഓരോരുത്തരും. നമുക്ക് ഒരു സിനിമാഗാനാലാപന മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചാലോ ? ഞങ്ങളെല്ലാവരും മുഖത്തോടു മുഖം നോക്കി. എനിക്ക് വല്യ താല്പര്യമൊന്നും തോന്നിയില്ല. അൽപനേരം ഞങ്ങൾ അതിനെപ്പറ്റി ചർച്ച ചെയ്തിരുന്നു . ഞങ്ങളൊക്കെ പരിചയമായി വരുന്നതല്ലേയുള്ളു, ആരു പാടും ആരു ഡാൻസ് ചെയ്യും എന്നൊക്കെ കുറച്ചുനാൾ കഴിഞ്ഞല്ലേ അറിയാൻ പറ്റൂ. അപ്പോൾ സുനിഷയും ജെൻസിയും ആണത് പറഞ്ഞത്.

" ഈ ഷിൽന നന്നായി പാടും, ഷിൽന എന്തായാലും ഉണ്ടാകും "

താൻ എന്തായാലും ഒരു പാട്ടു പാടുമെന്ന് ജെയ്‌സൺ സ്വയം പ്രഖ്യാപിക്കുകയാണുണ്ടായത്. അങ്ങനെ രണ്ടുപേരുടെ കാര്യം ഉറപ്പായി. അപ്പോഴാണ് ദീപ, സൗമ്യ എന്നിവർ ചേർന്ന് ജ്യോതിലക്ഷ്മിയുടെ പേര് നിർദ്ദേശിക്കുന്നത് , ജ്യോതി പാട്ടു പഠിക്കുന്നുണ്ട്, മുൻപ് പല വേദികളിലും പാടിയിരുന്നു എന്നാണ് അവർ പറഞ്ഞത്. അങ്ങനെ മൂന്നുപേർ ആയി. പക്ഷേ അപ്പോഴേക്കും ഷിൽന പിന്മാറി, ഇപ്പോൾ വയ്യ പിന്നീടെപ്പോഴെങ്കിലും പാടാം എന്നാണ് കക്ഷി പറയുന്നത്‌. അങ്ങനെ വീണ്ടും രണ്ടുപേർ മാത്രമായി. അപ്പോഴാണ് ജെയ്സൺ എന്റെ നേരെ തിരിഞ്ഞത്, എന്റെ പേര് കൂടി ചേർക്കും എന്നാണ് പറയുന്നത്. അതിനുകാരണമായി പറയുന്നത് ഞങ്ങൾ പ്രൈമറി സ്കൂളിൽ ഒരുമിച്ചുപഠിച്ചപ്പോൾ ഞാൻ ക്ലാസ്സിൽ ഒരു പാട്ടു പാടി എന്നാണ്. കാര്യം ശരിയാണ് പക്ഷെ അതിനിപ്പോൾ പാടണമെന്നുണ്ടോ? അന്ന് നന്നായി പാടിയതായി ആരും പറഞ്ഞില്ലല്ലോ? എനിക്ക് തോന്നുന്നില്ല ഞാനൊരു ഗായകനാണെന്ന്, ഇങ്ങനെയുള്ള മറുചോദ്യങ്ങളും നിഷേധിക്കലും ഞാൻ നടത്തിയെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ എന്നെയും കൂടി ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി. ഞാൻ ആകാശ് , ശ്രീജിത്ത്, രൂപേഷ് എന്നിവരുമായെല്ലാം ഇക്കാര്യം സംസാരിച്ചു. ജെയ്സൺ ചെയ്തത് ശരിയായില്ലെന്നായിരുന്നു എന്റെ പക്ഷം. പക്ഷേ അവരെല്ലാം പറഞ്ഞത് മറിച്ചായിരുന്നു. ഇത് നമ്മുടെ ക്ലാസ്സിൽ ഉള്ള ഒരു പ്രോഗ്രാം മാത്രമല്ലേ? ഇത്ര ഗൗരവമായി കാണേണ്ട ആവശ്യമുണ്ടോ? എന്നൊക്കെയാണ്.

ഞാനും അങ്ങനെതന്നെയാണ് കരുതിയത്, പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അകെ മാറിമറിഞ്ഞു. മറ്റുള്ള ക്ലാസ്സുകളിലൊക്കെ സമാനമായ മത്സരങ്ങളും റിഹേഴ്സലുമൊക്കെ നടക്കുന്നത് അറിഞ്ഞിട്ടാകണം ടീച്ചേർസ് എല്ലാം ഞങ്ങളുടെ ക്ലാസ്സിലെ പ്രോഗ്രാം എന്താണെന്നും ഏതു ദിവസമാണെന്നും പരിശീലിക്കുന്നുണ്ടോ എന്നുമെല്ലാം ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. ജെയ്സൺ ഞാൻ വചനം എന്ന സിനിമയിലെ ' നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി ' എന്ന് തുടങ്ങുന്ന ഗാനം പാടി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് എന്നോട് പറഞ്ഞു. ജ്യോതിയും ഇടയ്ക്കു ലഞ്ച് ബ്രേക്ക് സമയത്തു പാട്ടൊക്കെ മൂളുന്നത് കേൾക്കാം. ഞാനാണെങ്കിൽ ആകപ്പാടെ ധർമ്മസങ്കടത്തിലായി. ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഇനിയിപ്പോൾ പിൻവാങ്ങാൻ കഴിയില്ല, ഒരു പരിശീലനവും തുടങ്ങിയിട്ടില്ലതാനും. ഇനിയിപ്പോൾ എന്തുചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടില്ല. ഞാനിത് അമ്മയോട് പറഞ്ഞു. കാരണം എന്താണെന്നുവെച്ചാൽ അമ്മ നന്നായി പാടും. വേദികളിൽ ഒന്നും പാടിയിട്ടില്ല, പക്ഷെ വീട്ടിലും ചില കുടുംബസദസ്സുകളിലും ഒക്കെ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ പറയുന്നതെന്താണെന്നുവെച്ചാൽ അമ്മ പാടുന്നത് കാരണം ചിലപ്പോൾ എനിക്കും ആ കഴിവ് കിട്ടിയിട്ടുണ്ടാകാം, ഇതൊരു അവസരമായിക്കണ്ടു മനസ്സിരുത്തി ശ്രമിക്കണം, എന്നാലല്ലേ അറിയാൻ കഴിയൂ എന്നാണ്. ഞാൻ അതിനെപ്പറ്റി നന്നായി ആലോചിച്ചു . ചിലപ്പോൾ അമ്മ പറഞ്ഞത് ശരിയാകാം. എനിക്ക് പാടാനുള്ള കഴിവ് കിട്ടിയിട്ടുണ്ടാകാം. പിന്നെ ജെയ്സൺ എന്നെ നിർബന്ധിച്ചു എന്ന് പറഞ്ഞപോലെയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. ഇതൊക്കെ ഒരു നിമിത്തമാണെങ്കിലോ? ചിലപ്പോൾ ഇതൊരു വഴിത്തിരിവായി മാറിക്കൂടെ എന്റെ ജീവിതത്തിലെ? അങ്ങനെ എന്തായാലും മനസ്സിരുത്തി ഒന്ന് ശ്രമിക്കാം എന്ന തീരുമാനവുമായാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത് .

ഞാൻ ഈ വിഷയത്തെ ശാസ്ത്രീയമായും അടുക്കും ചിട്ടയോടും കൂടിയും സമീപിക്കാൻ ശ്രമിച്ചു. ഗാനമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ആദ്യപടി ഒരു പാട്ട് തിരഞ്ഞെടുക്കുകയെന്നുള്ളതാണ്, അതും സദസ്സിന് അനുയോജ്യമായത്. ഇവിടെ ശ്രോതാക്കൾ യുവാക്കളും യുവതികളുമാണ്. അപ്പോൾ ഒരു ശോക, വിഷാദ ഗാനം ഒരിക്കലും ഒരു നല്ല തിരഞ്ഞെടുപ്പല്ല. ഒരു മെലഡി തന്നെയാണ് നല്ലത്, അതും ഒരു പ്രണയഗാനം. പിന്നീടങ്ങോട്ട് അതിനായുള്ള അന്വേഷണം ആയിരുന്നു. ആദ്യം തിരഞ്ഞെടുത്തത് ഗായത്രി എന്ന സിനിമയിലെ ' തങ്കത്തളികയിൽ പൊങ്കലുമായ് വന്ന' എന്ന ഗാനമായിരുന്നു, അതിന്റെ പരിശീലനം ആരംഭിച്ചു തുടങ്ങിയതുമാണ്. അതുകേട്ട അമ്മയാണ് പറഞ്ഞത് ഈ പാട്ടു വേണ്ടെന്ന്. വേറെ എന്തെങ്കിലും മതി എന്നേ അമ്മ പറഞ്ഞുള്ളു, ചിലപ്പോൾ ആ ഗാനത്തിലെ ചില വരികൾ അവരുടെ തീവ്രപ്രണയത്തിന്റെ കഥപറയുന്നതുകൊണ്ടാകാം. ഞാൻ മറ്റൊരു ഗാനത്തിനായി അന്വേഷണം തുടങ്ങി. ശരിക്കും സംഗീതം പഠിക്കുന്ന എന്റെ ഒരു സുഹൃത്താണ് ആ ഗാനം എന്റെ ശ്രദ്ധയിൽ പെടുത്തിയത്. അത് ശ്രീരാഗം എന്ന സിനിമയിലെ ' ശ്രീരാഗമോ ' എന്ന് തുടങ്ങുന്ന പ്രണയഗാനമായിരുന്നു. സുഹൃത്ത് പറഞ്ഞത് അത് ഒരു സാധാരണ ഗാനം അല്ല എന്നാണ്. ഹരഹരപ്രിയ, രതിപതിപ്രിയ, കർണരഞ്ജിനി, കാഫിദാട്ട് എന്നിങ്ങനെയുള്ള മനോഹര പ്രണയരാഗങ്ങളുടെ ഒരു അപൂർവ കോമ്പിനേഷനാണ് ആ ഗാനമെന്നാണ്. ആ ഗാനം അതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഞാൻ വിശദമായി ഒരുതവണ ശ്രദ്ധിച്ചു കേട്ടു, അതെ പറഞ്ഞത് ശരിയാണ് അത് പ്രണയത്തിന്റെ സൂക്ഷ്മ ,മൃദുല ഭാവങ്ങളെ തൊട്ടുണർത്തുന്ന ഒരുഗാനമാണ്. പക്ഷേ ആ ഗാനം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. കാരണം അത് പാടി ഫലിപ്പിക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവായിരുന്നില്ല, മറ്റൊരു കാരണമായിരുന്നു. ഞാൻ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഒരു സ്റ്റേജിലും പാടുകയോ അഭിനയിക്കുകയോ ചെയ്തിട്ടില്ല, ചിലപ്പോൾ സഭാകമ്പം അനുഭവപ്പെട്ടേക്കാം. അപ്പോൾ ഇത്രയും സങ്കീർണമായ ഒരു ഗാനം അമിതഭാരമായേക്കാം, അതുകൊണ്ടങ്ങനെ ഒരു തീരുമാനമെടുത്തത്. ഇനിയെന്ത് എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് പ്രേംനസീറും ശാരദയും പാടി അഭിനയിച്ച നദി എന്ന സിനിമയിലെ 'കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിരിയും' എന്ന അനശ്വര പ്രണയഗാനത്തിലേക്കാണ്. ഞാൻ ആ ഗാനം തിരഞ്ഞെടുത്തു, പിന്നിൽ ഒട്ടനവധി കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത് പ്രേംനസിർ എന്ന നിത്യഹരിതനായകനും അത്രതന്നെ ശ്രദ്ധിക്കപ്പെട്ട ശാരദയും പാടി അഭിനയിച്ച ഒരു പാട്ടാണത്. രണ്ടാമത്തെ കാര്യം സുപ്രസിദ്ധമായ വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിലൊന്ന്, മൂന്നാമത്തെ കാര്യം കാവ്യാത്മകമായ വരികൾ എന്നുള്ളതായിരുന്നു, കാമുകനിലോ കാമുകിയിലോ പ്രണയത്തിലോ ഒതുങ്ങി നിൽക്കാതെ പ്രകൃതിയുമായി പ്രണയത്തെ താരതമ്യം ചെയ്യുന്ന ഗനരചയിതാവിന്റെ മികവ്. താഴെയുള്ള വരികൽ ഉത്തമ ഉദാഹരണങ്ങളല്ലേ ?

' നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്ന് നിരവധിയോളങ്ങൾ ശ്രുതിയിട്ടു'

' പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെയേകാന്ത പുളിനത്തിൽ '

ആ കാവ്യതമാകമായ വരികൾ എന്നെ കീഴടക്കിക്കളഞ്ഞു. ചിത്രഗീതത്തിൽ ആ പാട്ടുവന്നപ്പോൾ കേട്ടു, ദേവരാജന്റെ സംഗീതം വയലാറിന്റെ കാവ്യതമാകമായ ആ വരികളെ പൂർണചന്ദ്രനിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പുഴയെപ്പോലെ സുന്ദരിയാക്കി മാറ്റി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ സ്വയം മാറുകയായിരുന്നു. ഒരു വല്ലാത്ത ആവേശവും ആത്മവിശ്വാസവും എന്നിൽ അലതല്ലിയടിച്ചു.

" കായാമ്പൂ കണ്ണിൽ വിടരും " എന്ന ആ മനോഹരമായ മെലഡി തിരഞ്ഞെടുത്തു കഴിഞ്ഞങ്ങോട്ടു പിന്നെ അശ്രാന്ത പരിശ്രമത്തിന്റെ നാളുകളായിരുന്നു. രാവിലെയും വൈകിട്ടു കോളേജ് കഴിഞ്ഞു വന്നിട്ടും ഞാൻ പരിശീലനത്തിന് സമയം കണ്ടെത്തി. ഇടയ്ക്കു അയൽവക്കത്തെ ചേച്ചിമാർ വേലിക്കൽ വന്നു തലയുയർത്തി നോക്കുന്നത് കാണാമായിരുന്നു, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര മികച്ച ആലാപനശൈലിയായിരുന്നുവല്ലോ എന്റേത്!

