Wednesday, August 1, 2018

ഫ്ലോറൻസ് പിജി ഫോർ ജന്റ്സ് - ഭാഗം -1 ( ഓര്മക്കുറിപ്പുകൾ )


ഉള്ളടക്കം 

മറവിയുടെ കയങ്ങളിൾ മുങ്ങിത്താണു പോയേക്കാവുന്ന ഒരു കാലത്തിനെ , ഞാൻ കണ്ടു മുട്ടിയ മുഖങ്ങളെ  ഓർത്തെടുക്കുവാനുള്ള  ഒരു സത്യസന്ധമായ ശ്രമമാണിത്. ഇതിൾ സൗഹൃദം നിറഞ്ഞ ഒരു പിടി നല്ല  ഓർമ്മകളുണ്ട് , ഇതിലെ ഓരോ അധ്യായങ്ങൾക്കും   മദ്യത്തിന്റെയും സിഗരെറ്റിന്റെയും മണമുണ്ട്.

ആമുഖം 

വളരെ നാളുകളായുള്ള കാത്തിരിപ്പിനു ശേഷം എനിക്ക് ഒരു നല്ല ജോലി കിട്ടി. തനിസാന്ദ്ര എന്ന സ്ഥലത്തു. അവിടെ ഇന്റർവ്യൂ കഴിഞ്ഞ ദിവസം തന്നെ ഞാൻ ഒരു റൂം അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത് ' ഫ്ലോറൻസ് പിജി ഫോർ ജന്റ്സ് '. അത്‌ എന്‍റെ ഓഫീസിന്റെ അടുത്തായിരുന്നു. എന്ത് കൊണ്ടും സൗകര്യം. ഞാൻ ബോര്ഡില് കണ്ട ഫോൺ നമ്പറിൽ വിളിച്ചു , അതിന്റെ ഉടമസ്ഥൻ ഫോൺ എടുത്തു. റൂം ഉണ്ട് , വാടകയും അഡ്വാൻസും ഒന്നും കുഴപ്പമില്ല. ഇവിടെത്തന്നെ താമസിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.


വൈകിട്ട് കൃത്യം ഏഴുമണിയോടെ ഞാൻ ഹോസ്റ്റലിൽ എത്തി. ഞാൻ ജോബിനെ വിളിച്ചു, അതായിരുന്നു ആ ഹോസ്റ്റൽ നടത്തുന്നയാളുടെ പേര്. ഇനി ഹോസ്റ്റലിനെ പറ്റി പറയാം. മെയിൻ റോഡിനോട് ചേർന്നുള്ള ഒരു മൂന്നു നിലക്കെട്ടിടം. ഒരു പത്തു വര്ഷം പഴക്കം കാണും. ഹോസ്റ്റലിന്റെ ഗേറ്റ് ഒരു ജയിലിന്റെ ഗേറ്റിനെ അനുസ്മരിപ്പിക്കും വിധം വലുതും ഉറപ്പുള്ളതുമായിരുന്നു. പടികളും കൈവരികളും എല്ലാം ദീർഘ നാളത്തെ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുമാറ് പഴക്കം  തോന്നിപ്പിച്ചു. നല്ല വിസ്താരമുള്ള വലിയ മുറികൾ. ഒരു പാട് കഥകൾ ഉള്ളിലൊതുക്കിയ നിശബ്ദമായ വരാന്തകൾ. ആയിരം സുഹൃത് സമാഗമങ്ങൾക്കെങ്കിലും വേദിയയായ കാറ്റിന്റെ കുളിർമ നിറഞ്ഞ ടെറസ് , എല്ലാത്തിനും മൂക സാക്ഷിയായ രണ്ടു ഭീമൻ വാട്ടർ ടാങ്കുകൾ. 

ഏഴരയായിറ്റും ആള് വന്നില്ല. ഞാൻ ഒന്ന് കൂടി വിളിച്ചു , അപ്പോൾ ഇതാ താഴെ എത്തി എന്ന് പറഞ്ഞു. ഞാൻ എന്‍റെ ലഗേജ് വരാന്തയിൽ വെച്ച് കോണിപ്പടിയിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ രണ്ടു പേര് അങ്ങോട്ട് വന്നു. ഞാൻ എണീറ്റു. ഒരാൾ ചെറുപ്പക്കാരനും മറ്റെയാൾ മധ്യവയസ്കനും. ചെറുപ്പക്കാരാണെന്നു തോന്നിച്ച ആളായിരിക്കും എന്നോട് ഫോണിൽ സംസാരിച്ചത് ഞാൻ മനസ്സിൽ കരുതി. അയാൾക്കു കട്ട താടിയും ഒത്ത ആരോഗ്യമുള്ള ശരീരവും സ്വർണ ചെയിനിട്ട  തടിച്ച കൈത്തണ്ടകളും ഉണ്ടായിരുന്നു. മറ്റെയാൾ ഒരു വിഷാദ മൂകനെപ്പോലെ തോന്നിച്ചു. അയാൾ  വെളുത്ത നിറത്തിലുള്ള കോട്ടൺ ഷർട്ട് പാതി മടക്കി വെച്ചിരുന്നു.   മുടി നന്നായി ചീകിയൊതുക്കിയിരുന്നു.. മീശ വെട്ടിയൊതുക്കിയിരുന്നു. 

അവർ എനിക്ക് റൂം കാണിച്ചു തന്നു. ഏതോ  ഒരു ആന്ധ്ര സ്വദേശി കൂടി റൂമിൽ ഉ ണ്ട് എന്ന് പറഞ്ഞു. ഞാൻഅഡ്വാൻസ് കൊടുത്തു അത്യാവശ്യ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നിട്ട് അവർ പോയി. ഞാൻ ലഗേജ് എല്ലാം ഒതുക്കി വെച്ചിട്ടു നന്നായി കുളിച്ചു യാത്രാക്ഷീണം എല്ലാം മാറ്റി. ബാഗിൽ ഉണ്ടായിരുന്ന ഒരു  ക്വാർട്ടർ റം പൊട്ടിച്ചു. ബാഗിൽ കരുതിയ ഗ്ലാസിൽ ഒഴിച്ച് വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം ഒഴിച്ച് അല്പം കുടിച്ചു. ജനൽ തുറന്നു പുറത്തേക്കു നോക്കി. അങ്ങകലെ തേക്കിൻ കാടുകൾ കാണാം ,നിലാവ് കാണാം.. ഇവിടെ ആരൊയൊക്കെ ഞാൻ  പരിപരിചയപ്പെടും ?എന്തെല്ലാംഅനുഭവങ്ങൾ എനിക്കുണ്ടാകും? അറിയില്ല. അതെല്ലാം അങ്ങകലെ കാണുന്ന തേക്കിൻ  കാടുകളിൽ തളം കെട്ടി നിൽക്കുന്ന നിശബ്ദത പോലെ നിഗൂഢമാണ്.  ഞാൻ ഒരു  പെഗ് കൂടി കഴിച്ചു .കയ്യിൽ പാർസൽ വാങ്ങിയ അത്താഴം ഉണ്ടായിരുന്നു. അത്‌ കഴിച്ചു നേരത്തെ ഉറങ്ങാൻ കിടന്നു. നാളെ ജോലിക്കു ജോയിൻ ചെയ്യണം. ഒരു  പുതിയ അധ്യായം നാളെ ആരംഭിക്കുന്നു. 

No comments:

Post a Comment

ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...