ആ ഗാനം ' മോഹന ' രാഗത്തിൽ ചിട്ടപ്പെടുത്തിയതായിരുന്നു. എന്നെ ആകർഷിച്ച രാഗങ്ങളിൽ ഒന്നുകൂടിയാണ് മോഹനം. ഈ ഗാനത്തെ എന്നിലേക്കാകർഷിച്ച ഘടകങ്ങളിൽ ഒന്ന് ചിലപ്പോൾ അതായിരുന്നിരിക്കാം. മോഹനം കർണാടിക് സംഗീതത്തിലെ ഒരു രാഗമാണ്, അത് ഹരികാംബോജി എന്ന രാഗത്തിൽനിന്നു ജനിക്കപ്പെട്ടതാണ്, അല്ലെങ്കിൽ രൂപപ്പെട്ടതാണ്. മോഹനത്തിനു തത്തുല്യമായ ഒരു രാഗം ഹിന്ദുസ്ഥാനി സംഗീതത്തിലുണ്ട് ; അത് 'ഭൂപാലി'യാണ്. ദിവസങ്ങൾകൊണ്ട് എന്റെ ആലാപനശൈലി മെച്ചപ്പെട്ടതായും എനിക്ക് ഒരു സദസ്സിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയും എന്നും എനിക്ക് തോന്നി. എന്റെ വീട്ടിൽ ഒരു താമരക്കുളം ഉണ്ട്, വേനൽക്കാലത്തു വെള്ളം തീരെ കുറയുന്ന സമയത്തൊഴികെ ഞാൻ അവിടെയാണ് കുളിക്കാറുള്ളത്. അത് വീടിനോടു ചേർന്ന് വിജനമായി കിടക്കുന്ന ഒരു പറമ്പാണ്, കുളവും കശുവിൻമാങ്ങാമരങ്ങളും നാലോ അഞ്ചോ തൈത്തെങ്ങുകളും അല്ലാതെ മറ്റൊന്നും അവിടെയില്ല. അതെനിക്ക് സ്വസ്ഥമായി പരിശീലിക്കുവാനുള്ള അവസരമൊരുക്കിത്തന്നു. സാധാരണ ആ കുളത്തിൽ കൂടിയാൽ നാലോ അഞ്ചോ പൂക്കൾ ഉണ്ടാകും, പക്ഷേ എന്റെ സാധകം തുടങ്ങിയതിനു ശേഷം അവയുടെ എണ്ണത്തിൽ വളരെയധികം വർദ്ധനയുണ്ടായതായി എനിക്ക് തോന്നി, ഏതു പൂക്കളാണ് മോഹനരാഗം കേൾക്കാൻ കൊതിക്കാത്തത്? അങ്ങനെ എണ്ണമറ്റ താമരപ്പൂക്കൾ നിറഞ്ഞ ആ കുളത്തിൽ പതിവായി മോഹനരാഗത്തിൽ എന്റെ ഗാനവീചികൾ അലയടിച്ചു, താമരപ്പൂക്കൾ മിഴിചിമ്മാതെ കൗതുകത്തോടെ എന്നെ നോക്കി നിന്നു, എന്നിട്ടു കുണുങ്ങിച്ചിരിച്ചു. ഇവറ്റകൾക്ക് ലജ്ജയില്ലേ അർദ്ധനഗ്നനായ എന്നെയിങ്ങനെ തുറിച്ചുനോക്കാൻ? എനിക്ക് വഷളന്മാരായ ആ താമരപ്പൂക്കളോടു കടുത്ത അമർഷം തോന്നി!

ജെയ്സൺ ക്ലാസിലിരുന്ന് ഒഴിവുസമങ്ങളിൽ അയാൾ തിരഞ്ഞെടുത്ത വചനം സിനിമയിലെ ' നീര്മിഴിപ്പീലിയിൽ ' എന്നഗാനം പതിഞ്ഞ സ്വരത്തിൽ മൂളുന്നത് കേൾക്കാമായിരുന്നു. എന്തുകൊണ്ടാണ് വിഷാദഭാവങ്ങൾ നിറഞ്ഞ ഈ ഗാനം ആ ചെറുപ്പക്കാരൻ തിരഞ്ഞെടുത്തത് എന്നെനിക്കു മനസിലായില്ല. ഒരു മത്സരത്തിനു വരുന്ന അയാൾ എന്തിന് ശ്രോതാക്കളെയെല്ലാം വിഷാദത്തിന്റെ അലയടികളിലൂടെ നടത്തിച്ചേ അടങ്ങൂ എന്നു വാശി പിടിക്കണം? എനിക്കതിന്റെ കാരണം മനസിലായില്ല. ആ ഗാനം ' ' മദ്ധ്യമാവതി ' എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. അത് വളരെ വിശേഷപ്പെട്ട ഒരു രാഗമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. കർണാടക സംഗീതജ്ഞരെല്ലാം എല്ലാ കച്ചേരികളുടെയും അവസാനത്തെ കീർത്തനം ഈ രാഗത്തിലുള്ളതാണ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്, അല്ലെങ്കിൽ അവസാന കീർത്തനം ഈ രാഗത്തിലവസാനിപ്പിക്കുമായിരുന്നു. ഇത് ജെയ്സൺ എങ്ങനെയെങ്കിലും ജയിച്ചേ മതിയാകൂ എന്ന് കരുതിക്കൂട്ടി എടുത്ത തിരഞ്ഞെടുപ്പായിരിക്കുമോ? അയാൾ ഈ രാഗത്തിൽ ഒളിഞ്ഞിരിക്കുന്ന അദ്‌ഭുദങ്ങൾ പുറത്തുകൊണ്ടുവരുമോ? വിശേപ്പെട്ടത് എന്ന് പേരുകേട്ട ആ രാഗം അയാളുടെ വിജയത്തിന് കാരണമായിത്തീരുമോ? ഇത്തരം ചിന്തകളാൽ എന്റെ മനസ് അസ്വസ്ഥമായി.

ജെയ്‌സന്റെ നീക്കങ്ങൾ എനിക്ക് നിരീക്ഷിക്കാൻ കഴിഞ്ഞതുപോലെ ജ്യോതിലക്ഷ്മി എന്ന ഗായികയുടെ നീക്കങ്ങൾ എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞില്ല. മത്സരം പ്രഖ്യാപിച്ചു കഴിഞ്ഞു ഒരിക്കലെന്നോ ഇന്റെർവെൽ സമയത്തു എന്തോ മൂളുന്നത് കേട്ടതല്ലാതെ ഒരു തരത്തിലുള്ള പരിശീലനവും ചെയ്യുന്നതായി കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ചില നന്നായി പഠിക്കുന്ന കുട്ടികൾ പരീക്ഷ അടുക്കുമ്പോൾ പഠിക്കുന്നുണ്ടോ എന്നെല്ലാം ചോദിക്കുമ്പോൾ, ഇല്ല എന്ന് മറുപടി പറയും, പക്ഷേ റിസൾട്ട് വരുമ്പോൾ മുഴുവൻ മാർക്കും കിട്ടുകയും ചെയ്യും. ഇതും അതുപോലെയാണോ? വീട്ടിൽ തീവ്രപരിശീലനം ചെയ്തിട്ടായിരിക്കുമോ ഈ ഗായിക ദിവസവും കോളേജിലേക്ക് വരുന്നത്? ജെയ്സൺ അസ്വസ്ഥമാക്കിയ എന്റെ മനസ് കൂടുതൽ കലുഷിതമായി. ഇവർ ഏതു ഗാനം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്? അതു പോലും എനിക്കറിയില്ല! ആ ഗാനം ഏതാണെന്നു കണ്ടെത്തുന്നതിനെപ്പറ്റി ഞാൻ തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു മാർഗം തെളിഞ്ഞു കിട്ടി. അതായതു ഉണ്ണിയുടെ സുഹൃത്താണ് ജ്യോതി, ഉണ്ണി എന്റെ സുഹൃത്തുമാണ്. അങ്ങനെ ഉണ്ണിയിലൂടെ ഈ ഗാനം ഏതെന്നു കണ്ടെത്താം എന്ന് ഞാൻ കരുതി. ഉച്ചഭക്ഷണം കഴിഞ്ഞു വരാന്തയിലൂടെ വെറുതെ നടന്നപ്പോൾ ഞാൻ ഗാനമതസരത്തിൽ എന്റെ പാട്ട് ' കായാമ്പൂ ' ആണെന്ന് പറഞ്ഞു. നന്നായി എന്ന് ഉണ്ണി മറുപടി പറഞ്ഞു. ജ്യോതിയുടെ പാട്ട് അറിയാമോ എന്ന ചോദ്യത്തിന് ഏതാണെന്ന് അറിയില്ല, പക്ഷെ ലക്ഷ്മി ഗോപാലസ്വാമി പാടി അഭിനയിച്ച ഏതോ ഒരു പാട്ടാണെന്നു പറയുന്നത് കേട്ടു, കൃത്യമായി ഓർമയില്ല എന്ന് പറഞ്ഞു. ആ മറുപടി തന്നെ എനിക്ക് ധാരാളമായിരുന്നു. കാരണം ലക്ഷ്മി ഗോപാലസ്വാമി ആകപ്പാടെ വിരലിലെണ്ണാവുന്ന മലയാളം ഗാനങ്ങളിലേ പാടി അഭിനയിച്ചിട്ടുള്ളു, അതൊക്കെ ഞാൻ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു. കീർത്തിചക്ര , അരയന്നങ്ങളുടെ വീട്. അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി ചുരുക്കം ചില മലയാള സിനിമകളിലേ അവർ അഭിനയിച്ചിട്ടുള്ളു. ഇതിൽ സാധ്യതയുള്ളത് അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ ' ശലഭം വഴിമാറുമാ മിഴിരണ്ടിലും ' എന്ന ഗാനമാകാനാണ്. 'ദീനദയാലോ' എന്ന അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ ഗാനത്തിനാണ് പിന്നീട് സാധ്യത. ഒരുദിവസം ഊണ് കഴിച്ചു പാത്രം കഴുകി ക്ലാസ്സിലേക്ക് വരുമ്പോൾ 'ശലഭം വഴിമാറി ..' എന്നാരോ മൂളുന്നത് കേട്ടു, ഞാൻ അങ്ങോട്ട് നോക്കി, കണക്കുകൂട്ടൽ തെറ്റിയില്ല, ഗായികതന്നെയാണ്. ദർ‌ബാരി കന്നഡ രാഗത്തിലാണ് ആ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ രാഗത്തിനൊരു പ്രത്യേകതയുണ്ട്. അക്ബറിന്റെ സദസ്സിലെ താൻസെൻ എന്ന സംഗീതജ്ഞനാണ് കർണാടിക് രാഗമായിരുന്ന അതിനെ ഹിന്ദുസ്ഥാനി രാഗങ്ങളുടെ കൂടെ പെടുത്തിയത്. മുഗൾ രാജകൊട്ടാരങ്ങളിലെ ദർബാറുകളിൽ ആലപിക്കപ്പെട്ടതുകൊണ്ടായിരിക്കുമോ 'ദർ‌ബാരി കന്നഡ 'എന്ന പേരുവന്നത്? ആ രാഗത്തിനു ശ്രോതാക്കളുടെ ഇമോഷണൽ നിലയ്ക്ക് പോലും മാറ്റം വരുത്താൻ കഴിയുമത്രേ ! അതോർക്കുമ്പോൾ എന്റെ ഇമോഷണൽ നിലയ്ക്ക് ഇപ്പോളെ മാറ്റം വന്നു തുടങ്ങി ! ആ ഗായിക ദർ‌ബാരി കണ്ണടയുടെ സൂക്ഷമഭാവങ്ങൾ തന്റെ മധുര ശബ്ദത്തിലൂടെ അനാവരണം ചെയ്തു ശ്രോതാക്കളെയെല്ലാം കയ്യിലെടുക്കുമോ? ആ ഡ്യൂയറ്റ്‌ പ്രണയഗാനത്തിന്റെ അലയൊലികളിൽ എന്റെ 'കായാമ്പൂ' എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകുമോ? ദർ‌ബാരി കന്നഡയുടെ വിജയത്തിന്റെ ചരിത്രങ്ങളിലെ മറ്റൊരദ്ധ്യായമാകുമോ ഈ ഗാനമത്സരം? ഇത്തരം എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ എന്റെ മനസമാധാനം നഷ്ടപ്പെടുത്തി. ഞാൻ ഒരു കാര്യം മനസിലാക്കി, ഈ മത്സരത്തിന്റെ ഫലപ്രഖ്യാപനം വരുന്നത് വരെ എനിക്ക് സ്വസ്ഥത കിട്ടില്ല എന്ന്! അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ആ സുദിനം വന്നെത്തി.

ഞാൻ അതിരാവിലെ തന്നെ എഴുന്നേറ്റു. താമരക്കുളത്തിൽ ഒരു കുളിയൊക്കെ പാസ്സാക്കി. ആ വഷളൻ, വായ്നോക്കി താമരപ്പൂക്കളെല്ലാം ഉണർന്നെണീറ്റിരിക്കുന്നു! ഇന്ന് സംഭവിക്കുവാൻ പോകുന്ന എന്റെ വിജയത്തോടെ ഞാൻ ഗായകൻ എന്ന നിലയിലേക്ക് ഉയരും, ഇനിയും മത്സരങ്ങൾ വരും, എനിക്കു പരിശീലനത്തിലേർപ്പെടേണ്ടാതായും വരും, ഒത്തിരിയൊത്തിരി രാഗങ്ങൾ ഇനിയും ഈ ഓളപ്പരപ്പിലൂടെ ഒഴുകി നടക്കും, വിജയം വരിച്ച ഒരുപാടു സദസ്സുകളുടെ കഥകൾ ഞാൻ നിങ്ങളോടു വിളിച്ചുപറയും. അതെല്ലാം കേട്ട് പ്രിയ താമരപ്പൂക്കളേ നിങ്ങളെല്ലാം അന്തംവിട്ടു നിൽക്കുന്നതെനിക്ക് കാണണം. അവറ്റകളെ നോക്കി ഞാൻ പ്രഖ്യാപിച്ചു. ഞാൻ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നു, വേണുവൂതുന്ന കണ്ണൻ തന്നെയാണ് ഗാനം പോലെയുള്ള സുകുമാരകലകളുടെയും അധിപൻ, അവിടെത്തന്നെയാണ് അനുഗ്രഹത്തിനായി പോകേണ്ടതും. അധികം തിരക്കില്ലാഞ്ഞതിനാൽ പെട്ടെന്ന് തന്നെ തൊഴുതിറങ്ങുവാൻ കഴിഞ്ഞു. പിന്നെ ഞാൻ പോയത് അടുത്തുള്ള ഭദ്രകാളീ ക്ഷേത്രത്തിലേക്കായിരുന്നു. വഴിപാട് കൗണ്ടറിൽ ചെന്ന് പേഴ്സ് എടുത്തപ്പോൾ തന്നെ കൗണ്ടറിൽ ഇരുന്ന ആളെന്നോട് പറഞ്ഞു,

"വഴിപാടിനാണെങ്കിൽ നട അടയ്ക്കാറായി പെട്ടെന്ന് ചെന്നു ശാന്തിയോട് പറയൂ, പണം അവിടെ കൊടുത്താൽ മതി"

നാരങ്ങാവിളക്കിന്റെ പ്രഭയും രക്തചന്ദനത്തിന്റെയും മഞ്ഞളിന്റെയും ഗന്ധവുമുള്ള അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഞാൻ തൊഴുതു.

" തിരുമേനീ ഒരു വഴിപാട് നടത്താനുണ്ടായിരുന്നു" ശ്രീകോവിലിനുളളിക്കു നോക്കി ഞാൻ അല്പം ഉറക്കെ പറഞ്ഞു.

" പെട്ടെന്ന് പറയൂ, നട അടക്കാറായി " ശാന്തി തിടുക്കം കൂട്ടി

"ശത്രുസംഹാര പുഷ്പാഞ്ജലി, പ്രശാന്ത്, ചോതി നക്ഷത്രം" ഞാൻ പറഞ്ഞു.

"ആരൊക്കെയാണ് നിങ്ങളുടെ ശത്രുക്കൾ"? ഉദ്യോഗം നിറഞ്ഞ മുഖഭാവത്തോടെ അയാൾ ചോദിച്ചു .

" ജെയ്സൺ വർഗീസ് പിന്നെ ജ്യോതിലക്ഷ്മി " ഞാൻ മറുപടി പറഞ്ഞു.

" ആരാണവർ ? " ദേവീഭക്തനായ നിങ്ങളുടെ ശത്രുത സമ്പാദിക്കാനുള്ള ധൈര്യമവർക്കുണ്ടോ എന്ന അർഥം ദ്യോതിപ്പിക്കുന്ന രീതിയിൽ അയാൾ ചോദിച്ചു, അപ്പോളയാളുടെ പുരികക്കൊടികൾ വില്ലുപോലെ വളഞ്ഞിരുന്നു.

" ഒരാൾ യുവ ഗായകനും, മറ്റേതൊരു യുവ ഗായികയും" ഞാൻ വെളിപ്പെടുത്തി.

എല്ലാം തന്റെ ജ്ഞാനദൃഷ്ടി കൊണ്ട് മനസിലാക്കുകയാണെന്നോണം അൽപനേരം അയാൾ മൗനം പാലിച്ചു. എന്നിട്ടെന്നോടായി ഇങ്ങനെ പറഞ്ഞു .

" അവരുടെ രൂപം മനസ്സിൽ കാണൂ, എന്നിട്ട് നന്നായി പ്രാർത്ഥിക്കൂ " ഇതും പറഞ്ഞു അയാൾ ശക്തിയേറിയ ശാക്തേയ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

എൻറെ ബോധമണ്ഡലത്തിൽ ജെയ്‌സന്റെയും ജ്യോതിയുടെയും ചിത്രങ്ങൾ തെളിഞ്ഞു.

" എന്റെ ശത്രുക്കളെ തൊണ്ടവേദന, കഫക്കെട്ട്, ചുമ, ടോൺസിലൈറ്റിസ് എന്നീ ആസുഖങ്ങൾ കൊണ്ട് നീ വലയ്ക്കണേ ദേവീ "ഞാനാ വിഗ്രഹത്തെനോക്കി മനമുരുകി പ്രാർഥിച്ചു.

നാരങ്ങാവിളക്കുകളുടെ പ്രഭ ഒന്നുകൂടി വർധിച്ചുവോ? വന്യമായ ഒരു തിളക്കം ആ വിഗ്രഹത്തിന്റെ കണ്ണുകളിൽ മിന്നിമാഞ്ഞുവോ? മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ ആ അന്തരീക്ഷത്തിൽ അദൃശ്യമായ എതോ ഒരു ശക്തി വന്നു നിറഞ്ഞുവോ?

ഉള്ളം കയ്യിൽ രക്തചന്ദനവും മഞ്ഞളും ഇടകലർന്ന പ്രസാദവുമായി പുറത്തേക്കു നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നു. വീട്ടിലെത്തി പ്രാതൽ കഴിച്ചു ധൃതിയിൽ കോളേജിലേക്ക് പുറപ്പെട്ടു.

ബസ് മിസ് ആയതുകൊണ്ട് എത്താൻ ലേറ്റ് ആയി. എല്ലാവരും ക്ലാസ്സിൽ കയറിയിരുന്നു. ഞാൻ പോയി എന്റെ സീറ്റിൽ ഇരുന്നു. പരിസരം അകെ ഒന്ന് വീക്ഷിച്ചു. ജ്യോതിയും ജയ്സണും എത്തിയിട്ടുണ്ട്. അധികം വൈകാതെ ജഡ്ജസ് ആയ വിജയകുമാർ സർ, രഞ്ജിനി ടീച്ചർ എന്നിവർ ക്ലാസ്സിലേക്ക് വന്നു. ക്ലാസ്സിന്റെ വാതിലിനോട് ചേർന്ന് ഒരു ബെഞ്ചിൽ അവർ ഇരുന്നു. വിജയകുമാർ സാർ കൃത്യനിഷ്ഠയുള്ള ആളാണല്ലോ, പറഞ്ഞ സമയത്തു തന്നെ മത്സരം ആരംഭിക്കുന്നതായി സാർ അറിയിച്ചു. ആദ്യം പാടേണ്ടത് ജെയ്സൺ ആയിരുന്നു. അയാൾ ക്ലാസ്സിന്റെ നടുവിലേക്ക് നടന്നു. എല്ലാവരുടെയും കണ്ണുകൾ ആയ യുവഗായകന്റെ നേരെ തിരിഞ്ഞു. ക്ലാസ് നിശ്ചലമായി, അയാൾ പാടുവാൻ തുടങ്ങി.

" നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി..
നീയെന്നരുകിൽ വന്നൂ ..
കണ്ണുനീർ തുടയ്ക്കാതെ, ഒന്നും പറയാതെ .."

ആ ഗായകൻ കണ്ണുകളടയ്ക്കുന്നതും, തല പതിയെ അനക്കുന്നതും അയാളുടെ നാസികകൾ വികസിക്കുന്നതും ആ ഗാനത്തിന്റെ ഭാവം ഉൾക്കൊണ്ടതുകൊണ്ടോ ഈണത്തിന്റെ കയറ്റിറക്കങ്ങൾ കൊണ്ടോ ആയിരുന്നു. മദ്ധ്യമാവതി രാഗത്തിന്റെ രാഗധാരകൾ ക്ലാസ്സുമുറിയിലാകെ ഒഴുകിനിറഞ്ഞു. ആ വിഷാദ ഭാവം ഞങ്ങളിൽ ഓരോരുത്തരിലേക്കും പടർന്നു. ആ നാദലഹരിയിൽ ലയിച്ചു ഞങ്ങൾ ഇരുന്നു. അയാൾ നന്നായി പാടി അവസാനിപ്പിച്ചു. എല്ലാവരും ഹർഷാരവത്തോടെ ആ ഗാനത്തെ സ്വീകരിച്ചു. ഇയാളുടെ രാഷ്ട്രീയ പ്രതിയോഗികൾക്കു അറിയുമോ ഇയാൾ ഒരു നല്ല ഗായകൻ കൂടി ആണെന്ന്? ഈ ക്ലാസ്സുമുറിയിലേക്കു ഇയാൾക്ക് എത്ര വർഷം കഴിഞ്ഞും കടന്നുവരാം, ഈ ക്ലാസ്സ്മുറിക്കും ബെഞ്ചുകൾക്കും ഡെസ്‌ക്കുകൾക്കും എല്ലാം മദ്ധ്യമാവതി രാഗം പാടിയ ഗായകനെ എങ്ങനെ മറക്കുവാൻ കഴിയും? ഈ ക്ലാസ്സ്മുറിയിൽ തങ്ങി നിൽക്കുന്ന കാറ്റിന് ഈ ഗായകനെ എങ്ങിനെ മറക്കുവാൻ കഴിയും? വർഷങ്ങൾ കഴിഞ്ഞയാൾ വന്നാലും ഈ കാറ്റ് അയാൾക്കു സ്വാഗതഗാനം പാടി വരവേൽക്കാതിരിക്കുമോ?

ജെയ്സൺ പോയി സീറ്റിൽ ഇരുന്നു. അടുത്ത് ജ്യോതിലക്ഷ്മിയാണ് പാടേണ്ടത്. വിജയകുമാർ സാർ അറിയിച്ചു. ജ്യോതിലക്ഷ്മി ക്ലാസ്സിന്റെ മുൻ ഭാഗത്തേക്ക് വന്നു. ടെൻഷനോ പതർച്ചയോ ഒന്നും തന്നെ കാണുന്നില്ല. എല്ലാവരെയും നോക്കി പുഞ്ചിരി തൂകിയിട്ട് സുന്ദരിയായ ആ ഗായിക പാടുവാൻ തുടങ്ങി.

"ശലഭം വഴിമാറുമാ മിഴിരണ്ടിലും നിൻ സമ്മതം .."
" ഇളനീർ പകരംതരും ചൊടി രണ്ടിലും നിൻ സമ്മതം "

ഈഗാനത്തിലാകെ 'സമ്മതം' എന്ന വാക്കിന്റെ അതിപ്രസരമാണോ എന്നുപോലും എനിക്ക് തോന്നിപ്പോയി. ജ്യോതിയോടു ഇങ്ങനെ ഒരു ചോദ്യം ഞാൻ മനസ്സിൽ ചോദിച്ചു. 'തോൽക്കാൻ ജ്യോതിക്ക് സമ്മതമാണോ? എങ്കിൽ തോൽപ്പിക്കാൻ എനിക്ക് സമ്മതം ! '

പതർച്ചകളൊന്നുമില്ലാതെ മധുരതരമായ ശബ്ദത്തിൽ പാട്ട് തുടരുന്നു..

" തേനിതളുകളുതിരുമ്പോൾ സമ്മതം.. സമ്മതം..."
പാടാൻ നല്ലൊരീണം നീ പങ്കുവെച്ചു തരുമോ ?.."

ജ്യോതി ഇങ്ങനെ ഒരു ചേദ്യം നേരത്തെ എന്നോട് ചോദിച്ചു എങ്കിൽ ഞാനേതെങ്കിലും ശോകഗാനം പങ്കുവെച്ചു തരുമായിരുന്നല്ലോ? ഞാൻ മനസിൽപറഞ്ഞു.

കന്നഡ ദർബാറീ രാഗത്തിന്റെ നാദപ്രവാഹത്തിൽ ശ്രോതാക്കൾ അല്പനേരത്തേക്കെങ്കിലും മറ്റേതോ ലോകത്തേയ്ക്കു പോയി! ശരിയാണ്, ഈ രാഗത്തിന് മനുഷ്യരുടെ വൈകാരിക നിലയെ സ്പർശിക്കാനുള്ള കഴിവുണ്ട്. നനുത്ത ആ സ്പർശനം ഞങ്ങളെല്ലാവരെയും അറിയിക്കാൻ ഈ ഗായികയുടെ മധുരശബ്ദത്തിനു കഴിയുന്നുണ്ട്. അങ്ങനെ മിനുട്ടുകൾ നീണ്ട ആ രാഗപ്രവാഹം അവിടെ അവസാനിച്ചു. ജ്യോതി അതിമനോഹരമായി പാടി അവസാനിപ്പിച്ചു, ക്ലാസ് മുറിയികളാകെ കയ്യടികൾ മുഴങ്ങി. കന്നഡ ദർബാറീ രാഗത്തിന്റെ അലകൾ ക്ലാസ്സിൽനിന്നും പുറത്തേക്കൊഴുകി, പൂമുഖവും കടന്നു കാറ്റാടി മരക്കൂട്ടങ്ങളുടെ ചൂളംവിളികളിലേക്കലിഞ്ഞു ചേർന്നു. ആ നിമിഷം മുതൽ കന്നഡ ദർബാറീ രാഗത്തിലാണ് കാറ്റാടി മരങ്ങൾ ചൂളം വിളിക്കുന്നത് !!

ഞാൻ ജെയ്‌സന്റെയും ജ്യോതിയുടെയും പാട്ടിനു കയ്യടിക്കാൻ പാടില്ലായിരുന്നു. ഇതൊരു മത്സരം ആണ്, അവരാകട്ടെ എന്റെ പ്രതിയോഗികളും. ഞാൻ എന്തിനു കയ്യടിച്ചു ? ഞാൻ എന്നെത്തന്നെ ശാസിച്ചു. അടുത്തത്ത് എന്റെ ഊഴമാണ്, വിജയകുമാർ സാർ വിളിച്ചു കഴിഞ്ഞു. ഞാൻ നിറഞ്ഞ ആത്മവിശ്വാസത്തോടെ ക്ലാസ്സിന്റെ മുൻവശത്തേക്കു നടന്നു. ഞാനെന്തിന് പതറണം? അതിവിശേഷമായ മോഹന രാഗത്തിലാണ് ഞാൻ പാടുവാൻ പോകുന്നത്. ദേവരാജൻ- വയലാർ കൂട്ടുകെട്ടിന്റെ അതിവിശിഷ്ട സൃഷ്ടിയായ ' കായാമ്പൂ കവിളിൽ വിടരും ' എന്ന അനശ്വരഗാനമാണത്. ഒരു കെട്ടുവള്ളത്തിൽ പ്രേംനസീറും ശാരദയും കൂടി പാടി അഭിനയിക്കുന്ന പ്രണയരംഗമാണത്. നസീറിന്റെ വളരെക്കുറച്ചു ഗാനങ്ങളേ കായൽക്കരയിലും കെട്ടുവള്ളങ്ങളിലും കടൽക്കരയിലുമൊക്കെ ചിത്രീകരിച്ചിട്ടുള്ളൂ, കൂടുതലും മരങ്ങളെയും മരക്കൂട്ടങ്ങളെയും ' ചുറ്റി' ആണ് ചിത്രീകരിച്ചിട്ടുള്ളത്. കെട്ടുവള്ളത്തിൽ അരങ്ങേറുന്ന ആ പ്രണയരംഗം എന്റെ ഭാവനയിലൂടെ കണ്ട്, അത് എന്റെ ഗാനത്തിലൂടെ, അതിൽ വിരിയുന്ന ഭാവത്തിലൂടെ ശ്രോതാക്കളെ അനുഭവിപ്പിക്കണം, അതിനെയല്ലേ ഭാവനാനുഭവത്വം എന്ന് പറയുന്നത്? അതല്ലേ ഞാൻ ചെയ്യേണ്ടത്? എല്ലാ കലകളും ഭാവസമ്പുഷ്ടമാകേണ്ടതല്ലേ? എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ പാടുവാൻ തുടങ്ങി.

" കായാമ്പൂ കണ്ണിൽ വിടരും, കമലദളം കവിളിൽ വിരിയും ..
അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴംപൊഴിയും .."

മോഹനരാഗത്തിന്റെ മാസ്മരികത ക്ലാസ്സിലാകെ നിറഞ്ഞുവോ ? എല്ലാവരും ആ മായികതയിൽ മയങ്ങിയോ? സ്വയം മറന്നുവോ?

പെട്ടെന്നാണത് സംഭവിച്ചത്, എന്റെ വാക്കുകൾ നിലച്ചു ..

എന്തോ സംഭവിച്ചു എന്നല്ലാതെ എനിക്കായൊന്നും മനസിലായില്ല
.
അൽപനേരം കഴിഞ്ഞു ശ്വാസഗതി ശരിയാക്കി വീണ്ടും പാടുവാൻ തുടങ്ങി, പാട്ടവസാനിപ്പിച്ചു. കയ്യടികൾക്കു ശക്തി കുറവായിരുന്നോ ?അതോ എനിക്ക് തോന്നിയതാണോ?

ഞാൻ തിരികെ എന്റെ സീറ്റിൽ വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ശരിക്കും മനസിലായില്ല. ഒന്നാം സമ്മാനം ജ്യോതിയലക്ഷ്മി വാങ്ങിക്കുമ്പോഴും രണ്ടാം സമ്മാനം ജെയ്സൺ വാങ്ങിക്കുമ്പോഴും കയ്യടിക്കുമ്പോൾ പോലും ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല !




(തുടരും)

Saturday, August 24, 2019

കൃഷ്ണ-കൃഷ്ണൻ

ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണല്ലോ ഭഗവൻ ശ്രീകൃഷ്ണൻ  പുരാണങ്ങളിൽ വർണിക്കപ്പെട്ടത്. വിഷ്ണുസഹസ്രനാമത്തിലെ  അൻപത്തിഏഴാമത്തെ നാമമായും. മറ്റുള്ള ദേവൻ, ദേവതാ സങ്കല്പങ്ങളിൽ നിന്ന് ശ്രീകൃഷ്ണദേവൻ വിഭിന്നനാകുന്നത് എവിടെയാണ് ? ഇത്രയേറെ ഹൃദയങ്ങളെ കീഴടക്കിയ, പ്രണയിക്കപ്പെട്ട , പല രൂപങ്ങളിൽ ആരാധിക്കപ്പെട്ട മറ്റൊരു ദേവനുണ്ടോ? ദർശനസൗഭാഗ്യം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പലനിറങ്ങൾ ചിതറിത്തെറിഞ്ഞ ക്യാൻവാസ് പോലെ മനോഹരമല്ലേ ഉഡുപ്പിയിലെ ശ്രീകൃഷ്ണന്റെയും പുരിയിലെ  ജഗന്നാഥന്റെയും വിഗ്രഹങ്ങൾ? കൃഷ്ണൻ എന്ന വാക്ക് കേൾക്കുമ്പോൾ എത്രയെത്ര ബിംബങ്ങളാണ് മനസിലേക്ക് വന്നു നിറയുന്നത്? വെണ്ണകട്ടെടുക്കുന്ന അമ്പാടിക്കൃഷ്ണനായി, വേണുവൂതുന്ന രാധാസമേതനായ കൃഷ്ണനായി, അർജുനന്റെ തേരാളിയായ കൃഷ്ണനായി, കാളീയമർദ്ദനനടനമാടുന്ന ബാലകൃഷ്ണനായി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളിൽ ഭാവഭേദങ്ങളിൽ ശ്രീകൃഷ്ണൻ നിറയുന്നു. എല്ലാം നിറപ്പകിട്ടേറിയ ആവിഷ്കാരങ്ങൾ മാത്രം !  ഭക്തരുടെ മനസിനെ ഇത്രയും ആഴത്തിൽ സ്വാധീനിയ്ക്കാൻ കഴിഞ്ഞത് ഒരുപക്ഷെ ശ്രീകൃഷ്ണൻ എന്ന സങ്കല്പത്തിന്റെ സുന്ദരമായ സ്ത്രൈണത കൊണ്ടല്ലേ? ആവിഷ്കരിക്കപ്പെട്ട എല്ലാ രൂപങ്ങളിലും കാണാൻ കഴിയില്ലേ അനിതരസാധാരണമായ സൗന്ദര്യവും, അതിൽ ഇടകലർന്ന സ്ത്രൈണതയും? അതുതന്നെയായിരിക്കണം കാലിമേച്ചു നടന്ന കണ്ണനെ കണ്ടു സ്ത്രീകൾ പ്രേമവിവശരായതു, അനുരക്തരായതും
കാർവർണ്ണനിൽ അവരുടെ പ്രേമഭാജനത്തെ കണ്ടെത്തിയതും. 10008 കാമുകിമാരെ തന്നിലേക്കാകർഷിച്ചത് നീലകലർന്ന കറുപ്പ് എന്നും മേഘവർണ്ണം എന്നും ഒക്കെ ചിത്രീകരിക്കപ്പെട്ട ആ ദേവതാസങ്കല്പമാണെന്നത് ആശ്ചര്യകരമാണ് !



രുഗ്മിണീസ്വയംവരവും എത്ര ചേതോഹരമായാണ് വിവരിക്കപ്പെട്ടത്. ചെറുപ്പം മുതലേ കൃഷ്ണഭഗവാനെ ഭർത്താവായിക്കിട്ടാൻ മോഹിച്ച രുക്മിണി, തന്റെ സുഹൃത്തായ ശിശുപാലന് രുക്മിണിയെ വിവാഹം ചെയ്തു കൊടുക്കാൻ ആഗ്രഹിച്ച രുക്മിണിയുടെ സഹോദരൻ പിടിവാശിക്കാരനായ രുക്മി, രുക്മിണിയുടെ ദൂതുമായി കൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ  ബ്രാഹ്മണൻ, രുക്മിണിയെ സ്വന്തമാക്കാൻ വിദർഭയിലേക്കു പോയ കൃഷ്ണൻ, അനുജനെ സഹായിക്കാൻ പിറകെ പുറപ്പെട്ട ബലരാമൻ, രുക്മിണിയെ സ്വന്തമാക്കാൻ രുക്മിയോട് ഘോരയുദ്ധം ചെയ്ത കൃഷ്ണൻ, രുക്മിയെ പരാജയപ്പെടുത്തി അയാളുടെ മുടിയും താടിയും കരിച്ചു കളഞ്ഞ കൃഷ്ണൻ, ദ്വാരകയിൽ രുക്മിണീസ്വയംവരം നടന്നത്, അവർക്കു പ്രദുമ്നൻ എന്നൊരു വിശ്രുതനായ സല്പുത്രൻ ജനിച്ചത് അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങളിലൂടെയാണ്  രുക്മിണീസ്വയംവരം അനശ്വരമാകുന്നത് !



മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ഭഗവത് ഗീതയിലും കേന്ദ്രകഥാപാത്രം ശ്രീകൃഷ്ണൻ തന്നെ. മഹാഭാരതത്തിൽ എത്രയെത്ര സന്ദർഭങ്ങളിൽ എത്രയെത്ര ഭാവങ്ങളിലാണ് കൃഷ്ണൻ വന്നു നിറയുന്നത്. പാണ്ഡവരുടെ അഭ്യുദയകാംക്ഷിയായി, അർജുനന്റെയും ദ്രൗപദിയുടെയും സഖാവായി, വസ്ത്രാക്ഷേപസമയത്തു ദ്രൗപദിയുടെ രക്ഷകനായി,അർജുനന്റെ തേരാളിയായി, ഗീതോപദേശകനായി അങ്ങനെ എവിടെയും ശ്രീകൃഷ്ണമയം തന്നെ മഹാഭാരതം. അതിൽത്തന്നെ അധികം ശ്രദ്ധിക്കപ്പെടാതെപോയ ഒന്നാണ് കൃഷ്ണ -കൃഷ്ണൻ മൈത്രീബന്ധം. ദ്രുപദമഹാരാജാവിന്റെ പുത്രിയായിരുന്ന ദ്രൗപദിയെ വീരാധി വീരനായ കൃഷ്ണനുവേണ്ടി ദ്രുപദൻ കാത്തുവെച്ചു. കൃഷ്ണവർണയും സുന്ദരിയും വിദുഷിയുമായിരുന്ന ദ്രൗപദിയെ വ്യാസൻ 'കൃഷ്ണ ' എന്ന് നാമകരണം ചെയ്തു. അതോടെ കൃഷ്ണ-കൃഷ്ണൻ ആത്മബന്ധം ജന്മമെടുത്തു അതിന്  അവസാനമായത് ദ്രൗപദിയെ അർജുനന് നൽകണമെന്ന ദ്രുപദനോടുള്ള കൃഷ്ണന്റെ നിർദേശമായിരുന്നു. ദ്രൗപദി അർജുനനെ സ്വയംവരം ചെയ്തിട്ടും ആ മൈത്രീബന്ധം തുടർന്നു. അർജുനനും ദ്രൗപദിക്കും ഒരുപോലെ ഉണ്ടായിരുന്ന കൃഷ്ണഭക്തിയായിരുന്നു അതിനു കാരണം. നല്ല സ്ത്രീപുരുഷ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് കൃഷ്ണ-കൃഷ്ണൻ മൈത്രീബന്ധം. കൃഷ്ണൻ ദ്രൗപദിയോട് ഇങ്ങനെ പറഞ്ഞതായി പരാമർശമുണ്ട് ഗ്രന്ഥങ്ങളിൽ,

"എന്നെ ഈശ്വരനായി കാണരുത് എന്നും ഒരു സഖാവായി മാത്രം കണ്ടാൽ മതി, മറ്റെല്ലാബന്ധത്തിനും അപ്പുറമാണീ ബന്ധം. നമ്മുടെ ഈ ബന്ധത്തിന് പേരിടാനുള്ള ജ്ഞാനം മനുഷ്യർക്കില്ല "

 "അത് കേട്ട നിമിഷത്തിൽ ഞാൻ രണ്ടു ദ്രൗപതിമാരായി മാറി, ഒന്ന് കൃഷ്ണന്റ മൈത്രി ആഗ്രഹിക്കുന്ന ദ്രൗപദിയായും, മറ്റേതു അർജുനന്റെ പ്രണയവും സാമീപ്യവും  കൊതിക്കുന്ന  ദ്രൗപദിയായും " ദ്രൗപദി ഇങ്ങനെ പറഞ്ഞതായും പരാമർശമുണ്ട്.

മധുരാപുരിയിൽ നിന്ന് കൃഷ്ണന്റെ മരണവർത്തകേട്ടു ഹൃദയം തകർന്ന  ദ്രൗപദി പറഞ്ഞതിങ്ങനെ " എന്റെ തലയിൽ ആകാശം ഇടിഞ്ഞു വീണു , കാൽക്കീഴിൽ നിന്നും മണ്ണ് ഒലിച്ചുപോയി ". അതോടെ ആ പരിശുദ്ധവും പവിതവുമായ മൈത്രീബന്ധം അവസാനിച്ചു.



1966 ൽ  ISKON (The International Society for Krishna Consciousness) ന്യൂയോർക്കിൽ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ പല രൂപത്തിൽ ആരാധിക്കപ്പെടുന്ന ഈ ദേവതാസങ്കല്പത്തിന് പുതിയ മാനങ്ങൾ കൈവന്നു. ഇന്നിപ്പോൾ ISKON നു കീഴിൽ ലോകത്താകമാനം 850  ഓളം ക്ഷേത്രങ്ങളുണ്ട്. ആസ്ഥാനം പശ്ചിമ ബംഗാളിലെ മായാപൂർ ആണ്. ബാംഗ്ലൂർ മഹാലക്ഷ്മി ലേയൗട്ടിൽ ഉള്ള  ISKON ക്ഷേത്രം എത്ര സുന്ദരവും ആകർഷണീയവുമായ ഒന്നാണ്!


ഈ ചുരുങ്ങിയ വാക്കുകൾ കൊണ്ട്  ഭഗവൻ ശ്രീകൃഷ്ണൻ എന്ന ഹൈന്ദവമനസുകളിൽ ചിരപ്രതിഷ്ഠനേടിയ, ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ദേവതാസങ്കല്പത്തിന്റെ നൂറിൽ ഒരു അംശം പോലും വിവരിക്കാനായിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട്  ഈ ചെറിയ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു.

Wednesday, August 21, 2019

NSS സ്മരണകൾ (ഓർമക്കുറിപ്പുകൾ)

ഭാഗം-1

പൊതുവിജ്ഞാനത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടു വെയ്പ് ..


അഡ്മിഷനൊക്കെ ഏകദേശം കഴിഞ്ഞു എന്ന് തോന്നുന്നു. ക്ലാസ് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുടങ്ങിയേക്കും എന്നാണ് തോന്നുന്നത്. സഹപാഠികളെ ആരെയും അത്ര പരിചയമില്ല. ജെയ്സൺ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്, ശാരിയും. പിന്നെ അനീഷ്, ഉണ്ണി, രൂപേഷ് അങ്ങനെ ചിലരെയും പരിചയപ്പെട്ടു. കെമിസ്ട്രി താല്പര്യത്തോടെ എടുത്തതല്ല. എനിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേർന്ന് പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല , പ്രത്യേകിച്ചും അമ്മ. അങ്ങനെ ക്ലാസ് ആരംഭിച്ചു. കുഞ്ഞമ്മ ടീച്ചർ, വിജയകുമാർ സർ എല്ലാവരും വന്നു അൽപനേരം വന്നു ഒരു ആമുഖവിവരണം എന്നോണം ക്ലാസുകൾ എടുത്തു, തിയറി , ലാബ് , റെക്കോർഡ് ബുക്ക് എന്നിവയെപ്പറ്റിയെല്ലാം ഒരു ഏകദേശ രൂപം തന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ..

ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് തിരക്കിട്ടു കോളേജ് ലക്ഷ്യമാക്കി നടന്നു. കുറച്ചു ലേറ്റ് ആയിപ്പോയി. ഇന്ന് ആദ്യത്തെ ക്ലാസ് മോഹൻദാസ് എന്ന സാറിന്റെ ആണെന്ന് ഇന്നലെ പറഞ്ഞിരുന്നു. സാർ വന്നു ക്ലാസ് തുടങ്ങിക്കാണുമോ ആവൊ. അഞ്ചു മിനിറ്റു കൂടി ഉണ്ട്. ക്യാന്റീനിനു കിഴക്കുവശത്തുള്ള ഇട വഴിയിലൂടെ നടന്നു. എന്തായാലും ലേറ്റ് ആയില്ല. ഫ്രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്, കൂടെ രൂപേഷ്, ജെയ്സൺ, രാജേഷ് എന്നിവരെല്ലാംഉണ്ട് . ഞങ്ങളൽപ നേരം കുശലം പറഞ്ഞിരുന്നു. അപ്പോഴേക്കും സാർ വന്നു.

" ഗുഡ് മോർണിംഗ് " മോഹൻദാസ് സാർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങളെല്ലാവരും എഴുന്നേറ്റു എന്നിട്ടൊറ്റ സ്വരത്തിൽ പറഞ്ഞു " ഗുഡ് മോർണിംഗ് സാർ ".

"സിറ്റ് ഡൌൺ " എന്ന് പറഞ്ഞിട്ട് സാർ  ഡസ്റ്ററും ചോക്കും കയ്യിലെടുത്തു. പ്ലസ് ടുവിന് കെമിസ്ട്രി പഠിച്ചിട്ടുണ്ടെങ്കിലും ഇതിപ്പോൾ അങ്ങനെയല്ല. ആഴത്തിൽ പഠിക്കാൻ പോകുകയാണ്. സാർ ക്ലാസ് തുടങ്ങി. ഓർഗാനിക് കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത് . ബോർഡിൽ  ഓരോന്നും എഴുതും എന്നിട്ട് വിശദമായി പറഞ്ഞു തരും ബോർഡിൽ ഇരുന്ന് രാസവാക്യങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചു, ഇനി മൂന്നുവർഷത്തേക്ക് ഞങ്ങൾ നിങ്ങൾക്കു കൂട്ടിനുണ്ടാകും എന്ന് അവ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നി. മോഹൻദാസ് സാറിന്റെ ക്ലാസ് കെമിസ്ട്രിയിലും സയൻസിലും ഒന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഈ ലോകത്തെ സംബന്ധിച്ച വിവരങ്ങൾ, അതായത് പൊതുവിജ്ഞാനം ഞങ്ങൾക്ക് പകർന്നു തരുന്നതിൽ സാർ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ പൊതുവിജ്ഞാനത്തിന്റെ അനന്ത നീലാകാശങ്ങളിലേക്കു സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, കാഴ്ചകൾ കാണിച്ചു തന്നു, വിവരിച്ചു തന്നു.

മീനമാതാ ബേ എന്നൊരു കടലിടുക്കിൽ എന്തൊക്കെയോ രാസവസ്തുക്കൾ കലങ്ങിയതുകൊണ്ടോ അതോ ചില രാസമാറ്റങ്ങൾ സംഭവിച്ചതുകൊണ്ടോ മീനുകൾ കൂട്ടമായി ചത്തൊടുങ്ങിയ കാര്യം സാറാണ് ഞങ്ങളോട് പറഞ്ഞത്. വയാഗ്രയിൽ അടങ്ങിയിരിക്കുന്നത് നൈട്രിക് ഓക്സയിഡ്  എന്ന രാസവസ്തുവാണെന്നും അതെങ്ങനെ പ്രവർത്തിക്കുന്നു എന്നും സാറൊരിക്കൽ വിവരിച്ചു തന്നു. അത് പറയുമ്പോൾ ഒരു കള്ളച്ചിരി മുഖത്തുണ്ടായിരുന്നതായാണ് ഓർമ്മ. സാറിന്റെ ശരീരഭാഷയും ചലനങ്ങളും പ്രത്യേകം തന്നെ ആയിരുന്നു. ഉയരം കുറഞ്ഞു നല്ല അരോഗദൃഢഗാത്രമായ ശരീരമാണ് സാറിന്റേത്. ഒറ്റക്കളർ മുറിക്കയ്യൻ ഷർട്ടുകളാണ്  കൂടുതലും ധരിച്ചിരുന്നത്, മങ്ങിയ നിറമുള്ളവ.  മുകളിലെ ഒരു ബട്ടൻസ് അഴിച്ചിട്ടിരിക്കും. സംസാരിക്കുമ്പോൾ ശരീരം ഒരു പ്രത്യേക താളത്തിൽ ഇളകും, അത് പറയുന്ന വിഷയത്തിന്റെ അർത്ഥത്തെ കൂടുതൽ വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രതിഫലനമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെന്റഗൺ ഭീകരാക്രമണത്തിലൂടെ അമേരിക്കയെ വിറപ്പിച്ച ബിൻ ലാദനെപ്പറ്റി പത്രങ്ങളിൽ വായിച്ചിരുന്നു. പക്ഷേ ഏവിയേഷൻ സ്പിരിറ്റ് എന്ന മാരക രാസവസ്തു ആയിരുന്നു ആ ആക്രമണത്തിന് അവർ ഉപയോഗിച്ചതെന്നും , ആ ദ്രാവകം മണ്ണെണ്ണ പേപ്പറിൽ പടരുന്ന വേഗത്തിൽ ആ ബഹുനിലക്കെട്ടിടത്തിലാകമാനം മിനിറ്റുകൾക്കുള്ളിൽ പടർന്നുവെന്നും, ആ കെട്ടിടം കത്തിത്തകർന്നു തരിപ്പണമായെന്നും , ഇതിന്റെ ബുദ്ധികേന്ദ്രം പത്തൊമ്പതു വയസു മാത്രം പ്രായമുള്ള ഏതോ കൊച്ചു തീവ്രവാദി ആയിരുന്നെന്നും മോഹൻദാസ് സാറാണ് ഞങ്ങളോട് പറഞ്ഞത്. അത് പറഞ്ഞപ്പോൾ സാറിൽ കണ്ട ആവേശത്തിരയിളക്കം ഒരു രാസപ്രവർത്തനത്തെപ്പറ്റിയോ സംയുക്തങ്ങളെയോ തന്മാത്രകളെയോ പറ്റി  പറയുമ്പോൾ ഒരിക്കലും കണ്ടിട്ടില്ല.

സാറിന്റെ ഓരോ ക്ലാസും  ഞങ്ങളുടെയെല്ലാം വിജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുതകുന്ന പൊതുവിജ്ഞാന ശകലങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. സാർ അത് പറയുന്ന നേരത്തു ആകാംഷ നിറഞ്ഞ കണ്ണുകളുമായി ഞങ്ങൾ ആ കൊച്ചു മുഖത്തേക്ക് മിഴി നട്ടിരിക്കും, കേട്ടുകഴിയുമ്പോൾ കൃതാര്ഥതയോടെ പുഞ്ചിരിക്കും. അതെ അത് തന്നെയായിരുന്നിരിക്കണം പൊതുവിജ്ഞാന രംഗത്തേക്ക് നമ്മളുടെയെല്ലാം ആദ്യ കാൽവെയ്പ്. അനശ്വരങ്ങളായ ആ ക്ലാസ്സുകളുടെ ഓർമ്മകൾ മീനമാതാ ബേയ്ക്കപ്പുറം പെന്റഗനോളം ഉയരത്തിൽ ആകാശത്തിലേക്കു തലയുയർത്തി നിൽക്കട്ടെ !

Wednesday, July 31, 2019

ഹൊയ്സാല രാജാക്കന്മാരുടെ നാട്ടിലേക്ക്

ആമുഖം 

ഇത് ഒരു യാത്രാവിവരണം മാത്രമല്ല ; യുഗങ്ങൾക്കു മുൻപ് ദക്ഷിണേന്ത്യയിൽ ശില്പകലയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങൾ പണികഴിപ്പിച്ച ഹൊയ്സാല രാജവംശത്തിലെ രാജാവായിരുന്ന വിഷ്ണുവർദ്ധന്റെ പ്രൗഢഗംഭീരമായ കാലത്തിന്റെ നേർക്കാഴ്ചയും അദ്ദേഹത്തിന്റെ കലാഭിരുചിയുടെയും കഥ കൂടിയാണ് . ഹൊയ്സാല ശില്പകലയുടെ മാസ്മരിക ഭംഗി വിളങ്ങി നിൽക്കുന്ന ക്ഷേത്രങ്ങളുടെയും കൽത്തൂണുകളുടെയും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒട്ടനവധി കൽമണ്ഡപങ്ങളുടെയും കഥയാണിത് .പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച പടയോട്ടങ്ങൾ നടത്തിയ മുസ്ലിം രാജവംശത്തിലെ അലാവുദ്ധീൻ ഖിൽജിയുടെയും മുഹമ്മദ് ബിൻ തുഗ്ലക്കിന്റെയും ക്രൂരതക്കിരയായ ഹൊയ്സാല ശില്പകലയുടെ കഥയാണിത് . പടനായകന്മാർ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ , കവരാൻ ശ്രമിച്ചിട്ടും സ്വയം പ്രതിരോധിച്ച ഇന്നും ചൈതന്യവത്തായി വിളങ്ങി നിൽക്കുന്ന ഹൊയ്സാല ശില്പങ്ങളുടെ കഥയാണിത് . അതെ , ഇത് ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാനനഗരികളായി ചരിത്രത്തിൽ ഇടം പിടിച്ച 'ഹാലേബീടു ' ' ബേലൂർ ' എന്നീ ക്ഷേത്രനഗരങ്ങളുടെ കഥയാണ് !! . അവിടേക്കു നടത്തിയ യാത്രയുടെ വിവരണമാണ്. ഈ രണ്ടു ക്ഷേത്രങ്ങളും UNESCO World Heritage Center പട്ടികയിൽ ചേർക്കാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു ! ഒരു ആരാധനാലയം ആയിട്ടല്ല ഈ ക്ഷേത്രങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നത്, ലോകത്തു തന്നെ സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകങ്ങളിൽ ഒന്നാണിത് . പതിനൊന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു രാജവംശത്തിന്റെ തലസ്ഥാനനഗരികളാണത് ! ഹാലേബീടു ഹൊയ്‌സാലേശ്വര ക്ഷേത്രം എന്നും ബേലൂർ ചെന്നകേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു .


പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഡൽഹി സുൽത്താനേറ്റ് റൂളർ അലാവുദ്ധീൻ ഖിൽജിയുടെ പടനായകൻ മാലിക് കഫൂർ ഹൊയ്സാല രാജാവ് ബല്ലാല -II നെ വധിച്ചു , അതോടെ ഹൊയ്സാല രാജാക്കന്മാരുടെ യുഗം അവസാനിച്ചു. അങ്ങനെ 350 ഓളം വർഷത്തെ ഭരണകാലത്തു 1500 ശില്പവിസ്മയങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ പണിതുയർത്തിയ ഹൊയ്സാലരാജാക്കന്മാർ ചരിത്രത്താളുകളിലേക്കു
മറഞ്ഞു. ഹൊയ്സാല ശില്പങ്ങൾക്കു നാഥനില്ലാതായി. പിന്നീട് അധികാരത്തിൽ വന്ന വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ ഹൊയ്സാല ശില്പങ്ങളുടെ കണ്ണീരൊപ്പി. അവയെല്ലാം തുടച്ചുമിനുക്കി ആറു ശതാബ്ദത്തിനു ശേഷവും പുതുതലമുറക്ക് കണ്ടറിയാൻ പാകത്തിൽ സംരക്ഷിച്ചു , ആ വാതിലുകൾ നമുക്കായി തുറന്നിട്ടിരിക്കുന്നു . വിജയനഗര സാമ്രാജ്യത്തിന് ഒരായിരം അഭിവാദ്യങ്ങൾ . ഹൊയ്സാല ശില്പങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളും സ്മരിക്കപ്പെടും .ഈ യാത്രാവിവരണം നിങ്ങളുടെ സാമ്രാജ്യത്തിന്റെ ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുന്നു.


* * *

ഞാൻ ബാംഗ്ലൂരാണ് ജോലി ചെയ്യുന്നത് . ഇവിടെ വന്നിട്ടിപ്പോൾ മൂന്നു വർഷം കഴിഞ്ഞു .ഒരുപാടു ടൂറിസ്റ്റ് പ്ലേസുകളുള്ള സംസ്ഥാനമാണ് കർണാടക. UNESCO World Heritage Center ആയിട്ടു പ്രഖ്യാപിച്ച ' ഹംപി ' പോലെയുള്ള ക്ഷേത്രനഗരങ്ങൾ ഇവിടെയുണ്ട് . ബാംഗ്ലൂർ ഉള്ള പാർക്കുകളും ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഒരു പ്ലാൻ തയ്യാറാക്കി ആദ്യമായി പോയത് ഹസ്സൻ ജില്ലയിലെ ഹാലേബീടു എന്ന ക്ഷേത്രനഗരിയിലേക്കാണ് .ബേലൂർ പ്ലാനിൽ ഉൾപെട്ടത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ഹസ്സൻ സിറ്റിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരുനിന്നു 210 കിലോമീറ്ററും ദൂരമുണ്ട് ഹാലേബീടു ക്ഷേത്രനഗരിയിലേക്ക്. ബാംഗ്ലൂരുനിന്നു അഞ്ചു ട്രെയിൻ സർവീസുകളുണ്ട് ഹസ്സനിലേക്ക്‌ . രാവിലെ രണ്ടു ട്രെയിനുകളും വൈകിട്ട് മൂന്നു ട്രെയിനുകളും . യെശ്വന്ത്പൂർ - കാർവാർ എക്സ്പ്രസ്സ് , സുർ ഹസ്സൻ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ രാവിലെയും കണ്ണൂർ എക്സ്പ്രസ്സ് , ബാംഗ്ലൂർ - ഹസ്സൻ ഇന്റർസിറ്റി , കാർവാർ എക്സ്പ്രസ്സ് എന്നിവ വൈകിട്ടും . മൂന്നര മണിക്കൂറാണ് യാത്രാസമയം. ഹസനിൽ നിന്ന് തിരിച്ചും ഇതേപോലെ ട്രെയിനുകളുണ്ട് , പക്ഷെ വൈകിട്ട് 4 .50 കഴിഞ്ഞാൽ ട്രെയിൻ ഇല്ല .അതാണ് രാവിലെ പോയി വൈകിട്ട് വരാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഒരു ബുദ്ധിമുട്ട് . പക്ഷെ ധാരാളം ബസ് സർവീസുകൾ ഉണ്ട് . ഹസനിൽ നിന്നും ഹാലേബീടുവിലേക്കുള്ള പിന്നീടുള്ള 30 കിലോമീറ്റര് ബസിൽ പോകണം.


ഞാൻ അതിരാവിലെയുള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തത്. കൃത്യസമയത്തു സ്റ്റേഷനിൽ എത്താൻ ബുദ്ധിമുട്ടി. ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത് ലേറ്റ് ആയാണ് എത്തിയത്. ട്രെയിൻ മിസ് ആകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു ,പക്ഷേ കിട്ടി.7 .10 ന് ട്രെയിൻ പുറപ്പെട്ടു . ടൗൺ കഴിഞ്ഞാൽ പിന്നെ മനോഹരമായ കാഴ്ചകളാണ്. വിൻഡോ സീറ്റ് തന്നെ ബുക്ക് ചെയ്തത് കൊണ്ട് കാഴ്ചകൾ നന്നായി ആസ്വദിക്കാൻ പറ്റി. ബാംഗ്ലൂർ കഴിഞ്ഞാൽ അടുത്ത പട്ടണം നെലമംഗലാ ആണ്. നെലമംഗല കഴിഞ്ഞാൽ കുനിഗൽ ,യെദിയൂർ, ശ്രാവണബെലഗോള ,ചന്നരായപട്ടണ പിന്നെ ഹസ്സൻ . നെലമംഗല യെദിയൂർ ഭാഗങ്ങളൊക്കെ പ്രകൃതിരമണീയമായ കാഴചകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു . ഇന്ത്യയിലെതന്നെ പ്രസിദ്ധമായ വലിയ ഹോർസ് ട്രെയിനിങ് സെന്റർ കുനിഗൽ എന്ന സ്ഥലത്തുണ്ട് , പക്ഷെ ട്രെയിനിൽ നിന്ന് അത് കാണാൻ കഴിയില്ല .ഒരു സഹയാത്രികനാണ് അതെന്നോട് പറഞ്ഞത് അദ്ദേഹം ഭാര്യയും മകനുമായി എന്റെ എതിരെ ഉള്ള സീറ്റിലാണ് ഇരിക്കുന്നത്. ആൾ ബാംഗ്ലൂർ ഒരു IT Start Up കമ്പനി നടത്തുന്നു. ഹസ്സനിലേക്കു പോകുകയാണ് ; അവിടെയാണ് വീട്. ധാരാളം മയിലുകളെ റെയിൽവേ ട്രാക്കിനിരുവശങ്ങളിലും കാണാൻ കഴിയും. ഇടതൂർന്ന തേക്കിൻ കാടുകൾ, ഇഞ്ചി കൃഷി ചെയ്ത വയലുകൾ ഇതെല്ലം കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകളായിരുന്നു . യെദിയൂർ ആയപ്പോൾ ട്രെയിനിൽ തദ്ദേശീയരായ വഴിക്കച്ചവടക്കാർ ഭക്ഷണവുമായി കയറി. തട്ട് ഇഡ്ഡലി ( ഒരു പപ്പടത്തിന്റെ വലിപ്പമുള്ള ഇഡ്ഡലി ) ഞാൻ വാങ്ങിച്ചു . ഏലക്ക അരച്ചുചേർത്ത ഇഡ്ഡലിയാണത് പുതിന ചട്ണിയും സാമ്പാറും കൂടെ കിട്ടും . നല്ല സ്വാദാണ് അത് കഴിക്കാൻ . രണ്ടു ഇഡ്ഡലിക്ക് മുപ്പതു രൂപയെ ഉള്ളു. ഞാൻ അതും കഴിച്ചു കാഴ്ചകൾ നോക്കിയിരുന്നു . ട്രെയിൻ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. പുലർകാലത്തിൽ മറന്നുപോകുന്ന സ്വപ്നങ്ങളെപ്പോലെ തേക്കിൻ കാടുകളും വയലുകളും വീടുകളും ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചിതരായ കുറെ മനുഷ്യരും കടകളും കവലകളുമെല്ലാം ട്രെയിനിന്റെ കൂകിപ്പായലിലേക്കു മറഞ്ഞുപോകുന്നു.


ശ്രാവണബെലഗോള എത്തി. സ്റ്റേഷനിലെ ബോർഡ് കണ്ടപ്പോളാണ് മനസിലായത് . ഇത് ജൈനരുടെ തീർഥാടനകേന്ദ്രത്തിന്റെ പേരാണെന്ന് അറിയാമായിരുന്നു. ഇവിടെ വല്ല ജൈന ആരാധനാകേന്ദ്രവും ഉണ്ടായിയിരിക്കും എന്ന് ഞാൻ മനസ്സിൽ കരുതി .സഹയാത്രികനോട് വെറുതെ ഒന്ന് ചോദിച്ചു. അതെ ഉണ്ട് കാണിച്ചു തരാം എന്നും ആളെന്നോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ബിൽഡിങ്ങു കഴിഞ്ഞാലേ ശരിയായി കാണാൻ പറ്റൂ എന്നും പറഞ്ഞു . ട്രെയിൻ മുന്നോട്ടു നീങ്ങി അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു പുറത്തേക്കു വിരൽ ചൂണ്ടി. ആ കാഴ്ച കണ്ട ഞാൻ അമ്പരന്നു പോയി!! അതാ നാലഞ്ചു കിലോമീറ്ററുകൾക്കപ്പുറത്തു ഒരു ഗ്രാമത്തിനു മുകളിലെന്നപോലെ ഒരു കൂറ്റൻ മല ! ആ മലക്കുമുകളിൽ ഒരു വിഗ്രഹത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു പടുകൂറ്റൻ തല ! തൊട്ടു താഴെ ഒരു കെട്ടിടത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ചില ഭാഗങ്ങളും കാണാം, അത്ര വ്യക്തമല്ല .അപ്പോൾതോന്നിയ ആകാംക്ഷയും അമ്പരപ്പും എന്നെ പിന്നീടൊരിക്കലവിടെ എത്തിച്ചു. 57 ഫീറ്റ് ഉയരമുള്ള ഗോമതേശ്വര ബാഹുബലിയെന്ന ജൈനരുടെ ആരാധ്യ പുരുഷന്റെ ഒറ്റക്കൽ പ്രതിമ ( ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ Self Standing Statuesil ഒന്നാണത് ) കാണാൻ 700 കുത്തനെയുള്ള പടികൾ നഗ്നപാദനായി(ചെരുപ്പിട്ടു മല ചവിട്ടാൻ അനുവാദമില്ല) ചവിട്ടി . കാഴ്ചകൾ കണ്ടു വിസ്മയിച്ചു . അത് വേറൊരു ലോകം ആയിരുന്നു .ആകാശത്തിനു തൊട്ടു താഴെ ഒരു രാജകൊട്ടാരം . നിറയെ പാറക്കെട്ടുകളും കോട്ടകളും മാത്രം !



പിന്നെയും നഗരങ്ങൾ കഴിഞ്ഞു പോയി . സുന്ദരമായ കാഴ്ച്ചകൾ മാത്രം . ഇടയ്ക്കു മലനിരകൾക്കിടയിലൂടെയുള്ള തുരങ്കത്തിലൂടെ ട്രെയിൻ കടന്നു പോയി . പാറക്കെട്ടുകൾക്കുള്ളിലെ തണുത്തുറഞ്ഞ ഇരുട്ടിനെ തൊട്ടുരുമ്മി ട്രെയിൻ കടന്നുപോയി .ഒന്നും കാണാൻ കഴിയുന്നില്ല , ഇരുട്ടുമാത്രം . ഹസ്സൻ എത്താൻ ഇനി അധിക സമയം ഇല്ലെന്നു ഗൂഗിൾ മാപ്പിൽനിന്നു മനസിലായി . അങ്ങനെ മൂന്നര മണിക്കൂറിനു ശേഷം ട്രെയിൻ ഹസ്സനിലെത്തി. സഹയാത്രികനോട് കൈ കൊടുത്തു പിരിഞ്ഞു . ഫോൺ നമ്പർ കൈമാറി . ആളുടെ ഭാര്യ കുലീനത്വം നിറഞ്ഞ മുഖത്തോടും മാന്യമായ പെരുമാറ്റത്തോടും കൂടിയ ഒരു സ്ത്രീയായിരുന്നു . ബസ് സ്റ്റാൻഡ് അത്ര ദൂരെയല്ല , ഒരു ബസിൽ കുറച്ചു പോയാൽ മതി . ബസ് കിട്ടി അവിടെ ചെന്നപ്പോളാണ് മനസിലായത് അവിടെ നിന്ന് ഹാലേബീടുവിലേക്കു ബസ് ഇല്ലെന്ന് . പിന്നെ അവിടെ നിന്നും ന്യൂ ബസ് സ്റ്റാൻഡിലേക്ക് പോയി. അല്പനേരത്തെ കാത്തിരിപ്പിനു ശേഷം ബസ് കിട്ടി .ബസ് ഓടിത്തുടങ്ങി .ഇന്റർനെറ്റ് ഡാറ്റ ഉള്ള ഫോണിൽ ബാറ്ററി കുറവായിരുന്നു .അതുകൊണ്ടു ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ല . ചിത്രങ്ങളെടുക്കാൻ നല്ല ക്യാമറയുള്ള വേറൊരു മൊബൈൽ കരുതിയിരുന്നു . ഓരോ സ്റ്റോപ്പുകൾ കഴിയുമ്പോഴും ആകാംക്ഷ കൂടിക്കൂടി വന്നു. ഭാഷ ഒരു പ്രശ്നമായത് കൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ഡോറിനടുത്തു കണ്ടക്ടർക്കടുത്തു പോയി നിന്നു . എങ്ങാനും സംസാരത്തിലെ ആശയക്കുഴപ്പം കാരണം സ്റ്റോപ്പ് മിസ് ആയിപ്പോയാലോ എന്ന് വിചാരിച്ചു .കണ്ടക്ടർ അത്യാവശ്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കും . ആളെന്നോട് എവിടെ നിന്ന് വരുന്നതാണെന്നും സ്വദേശവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു . അങ്ങനെ ഹാലേബീടു എത്തി. അവിടെയൊരു ബസ് സ്റ്റാൻഡ് തന്നെയുണ്ട് . ഇറങ്ങാൻ നേരം അടുത്ത് തന്നെ ബേലൂർ എന്നൊരു ക്ഷേത്രം ഉണ്ടെന്നും അവിടെയും കൂടി പോകാൻ ശ്രമിക്കൂ എന്നും കണ്ടക്ടർ പറഞ്ഞു . പുറത്തേക്കിറങ്ങി വരുമ്പോൾത്തന്നെ കാണാം ചിത്രങ്ങളിൽ കണ്ടതുപോലെ തന്നെയുള്ള ഒരു കരിങ്കൽകൊട്ടാരം. എന്തൊക്കെയോ വിസ്മയങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു ഒതുക്കമുള്ള ഭാവമായിരുന്നു ആ കോട്ടയ്ക്ക് ! ആദ്യം മനസ്സിൽ തോന്നിയ മതിപ്പ് അങ്ങനെയായിരുന്നു . അടുത്ത് തന്നെ കുളിക്കാനുള്ള സൗകര്യം ഉണ്ട്. എന്തായാലും ക്ഷേത്രമല്ലേ , ഞാൻ കുളിച്ചു ഫ്രഷ് ആയി പാൻറ്സും ഷർട്ടും മാറ്റി ബാഗിൽ കരുതിയിരുന്ന മുണ്ടും ഷർട്ടും ധരിച്ചു . റോഡിന്റെയും ഹാലേബീടുവിൻറെയും മധ്യത്തിലായി ഒരു ചുറ്റുമതിലുകൾ കെട്ടിയ ഒരു വലിയ തടാകം കാണാം . അത് 'ദ്വാരസമുദ്ര ' എന്ന ഒരു വലിയ മനുഷ്യനിർമിത തടാകമാണ് . നടന്ന് ഹാലേബീടുവിന്റെ മുന്നിലെത്തി . ഒരു പടിപ്പുരയോ വലിയ മതിലോ ഒന്നും തന്നെയില്ല .കുറച്ചു കൽത്തൂണുകൾ അല്പം അകലത്തിലായി അതിർത്തിയായി നാട്ടിയിരിക്കുന്നു . ചിലപ്പോൾ പൊളിച്ചുപണിയുകയാവാം. പ്രവേശനവഴിക്കരുകിൽ രണ്ടു കൽത്തൂണുകളിൽ കരിങ്കല്ലിന്റെ ഒരു ബോർഡിൽ കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു ; 'ഹാലേബീടു'.



ഞാൻ ക്ഷേത്രമുറ്റത്തേക്കു നടന്നു . ടൈലുകൾ വിരിച്ച വശങ്ങളിൽ അലങ്കാരച്ചെടികളുള്ള ഒരു നടപ്പാതയിലൂടെ നടന്നുവേണം ഹാലേബീടുവിലേക്ക് എത്താൻ . ഇരുന്നൂറു മീറ്ററോളം നടക്കാനുണ്ട് .ഏകദേശം ഒരു അഞ്ചേക്കർ സ്ഥലത്താണ് ഹാലേബീടു സ്ഥിതിചെയ്യുന്നത് .ഇടതുഭാഗത്തു വിശാലമായ പച്ചപ്പുല്ലുകൾ മേഞ്ഞ ഇടയ്ക്കിടെ പലവിധം പൂച്ചെടികളുള്ള ഒരു ഗാർഡൻ . അതിനപ്പുറം ദ്വാരസമുദ്രം നദി ഒഴുകുന്നു . പ്രവേശനവഴിക്ക് ഇടത്തായി പലവിധം നാഗങ്ങളുടെ കരിങ്കൽ ശില്പങ്ങൾ ഒരു മതിൽക്കെട്ടിനുള്ളിൽ തൂണുകളെന്നപോൾ അല്പം അകലത്തിൽ സ്ഥാപിച്ചിരിക്കുന്നു അതിൽ വള്ളിച്ചെടികൾ പടർന്നിരിക്കുന്നു . ഏകദേശം 50 നോടടുത്തു വലിയ നാഗശില്പങ്ങളുണ്ട് , ആരും നോക്കി നിന്നുപോകുന്ന തലയെടുപ്പാണത്തിന് . അതിനോട് ചേർന്ന് ആർക്കിയോളജി ഓഫ് ഇന്ത്യയുടെ ഹാലേബീടു മ്യൂസിയം ഉണ്ട് .ഹാലേബീടുവുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എനിക്കത് ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല. പ്രവേശനസമയം കഴിഞ്ഞിരുന്നു .മ്യൂസിയത്തിന് തൊട്ടപ്പുറത്തായി ഏകദേശം ഇരുപതടി വലിപ്പമുള്ള ഒറ്റക്കല്ലിൽ കൊത്തിയ ബാഹുബലി പ്രതിമ കാണാം. ഹാലേബീടുവിന്റെ ഇടതു ഭാഗത്തായി രണ്ടു വലിയ നന്ദി (ശിവന്റെ വാഹനമായ നന്ദി ) കൽമണ്ഡപങ്ങളുണ്ട്. ഞാൻ ഹാലേബീടുവിന്റെ പടിവാതിലിലെത്തി . രണ്ടു ദേവതകൾ നൃത്തം ചെയ്യുന്ന വലിയ ചിത്രം ആലേഖനം ചെയ്ത വാതിലിനു അപ്പുറത്തും ഇപ്പുറത്തുമായി കൊത്തുപണികളുടെ ഒരു മാസ്മരിക പ്രപഞ്ചം ! ഇതാണോ കരിങ്കല്ലിൽ കൊത്തിയ കവിത എന്നെല്ലാം ആരോ പറഞ്ഞിട്ടുള്ളത് .ആ നില്പങ്ങനെ നിന്നുപോയി . തോളിൽ ആരോ കൈ വയ്ക്കുന്നു. ചെരുപ്പ് സൂക്ഷിക്കുന്ന ആളാണ് . ചെരുപ്പ് സ്റ്റാൻഡിൽ വെക്കാനാണ് പറയുന്നത്. ചെരുപ്പും ബാഗും സ്റ്റാൻഡിൽ വെച്ച് ടോക്കണും വാങ്ങി ശില്പഭംഗി ചുറ്റുവിളക്കു തെളിയിച്ച ഹാലേബീടുവിലേക്ക് കയറി.


ഇരുട്ട് നിറഞ്ഞ അകത്തളത്തിനുള്ളിൽ താളം കെട്ടി നിൽക്കുന്ന നിശബ്ദത, തണുപ്പ് . ഏതോ കാലത്തിന്റെ സ്മാരകങ്ങളായി തലയുയർത്തി നിൽക്കുന്ന ഏതൊക്കെയോ പുരാണ കഥകളിലെ രംഗങ്ങൾ ആലേഖനം ചെയ്യപ്പെട്ട കരിങ്കൽത്തൂണുകൾ . ഏകദേശം പത്തോളം തൂണുകൾ ഹാലേബീടുവിന്റെ ഉള്ളിൽ തന്നെയുണ്ട് ഏകദേശം പന്ത്രണ്ടടി ഉയരമുള്ളവ. മുകളിലേക്ക് നോക്കിയാൽ വിസ്മയിക്കാത്തവർ കലാസ്വാദകരല്ല . അവിശ്വസനീയമായ കൊത്തുപണികൾ നിറഞ്ഞ മേൽക്കൂര. വിഷ്ണുവർദ്ധന്റെ ഭരണകാലത്തു 1121 CE ലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്, പൂർത്തീകരിച്ചത് 1160 CE ലാണ് . വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു ഭരണം നടത്തിയിരുന്ന ഡൽഹി സുൽത്താനേറ്റിന്റെ സൈന്യം 14 - ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഹാലേബീടുവിനെ രണ്ടു തവണ ആക്രമിച്ചു , ശില്പങ്ങൾ നശിപ്പിക്കപ്പെട്ടു,മോഷ്ടിക്കപ്പെട്ടു. പ്രതാപം നഷ്ടപ്പെട്ട ശില്പങ്ങൾ കാലങ്ങളോളം ശാപമോക്ഷം തേടി തപസ്സ് ചെയ്തു . പിന്നീട് വിജയനഗര രാജവംശം അധികാരത്തിലേറുന്നത് വരെ ആ തപസു തുടർന്നു . ദീർഘവീക്ഷണമുണ്ടായിരുന്ന അവർ അവിടത്തെ രേഖകളിൽ നിന്നും ശിലാലിഖിതങ്ങളിൽ നിന്നും ഈ ചരിത്ര സ്മാരകം ശാസ്ത്രീയമായി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു മനസിലാക്കുകയും അത് വിജയകരമായി പ്രാവർത്തികമാക്കുകയും ചെയ്തു . " സോപ്പ് സ്റ്റോൺ " കൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിട്ടുള്ളത് . മറ്റുള്ള ശിലകളിൽ ഇത്രയും സൂക്ഷ്മമായ കൊത്തുപണികൾ ചെയ്യാൻ കഴിയില്ല . ഇത് ശൈവ സങ്കല്പത്തിൽ നിർമിച്ചിട്ടുള്ള ഒരു 'ട്വിൻ ടെംപിൾ' ആണ് .' ഹൊയ്‌സാലേശ്വര ' 'ശാന്തലേശ്വര ' എന്നീ ശിവലിംഗങ്ങളാണ് സങ്കൽപം; ഒന്നിന് പൗരുഷഭാവമാണെങ്കിൽ മറ്റേതിന് സ്ത്രൈണഭാവമാണ്. രണ്ടും ഇവിടെ സമന്വയിക്കപ്പെട്ടിരിക്കുന്നു . രണ്ടു ശ്രീകോവിലുകളിലും പൂജാരിമാരുണ്ട് . തൊഴുതു പ്രാർത്ഥിക്കാം കാണിക്കായിടം പ്രസാദം വാങ്ങാം . പക്ഷേ ഒട്ടും തിരക്കില്ല , കാരണം വരുന്നവരിൽ ഭൂരിഭാഗവും സഞ്ചാരികളാണ് എന്നുള്ളതാണ് . ഞാൻ തൊഴുതു, പ്രസാദവും വാങ്ങി . ഇവിടെയെത്തുന്ന എല്ലാ സഞ്ചാരികളും എന്നേ ഹൊയ്‌സാലേശ്വരന്റെ അനുഗ്രഹം കിട്ടിയവരാണ് . ശ്രീകോവിലിനു മുൻവശത്തു ഭിത്തികളിലുള്ള ദേവീരൂപങ്ങൾക്കു മാസ്മരിക ഭംഗിയാണ് .കുങ്കുമവും എണ്ണയും കലർന്ന ആ ശില്പങ്ങൾ എണ്ണ വിളക്കിന്റെ പ്രഭയിൽJജ്വലിക്കുന്നു. അതിനു സമീപത്തായി ഇരുവശങ്ങളിലും തൂണുകളുണ്ട് . കൊത്തുപണിയുടെ പാരമ്യം എന്ന് തന്നെ പറയാം ആ തൂണുകളെപ്പറ്റി . രണ്ടു ശ്രീകോവിലുകളും ഇതേ മാതൃകയിൽ തന്നെ . രണ്ടു ശ്രീകോവിലുകളും കിഴക്കോട്ടാണ് ദർശനം . പക്ഷേ പ്രധാന കവാടം വടക്കുവശത്താണ്; ഒരു വശത്തുനിന്നാണ് അകത്തേക്ക് കടക്കുന്നത് മുൻവശത്തുകൂടിയല്ല . രണ്ടു ശ്രീകോവിലുകളുടെയും അഭിമുഖമായി ഭീമാകാരമായ നന്ദിയുടെ കൽമണ്ഡപങ്ങളും കാണാം .അത്രയും വലിയ ഒരു നന്ദി വിഗ്രഹം മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല! .എല്ലാ ജാതിമതസ്ഥരും വിദേശീയരും തിരക്കുപിടിച്ചു ക്യാമറയിലും മൊബൈലിലും ചിത്രങ്ങൾ പകർത്തുന്നു . ഉള്ളിലെ കാഴ്ചകൾ കണ്ടു ഞാൻ തെക്കേ വാതിലിലൂടെ പുറത്തിറങ്ങി. ശില്പങ്ങൾ ആലേഖനം ചെയ്യപ്പെട്ട വാതിലുകൾ സഞ്ചാരികളുടെ മുന്നിൽ തുറന്നു കിടക്കുന്നു . ഏകദേശം 340 ഓളം സ്തൂപങ്ങൾ ഹൈന്ദവ പുരാണങ്ങളെയും അതിലൂടെ ഐതീഹ്യങ്ങളിൽ നിറഞ്ഞ ദേവീദേവന്മാരുടെയും രാജാക്കന്മാരുടെയും റാണിമാരുടെയും കഥ പറയുന്നു. നാലു വശത്തുള്ള പുറം ചുമരുകളും ഒരു സൂചി കുത്താൻ ഇടമില്ലാത്ത രീതിയിൽ അതിസൂക്ഷ്മമായ കരവിരുതോടെ ശിൽപികൾ രാമായണം , മഹാഭാരതം , ഭാഗവതം എന്നിവയിലെ രംഗങ്ങൾ കൊത്തിയിരിക്കുന്നു .ഒരു ഗൈഡിന്റെ സഹായമില്ലാതെ അതൊന്നും മനസിലാക്കാൻ സാധാരണക്കാരായ ആർക്കും കഴിയുകയില്ല . ഞാൻ ഒരു നോർത്ത് ഇന്ത്യൻ ടൂറിസ്റ്റിന്റെ ഒപ്പം കൂടി , അവർക്കു ഗൈഡ് ഉണ്ട് .സമയം ഉച്ചയായി . നിലത്തു മുഴുവൻ കല്ലുപാകിയിരിക്കുന്നു. വെയിൽ തട്ടുന്ന തറയിൽ ചവിട്ടാൻ വയ്യ . ഭിത്തിയുടെ നിഴലുകൾ പതിഞ്ഞ തറയിൽ അത്ര ചൂടില്ല , നടക്കാം . ഞാൻ നിഴലിന്റെ മറപറ്റി നടന്നു .ഗൈഡ് ഓരോ ശില്പങ്ങളെയും പറ്റി വിവരിക്കുന്നു. സീതാപഹരണവും പാലാഴിമഥനവും രാമരാവണയുദ്ധവും അഷ്ടലക്ഷ്മിയും വ്യാസനും വാല്മീകിയുമെല്ലാം വിവരിക്കപ്പെടുന്നു . അത്തരം ഒരുപാടൊരുപാട് വിവരണങ്ങളാൽ മുഖരിതമായ വിസ്മയത്തിലൂടെ ഓരോ സഞ്ചാരിയും നടക്കുന്നു .ചരിത്രത്തോട് ആഭിമുഖ്യമുള്ള ഏതൊരു സഞ്ചാരിയുടെയും ധന്യ നിമിഷം തന്നെയാണത് . ഒരു പ്രദക്ഷിണം പൂർത്തിയാക്കി പ്രധാനകവാടത്തിലെത്തി. യാത്ര പറയാൻ സമയമായി . ഒന്നുകൂടി ഉള്ളിൽ കയറി ആ കൽത്തൂണുകൾക്കിടയിലൂടെ നടന്നു . കൊതി തീരുന്നില്ല . എടുത്ത ഫോട്ടോകൾ എല്ലാം മൊബൈലിൽ ഒന്നുകൂടി നോക്കി ചിലതൊക്കെ സുഹൃത്തുക്കൾക്ക് അയച്ചു. അൽപനേരം കല്മണ്ഡപത്തിലിരുന്നു , കണ്ണുകളടച്ചു. എനിക്ക് ഹൊയ്സാല രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും മുഖം കാണാം . പടയോട്ടങ്ങളുടെ കുളമ്പടിശബ്ദം കേൾക്കാം. ക്രൂരമായ മർദ്ദനമേറ്റ ശില്പങ്ങളുടെ ദൈന്യമുഖഭാവം കാണാം .ചരിത്രത്താളുകൾ മറിയുന്ന ശബ്ദം കേൾക്കാം .അല്പനേരം ഉള്ളിൽ വിശ്രമിച്ചിട്ടു പുറത്തിറങ്ങി. ടോക്കൺ കൊടുത്തു ബാഗും ചെരിപ്പും വാങ്ങി . 5 രൂപയാണ് ഓരോന്നിനും ചാർജ് . ഇനി പുറത്തേക്കു നടക്കാതെ വേറെ നിവൃത്തിയില്ല . സമയം രണ്ടു കഴിഞ്ഞു . സന്ദർശകർ വന്നുകൊണ്ടേയിരിക്കുന്നു .കുറെ നല്ല ഓർമ്മകൾ ചെപ്പിലൊളിപ്പിച്ച കാമറയുമായി ഞാൻ തിരിച്ചു പോകുന്നു . പ്രധാനവാതിലിനടുത്തെത്തി ഒന്ന് കൂടി തിരിഞ്ഞു നോക്കി , യാത്ര പറഞ്ഞു .


ഹാലേബീടു നാഗരികത അത്രകണ്ടു വ്യാപിചിട്ടില്ലാത്ത ഒരു സാധാരണ പട്ടണമാണ് . ഇറങ്ങാൻ നേരം ഒരു പുസ്തകവില്പനക്കാരൻ എന്റെ നേരെ ചില പുസ്തകങ്ങൾ നീട്ടി . വെറുതെ മേടിച്ചു മറിച്ചു നോക്കി. ഹാലേബീടു , ബേലൂർ , ശ്രവണബെലഗോള എന്നിവയുടെ ചരിത്രമാണ് . 70 രൂപയാണ് ഒരു കോപ്പിക്ക് , വില പേശിയപ്പോൾ 60 രൂപയ്ക്കു കിട്ടി . നെല്ലിപ്പുളി മുളകുപൊടി ചേർത്ത് കൊറിക്കാൻ വിൽക്കുന്ന ഒരു വൃദ്ധയെയും കണ്ടു, 10 രൂപയ്ക്കു വാങ്ങി ബാഗിൽ വെച്ചു, ബേലൂർ യാത്രയിൽ കൊറിക്കാമല്ലോ തന്നെയുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മീൽസ് ആയിരുന്നു . തൈരിന്റെ കൂടെ ചേർത്തു കഴിക്കാൻ പഞ്ചസാരയും തന്നിരുന്നു. സുഖമായി ഊണു കഴിച്ചു ഹാലേബീടു ബസ് സ്റ്റാൻഡിലേക്ക് നടന്നു . അവിടെ നിന്നു ബേലൂർക്കു ബസ് കിട്ടുമെന്നാണ് കണ്ടക്ടർ പറഞ്ഞത് .അല്പനേരത്തെ കാത്തിരിപ്പിനു ശേഷം ബസ് കിട്ടി.


എടുത്തു പറയത്തക്ക പ്രത്യേകതയൊന്നും ആ യാത്രക്കില്ല. ഏകദേശം 17 കിലോമീറ്ററുള്ള ഒരു ബസ് യാത്ര , ഏകദേശം മുക്കാൽ മണിക്കൂർ. മഴ ചാറുന്നുണ്ടായിരുന്നു. ബേലൂർ ബസ്‌ സ്റ്റാന്റിലെത്തി. അവിടെനിന്നു അല്പദൂരം നടക്കാനുണ്ടെന്നു കണ്ടക്ടർ പറഞ്ഞു. മഴ പെയ്തു റോഡ് സൈഡിലൊക്കെ വെള്ളം കെട്ടി കിടക്കുന്നു . അല്പം നടന്നു ഇടത്തോട്ട് തിരിഞ്ഞപ്പോൾ തന്നെ ദൂരെയായി ഒരു ക്ഷേത്രം കാണാം. മധുര ക്ഷേത്രങ്ങളുടെ മാതൃകയിൽ പണിഞ്ഞ നല്ല ഉയരത്തിലുള്ള ഒന്ന് . സ്വർണ്ണ നിറമാണതിന് . ഇതുതന്നെയാവും ഞാൻ മനസ്സിലുറപ്പിച്ചു. അല്പം നടന്നപ്പോളാണ് മനസിലായത്, അത് പടിപ്പുരയാണ്; ക്ഷേത്രമല്ല ! അതൊരു കവാടം മാത്രം !! ഇത്രയും ഉയരം കൂടിയ പടിപ്പുരയുള്ള ഒരു ക്ഷേത്രമോ ? മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സൈന്യം തീയിട്ടു നശിപ്പിച്ചതെന്ന് ചരിത്രത്തിൽ എഴുതിവെയ്ക്കപ്പെട്ട പടിപ്പുരയാണോ ഇത് ? അതിശയം തോന്നി . നവീകരിക്കപ്പെട്ടതാകണം . 1117 CE ലാണ് വിഷ്ണുവർദ്ധൻ രാജാവ് ബേലൂർ ക്ഷേത്രം വിഷ്ണുദേവന് സമർപ്പിച്ചത് . 3 തലമുറകൾ 103 വർഷത്തെ പ്രയത്നം കൊണ്ടാണ് ഈ ക്ഷേത്രനിർമാണം പൂർത്തിയാക്കിയത്. യാഗാച്ചി നദിയുടെ തീരത്താണ് ക്ഷേത്രം , പക്ഷെ ക്ഷേത്രത്തിനടുത്തുനിന്നു നോക്കിയാൽ കാണുന്ന അത്രയടുത്തല്ല നദി .'ദക്ഷിണ വാരണാസി ' എന്നറിയപ്പെടുന്ന പ്രസിദ്ധമായ വൈഷ്ണവ തീർത്ഥാടന കേന്ദ്രം കൂടിയാണിത് .പടിപ്പുരയ്ക്കു പുറത്തു തന്നെ ചെരിപ്പും ബാഗും സൂക്ഷിക്കാനുള്ള കൗണ്ടർ കണ്ടു, ചെരിപ്പും ബാഗും കൊടുത്തു. അകത്തേയ്ക്കു കയറി.


നേരെ നോക്കിയപ്പോൾ തോന്നിയത് ഏകദേശം ഹാലേബീടു പോലെയുള്ള ഒരു ക്ഷേത്രം എന്നാണ് . പക്ഷേ ഹാലേബീടുവിൽ നിന്ന് വ്യത്യസ്തമായി ഇവിടെയൊരു സ്വർണം പൂശിയ കൊടിമരമുണ്ട്. ഒരു നാലേക്കർ വിസ്തൃതിയുള്ള ചുറ്റും ഉയരമുള്ള മതിലുകളുള്ള ഒരു ക്ഷേത്രവളപ്പായിരുന്നു അത്. അതിന്റെ പടിപ്പുരയും കൊടിമരവും നടവഴിയും ഒക്കെ ഒരു പുതുമ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അകത്തേക്ക് വരുമ്പോൾ പഴമയുടെ ഗന്ധമാണ്. പുരാതന കാലത്തിന്റെ നേർക്കാഴ്ചയാണ് . അപ്പൂപ്പൻറെ ചുക്കിച്ചുളിഞ്ഞ കയ്യിലെ തൊലി സ്പർശിച്ചപോലെ ! ഇടതു ഭാഗത്തായി പടിപ്പുരയുടെ പകുതിയോളം ഉയരത്തിൽ ഒരു കൽത്തൂൺ . എന്താണതെന്ന് mമനസിലായില്ല ,ഒരുപക്ഷെ ഇവിടെ നിന്നാകാം വിളംബരങ്ങൾ പുറപ്പെടുവിച്ചിരുന്നത് . അതൊരു Self Standing Pillar പോലെ തോന്നിച്ചു .ചിലപ്പോൾ ഇവിടെയായിരുന്നിരിക്കാം സൈന്യം അണിചേർന്നിരുന്നത് . ഞാൻ ക്ഷേത്ര വാതിൽക്കലെത്തി . വാതിലിനു മുന്നിലായി ഇരുവശങ്ങളിലുമായി തറയിൽ രണ്ടു ചെറിയ സ്തൂപങ്ങൾ .പിരമിഡ് ആകൃതിയാണതിന്. പത്തടിയോളം ഉയരവുമുണ്ട് . മുകൾഭാഗം കൊത്തുപണികളോടുകൂടിയ പിരമിഡ് രൂപവും താഴെ ചതുരാകൃതിയിൽ ഒരു ചെറിയ ശ്രീകോവിലും ഉള്ളിൽ ദേവീ വിഗ്രഹവും തറയോടു ചേർന്ന് ചുറ്റും നിരവധി ആനകളുടെ രൂപവും കൊത്തിയിട്ടുണ്ട് . ആനകൾ വഹിക്കുന്നതാണെന്ന സങ്കല്പത്തിലാകാം. ഇതേ മാതൃകയിലുള്ള രണ്ടെണ്ണം കൂടി വാതിലിനോട് ചേർന്നും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും , ക്ഷേത്രക്കുളക്കടവിലും ഇത്തരം സ്തൂപങ്ങൾ പിന്നീട് കണ്ടു .ഹാലേബീടു പോലെ ക്ഷേത്ര ഭിത്തികൾ മുഴുവൻ ശില്പങ്ങളില്ല. ഭിത്തികൾ ഒരു പ്രത്യേക രീതിയിലുള്ള കൊത്തുപണികൾ കൊണ്ട് ആകർഷകമാക്കിയിരിക്കുന്നു . രാമായണം , മഹാഭാരതം,പുരാണം എന്നിവയിലെ രംഗങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മേൽക്കൂരയുടെ അഗ്രഭാഗത്തു ദേവീ സങ്കല്പങ്ങളുടെ പല രൂപങ്ങൾ കമാനാകൃതിയിൽ കൊത്തിയ കല്ലുകൊണ്ടുള്ള ഫ്രെമിനുള്ളിൽ ഉറപ്പിച്ചിരിക്കുന്നു. ഒന്നരയടി വലിപ്പമേയുള്ളു .ഫ്രെയിമിനും ദേവീ രൂപത്തിന്റെ ശരീരത്തിനും തമ്മിലുള്ള ഇടകളിൽ ശൂന്യതയാണ്; നടരാജവിഗ്രഹത്തിന്റേതു പോലെ! അവിടെ ചെല്ലുന്ന എല്ലാ സന്ദർശകരും ആ ദേവീ രൂപങ്ങളുടെ ഭംഗി കണ്ട് അതിശയിക്കും , എനിക്കുറപ്പാണ് .ഞാൻ അകത്തേക്ക് കടന്നു . ഹാലേബീടുവിന് ഉള്ളിൽ ഇരുട്ടു നിറഞ്ഞ ശാന്തതയാണെങ്കിൽ ഇവിടെ അല്പം ബഹളമയമാണ് ,കുറെ സന്ദർശകരുണ്ട്. കയറിച്ചെല്ലുന്നതു ചെന്നകേശവ ശ്രീകോവിലിനു മുന്നിലേക്കാണ്. ഇത് വൈഷ്‌ണവ സങ്കല്പത്തിലുള്ള ക്ഷേത്രമാണ് .എടുത്തു പറയേണ്ട പ്രത്യേകത അവിടെയുള്ള കരിങ്കൽത്തൂണുകളാണ്. അപാരമായ ശില്പ വൈദഗ്ദ്യം വിരിഞ്ഞ കൽത്തൂണുകൾ. ഹാലേബീടുവിലെ തൂണുകളെ ഇതുമായി താരതമ്യപ്പെടുത്താൻ പറ്റില്ല .അത്ര ഗംഭീരവും സൂക്ഷ്മവുമായ കൊത്തുപണികളാണ്. നിരവധി നാഗങ്ങൾ ഇഴപിരിഞ്ഞതുപോലെയുള്ള ഒരു തൂണ് വളരെ ആകർഷകമാണ്. അതുപോലെ തന്നെ നൃത്തം ചെയ്യുന്ന ഒരു ദേവതയുടെ രൂപം ചേർത്തുവെച്ചതുപോയിലെയുള്ള ഒരു തൂണും. ദേവീരൂപം മൊത്തത്തിൽ തൂണിൽ നിന്ന് പുറത്തേക്കു നിൽക്കുന്നു ,എന്തൊരു കരവിരുതാണിത് ! അതിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ സന്ദർശകരുടെ തിരക്കാണ് .അൽപനേരം കാത്തുനിന്നു ഞാനും ഫോട്ടോ എടുത്തു. തൊഴുതു പ്രസാദം വാങ്ങിച്ചു .ഹാലേബീടുവിലെപ്പോലെതന്നെ ശ്രീകോവിലിന്റെ മുന്നിൽ ഇരുവശങ്ങളിലുമായി ദേവീരൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. മുകൾ ഭാഗത്തു ഇരുവശങ്ങളിലും ചിന്നം വിളിക്കുന്ന ആനകളുടെ രൂപങ്ങൾ കൊത്തിയിരിക്കുന്നു . മുകളിലായി ദേവീരൂപം ; എത്ര സുന്ദരമാണാ കാഴ്ച !. ഞാൻ പുറത്തേക്കു നടന്നു . വലതുവശത്തായി ഒരു ചില്ലുപെട്ടിയിൽ രണ്ടു വലിയ പാദുകങ്ങൾ സൂക്ഷിച്ചിരിക്കുന്നു , കറുപ്പു നിറത്തിലുള്ള തുകൽ കൊണ്ട് ഉണ്ടാക്കിയവ. മനുഷ്യർക്കു വേണ്ടതിന്റെ ഇരട്ടി വലിപ്പത്തിലുള്ളതാണത് .അതിൽ സന്ദർശകർ കാണിക്കയിടുന്നുണ്ട് . അതിന്റെ തൊട്ടടുത്ത് തന്നെ എഴുതലയുള്ള ഒരു നാഗവിഗ്രഹം.നാഗത്തിന്റെ ഉടൽ ചുരുണ്ടിരുന്നിട്ട് പത്തി ഉയർത്തിയ രീതിയിലാണ് വിഗ്രഹം .4 അടിയോളം ഉയരമുണ്ടതിന് .ചെമ്പോ പിച്ചളയോ അല്ലെങ്കിൽ ഏതെങ്കിലും ലോഹസങ്കരമോ ആകാം . പത്തിയിലും ശിരസ്സിലും അലങ്കാരങ്ങളുണ്ട് . അതിന്റെ മുന്നിൽനിന്നു ഫോട്ടോയെടുക്കാനും മറ്റും തിരക്കാണ്. ഞാനാ തൂണിൽ കൊത്തിയ ദേവീവിഗ്രഹത്തെ വീണ്ടും നോക്കിയിട്ട് പുറത്തേക്കു നടന്നു .എത്ര കണ്ടിട്ടും മതിവരുന്നില്ല തൂണിൽ വിരിഞ്ഞ ആ ദേവീ ശിൽപത്തെ ! പുറത്തേക്കിറങ്ങുന്നതു പടിഞ്ഞാറോട്ടാണ്. ഇറങ്ങിവന്നു തിരിഞ്ഞു നോക്കുമ്പോൾ ഒരു ഗംഭീര കാഴ്ചയാണ് . ഒട്ടനവധി ആനകൾ വഹിക്കുന്ന ഒരു കൊട്ടാരം പോലെ വിസ്മയിപ്പിക്കുന്ന കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രം . അതിന്റെ മേൽക്കൂര ഒരു ചക്രത്തിന്റെ പല്ലുകൾ പോലെ ത്രികോണാകൃതിയിൽ വിരിഞ്ഞു നിൽക്കുന്നു . ഒട്ടനവധി ആനകളുടെ രൂപങ്ങൾ താഴെ തറക്കു മുകളിൽ ഒരു നിരയായ് കൊത്തിയിരിക്കുന്നു.
ചെന്നകേശവ ക്ഷേത്രത്തിനടുത്തു തന്നെ ചെന്നിഗാരായ ക്ഷേത്രവുമുണ്ട്. രാഞ്ജിയായിരുന്ന ശാന്തല ദേവിയാണ് ആ ക്ഷേത്രം പണികഴിപ്പിച്ചത്. തെക്കുവശത്തു നാലു തൂണുകളുള്ള ഒരു കല്മണ്ഡപമാണ്. ഇരുപത്തടിയോളം ഉയരമുണ്ടതിന് . അവിടെ ആളൊന്നുമുണ്ടായിരുന്നില്ല . കുറച്ചു നേരം അവിടെ പോയിരുന്നു. ഏതോ കാലത്തിന്റെ സ്മാരകങ്ങളായ കുറെ ചരിത്രശില്പങ്ങൾ ചുറ്റും. എത്രയോ രാജാക്കന്മാർ നടന്ന വഴിയാണ് ചുറ്റും! എത്രയോ രാജവിളംബരങ്ങളും ഉത്തരവുകളും കേട്ട ശില്പങ്ങളാണ് ചുറ്റും! ഇവിടെയുള്ള ഈ മനോഹരശില്പങ്ങളും അക്രമിക്കപ്പെട്ടതാണോ ? മോഷ്ടിക്കാൻ ശ്രമിക്കപ്പെട്ടതാണോ ? അതെ എന്നാണ് ചരിത്രം പറയുന്നത് .


കല്മണ്ഡപത്തിന്റെ അപ്പുറത്തു പടിഞ്ഞാറു വശത്തായി ഒരു ചെറിയ ക്ഷേത്രമുണ്ട് ; വീരനാരായണ ക്ഷേത്രം .ഭിത്തികളിൽ വൈഷ്‌ണവ ശൈവ സങ്കല്പങ്ങളും പാർവതി , സരസ്വതി , ബ്രഹ്മാവ് , ഭൈരവൻ , മഹിഷാസുരമർദ്ധിനി എന്നീ ദേവീദേവന്മാരുടെ രൂപങ്ങളും ഭഗദത്തനുമായുള്ള ഭീമൻറെ മല്ലയുദ്ധത്തിന്റെ രംഗവും കൊത്തിയിരിക്കുന്നു . പ്രവേശനകവാടത്തിനടുത്തു തെക്കു കിഴക്കേ മൂലയിലായി വലിയ ഒരു ധാന്യപ്പുര, അടുക്കള എന്നിവ. ഇതും കിഴക്കു വടക്കു മൂലയിലുള്ള ക്ഷേത്രക്കുളവും ബല്ലാല -II എന്ന രാജാവ് 1175 CE ൽ പണികഴിപ്പിച്ചതാണ് .വടക്കുവശത്തേക്കു നീങ്ങി ക്ഷേത്രക്കുളത്തിനു നേർക്ക് നടന്നു . നടന്നു പാതിവഴിയെത്തുമ്പോൾ ക്ഷേത്രം മുഴുവനായും വടക്കു നിന്ന് കാണാം . സന്ദർശകർ നടപ്പാതയിലൂടെ നടന്ന് ഈ ദൃശ്യവിസ്മയത്തിനു സാക്ഷികളാകുന്നു . ക്ഷേത്രക്കുളത്തിനടുത്തെത്തി . ഒരു സാധാരണ ക്ഷേത്രക്കുളത്തിൽ വലിപ്പമേയുള്ളു ഇതിനും. " കല്യാണി" എന്നാണ് ആ കുളത്തിന്റെ പേര് .പിരമിഡ് ആകൃതിയിലുള്ള സ്തൂപങ്ങൾ രണ്ടുവശത്തുമുണ്ട് .ആറടിയിലധികമുയരമുള്ള ചുറ്റുമതിൽ കൊണ്ട് കുളം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സന്ദർശകർക്ക് പ്രവേശനമില്ല . നിർമിതിയുടെ പ്രത്യേകതകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത പ്രൗഢിയും ഭംഗിയുമാണ് ഈ ക്ഷേത്രക്കുളത്തിന് . ഇതിൽ ചെന്നകേശവ ദേവൻറെ വിഗ്രഹം നീരാടിയിട്ടുണ്ടാകുമോ? ചെന്നകേശവൻ എന്ന വാക്കിന്റെ അർത്ഥം സുന്ദരനായ കേശവൻ(വിഷ്ണു ) എന്നാണ്. ആ സൗന്ദര്യസാമീപ്യം കൊണ്ടാണോ ഈ ക്ഷേത്രക്കുളത്തിന് ഇത്ര ഭംഗി കൈവന്നത് ?


ഒരു പ്രദക്ഷിണം മുഴുമിപ്പിച്ചു വീണ്ടും ക്ഷേത്രത്തിനു മുൻപിലെത്തി . വിദേശീയരും ഗൈഡുകളുമടങ്ങുന്ന സംഘങ്ങൾ വന്നുകൊണ്ടിരിക്കുന്നു . നേർത്ത മഴ പെയ്തുതുടങ്ങി. സന്ധ്യയാകുന്നു, തിരിച്ചുപോകുവാൻ സമയമായി. മുൻപിലെത്തി ഒന്നുകൂടി തൊഴുതു വണങ്ങി ;ഇനി ഇങ്ങോട്ടു വരാൻ അവസരമുണ്ടാകുമോ എന്ന് അറിയില്ലല്ലോ. തിരിച്ചിറങ്ങുമ്പോൾ പടിപ്പുരയെത്തുന്നതിനു മുൻപ് ഒന്നുകൂടി തിരിഞ്ഞു നോക്കി ആ ശില്പവിസ്മയത്തെ. കല്മണ്ഡപത്തിനും , ഒറ്റക്കൽതൂണിനും ശില്പങ്ങൾക്കമെല്ലാം സന്ധ്യ കുങ്കുമം തൂവിയതുപോലെ. ഈ മഴയിൽ കുങ്കുമമലിഞ്ഞു ശില്പങ്ങളെ അരുണാഭമാക്കട്ടെ ! ഇവയെല്ലാം അനശ്വരമായി തന്നെ നിലനിൽക്കട്ടെ ! ടോക്കൺ കൊടുത്തു ബാഗും ചെരുപ്പും വാങ്ങി തൊട്ടു മുന്നിലായി കണ്ട ബേക്കറിയിൽ നിന്നും ഒരു ചായ കുടിച്ചു, കുറെ യാത്ര ചെയ്യാനുള്ളതല്ലേ. എന്നിട്ട് ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു . ഇവിടെനിന്നു 40 KM ബസിൽ യാത്ര ചെയ്തു ഹസ്സനിലെത്തി അവിടെനിന്നു ബസിൽ ബാംഗ്ലൂർക്കു പോകണം .ട്രെയിൻ സമയത്തിന് (4 .50 PM ന് ) ഹസ്സനിലെത്താൻ പറ്റുമോ എന്ന് ഉറപ്പില്ലാഞ്ഞതിനാൽ ട്രെയിൻ ബുക്ക് ചെയ്തിട്ടില്ല , അത് നന്നായി. സമയം ഏഴു കഴിഞ്ഞു . ഏകദേശം 10 .30 PM ന് ബാംഗ്ലൂർ എത്തുമായിരിക്കും .നാളെ ഓഫീസിൽ പോകേണ്ടതാണ് . എന്തായാലും ഈ ദിവസം ധന്യമായി , ഓർമയുടെ ചെപ്പിലേക്ക് ഒരു മുത്തുകൂടി .അല്പദൂരമേയുള്ളൂ ബേലൂർ ബസ് സ്റ്റാൻഡിലേക്ക് , പിന്നിൽ ബേലൂർ ക്ഷേത്രത്തിന്റെ പടിപ്പുര അകന്നു മറയുന്നു .


* * *

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...